പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

സ്‌ത്രീജീവിതത്തിന്റെ രൂപപരിണാമം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അനിൽകുമാർ എ.വി.

പുസ്‌തകനിരൂപണം

കെ.ആർ.മല്ലിക എഴുതുമ്പോൾ വ്യവസ്ഥയുടെ ചങ്ങലക്കണ്ണികൾ പൊട്ടുന്ന ശബ്‌ദങ്ങൾ തന്നെ കേൾക്കാനാവുന്നുണ്ട്‌. ഈ പൊട്ടിത്തെറിയുടെ സാന്ത്വനങ്ങളാണ്‌ ഇവിടെ സമാഹരിച്ച കഥകളിലുളളത്‌.

ജീവിതത്തെ പൊളളിക്കാത്ത വെറും കാഴ്‌ചകളിൽനിന്ന്‌ രൂപീകരണങ്ങളിലേക്കെത്തുന്ന വ്യായാമങ്ങളെ എല്ലിൽ കുത്തുന്ന പരിഹാസത്തോടെയാണ്‌ ഈ എഴുത്തുകാരി പല കഥകളിലും പരിശോധിക്കുന്നത്‌. ‘ജാതീയം’ ഇങ്ങനെ പ്രബന്ധമാത്രസമീപനങ്ങളെ കുടഞ്ഞെറിയുകയാണ്‌. ‘ശരീരം, മനസ്സ്‌’ എന്ന സ്വപ്‌നപ്രോജ്‌ക്‌ട്‌ തയ്യാറാക്കുന്ന സുമനയുടെ വ്യാഖ്യാനങ്ങൾ എതിരിടപ്പെടുന്നത്‌ അങ്ങനെ.

കാലാവസ്ഥാമാറ്റങ്ങളും ഋതുഭേദങ്ങളും നിറപ്പകർച്ചയും കഥാതലക്കെട്ടുകൾ തന്നെയാവുമ്പോൾ സ്‌ത്രീ ജീവിതത്തിന്റെ രൂപപരിണാമങ്ങളാണ്‌ മറ്റൊരർത്ഥത്തിൽ മല്ലിക അനുഭവവേദ്യമാക്കുന്നത്‌. ‘മിത്തിൽ നിന്ന്‌ കമ്പോളത്തിലേക്ക്‌’ എന്ന സാമൂഹികശാസ്‌ത്രസങ്കല്പം മിത്തിനും കമ്പോളത്തിനുമിടയിൽ ഒരിടംപോലും അനുവദിക്കാത്തവിധം സ്‌ത്രീകളെ ആട്ടിത്തെളിക്കുന്ന പുതിയ വ്യവസ്ഥയുടെ ക്രൗര്യങ്ങളാണ്‌ അടിവരയിടുന്നത്‌. ‘അസ്‌പൃശ്യം’ എന്ന കഥയിലെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളെ അങ്ങനെയാണ്‌ വായിക്കേണ്ടതെന്ന്‌ തോന്നുന്നു...

സ്‌ത്രീ പ്രതിരോധത്തെ പ്രകൃതിയുമായി (ചിലപ്പോൾ പ്രകൃതിചൂഷണംതന്നെ) ഇണക്കിച്ചേർക്കുന്ന കൗതുകമെന്നു തോന്നാവുന്ന ധീരതയാലും മല്ലികയുടെ കഥകൾ ശ്രദ്ധേയങ്ങളാണ്‌. ‘മരത്തിന്റെ ഭാഷ’ തൊട്ട്‌ ഇതു പ്രകടവുമാകുന്നുണ്ട്‌. ‘വളയം’ എന്ന ഈ സമാഹാരം സമർപ്പിക്കുന്നവരുടെ കൂട്ടത്തിലെ ആദ്യ പരാമർശം പരാജിതരെക്കുറിച്ചാണ്‌. വിജയത്തിന്റെ മാനദണ്ഡങ്ങളും അതിന്റെ ഉന്മാദങ്ങളും ചരിത്രം വിജയികളുടെതാണെന്നുമാത്രം വിധി തീർക്കുമ്പോൾ, പരാജയപ്പെടുന്ന യുദ്ധങ്ങൾക്കും പോരാളികളെ ആവശ്യമുണ്ടെന്ന്‌ മല്ലിക ഓർമ്മപ്പെടുത്തുന്നു. അതു നാം കരുതുംമട്ടിൽ സൗമ്യമായ ഭാഷയിലല്ലെന്നതും ശ്രദ്ധേയമാണ്‌. ഭാഷയിലെയും ഭാവുകത്വത്തിലെയും ഈ കലാപാഹ്വാനം ചരിത്രം കുറിക്കാതിരിക്കില്ല.

