പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

ഇഗ്നേഷ്യസ്‌ പരസ്യം തേടുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.ആർ. മനോഹരവർമ്മ

പുസ്‌തകപരിചയം

ബാബു ഇരുമലയുടെ കഥകൾക്ക്‌ ഗ്രാമീണ പശ്ചാത്തലത്തോടൊപ്പം നഗരയാന്ത്രികതയുടെ ചുവപ്പും കാണാം. ഇതുതന്നെയാണിവയുടെ പ്രത്യേകത. ദ്വന്ദഭാവങ്ങളിൽ കഥ പറയാനാണ്‌ ബാബുവിനിഷ്‌ടം. അത്‌ ചിലപ്പോൾ പാൻപരാഗിന്റെ ചവർപ്പിലേക്കും പാൽപ്പായസത്തിന്റെ മധുരത്തിലേക്കും നീങ്ങാം. രണ്ടും ഒന്നിൽ തന്നെ സമന്വയിപ്പിക്കുന്ന മാന്ത്രികതയും കാണാം. മലയാളകഥയിലെ ഒരു പ്രത്യേക കളളിയിലും പെടാതെ സ്വതന്ത്രനായി നില്‌ക്കാനാണ്‌ കഥാകൃത്തിന്‌ താത്‌പര്യം. ഈ സ്വാതന്ത്ര്യവാഞ്ഞ്‌ഛ കഥകളെ മിഴിവുറ്റതാക്കുന്നുമുണ്ട്‌. അത്യാധുനികതക്കുവേണ്ടി അതിന്റെ പിറകെയോ ഉത്തരാധുനികതക്കുവേണ്ടി അതിന്റെ പിറകെയോ ഇരുമല പോകുന്നില്ല. കഥ എഴുതുന്നതിലെ സുഖകരമായ ഒരു ആലസ്യം, അത്‌ വായിക്കുന്നവരിലേക്കും പകർത്തണമെന്ന്‌ കഥാകൃത്ത്‌ ആഗ്രഹിക്കുന്നു. കുറേയേറെ വിജയിക്കുന്നു. കഥ എഴുതുന്നത്‌ പ്രസിദ്ധപ്പെടുത്താനാണ്‌. എന്നാൽ, മാസികകൾക്കനുസരിച്ച്‌ ആവശ്യമായ കഥകൾ രചിക്കാൻ ബാബു ഇരുമല തയ്യാറല്ല. ആധുനികോത്തരം മാത്രം നല്ലതെന്ന്‌ പറയുന്ന പത്രാധിപരോട്‌ ഈ കഥ നന്നെങ്കിൽ പ്രസിദ്ധീകരിച്ചാൽ മതി എന്നു പറയുന്ന കഥാകൃത്തിന്റെ ആർജ്ജവമാണ്‌ ബാബുവിനുളളത്‌. അതിനാൽ തന്നെ തന്റെ കഥകളെ ഒരു വൃത്തത്തിലും തളയ്‌ക്കാൻ കഥാകൃത്തിന്‌ താല്‌പര്യമില്ല. സർവ്വതന്ത്ര സ്വതന്ത്രരായ കഥകളാണിവ. നാളെ വായിക്കുമ്പോഴും ഈ കഥകൾ അങ്ങിനെ തന്നെയായിരിക്കും.

ഭയപ്പെടുന്നവന്റേയും പരാജയപ്പെടുന്നവന്റെയും കഥകൾ എഴുതാനാണ്‌ ബാബു ഇരുമലയ്‌ക്ക്‌ കൂടുതൽ താല്‌പര്യം എന്ന്‌ തോന്നുന്നു. മരണത്തെ ഭയക്കുന്നവന്റെ വ്യസനം (പൂപ്പാൻ) ഭാര്യയെ ഭയക്കുന്നവന്റെ വ്യസനം (ആലുവ), തീർന്നുപോയ ബണ്ണിനെ ഭയക്കുന്നവന്റെ വ്യസനം(ബൺ) എന്നിങ്ങനെ ഭയക്കുന്നവരുടെ വ്യസനം വിവരിക്കുന്നിടത്തെല്ലാം കഥ പുതിയൊരു അനുഭവമാകുന്നുണ്ട്‌. ഈ സമാഹാരത്തിലെ കഥകളുടെ പ്രത്യേകതയും ആ അനുഭവമാണ്‌. വായനക്കാരനെ പ്രത്യേകതകളുളള പുതിയ ലോകത്തിലേക്ക്‌ നയിക്കുകയാണല്ലോ കഥാകൃത്ത്‌ ചെയ്യേണ്ടത്‌. പരാജയപ്പെടുന്നവന്റെ കഥകളും ബാബു എഴുന്നുണ്ട്‌. രാജാവാകാൻ പോയി പരാജയപ്പെട്ടവനും, പരസ്യം തേടുന്ന പരസ്യവിഭാഗം ഉദ്യോഗസ്ഥനും രണ്ട്‌ പ്രത്യേക കഥാപാത്രങ്ങളാണ്‌. ഒരിക്കലും തന്നിലേക്ക്‌ വിരുന്നുവരാത്ത മോഹങ്ങളെ കാത്തിരിക്കുന്നവരുടെ കഥ പറയുമ്പോഴും ദുഃഖമാണ്‌ അതിന്റെ കാതലായി വരുന്നത്‌. തമാശയും ബാബുവിന്റെ കഥകൾക്ക്‌ ചാരുതയേകുന്നുണ്ട്‌. ‘വിനയം’ എന്ന കഥയിലെ അച്ചൻ ഈ തമാശയുടെ നിറംകൊണ്ട്‌ കുളിച്ചു നിൽക്കുന്നു. അതുപോലെ ‘നാടുകാണൽ’ എന്ന കഥ. മനുഷ്യന്റെ ചെറിയ ചെറിയ ചെയ്‌തികൾ, അതിന്‌ പ്രേരിപ്പിക്കുന്ന വസ്‌തുതകൾ എന്നിങ്ങനെ പലതരത്തിൽ പ്രയോഗക്ഷമമാകുന്ന വികാരങ്ങൾ ‘പാൽകൊടുക്കാനുണ്ട്‌’, ‘ഹെൽമറ്റ്‌’ തുടങ്ങിയ കഥകളിൽ കാണാം. ‘മരങ്ങൾ പറയാത്തതും’ ഇത്തരം ചില വികാരവിചാരങ്ങളാകുന്നു.

