പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

മുയൽച്ചെവികൾക്കരികെ ഒരാമത്തോട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രമോദ്‌.പി. സെബാൻ

പുസ്തകനിരൂപണം

(ഓർമ്മയുടെ ഞരമ്പ്‌ (കഥകൾ),

കെ.ആർ. മീര,

കറന്റ്‌ ബുക്‌സ്‌ കോട്ടയം,

വില - 45 രൂപ)

അഹന്ത കയറി മയങ്ങുന്ന കാലത്തെ മറികടന്ന്‌ ഫിനിഷിംങ്ങ്‌ പോയിന്റിൽ സമസ്ത നൊമ്പരങ്ങളും വിസ്‌മരിച്ച്‌ ചിരിക്കുന്നവനാണ്‌ കഥാകൃത്ത്‌. അവന്റെ ആമത്തോട്‌ വിമർശനശരങ്ങൾ ചെറുക്കുക മാത്രമല്ല, പരുഷമായ കാലത്തിന്റെ മുയൽച്ചൊരുക്കുകൾക്കപ്പുറം നിറയുന്ന നന്മകളുടെ ഒളിത്താവളവുമാവുന്നു. ഡസ്‌കിനും ജേർണലുകൾക്കുമിടയിൽ മുയൽച്ചെവിയറിയാതെ പുറന്തോടിലെ നന്മകൾ ചുരണ്ടിയെടുത്തപ്പോഴാവാം പത്രപ്രവർത്തകയായ കെ.ആർ.മീര കഥാകൃത്തായത്‌.

കറന്റ്‌ ബുക്‌സിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച്‌ പുറത്തിറക്കിയ നാലു പുതിയ കഥാകൃത്തുക്കളുടെ പുസ്തകങ്ങളിൽ ഒന്നാണ്‌ കെ.ആർ.മീരയുടെ ‘ഓർമ്മയുടെ ഞരമ്പ്‌’. സർപ്പയജ്ഞം, മച്ചകത്തെ തച്ചൻ, കൃഷ്‌ണഗാഥ, ഓർമ്മയുടെ ഞരമ്പ്‌, ആലിഫ്‌ലൈല, ടെററിസ്‌റ്റ്‌, ഒറ്റപ്പാലം കടക്കുവോളം എന്നീ ഏഴുകഥകളുടെ ഈ സമാഹാരത്തിന്‌ പുനത്തിൽ കുഞ്ഞബ്‌ദുളള ആമുഖമെഴുതിയിരിക്കുന്നു.

സർപ്പയജ്ഞം എന്ന ആദ്യകഥ എൻജിനീയറായ ഭർത്താവ്‌ പണികഴിപ്പിച്ച മാർബിൾ കുടിലിൽ തീർത്തും തനിച്ചായിപ്പോയ പെൺകുട്ടിയുടെയും, ശകാരത്തിന്റെയും അവഗണനയുടെയും മർദ്ദനത്തിന്റെയും ദിനങ്ങളിലേക്ക്‌ അനുവാദമില്ലാതെ കടന്നുവന്ന ഒരു ജാരന്റെയും കഥയാണ്‌. പളുങ്കുകണ്ണുകളും കറുത്ത ത്രികോണങ്ങൾ മിന്നുന്ന വെളുത്ത ഉടലുമുളള ആ ‘ജാരൻ’ വിഷം നിറച്ച പല്ലുകളുമായിട്ടായിരുന്നില്ല അവൾക്കരികെ വന്നിരുന്നതെന്നും, ഇരട്ടനാവിൽ അലിവും പറയാൻ കഴിയാത്ത സാന്ത്വനമൊഴികളുമായിട്ടായിരുന്നുവെന്നും തിരിച്ചറിയുമ്പോൾ ഭയം കൗതുകത്തിനും രഹസ്യമായ ഒരുന്മാദത്തിനും വഴിമാറുകയായിരുന്നു.

എപ്പോഴോ ഉണർന്നപ്പോൾ മുറിയിൽ ഒരു പാമ്പിനെക്കണ്ട ഭർത്താവ്‌ അലറിവിളിച്ചത്‌ അവൾ കേട്ടതുമില്ല.

രാവിലെ ഉണർന്നപ്പോൾ ഭർത്താവ്‌ കുറ്റപ്പെടുത്തി. “എന്തൊരുറക്കമായിരുന്നു? മുറിയിലൊരു പാമ്പുവന്നത്‌ നീയറിഞ്ഞില്ലല്ലോ...”

