പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

അർത്ഥങ്ങളുടെ കലഹമാണ്‌ വിമർശനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഉണ്ണികൃഷ്‌ണൻ കെ.വി.

പുസ്‌തകപരിചയം

ബാലചന്ദ്രൻ വടക്കേടത്ത്‌,

കറന്റ്‌ ബുക്‌സ്‌, കോട്ടയം,

വില - 50 രൂപ

സമകാലിക മലയാള വിമർശനസാഹിത്യത്തിലെ നവീന സമീപനത്തിന്‌ മികച്ച ഉദാഹരണമാണ്‌ ബാലചന്ദ്രൻ വടക്കേടത്തിന്റെ ‘അർത്ഥങ്ങളുടെ കലഹം’. ഉത്തരാധുനിക കാലത്തെ നിരൂപകർക്ക്‌ ക്ലാസിക്‌ കൃതികൾ അപ്രാപ്യമാണെന്ന നിലയിലുളള പരാതിയെ ചോദ്യം ചെയ്യുന്നു ഈ കൃതി.

കുഞ്ചൻനമ്പ്യാർ കവിതയ്‌ക്ക്‌ ഒരു ‘പൂർവേതരപാഠം’ സൃഷ്‌ടിക്കുന്ന കൃതി സൈദ്ധാന്തികരംഗത്ത്‌ ചർച്ചയ്‌ക്ക്‌ വഴിയൊരുക്കും. അങ്ങനെ ചിന്തിക്കുമ്പോൾതന്നെ ഒന്നിലധികം സവിശേഷതകൾ ഈ കൃതിയിൽ അന്തർലീനമായിട്ടുണ്ട്‌ എന്നു കാണാം.

സാഹിത്യപഞ്ചാനനുശേഷം, കുഞ്ചൻ നമ്പ്യാർ കൃതികൾക്കുണ്ടാവുന്ന തികഞ്ഞ സൗന്ദര്യാത്‌മകവും ശാസ്‌ത്രീയവുമായ ആദ്യത്തെ സാഹിത്യപഠനമാണ്‌ ‘അർത്ഥങ്ങളുടെ കലഹം’. ഇതുവരെ നമ്പ്യാരെ ഹാസ്യസാഹിത്യകാരനായിട്ടാണ്‌ അദ്ധ്യാപകർ വിശേഷിപ്പിച്ചുപോന്നിരുന്നത്‌. എന്നാൽ, ബാലചന്ദ്രൻ വടക്കേടത്ത്‌ ഈ വിശേഷണപദത്തിൽ നമ്പ്യാരെ പരിമതിപ്പെടുത്താൻ തയ്യാറാവുന്നില്ല. നമ്പ്യാരിലെ ഹാസം നാടുവാഴി അധികാരത്തോടും സാമൂഹ്യജീർണ്ണതകളോടുമുളള കലഹവും പ്രതിരോധവും പ്രകടിപ്പിക്കുന്ന ഉപകരണം മാത്രമാണ്‌. ക്രോധം എന്ന ഭാവമാണ്‌ ഇവിടെ യഥാർത്ഥത്തിൽ പ്രജനിപ്പിക്കുന്നത്‌. അതുകൊണ്ടാവാം, ക്രോധരസം എന്നൊരു പുതിയ രസത്തെ ഗ്രന്ഥകാരൻ കണ്ടെത്തി ഉപദർശിക്കുന്നത്‌.

മാരാരോടുകൂടി നിലച്ചുപോയ രസചർച്ചയ്‌ക്ക്‌ ഉത്തരാധുനികമായ ഒരു പാത വെട്ടിത്തെളിയിക്കുന്ന ഒരു കൃതിയാണ്‌ ‘അർത്ഥങ്ങളുടെ കലഹം’ എന്നു വിശേഷിപ്പിക്കാം.

നവരസങ്ങൾക്കപ്പുറത്ത്‌ പത്താമത്തെ രസംകൂടി വിഭാവനം ചെയ്യുന്ന കൃതി സാഹിത്യവിമർശനത്തിൽ ചലനം സൃഷ്‌ടിക്കുമെന്നും കരുതാവുന്നതാണ്‌.

