പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

ആദ്യവായന

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഇ.പി. രാജഗോപാലൻ

ഭാഗ്യം കുറഞ്ഞ വാക്കാണ്‌ ‘സ്വസ്ഥം’ എന്നത്‌. അതിന്റെ എതിർവാക്കിനാണ്‌ കൂടുതലുപയോഗം. സ്വയം വേണ്ടത്ര തെളിഞ്ഞുകിട്ടാത്ത ജീവിതപ്രയാസങ്ങളുണ്ടാക്കുന്ന മാനസികവും ശാരീരികവുമായ നിലകളെക്കുറിച്ച്‌ പറയാൻ മലയാളികളായ നാം എളുപ്പത്തിലുപയോഗിക്കുന്ന വാക്കാണത്‌. ‘അസ്വസ്ഥം’ എന്ന വാക്കുപയോഗിക്കാത്ത മലയാളികൾ ഇന്ന്‌ ഇല്ല-അത്രമേൽ പരിക്ഷീണമായിരിക്കുന്നു നില. ഒരു ദേശീയപദമായി അത്‌ സ്ഥിരപ്പെട്ടിരിക്കുന്നു. വ്യക്തിപരമായ ഒന്നായി ‘അസ്വസ്ഥം’ എന്നു പറയുന്നവർ ഉണ്ട്‌. അവരാണ്‌ എണ്ണത്തിൽ കൂടുതൽ. എന്നാൽ കവിതയ്‌ക്ക്‌ വ്യക്തിപരമായ എഴുത്തായി മാത്രം നിൽക്കാൻ അവകാശമില്ല. അത്‌ സംരചനകൊണ്ടും വിനിമയം കൊണ്ടും സാമൂഹികമാണ്‌. വളരെ വ്യക്തിപരമെന്ന്‌ കരുതുന്ന സന്ദർഭങ്ങൾവരെ അങ്ങനെയല്ലെന്ന്‌ വായനക്കാരെ ബോധ്യപ്പെടുത്തുന്ന മാധ്യമമാണ്‌ കവിത-പ്രത്യേകിച്ചും ഇന്നത്തെ കവിത. അതുകൊണ്ടാണ്‌ അമ്മയെക്കുറിച്ചുളള കവിത സ്വന്തം അമ്മയെക്കുറിച്ചെന്നതിനെക്കാൾ അമ്മമാരുടെ പൊതുസമുദായത്തെക്കുറിച്ചായിത്തീരുന്നത്‌. ഒറ്റയായ അനുഭവങ്ങൾ വാസ്‌തവത്തിൽ ഒറ്റയ്‌ക്ക്‌ നിൽക്കുന്നില്ല. പല അനുഭവങ്ങളുടെ ചീളുകൾകൊണ്ട്‌ രൂപം കൊളളുന്നതാണ്‌ പ്രഥമദൃഷ്‌ട്യാ ഒറ്റതിരിഞ്ഞ്‌ നിൽക്കുന്ന ഒരനുഭവം. ഈ സമാഹാരത്തിലെ ഒന്നാമത്തെ രചനയായ ‘അഷ്‌നാ...മാപ്പ്‌’ ഇതാണ്‌ തെളിയിക്കുന്നത്‌.

“വിൽമയെക്കുറിച്ചാണ്‌ പാഠം

അതിനിടയ്‌ക്ക്‌ഷ്‌നയെക്കുറിച്ചായീ,

ക്ലാസ്സിലിന്നത്തെ ചർച്ച”

എന്ന ആരംഭം ഒരു സന്ദർഭത്തിൽ നിന്ന്‌ സ്വാഭാവികമായിത്തന്നെ സമാനമായ മറ്റൊന്നിലേക്ക്‌ തെന്നിനീങ്ങുന്ന ശീലത്തെയാണ്‌ കാണിച്ചുതരുന്നത്‌. കവിത ആരുടെയും വരുതിയിൽ നിൽക്കുന്ന ഒന്നല്ല എന്ന പുതിയ തിരിച്ചറിവ്‌ ചില സന്ദർഭങ്ങളിലെങ്കിലും പതിവുരീതികളിൽ തങ്ങാൻ ഇഷ്‌ടം കാണിക്കുന്ന സി.എം. വിനയചന്ദ്രനിലും ഉണ്ട്‌. ‘മൊഴിമാറ്റം’ എന്ന ‘സ്വതന്ത്ര’ കവിതയുടെ ഒടുക്കം നോക്കുക.