അവൾ ചെറുചിരിയോടെ കണ്ണുകൾ തിരുമ്മി. ഭർത്താവു തുറന്നിട്ട ജനാലകളിലൂടെ മുറി നിറയെ വെയിലായിരുന്നു.

വെയിലിലേക്ക്‌ അവൾ കൈകൾ നിവർത്തി.

- കാണാനുണ്ടോ നീലനിറം?

‘സർപ്പയജ്ഞം’ അവസാനിക്കുന്നത്‌ ഇങ്ങനെയാണ്‌. കാളകൂടം അമൃതായി പരിവർത്തനപ്പെടുന്ന ഇന്ദ്രജാലത്തിന്റെ വെയിൽനിറവിൽ മുറിപ്പാട്‌ തിരയുന്ന ഇതേ ഔത്സുക്യമാണ്‌ മീരയുടെ ഓരോ കഥയും.

ഫെമിനിസത്തിന്റെയും സ്‌ത്രീ, ദളിത്‌ രചനകളുടെയും ചർച്ചകൾ ചൂടേറുന്ന കാലത്ത്‌ സ്‌ത്രീയുടെ നൊമ്പരങ്ങളും മരണംവരെ പിന്തുടരുന്ന അവഗണനയും ചിത്രീകരിച്ചിരിക്കുന്ന ‘ഓർമ്മയുടെ ഞരമ്പ്‌’ എന്ന കഥയുടെ പാരായണ സാധ്യത വർദ്ധിക്കുന്നു. ഓർമ്മപോയ ഒരു വൃദ്ധയെ വിഡ്‌ഢിയാക്കാൻ എന്തെളുപ്പം. പക്ഷെ, നഷ്‌ടപ്പെട്ട സ്‌മരണകളുടെ കാരണഭൂതമായ ഞരമ്പ്‌ വായനക്കാർക്ക്‌ കാട്ടിത്തരുന്ന വൃദ്ധയുടെ ക്രൂരമായ സംതൃപ്തി ഒട്ടൊന്നുമല്ല നമ്മെ നടുക്കുന്നത്‌.

മൂല്യങ്ങൾ എന്നേ കൈവെടിഞ്ഞ രാഷ്‌ട്രീയ പാർട്ടികളുടെ പരിഹാസ്യമായ ചരിത്രദിനച്ചടങ്ങുകളെ ശരിക്ക്‌ കളിയാക്കുന്നുണ്ട്‌ ‘ഒറ്റപ്പാലം കടക്കുവോളം’ എന്ന കഥ. ഒരുപാടുപേർ ചേർന്നു പണിത ഇന്ത്യയെന്ന സ്വപ്നത്തിനും ഒറ്റയ്‌ക്ക്‌ കടക്കേണ്ടുന്ന ജീവിതമെന്ന തൂക്കുപാലത്തിനും നടുവിൽ ദ്രവിച്ചുപോയ വോട്ടുബാങ്കുകളുടെ ദീനത ഇതിൽ കാണാം.

വാണിഭത്തിന്റെയും പീഢനതിന്റെയും വർത്തമാന പരിച്ഛേദങ്ങളിൽ നിന്നും രീതികളിൽ നിന്നും അൽപം വിട്ടുനിന്ന്‌ രക്തമൂറുന്ന ഹൃദയഭാഷയാണ്‌ ‘കൃഷ്ണഗാഥ’യെന്ന കഥയിൽ സ്വീകരിച്ചിരിക്കുന്നത്‌. ബുദ്ധിഭ്രമമുളള കൃഷ്ണയെന്ന പെൺകുട്ടിയുടെ ദുരന്തകഥ ആസ്‌ത്‌മ വലയ്‌ക്കുന്ന, ശ്വാസംമുട്ടലുകൾക്കപ്പുറം വീർപ്പുമുട്ടിക്കുന്ന ഒരച്ഛന്റെ ഓർമ്മകളിൽ ഇതൾ വിരിയുമ്പോൾ പത്രക്കോളങ്ങളിൽ പൊലിപ്പിച്ചെഴുതുന്ന വാണിഭകഥകൾ വായിച്ച്‌ ഉദ്ധരിക്കുന്നവർപോലും അസ്വസ്ഥരാവുമെന്നുറപ്പ്‌. കൃഷ്ണഗാഥയ്‌ക്കുപകരം നാരായണൻകുട്ടിയെന്ന ഭാഷാധ്യാപകൻ രാസക്രീഡാവർണ്ണന നിറയുന്ന അഷ്‌ടപദി പഠിപ്പിക്കാൻ തുനിഞ്ഞത്‌ ശരീരത്തെക്കാൾ മൂന്നോ നാലോ വയസ്സ്‌ കുട്ടിത്തമുളള കൃഷ്ണയിലായിരുന്നു. “ആത്മഹത്യ ഒരു വികാരമാണ്‌. കാമം പോലെയൊരു വികാരം”-ഇങ്ങനെ പ്രസ്താവിച്ച നാരായണൻകുട്ടി ബുദ്ധിഭ്രമമുളള ആ പിഞ്ചുബാലികയിൽ ആത്മഹത്യ ചെയ്തപ്പോൾ പൊലിഞ്ഞുപോയത്‌ ലീലയുടെ സ്വപ്നങ്ങൾ മാത്രമല്ല, ഇനിയും കൃഷ്‌ണനുടയ്‌ക്കാനവശേഷിക്കുന്ന അസംഖ്യം മൺകുടങ്ങൾ കൂടിയായിരുന്നു.

