പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

കവിതയിൽ താമസിക്കുന്നവർ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രാജേഷ്‌ എം.ആർ

പുസ്‌തകപരിചയം

സമകാലിക സാമൂഹിക-സാംസ്‌കാരികാനുഭവങ്ങളെ സൂക്ഷ്‌മരാഷ്‌ട്രീയത്തിന്‌ വിധേയമാക്കുന്ന കവിതാ സമാഹാരമാണ്‌ പി.ടി.ബിനുവിന്റെ ‘കവിതയിൽ താമസിക്കുന്നവർ’. കുറഞ്ഞ വരികളിലൂടെ ആവിഷ്‌ക്കരിക്കുന്ന ഈ കവിതകളിൽ ഓരോ വാക്കിലും വർത്തമാനകാലത്തിന്റെ വ്യത്യസ്‌ത ആശയങ്ങൾ അന്യോന്യം ഏറ്റുമുട്ടുന്നതായി കാണാവുന്നതാണ്‌. ഇവിടെ വാക്കുകൾ അത്ഭുതം കൊളളുന്ന, പ്രതിഷേധം പ്രകടിപ്പിക്കുന്ന സ്വഭാവം കൈകൊളളുന്നു. കവിതയിലൂടെ തന്റെ ലോകത്തെ എങ്ങനെ ആവിഷ്‌​‍്‌ക്കരിക്കാം എന്ന അന്വേഷണമാണ്‌ ഈ കവിതകൾ.

കവിയുടെ സ്വത്വാന്വേഷണത്തിന്റെ വിവിധതലങ്ങൾ ആവിഷ്‌കരിക്കുന്ന കവിതയാണ്‌ ‘സർക്കസ്‌’. തീ വളയത്തിലൂടെ ചാടിയും, മുടിയിൽ ജീപ്പുകെട്ടി വലിച്ചും, ട്യൂബുകൾക്കുമീതെ കിടന്ന്‌ അമ്മിക്കല്ല്‌ നെഞ്ചത്തു കൊണ്ടും ജീവിതം സർക്കസുപോലെ കഴിയുന്നു. എന്നാൽ മണിക്കൂറോളം മണ്ണിനടിയിൽ കുഴിച്ചിടുമ്പോഴാണ്‌ എനിക്കെന്നെക്കുറിച്ചോർക്കാൻ കഴിയുക എന്ന്‌ കവി പറയുമ്പോൾ ജീവിതദുരിതങ്ങളിൽ കറുത്ത ഹാസ്യത്തിന്റെ നനവ്‌ പടർന്നിരിക്കുന്നതായി നാം അറിയുന്നു. ഈ ദുരിതാവസ്ഥയിലും നിലയ്‌ക്കാത്ത കൈയടികൾ കവി പ്രതീക്ഷിക്കുന്നു. ‘ആശുപത്രി’ എന്ന ഒറ്റവരി കവിത ശ്രദ്ധിക്കുക. ‘ഞാൻ എന്റെ കൂടെ ഇരുന്നു’, ഇവിടെയും സ്വത്വാന്വേഷണത്തിന്റെ സൂക്ഷ്‌മരാഷ്‌ട്രീയം കാണാവുന്നതാണ്‌. ആൾക്കൂട്ട സമൂഹം സൃഷ്‌ടിക്കുന്ന അന്യത്വസ്വഭാവമാണിത്‌. ‘പുഴ വരയ്‌ക്കുന്ന ചിത്രങ്ങൾ’ എന്ന കവിതയിൽ ‘അയാൾ വഞ്ചിയായ്‌ പൊന്തുമോ, മീനായി പോകുമോ? എന്ന ചോദ്യവും തനിക്കു ചുറ്റുമുളള അപരസ്വത്വങ്ങളെ നിരീക്ഷണവിധേയമാക്കുന്നതിന്റെ തെളിവാണ്‌.

വർത്തമാനകാലത്തിന്റെ വേഗതയേയും കുടുംബബന്ധത്തെയും കുറിക്കുന്ന കവിതയാണ്‌ ’ക്ലോക്ക്‌‘. പെൻഡുലം മകന്‌ കളിക്കാൻ കൊടുത്ത അച്ഛൻ സമയം&സ്‌നേഹബന്ധം വളരെയേറെ വിലപിടിച്ചതാണെന്നും കളിക്കാൻ വേണ്ടിയുളളതാണെന്നും തിരിച്ചറിയുന്നു. ഇന്നത്തെ വേഗതയേറിയ ജീവിതത്തിൽ ക്ലോക്കുകൾ നിലയ്‌ക്കുകയും, അതിനേക്കാൾ വലിയ സമയസൂചികകൾ സൃഷ്‌ടിക്കപ്പെട്ടിരിക്കുകയും ചെയ്‌തിരിക്കുന്നു.