കഥകളിൽ വിഷയസ്വീകരണത്തിൽ വൈവിധ്യം പുലർത്തുന്ന ബാബുവിന്റെ കഥകൾ ഒരേ അച്ചിൽ വാർത്തെടുത്തവയല്ല. ഗ്രാമീണതയുടെ സൂക്ഷ്‌മതകൾ സൂക്ഷിക്കുന്ന കഥാകാരൻ, അവ നഷ്‌ടപ്പെടുന്നതിൽ ഏറെ ദുഃഖിക്കുന്നുണ്ട്‌. വിമാനത്താവളം വരുമ്പോൾ തങ്ങളുടെ നശിക്കുന്ന ഗ്രാമത്തിന്റെ സ്വപ്‌നങ്ങളെ അവർ മറക്കുകയാണ്‌. ഗ്രാമം നശിക്കട്ടെ. കറുത്ത ചിരിയും കറുത്ത വിഷാദവും കറുത്ത ഭാവിയും കഥാകൃത്തിനെ ഭയപ്പെടുത്തുന്നു എന്നതാണ്‌ സത്യം. താൻ കഥയെഴുതുന്നു എന്നതിനോടൊപ്പം, ഈ മാറ്റങ്ങൾ തന്നെയും കീഴ്‌പ്പെടുത്തുന്നു എന്നറിയുന്നവനാണ്‌ കഥാകൃത്ത്‌. അത്‌ ഭയമായി അയാളിൽ വളരുകയാണ്‌. അടിമയാക്കപ്പെടുന്നവരുടെ കഥകളിൽ, അടിമകൾക്ക്‌ അവസാനം വിധിച്ചിരിക്കുന്നത്‌ മരണമാണ്‌. മരണം കാത്ത്‌ കിടക്കുന്നവന്റെ ഭയമാണവന്റെ വികാരം. പുതിയ കാലത്തിന്റെ ഭാഗ്യവും, നിർഭാഗ്യവും അതാണ്‌. അവന്‌ മരണം കാത്ത്‌ കിടക്കുന്നവന്റെ ഭയമാണ്‌. ഈ ഭയത്തിൽ നിന്നാണവൻ, ജീനുകൾവരെ വേർപിരിക്കുന്നത്‌, തന്നെപ്പോലെ തന്നെയുളള ജീവനെ സൃഷ്‌ടിക്കാൻ തപസ്സിരിക്കുന്നത്‌ അതുകൊണ്ടാണ്‌. ഭയത്തിൽ നിന്നും രക്ഷനേടാനുളള ഈ വിദ്യകൾ പക്ഷേ, അവനെ കൂടുതൽ കൂടുതൽ ഭയത്തിലേക്ക്‌ കൊണ്ടുപോകുന്നു. ഈ ഭയത്തിന്റെ തരളിതയിൽനിന്നും രക്ഷനേടി ഒരു കഥാകൃത്തിനും കഥയെഴുതാനാവില്ല.