ഓരോ ജീവിതത്തിലും ഒരു തീവ്രവാദിയുണ്ടെന്ന്‌ അനുഭവം പഠിപ്പിക്കുന്ന അനന്തന്റെ കഥ- ‘ടെറിറിസ്‌റ്റ്‌’- തകർന്നുവീഴുന്ന ട്രേഡ്‌ സെന്ററുകളുടെ മാത്രമല്ല, വരാനിരിക്കുന്ന നിരവധി സെപ്‌റ്റംബർ 11 കളിൽ ചരിത്രം വിഴുങ്ങി ചരിത്രം അയവെട്ടി ജീവിക്കുന്ന ഓരോ ഇരുകാലിയും നിർവ്വഹിക്കേണ്ടുന്ന റോളിനെക്കുറിച്ചുളള ഭയപ്പെടുത്തുന്ന ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്‌. ചരിത്രത്തെ ഭയപ്പെടുന്നത്‌ അതിന്റെ അപനിർമ്മിതി സാധ്യമാവാതെ പോകുന്നവരാണ്‌. പാഠ്യപദ്ധതി, പുസ്തകക്കമ്മിറ്റി, തെരുവ്‌, ഭാര്യ, വാച്ച്‌മാൻ, പഴന്തുണികൾക്കിടയിൽ ഒരു പട്ടാള ഷർട്ട്‌... എവിടെയുമുണ്ട്‌ ഒരു ടെററിസ്‌റ്റ്‌. അഖണ്ഡമായ ഓരോ ഹൃദയത്തിനും മീതെ ടൈംബോംബുമായി നിതാന്ത ജാഗ്രതയോടെ. തകരുന്നതെന്തും ചരിത്രമാവും-ചരിത്രാവശിഷ്‌ടം. അവശിഷ്‌ടചരിത്രമെന്ന്‌ എന്തേ ആരും പ്രയോഗിക്കുന്നില്ല?

‘ഓർമ്മയുടെ ഞരമ്പ്‌’ എന്ന ഈ കഥാസമാഹാരത്തിലെ മിക്ക കഥകളിലും ഒളിഞ്ഞും തെളിഞ്ഞുമുണ്ട്‌ ഒരു ജാരൻ. സ്വാസ്ഥ്യം കാർന്നുതിന്നുന്ന മുരടിച്ച ജീവിതത്തിലേക്ക്‌ ‘സർപ്പയജ്ഞ’ത്തിൽ ഒരു പാമ്പായിട്ടാണ്‌ അവൻ ഇഴഞ്ഞെത്തുന്നതെങ്കിൽ, ‘മച്ചകത്തെ തച്ചനി’ൽ ഉളി രാകുന്ന സംഗീതവുമായി പ്രായപൂർത്തിയായ പെൺകുട്ടികളുടെ ഉറക്കം കെടുത്തി രണ്ടായിരം വർഷം പഴക്കമുളള തറവാട്ടിലേക്ക്‌ തച്ചന്റെ രൂപത്തിലാണ്‌ ജാരന്റെ വരവ്‌. നിറയുന്ന ദുഃഖത്തിന്റെ, നിസ്സഹായതയുടെ ശ്ലഥചിത്രമായ ‘കൃഷ്ണഗാഥ’യിൽ നാരായണൻകുട്ടിയായും ‘ടെററിസ്‌റ്റിൽ’ പട്ടാളക്കാരനായും ജാരൻ പ്രത്യക്ഷപ്പെടുന്നു. ‘ടെററിസ്‌റ്റിൽ’ ഓരോ യുഗത്തിലും ഒരു അവതാരമുണ്ട്‌ എന്ന്‌ എഴുതേണ്ടിടത്ത്‌ ‘ഓരോ ജീവിതത്തിലും ഒരു ടെററിസ്‌റ്റുണ്ട്‌’ എന്ന്‌ അനന്തനെക്കൊണ്ട്‌ എഴുതിച്ച അതേ വികൃതിയാവാം ‘ഓരോ ജീവിതത്തിലും ഒരു ജാരനുണ്ട്‌’ എന്ന്‌ അനന്തനെ തിരുത്താൻ പ്രേരിപ്പിച്ചതും.