-ഇന്ത്യാ ടുഡേ, ഒക്‌ടോബർ 20, 2004.

വളയം (കഥകൾ)

കെ.ആർ.മല്ലിക

കറന്റ്‌ ബുക്‌സ്‌, വില - 35 രൂപ

അനിൽകുമാർ എ.വി.

കാസർകോട്‌ ജില്ലയിലെ പിലിക്കോട്ട്‌ ജനനം. അച്‌ഛൻഃ ടി.ശിവശങ്കരൻ. അമ്മഃ എ.വി.ലക്ഷ്‌മി.

കോഴിക്കോട്‌ സർവകലാശാല ചരിത്രവിഭാഗത്തിൽ നിന്ന്‌ രണ്ടാം റാങ്കോടെ എം.എ.പാസായി. അവിടെ എം.ഫിൽ വിദ്യാർത്ഥിയായിരിക്കെ ദേശാഭിമാനിയിൽ ചേർന്നു. കുറച്ചുകാലം ‘ചിന്ത’ വാരികയുടെ പത്രാധിപസമിതിയിലും പ്രവർത്തിച്ചു. ഇപ്പോൾ ദേശാഭിമാനിയിൽ സീനിയർ സബ്‌ എഡിറ്റർ.

ചരിത്രത്തിനൊപ്പം നടന്ന ഒരാൾ, കാവിനിറമുളള പ്ലേഗ്‌, ബുദ്ധിജീവികളുടെ പ്രതിസന്ധി, ആലസ്യത്തിന്റെ ആൾക്കൂട്ടങ്ങൾ, തിരസ്‌കൃത ചരിത്രത്തിന്‌ ഒരു ആമുഖം, ആഗോളവൽക്കരണത്തിന്റെ അഭിരുചി നിർമാണം, ഒരു ബോൾഷെവിക്കിന്റെ ജീവിതത്തിൽ നിന്ന്‌, സിഃ പോരാളിയുടെ ചുരുക്കപ്പേര്‌, ഇടവേളകളില്ലാത്ത ചരിത്രം തുടങ്ങിയവ പ്രധാനകൃതികൾ. ഒട്ടുമിക്ക ആനുകാലികങ്ങളിലും എഴുതുന്നു.

‘ചരിത്രത്തിനൊപ്പം നടന്ന ഒരാൾ’ എന്ന ഇ.എം.എസിന്റെ ജീവചരിത്രഗ്രന്ഥത്തിന്‌ സാഹിത്യ അക്കാദമി അവാർഡും ആലസ്യത്തിന്റെ ആൾക്കൂട്ടങ്ങൾക്ക്‌ അബുദാബി ശക്‌തി പുരസ്‌കാരവും ലഭിച്ചു.

ഡോ. ലേഖയാണ്‌ ഭാര്യ. അനുലക്ഷ്‌മിയും അഖിൽശിവനും മക്കൾ.

വിലാസംഃ

അനിൽകുമാർ എ.വി.

സീനിയർ സബ്‌എഡിറ്റർ

ദേശാഭിമാനി, കോട്ടയം-1

ഫോൺ (ഓഫീസ്‌) ഃ 583317

(വീട്‌) ഃ 0498-240231




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.