ഇതുവരെയും, കുഞ്ചന്‌ വഴിതെറ്റിയ വായനകളാണ്‌ ഉണ്ടായിട്ടുളളതെന്ന്‌ ബാലചന്ദ്രൻ കാണുന്നു. ‘ഐതിഹ്യം ഒരു കവിയെ എങ്ങനെ നഷ്‌ടപ്പെടുത്തുന്നു’ എന്നതിന്‌ ഉദാഹരണമാണ്‌ കുഞ്ചൻനമ്പ്യാർ. ചാക്യാരോട്‌ പിണങ്ങിയതിനുശേഷമാണ്‌ തുളളൽ കവിതകൾ ഉണ്ടായതെന്ന ഐതിഹ്യത്തോട്‌ ഗ്രന്ഥകാരൻ യോജിക്കുന്നില്ല. നിരന്തരമായ അഭ്യാസമില്ലാതെ തുളളൽ കവിതകൾ എഴുതാനാവില്ലെന്ന്‌, അതിന്റെ ഭാഷ, വ്യവഹാരം, ബിംബങ്ങൾ എന്നിവ സൂക്ഷ്‌മപരിശോധനയ്‌ക്ക്‌ വിധേയമാക്കിയാൽ മനസ്സിലാവുന്നതാണ്‌. തുളളൽ എന്ന അനുഷ്‌ഠാനകലയുടെ പ്രേക്ഷകനെ മാറ്റിനിർത്തി, കവിതയിൽ ഒരു പുതിയ വായനക്കാരനെ സങ്കല്പിച്ചെടുക്കാൻ കഴിയുമ്പോൾ നമ്പ്യാർ കവിതകളെക്കുറിച്ച്‌ ഇതുവരെയുളള ധാരണകൾ മാറും.

തനതും പുതിയതുമായ ഭാഷാശൈലിതന്നെ നമ്പ്യാർ കണ്ടെടുത്തിട്ടുണ്ട്‌. ‘പ്രതിരോധത്തിന്റെ ഭാഷ’ എന്നാണ്‌ ഗ്രന്ഥകർത്താവ്‌ നമ്പ്യാരുടെ ഭാഷയെ വ്യവഹരിക്കുന്നത്‌.

‘അർത്ഥങ്ങളുടെ കലഹം’ പൂർണ്ണമായും വായിച്ചുകഴിയുമ്പോൾ നമ്പ്യാർക്കവിതകളെപ്പറ്റിയുളള നിരീക്ഷണങ്ങൾ പുതിയൊരു സന്ദേഹത്തിലായിരിക്കും വായനക്കാരനെ കൊണ്ടെത്തിക്കുക. മലയാളഭാഷയുടെ പിതൃത്വം യഥാർത്ഥത്തിൽ നമ്പ്യാർക്ക്‌ അവകാശപ്പെട്ടതോ? പിതൃസ്ഥാനത്തുനിന്ന്‌ എഴുത്തച്ഛനെ മാറ്റി കുഞ്ചൻനമ്പ്യാരെ പ്രതിഷ്‌ഠിക്കാനുളള ഒരു നിഗൂഢപദ്ധതി ബാലചന്ദ്രൻ വടക്കേടത്ത്‌ സ്വയം തയ്യാറാക്കുകയാണോ എന്നും സംശയമുണ്ട്‌.

‘തുളളൽക്കവിതകളുടെ ജനകീയത നിലനിർത്തിപ്പോരുന്നത്‌ അതിലെ ഉളളടക്കകാര്യങ്ങളല്ല. ശബ്‌ദഘടനയും ഭാഷണത്തിലെ സ്വരഭേദങ്ങളുമാണ്‌ (പേജ്‌ 48) എന്ന്‌ ഗ്രന്ഥകർത്താവ്‌ എഴുതുന്നത്‌ ഉത്തരാധുനികരീതിയിൽ ശ്രദ്ധിക്കേണ്ടതുണ്ട്‌.

ക്രോധത്തെ രസമാക്കാൻ ഗ്രന്ഥകാരൻ കണ്ടെത്തുന്ന രീതി ഇങ്ങനെയാണ്‌ഃ “കവിതയിൽ ആവിഷ്‌കരിക്കപ്പെടാവുന്ന ഭാവമായിട്ടാണ്‌ ക്രോധം തുളളൽക്കവിതകളിൽ തെളിഞ്ഞുവരുന്നത്‌. ദുഷ്‌പ്രഭുക്കളും അല്പരാജാക്കന്മാരും പ്രകടിപ്പിച്ച ചാപല്യങ്ങളും ധർമ്മച്യുതിയും അശാന്തിയും കവിഹൃദയത്തിൽ ക്രോധത്തെ വളർത്തിയെടുത്തുവെന്ന്‌ പറയാം.” “പാരിടമൊക്കെയടഞ്ഞുനിറഞ്ഞ കൂരിരുളും” അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടാവും. കൊച്ചുകൊച്ചുവരികളും കളവുകളും കാപട്യങ്ങളും പടകളും ഘോഷയാത്രകളുംകൊണ്ട്‌ നിറഞ്ഞ സമൂഹം പരക്കെ ഉളവാക്കിയത്‌ അമർഷമാണ്‌. ആലംബം അങ്ങനെ സമൂഹമാവുകയും ചെയ്‌തു.“ (പേജ്‌ 93).