“ബോധം നഷ്‌ടപ്പെട്ടതു തുടങ്ങിയപ്പോൾ

അപൂർണ്ണമായിക്കിടന്ന

എന്റെ പുതിയ കവിതയെ

ഞാൻ, മേശമേൽ പരതി..

അത്‌, സ്ഥലം വിട്ടിരിക്കുന്നു..!!!”

കവിതയുടെ ഈ സഞ്ചാരസ്വാതന്ത്ര്യത്തെക്കുറിച്ച്‌ വിനയചന്ദ്രന്‌ നല്ല ബോധമുണ്ട്‌. അതുകൊണ്ടാണ്‌ എല്ലാ കവിതകളും ഒരേമാതിരിയാവാതിരിക്കുന്നത്‌. മുറിവ്‌, തിരസ്‌ക്കാരം, വർത്തമാനം എന്നീ കവിതകൾ ഇതിലെ പൊതുരീതികളോട്‌ പിണങ്ങിനിൽക്കുന്ന കുറേക്കൂടി വിശാലമായ ആന്തരികലോകമുളള രചനകളാണ്‌. മറ്റു രചനകൾ, അസ്വാസ്ഥ്യകാരണങ്ങളായി പൊതുസമൂഹം അംഗീകരിച്ചിരിക്കുന്നവയുടെ ശേഖരങ്ങൾ കൊണ്ട്‌ പണിതവയാണ്‌. വായനക്കാരിലേക്ക്‌ മാധ്യസ്ഥ സഹായമൊന്നും കൂടാതെ നേരെചൊവ്വേ കടന്നുകയറുന്നവയാണിവ. വാക്കുകൾ ആസ്വാദനസന്ദർഭത്തിൽ അർത്ഥത്തിലേക്ക്‌ അലിഞ്ഞുപോകുന്നുവെന്നതാണ്‌ അവയുടെ യാഥാർത്ഥ്യം. കാഴ്‌ച, ഭാരതീയം പുതിയ ചിത്രങ്ങൾ, ബാല്യം, ഞാൻ, കാലക്കേട്‌, ഭാരതവൃക്ഷം തുടങ്ങിയവ ‘സാമൂഹ്യപാഠ’ങ്ങളായിത്തീരുന്നത്‌ അവയിലെ പൊതുവായ ഉത്‌കണ്‌ഠകൾ കൊണ്ടുമാത്രമല്ല-കവനത്തിന്റെ ഈ സാരള്യം കൊണ്ടുകൂടിയാണ്‌. പൊതുജീവിതത്തിന്റെ താളത്തെറ്റുകളെയാണ്‌ അവയിൽ വായനക്കാർ ആയാസരഹിതമായി കണ്ടെത്തുന്നത്‌ “മകനേ, ഇതു മഹാഭാരതപ്പുതുകാഴ്‌ചകൾ‘ എന്ന ഒരു കവിതയിലെ വരി ഈ കവിതകളെല്ലാം മനസ്സിലാക്കാൻ ഉപയോഗിക്കാവുന്നതാണ്‌. മൂല്യസംഘർഷങ്ങളാൽ വിണ്ടുകീറി വികൃതമായിത്തീർന്ന സാമൂഹ്യജീവിതത്തിലെ മർമ്മങ്ങളാണ്‌ ഈ ’കാഴ്‌ച‘കളായി വരുന്നത്‌. ഇവയിലോരോന്നിനെക്കുറിച്ചും തികച്ചും വ്യത്യസ്‌തമായ, ശുഭവിശ്വാസം നിറഞ്ഞ വിചാരങ്ങളാണ്‌ മുൻപുണ്ടായിരുന്നത്‌. അതിനാൽ തകർച്ചയുടെയും ജീർണ്ണതയുടെയും കാഴ്‌ചകൾ കൂടുതൽ അസ്വാസ്ഥ്യജനകമായിത്തീരുന്നു. രോഗാതുരമായിത്തീരുന്ന ചരിത്രത്തെക്കുറിച്ചുളള സാമൂഹ്യമാനം തികഞ്ഞ വിചാരങ്ങൾ എന്ന്‌ ഈ സമാഹാരത്തെക്കുറിച്ച്‌ അധികമാലോചിക്കാതെ ഒരാൾ പറയുന്നുവെങ്കിൽ, അയാളാണ്‌ ഈ കവിതകളുടെ ശരിയായ വായനക്കാരൻ. അങ്ങനെയൊരാളെ അബോധമായി മുന്നിൽക്കണ്ടാണ്‌ വിനയചന്ദ്രൻ എപ്പോഴും എഴുതുന്നത്‌.