തികഞ്ഞ നർമ്മബോധം, തികഞ്ഞ നിരീക്ഷണപാടവം എന്നിങ്ങനെ ഒരു നല്ല കഥാകൃത്തിനാവശ്യമുളള സകല ഗുണങ്ങളും ബാബു ഇരുമലയ്‌ക്കുണ്ട്‌. ഇതിലെ 16 കഥകളും അതിന്‌ സാക്ഷ്യം വഹിക്കുന്നു. സാധാരണ മനുഷ്യനാണ്‌ അദ്ദേഹത്തിന്റെ കഥകളിൽ കഥാപാത്രങ്ങളാകുന്നത്‌. തികച്ചും നവ്യമായ ഒരു ഭാഷയിലാണ്‌ അദ്ദേഹം കഥയെഴുതുന്നത്‌. തീരെ ചെറുതും വളരെ വലുതല്ലാത്തവുമാണ്‌ അദ്ദേഹത്തിന്റെ രചനകൾ. നീളം കുറയുന്നതുകൊണ്ടോ, കൂടുന്നതുകൊണ്ടോ കഥകൾക്ക്‌ പ്രത്യേകതയൊന്നും വരേണ്ടതില്ല. എന്നാൽ, കഥകൾ ചെറുതായാലും വലുതായാലും അതിൽ കഥയുണ്ടാകും എന്നതാകുന്നു പ്രത്യേകത. കാലത്തിന്റെ ശ്വാസം ഉൾക്കൊളളുന്ന ഈ കഥകൾ, വായനക്കാരന്റെ സ്വത്വത്തിലേക്ക്‌ വളരാവുന്നവയാണ്‌. ശ്വാസംമുട്ടുണ്ടാക്കുന്ന രചനകളുടെ മധ്യത്തിൽ ഇത്തരം രചനകൾ ആശ്വാസകരവുമാണ്‌. നിസ്സാരമായ ചില സംഭവങ്ങൾ കൊണ്ടുണ്ടാകുന്ന സാരമായ അനുഭവങ്ങൾ (ഹെൽമറ്റ്‌) ജീവിതത്തിന്റെ വിവിധങ്ങളായ മുഖങ്ങളാണ്‌. ഇത്തരം ജീവിതത്തിന്റെ വിവിധങ്ങളായ മുഖങ്ങളും നിറങ്ങളുമാണ്‌ ബാബു ഇരുമലയുടെ കഥകളിൽ നിറയെ. ഒരിക്കലും നിറം അധികം ചേർക്കാനോ, നിറം കോരിയൊഴിച്ച്‌ വികൃതമാക്കാനോ കഥാകൃത്ത്‌ ഒരുക്കമല്ല. മിതഭാഷിയായി നിന്ന്‌, മിതമായ ഭാഷയിൽ തന്നെ കഥയെഴുതുന്നതിനാണ്‌ അദ്ദേഹത്തിന്‌ താല്‌പര്യം. തികച്ചും സൗന്ദര്യാത്മകമാണ്‌ ഈ സമീപനം.

പ്രകാശപൂർണ്ണവും സൗമ്യവും വൈവിധ്യങ്ങളാൽ നിറഞ്ഞതും തികച്ചും പരിചിതവുമായ കഥാസന്ദർഭങ്ങളിലേക്ക്‌ വായനക്കാരനെ കൊണ്ടുപോകുന്ന ബാബു ഇരുമലയുടെ ഈ കഥകൾ ഇവിടെ അവതരിപ്പിക്കുന്നത്‌ വളരെ സന്തോഷത്തോടെയാണ്‌. കോളേജ്‌ ക്ലാസ്സുകൾ മുതൽ സുഹൃത്തായിരുന്ന ബാബുവിന്റെ കഥകൾ അന്നുതന്നെ വായിക്കാൻ എനിക്ക്‌ ലഭിച്ചിരുന്നു. പിന്നെ കുറേനാൾ ബാബു കഥ എഴുതിയില്ല. 14 വർഷത്തിനുശേഷം വീണ്ടും കഥ എഴുതുമ്പോൾ, ഞാനെന്റെ പഴയ സുഹൃത്തിനെ വീണ്ടും കണ്ടുമുട്ടുന്നു. കഥകൾ കഥകളായി എഴുതുന്ന, വായനക്കാരനിലേക്ക്‌ ഇറങ്ങിച്ചെല്ലുന്ന മുഹൂർത്തങ്ങൾ സൃഷ്‌ടിക്കുന്ന കഥാകൃത്തിനെ ഞാൻ വീണ്ടും ആരാധനയോടെ നോക്കിനിൽക്കുന്നു. ബാബു ഇരുമലയുടെ കഥകൾ, മലയാള കഥാസാഹിത്യത്തിൽ വ്യത്യസ്‌തമായ ഒരു സ്ഥാനം നേടട്ടെ എന്നാശംസിക്കുന്നു. ഒരു വൃത്തത്തിലും തളയ്‌ക്കാൻ ഇഷ്‌ടപ്പെടാത്ത ബാബുവിന്‌ സ്വതന്ത്രമായി രചനകൾ നടത്താൻ ഇനിയും സാധിക്കട്ടെ.

(അവതാരികയിൽ നിന്നും)

ഇഗ്നേഷ്യസ്‌ പരസ്യം തേടുന്നു, ബാബു ഇരുമല, വില - 40.00, പെൻ ബുക്‌സ്‌.

എം.ആർ. മനോഹരവർമ്മ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.