അക്കാദമിക്‌ സമ്പ്രദായത്തെ പ്രശ്‌നവൽക്കരിക്കുന്ന നിരവധി സൂചനകൾ ഈ കവിതാസമാഹാരത്തിൽ കണ്ടുവരുന്നുണ്ട്‌. ’പുസ്‌തകമടച്ചു നീ കിടക്കാൻ നോക്ക്‌. പാടത്തും പറമ്പിലും നാളെ പണിക്കാരുണ്ടാകും‘ (പുസ്‌തകങ്ങൾ വായിക്കുമ്പോൾ) ’എല്ലാ വിഷയങ്ങൾക്കുമവന്‌ പൂജ്യം മാർക്ക്‌‘ (ഒരു കൂട്ടുകാരൻ) ’കാറ്റും കോളുമുളള പുസ്‌തകം മതീ‘ (മഴയുടെ പുസ്‌തകം) ’എങ്ങുമെത്താത്ത ഗവേഷണത്തിന്നിടയിൽ ബാലമുരളി), മുടികൊഴിയുന്ന തലയുമായി ഇരുണ്ടു തൂങ്ങി‘ (കൂടെ പഠിച്ചവർ) എന്നീ കവിതകൾ ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തെ ചോദ്യം ചെയ്യുന്നവയാണ്‌. വിരുദ്ധബിംബങ്ങളിലൂടെ നിരവധി അർത്ഥങ്ങൾ ഒരേസമയം ഈ കവിതകൾ പുറത്തു വിടുന്നു.

എന്തുകൊണ്ടാണ്‌ പുതിയ കവികൾ ബാല്യത്തിന്റെ നിഷ്‌കളങ്കതയും, ബാലഭാവനകളും കവിതകളിലാവിഷ്‌ക്കരിക്കുന്നതെന്ന്‌ ആലോചിക്കാവുന്നതാണ്‌. മോഹനകൃഷ്‌ണൻ കാലടി, പവിത്രൻ തീക്കുനി, രൂപേഷ്‌ പോൾ തുടങ്ങി നിരവധി കവികൾ ഇത്തരം ബാലഭാഷ കാവ്യത്തിന്‌ അലങ്കാരമാക്കുന്നു. ചെറിയ ഭാഷയിലൂടെ വലിയ പൊട്ടിത്തെറികൾ സൃഷ്‌ടിക്കാനാണ്‌ ലളിതമായ ഭാഷ ഉപയോഗിക്കുന്നതെന്ന്‌ ഒഴുക്കനായി പറയാവുന്നതാണ്‌. ’തോക്ക്‌ പാത്തുമ്മയുടെ സ്ലേറ്റിലും നെഞ്ചിലും ചുവന്ന പൂവുകൾ വരച്ചു‘ (പാത്തുമ്മ) എന്ന്‌ പറയുമ്പോൾ സംഭവിക്കുന്നത്‌ ഈ സ്‌ഫോടനമാണ്‌.

പി.ടി. ബിനുവിന്റെ കവിതകൾ ഇത്തരത്തിൽ നിരവധി നിർവചനങ്ങൾക്ക്‌ വിധേയമാവേണ്ട ഒന്നാണ്‌. ചരിത്രം നഷ്‌ടപ്പെട്ട ഒരു ജനതയ്‌ക്ക്‌ ഓർമ്മകൾ നൽകുന്ന പ്രത്യയശാസ്‌ത്രബോധം ഈ കവിതകൾ സൃഷ്‌ടിക്കുന്നു. സമകാലികലോകത്തെ തീവ്രമായി ആവിഷ്‌ക്കരിക്കുന്നു, തിരിച്ചറിയുന്നു എന്നതാണ്‌ ’കവിതയിൽ താമസിക്കുന്നവർ‘ എന്ന സമാഹാരത്തിന്റെ സവിശേഷത. തത്ത്വശാസ്‌ത്രം, കാല്‌പനികത, കറുത്ത ഹാസ്യം, വിരുദ്ധോക്തി എന്നിവ ഈ കവിതകളിലെല്ലാം കണ്ടുവരുന്നുണ്ട്‌. ഫാന്റസിയായ ദൃശ്യബിംബങ്ങളിലൂടെ നിരവധി അർത്ഥതലങ്ങളിലേക്ക്‌ വായനയെ കൊണ്ടുപോകുകയാണ്‌ ’കവിതയിൽ താമസിക്കുന്നവർ‘ എന്ന കവിതാസമാഹാരം.

രാജേഷ്‌ എം.ആർ

മാതാപിതാക്കൾഃ രാജൻ എം.കെ., ലളിതാ രാജൻ.

വിദ്യാഭ്യാസം ബി.എഡ്‌. മലയാളം. സംസ്‌കൃത സർവ്വകലാശാല കാലടി കേന്ദ്രത്തിൽ എം.എ മലയാളം പഠിക്കുന്നു. കഥകളും കവിതകളും എഴുതാറുണ്ട്‌. 2001 സംസ്‌കൃത സർവ്വകലാശാല യുവജനോത്സവത്തിൽ ‘ചെറുകഥ രചനാ മലയാളം’ മത്‌സരത്തിൽ ഒന്നാംസ്‌ഥാനം നേടിയിട്ടുണ്ട്‌. സർവ്വകലാശാല ലിറ്റിൽ മാഗസിൻ ‘കാഴ്‌ച’യുടെ അണിയറയിൽ പ്രവർത്തിക്കുന്നു.

വിലാസംഃ

രാജേഷ്‌.എം.ആർ.,

മാളിയേക്കൽ വീട്‌,

കുറുമശ്ശേരി പി.ഒ.

എറണാകുളം.

683 579




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.