സവിശേഷമെന്ന്‌ കണ്ട്‌ ഈ വായനക്കാരൻ മാറ്റിവെക്കാനിടയുളള മുറിവ്‌, തിരസ്‌ക്കാരം, വർത്തമാനം തുടങ്ങിയ കവിതകളിൽ ഈ അവസ്ഥയുടെ സാന്ദ്രീകരണത്തിൽ നിന്നുവരുന്ന ഭാവനാത്മകസന്ദർഭങ്ങളുടെ വികാസമാണ്‌ കാണുന്നത്‌. ’മുറിവിൽ‘ ചികിത്സയുടെ കാരുണ്യത്തിനും അനിവാര്യതയ്‌ക്കും പകരംവരുന്ന ”ഈച്ചകൾ മുറിവിലേക്ക്‌ വരരുത്‌“ എന്ന ഉത്തരവ്‌ സന്ദർഭത്തെ കറുത്തരഹസ്യം കൊണ്ട്‌ പൊതിയുന്നു. ’തിരസ്‌ക്കാര‘ത്തിൽ പ്രണയ ലേഖനഭാഷയെ വേറൊരു ക്രമത്തിൽ സംവിധാനം ചെയ്‌ത്‌ മാറുന്നലോകത്തെ അടയാളപ്പെടുത്തുന്നു. വശീകരണത്തിന്റെ പെരുപ്പത്തിൽ അവശമായി, ”മുറിച്ചുവീതിക്കാൻ ഒരേയൊരു ജീവൻ“ എന്ന അടിസ്ഥാനയാഥാർത്ഥ്യത്തിലേക്ക്‌ തലചായ്‌ക്കുന്ന സമകാലിക മനസ്സിനെ ’വർത്തമാന‘ത്തിൽ കണ്ടുമുട്ടുന്നു. ഒരു കവിയുടെ പ്രവർത്തനത്തിന്റെ ഗൗരവംപൂണ്ട രേഖകൾ ഇത്തരം രചനകളിലാണ്‌ നാം സന്ധിക്കുന്നത്‌.

അതിവേഗം സാമൂഹ്യസ്വഭാവം കൈവിടുന്ന ഒന്നാണ്‌ ഇന്നത്തെ കേരളം. ഈ വേദിയിൽ പൊതുചരിത്രത്തിന്റെ വിവിധ ഋതുക്കളുടെ യാഥാർത്ഥ്യത്തെ സ്വാംശീകരിച്ചുകൊണ്ട്‌ വളർന്നു നിൽക്കുന്ന ഈ കവിതകൾക്ക്‌ പ്രതിരോധത്തിന്റേതായ സ്വഭാവം കൈവരുന്നുണ്ട്‌.

അസ്വസ്ഥം (കവിതകൾ), സി.എം.വിനയചന്ദ്രൻ, വില - 40.00, നവോദയ വായനശാല.

ഇ.പി. രാജഗോപാലൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.