ഈ പശ്ചാത്തലത്തിൽ നമ്പ്യാർ കവിതയ്‌ക്ക്‌ തുടർച്ചയുണ്ടായോ എന്ന സൂക്ഷ്‌മാന്വേഷണവും ബാലചന്ദ്രൻ വടക്കേടത്ത്‌ നടത്തുന്നുണ്ട്‌. പുസ്‌തകത്തിൽ ഇടയ്‌ക്കുവച്ച്‌ എഴുതിച്ചേർത്ത ’ഇടമൊഴി‘യിൽനിന്ന്‌ ചില വരികൾഃ

’നമ്പ്യാർക്ക്‌ ചില തുടർച്ചകളുണ്ടായി, മലയാള സാഹിത്യത്തിൽ എന്ന വസ്‌തുത മറച്ചുവയ്‌ക്കേണ്ടതില്ല. കവിതയിലല്ല, കരയിലാണ്‌ ആ തുടർച്ചയുണ്ടായത്‌. സാഹിത്യചരിത്രത്തിലെ ഒരത്ഭുതമാണിത്‌. വൈക്കം മുഹമ്മദ്‌ ബഷീറും വി.കെ.എന്നുമാണ്‌ ആ കാഥികർ” (പേജ്‌ 95).

ഇങ്ങനെ, നമ്പ്യാരിൽനിന്ന്‌ ബഷീറിലേയ്‌ക്കും വി.കെ.എന്നിലേയ്‌ക്കും കടന്ന്‌, ക്രോധം ഒരു രസമാണോ എന്ന അന്വേഷണം പുരോഗമിക്കുകയും ക്രോധം രസംതന്നെയാണ്‌ എന്ന്‌ സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ബഷീറിൽ അധികാരത്തോടുളള ക്രോധമാണെങ്കിൽ വി.കെ.എന്നിനത്‌ പിതൃക്രോധമാണെന്നാണ്‌ വടക്കേടത്തിന്റെ നിഗമനം. വി.കെ.എന്നിനെക്കുറിച്ച്‌ എഴുതപ്പെട്ടിട്ടുളള മലയാള സാഹിത്യപഠനങ്ങളിൽ ഏറ്റവും ഉദാത്തമാണ്‌ ഈ പുസ്‌തകത്തിന്റെ അവസാന അദ്ധ്യായം. സാംസ്‌കാരിക കേന്ദ്രീകരണത്തിനെതിരെ വി.കെ.എൻ.ഭാഷ ഉപയോഗിക്കുന്നു. തന്റെ കാലഘട്ടത്തിലെ സാംസ്‌കാരികാധിപത്യത്തിനെതിരെ തന്നെയാണ്‌ നമ്പ്യാരും ഭാഷ ഉപയോഗിക്കുന്നത്‌.

‘അർത്ഥങ്ങളുടെ കലഹം’ എന്ന കൃതി മലയാള വിമർശനത്തിന്‌ പുതിയ മുഖം നൽകുന്നു. സാഹിത്യ വിദ്യാർത്ഥികൾക്കും കുഞ്ചനെ ശരിയായ രീതിയിൽ അറിയാൻ ആഗ്രഹിക്കുന്നവർക്കും ഈ കൃതി വെളിച്ചം നൽകുന്നു.

വഴിമാറുന്ന മലയാളവിമർശനത്തിൽ ഒരു ചരിത്രനിർമ്മിതിയാണ്‌ ഈ രചന. ‘ഓരോ വായനയും ഓരോ സ്വാതന്ത്ര്യമാണ്‌. ഓരോ ചരിത്രവും.’

(സമകാലിക മലയാളം വാരികയിൽ വന്നത്‌)

ഉണ്ണികൃഷ്‌ണൻ കെ.വി.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.