പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

ഗ്ലാഡിയോലിസ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

പുസ്‌തകനിരൂപണം

ഒന്നിലേറെ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചുകഴിഞ്ഞ ശ്രീമതി ശാന്താ തുളസീധരൻ മലയാള വായനക്കാർക്ക്‌ അപരിചിതയല്ല. വാസനാസമ്പന്നയായ ഈ എഴുത്തുകാരിക്ക്‌ പ്രമേയപരമായ വൈചിത്ര്യം നിലനിർത്താൻ വേണ്ടത്ര അനുഭവ സമ്പത്തും ഭാവനാശക്തിയുമുണ്ട്‌. നല്ല ഒഴുക്കുളള ഒരു ഭാഷയും സ്‌ത്രീയുടെ ദാമ്പത്യ ദുരിതവും വഞ്ചിക്കപ്പെടുന്ന പ്രണയവും വിധി കല്‌പിതമായ ദുരന്തവും ഒക്കെ തന്നെയാണ്‌ മറ്റേതോരെഴുത്തുകാരിയെയുംപോലെ ശാന്തയുമവതരിപ്പിക്കുന്നത്‌. വികാരഭരിതമായ ഒരു ഭാഷയിൽ കഥ പറഞ്ഞുപോകാനും അവർക്കു കഴിയുന്നു.

മിക്കവാറും കഥകൾ ബോധധാരയുടെ രൂപത്തിലാണ്‌ വാർന്നുവീഴുന്നത്‌. ചില കഥകൾ ഒരുതരം ആത്‌മഭാഷണത്തിന്റെ സ്വഭാവവും പ്രകടിപ്പിക്കുന്നു. ഈ രണ്ട്‌ ആഖ്യാനതന്ത്രങ്ങളും വായനക്കാരെ കഥാകൃത്തിനോടടുപ്പിക്കുന്നതാണ്‌. ആഖ്യാതാവിന്റെ ഹൃദയത്തിന്റെ ഊഷ്‌മളത, അനുഭവപ്പെടുത്തിത്തരാൻ ഈ വീക്ഷണസ്ഥാനത്തിനു കഴിയും. ഒട്ട്‌ ശബളമാണ്‌ ശാന്തയുടെ ഭാഷ. ബിംബകല്‌പനകളുടെ ധാരാളിത്തവും വൈകാരികത മുറ്റി നിൽക്കുന്ന പദസഞ്ചയവുമാണത്‌ സൃഷ്‌ടിക്കുന്നത്‌. ഭാവഗീതത്തിനും ആത്മോപന്യാസത്തിനുമിടയിലെവിടെയോ ആണ്‌ ഈ കഥകൾക്കു സ്ഥാനം എന്നു തോന്നുന്നതും അതുകൊണ്ടുതന്നെ. ഈ കഥകളിൽ സംഭവങ്ങൾക്കു പ്രസക്തിയില്ലെന്നല്ല പറഞ്ഞുവരുന്നത്‌. ഒരു സംഭവത്തിനുമേൽ മറ്റൊന്ന്‌ എന്ന കണക്കിൽ അടുക്കിപ്പടുത്തുണ്ടാക്കിയ ഒരു മൂർത്ത ഘടന ഈ കഥകൾക്കില്ല എന്നു മാത്രമാണ്‌. വികാര പ്രവാഹത്തിലൊലിച്ചുവരുന്ന സംഭവങ്ങളൊട്ടരാവേശത്തോടെ അനുസ്‌മരിച്ചു പോകുന്ന പ്രതീതിയാണ്‌ അധികം കഥകളുമുളവാക്കുന്നത്‌.

ഡോ.ഡി.ബഞ്ചമിന്റെ അവതാരികയിൽ നിന്ന്‌.

ഗ്ലാഡിയോലിസ്‌

ശാന്താ തുളസീധരൻ

സെഡ്‌ ലൈബ്രറി

വില - 60.00
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.