പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

ഒട്ടും മുഷിയില്ല!

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുഴ ഡോട്ട്‌ കോം

ശ്രീ കെ.സി. ചന്ദ്രശേഖരൻപിളളയെന്ന മനുഷ്യനെ ഇപ്പോഴും ഞാൻ അറിയില്ല. അദ്ദേഹം ഛത്തീസ്‌ഗഢിലാണ്‌. എത്ര പ്രായമുണ്ട്‌. എന്തു ജോലി ചെയ്യുന്നു എന്നു നിശ്ചയമില്ല.

ആദ്യം രണ്ടു കഥകൾ അഭിപ്രായത്തിനയച്ചു കിട്ടി. അതു വായിച്ചു നോക്കി. നന്നായിരിക്കുന്നെന്നു കണ്ടു ഇനിയും ഉണ്ടോ എന്നു തിരക്കി. ബാക്കി കൂടി അയച്ചുകിട്ടി.

ഈ പതിന്നാലു കഥകളിൽ എല്ലാം വായിക്കാൻ അവസരം കിട്ടുന്ന ആർക്കും ചില കാര്യങ്ങൾ ബോദ്ധ്യപ്പെടും.

കഥാകൃത്തിന്റെ നർമ്മബോധം തന്നെ പ്രധാന സംഗതി. നവരസങ്ങളിൽപ്പെടാത്ത ഒന്നാണല്ലോ ഇത്‌. നവരസങ്ങളിൽ ഏതെങ്കിലുമൊന്ന്‌ ഇല്ലാതെ ഒരു മുഖവും കാഴ്‌ചയും ലോകത്തിലില്ല. ഏതു മുഖത്തിനും സ്ഥായിയായ ഒരു രസമുണ്ട്‌. എന്നുവച്ച്‌ എല്ലാവരെയും നാം രസികന്മാരെന്നു പറയാറില്ല. നർമ്മരസമുളളവരെയേ പറയാറുളളൂ.

രസികത്തമില്ലാത്ത കല ഉപ്പില്ലാത്ത ഉപ്പുമാവുപോലെ തന്നെ. രസികത്തമുണ്ടാകണമെങ്കിലോ, നവരസങ്ങളെ മൊത്തമായി മറുകര കടക്കണം. എളുപ്പമല്ല, സംഗതി.

ആട്ടെ, അല്‌പം രസികത്തം ഉണ്ടായാൽ എല്ലാമായോ? ഒരിക്കലുമില്ല. ജീവിതത്തിലെ ഏടാകൂടങ്ങളിൽ ഇറങ്ങി ആകെ നനഞ്ഞുവേണം സാഹിത്യത്തിൽ രസികത്തം കാണിക്കാൻ.

‘പശ്ചിമഘട്ടങ്ങളെ കേറിയും കടന്നുംപോയി’ ഏതോ നാട്ടിൽ എത്തിപ്പെട്ട ഈ രസികൻ ജീവിതത്തിന്റെ പാലാഴിയും കയ്‌പാഴിയുമൊക്കെ കണ്ടിരിക്കുന്നു-പുളിപ്പിന്റെ ആഴിവരെ-എന്നു നിശ്ചയം.

എന്നാലോ, പട്ടാളക്കഥകളും മറ്റുംപോലെ, ഏകതാനമായ ഗൃഹാതുരയെന്ന സ്ഥിരശ്രുതിയിൽ പെട്ടു നട്ടംതിരിയുന്നുമില്ല ഇദ്ദേഹത്തിന്റെ സംവേദനക്ഷമത. ആശ്വാസകരമായ വൈവിധ്യം കാണുന്നു.

ഇങ്ങനെ വൈവിധ്യം സാധിക്കണം എങ്കിൽ മനുഷ്യാവസ്ഥയുടെ ഭിന്നമുഖങ്ങൾ പരിചിതങ്ങളായിരിക്കണം. അനുഭവം എന്ന വിഭവംതന്നെ ഇത്‌.

ഈ നാട്ടിൽ നിന്ന്‌ ഏറെ അകലത്തായതിനാൽ ആകാം ഭാഷയുടെ ശുദ്ധിയിലും സാരള്യത്തിലും ഏറെ നിഷ്‌കർഷയും ഇദ്ദേഹം പുലർത്തുന്നു.

മുഖ്യധാരയിലെ മലയാള കഥാകാരന്മാർ മിക്കവരും എഴുതിയെഴുതി മലയാള ചെറുകഥ എന്നു കേട്ടാൽ എല്ലാ മലയാള വായനക്കാരും ഓടിയൊളിക്കുന്ന അവസ്ഥവരെ എത്തിച്ചതാണല്ലോ. ഈയിടെ ഇതിനൊരു മാറ്റം വന്നുകാണുന്നത്‌ നല്ലതുതന്നെ. വായിച്ചാൽ മനസ്സിലാകാത്ത ഭാഷ ചമയ്‌ക്കുന്ന വിരുതന്മാർക്ക്‌ മറ്റു തൊഴിലുകൾ തേടേണ്ടിവരുന്നു എന്ന ദുരന്തം ഉണ്ടെന്നാലും ഭാഷ മരിക്കാതെ കഴിയുമെന്ന മെച്ചമില്ലേ? പാരായണക്ഷമമായ പുതിയ കഥയുടെ കാലത്ത്‌ ചന്ദ്രശേഖരൻപിളളയുടെ ഈ കഥകൾ തീർച്ചയായും സ്വാഗതം ചെയ്യപ്പെടും.

ഗൾഫിലും അമേരിക്കയിലും യൂറോപ്പിലും സിങ്കപ്പൂരിലുമൊക്കെ കഴിയുന്ന മലയാളികളിൽ ഒരുപോലെ കാണപ്പെടുന്ന കേരളീയതയോടും മലയാളത്തോടുമുളള വർദ്ധമാനമായ അഭിനിവേശം, കേരളത്തിൽ കഴിയുന്നവർക്കുളളതിന്റെ എത്രയോ ഇരട്ടിക്കണക്കിലാണിത്‌. ഇന്ത്യയിലെ ‘പരദേശങ്ങ’ളിൽ ജീവിക്കുന്ന മലയാളികളിലും കാണാം ഈ ആവേശം. ഇവിടെ ചിരിപ്പിക്കാത്ത ഫലിതം അവിടങ്ങളിൽ ചിരിപ്പിക്കും. ഇവിടെ കരയിക്കാത്ത സങ്കടം അവിടങ്ങളിലൊക്കെ കരയിക്കും. ഇതിൽ ചിരിക്കുതന്നെയാണ്‌ മുൻതൂക്കം. അറിയാത്ത ചിരിയല്ല, അറിഞ്ഞുളള ചിരി.

ഈ ചിരിക്ക്‌ ആഴം കൂടുന്തോറും കലാമൂല്യത്തിന്‌ മാറ്റുകൂടുന്നു. വേദനകളെ ചിരിയാക്കിമാറ്റുന്ന രാസവിദ്യ ഒന്നേ ഉളളൂ മനുഷ്യവിമോചനതന്ത്രം.

ഭാഷയ്‌ക്കും കേരളത്തിനും ഈ കഥാകൃത്തിനും നല്ലതുവരട്ടെ.

കിളിപ്പെണ്ണുങ്ങൾ, കെ.സി. ചന്ദ്രശേഖരൻ പിളള, വില - 65.00, സൈന്ധവ ബുക്‌സ്‌

പുഴ ഡോട്ട്‌ കോം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.