അവതാരികയെഴുതിയ പുനത്തിൽ കുഞ്ഞബ്‌ദുളള ദർശിച്ചതുപോലെ കൃഷ്‌ണഗാഥയിലും ഓർമ്മയുടെ ഞരമ്പിലും മച്ചകത്തെ തച്ചനിലും നിഴലിക്കുന്നത്‌ ദുഃഖത്തിന്റെ നേരിയ അടിയൊഴുക്ക്‌ തന്നെയാണ്‌. കടുംവർണ്ണങ്ങളില്ലാതെ സ്വാഭാവികതയുടെ ഒതുക്കത്തിൽ ഈ ദുഃഖം മീരയുടെ കഥകളിൽ ലയിച്ചിരിക്കുന്നു.

മുയൽച്ചെവികൾക്കരികെ ഒരാമത്തോട്‌ വീണുകിടപ്പുണ്ട്‌-മഞ്ഞുമലകളിൽ ഒരു പട്ടാളക്കാരന്റെ, ട്രേഡ്‌ സെന്ററുകളിൽ ഒരു ടെററിസ്‌റ്റിന്റെ ജാഗ്രതയോടെ.

എഴുത്തുകാരിയെക്കുറിച്ച്‌

കെ.ആർ.മീര

1970 ഫെബ്രുവരി 19-ന്‌ ശാസ്‌താംകോട്ടയിൽ ജനിച്ചു. കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷിൽ ഒന്നാം റാങ്കോടെ, തമിഴ്‌നാട്‌ ഗാന്ധിഗ്രാം ഡീംഡ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ ബിരുദാനന്തരബിരുദം നേടി. 1993 മുതൽ മലയാള മനോരമയിൽ, 95 മുതൽ പത്രാധിപസമിതിയംഗം. നിരവധി റിപ്പോർട്ടുകൾ, വാർത്താ&ലേഖനപരമ്പരകൾ, തിരക്കഥകൾ രചിച്ചു. പി.യു.സി.എൽ. അവാർഡും കേരള പ്രസ്സ്‌ അക്കാദമിയുടെ ചൊവ്വര പരമേശ്വരൻ അവാർഡും ലഭിച്ചിട്ടുണ്ട്‌.

വിലാസം

സീനിയർ സബ്‌ എഡിറ്റർ,

മലയാള മനോരമ,

കോട്ടയം - 686 001.

പ്രമോദ്‌.പി. സെബാൻ

1975 ഏപ്രിൽ 4-ന്‌ കണ്ണൂർജില്ലയിൽ ആറളത്ത്‌ പി.ജി.സെബാസ്‌റ്റ്യന്റെയും ലീലാമ്മ ജോണിന്റെയും മകനായി ജനിച്ചു. ആറളം ഗവ.ഹൈസ്‌കൂൾ, എടൂർ സെന്റ്‌ മേരീസ്‌ ഹൈസ്‌കൂൾ, കൂത്തുപറമ്പ്‌ നിർമ്മലഗിരി കോളേജ്‌, കാലിക്കറ്റ്‌ സർവ്വകലാശാല ചരിത്രവിഭാഗം, കേരള സർവ്വകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്റർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചരിത്രത്തിൽ എം.എ.യും ബി.എഡ്‌ ബിരുദവും.

ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌. കാലിക്കറ്റ്‌ സർവ്വകലാശാല എ സോണിൽ ചെറുകഥയ്‌ക്ക്‌ ഒന്നാംസ്ഥാനം. ‘നിളയിലെ മത്സ്യങ്ങൾ’ എന്ന കവിത കാലിക്കറ്റ്‌ സർവകലാശാല കാമ്പസ്‌ യൂണിയൻ 2001ൽ സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ ഒന്നാം സമ്മാനാർഹമായി. കണ്ണൂർ ആകാശവാണിനിലയം, ഏഷ്യാനെറ്റ്‌ എന്നിവിടങ്ങളിൽ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്‌.

പാരലൽ കോളേജ്‌ അധ്യാപകനായി ജോലി നോക്കുന്നു.

വിലാസം

പ്രതിഭ,

ആറളം പി.ഒ.,

കണ്ണൂർ

670 704
Phone: 0490 2450964




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.