പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

കണ്ണീർത്തുളളിയുടെ വ്യാസം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ.എസ്‌. ഭാസിരാജ്‌

പുസ്‌തകപരിചയം

ഭാഷ സ്വായത്തമായ കാലം മുതൽ മനുഷ്യനിൽ വളർന്നുവന്ന സ്വഭാവമാണ്‌ കഥ പറയുവാനും കേൾക്കുവാനുമുളള താത്‌പര്യം. കഥ നമ്മെ ഭാവനയുടെ ചിറകിലേറ്റി കാണാത്ത ലോകങ്ങളിലേക്കു കൊണ്ടുപോകുന്നു. നാടോടിക്കഥകൾ മുതൽ ആധുനികോത്തര കഥകൾ വരെ ലക്ഷ്യമാക്കുന്നത്‌ ഈ ഭാവനാലോകസഞ്ചാരം തന്നെയാണ്‌. രചനാ തന്ത്രത്തിലും വിഷയസ്വീകാരത്തിലും കാലത്തിനനുസരിച്ചുളള മാറ്റങ്ങൾ വരുന്നുവെന്നു മാത്രം.

‘ഒരാൾ മറ്റുചിലരോടു നടത്തുന്ന ദീർഘമല്ലാത്ത സംവാദം’ എന്നതാണ്‌ വില്യം സരോയൻ ചെറുകഥയ്‌ക്കു നൽകുന്ന ഏറ്റവും ലളിതമായ നിർവചനം. ആ ദീർഘമല്ലാത്ത സംവാദം രസകരവും ആകാംഷ ഉണർത്തുന്നതുമായിരിക്കണം. ചെറിയ കഥ ആയതുകൊണ്ടു മാത്രം ഒരു കഥ ചെറുകഥ ആകുന്നില്ല. അത്‌ ചെറുതും ഭാവപൂർണവും ആയിരിക്കണം. മുത്തുപോലെ സുന്ദരവും സ്വയംപൂർണവും ആവണം. ആദിമധ്യാന്തപ്പൊരുത്തത്തോടു കൂടിയ ഒരു സംഭവത്തിന്റെ ഉദയവികാസമാണു ചെറുകഥ. ചില കഥകൾ വിഷയകേന്ദ്രീകൃതമായിരിക്കും. മറ്റു ചിലത്‌​‍്‌ കഥാപാത്രകേന്ദ്രീകൃതവും. ഈ രണ്ടു സ്വഭാവത്തിലും ഉളള കഥകൾ കണ്ണീർത്തുളളിയുടെ വ്യാസത്തിലുണ്ട്‌.

ഒരു തുടക്കക്കാരനാണെങ്കിലും അഭിലാഷിന്റെ കഥകളിൽ അറിഞ്ഞോ അറിയാതെയോ എഴുതിത്തെളിഞ്ഞ എഴുത്തുകാരന്റെ കഥാകൗശലങ്ങൾ കാണാം. അത്‌ ജന്മസിദ്ധമായ കഴിവുകളിൽനിന്നും നിരന്തരമായ വായനയിൽ നിന്നും ഉരുത്തിരിഞ്ഞതാണെന്നു കരുതുന്നു. ആ സിദ്ധിയെ നിരന്തരമായ അഭ്യാസത്തിലൂടെ പരിപോഷിപ്പിക്കുമ്പോൾ മാത്രമേ ഒരു ചെറുകഥാകാരൻ എന്ന പേര്‌ നിലനിർത്തുവാൻ കഴിയൂ.

വൈവിദ്ധ്യമാർന്ന ഏതാനും കഥകളുടെ സമാഹാരമാണ്‌ കണ്ണീർത്തുളളിയുടെ വ്യാസം. പേരിനുതന്നെ ഒരു പുതുമയുണ്ട്‌. പല തരത്തിലുളള വിപത്തുകളാൽ ഈ ലോകം ദുരിതപൂർണ്ണമായിരിക്കുന്നു. ആ ദുരന്തങ്ങൾ അനുഭവിച്ചു തീർക്കാൻ വിധിക്കപ്പെട്ട മാനവന്റെ കണ്ണീരിന്റെ വ്യാസം അപരിമേയമാണ്‌. എങ്കിലും ചില അളവുകോലുകൾ കൊണ്ട്‌ നാം അതിനെ അളക്കാൻ ശ്രമിക്കുന്നു. ഓരോരുത്തർക്കും കരയാനൊരു കാരണം കാണുമെന്ന്‌ കഥാകൃത്തുതന്നെ പറയുന്നുണ്ട്‌. കണ്ണീർത്തുളളിയുടെ വ്യാസം അളക്കാനിറങ്ങിത്തിരിക്കുന്നവരുടെ വ്യർത്ഥ വ്യാപാരത്തെക്കുറിച്ച്‌ ചിന്തിച്ച്‌ കഥാകാരൻ നിസ്സഹായനാകുന്നു. ഓരോ കാര്യത്തിലും നാം പുലർത്തുന്ന അർത്ഥശൂന്യമായ നിലപാടുകൾക്ക്‌ നേരെ ശക്തമായ പ്രഹരമാണ്‌ കണ്ണീർത്തുളളിയുടെ വ്യാസം എന്ന കഥ.

കണ്ണീരിനു മാത്രം പഞ്ഞമില്ലാത്ത കോളനികൾ മനുഷ്യന്റെ കഷ്‌ടപ്പാടുകളുടെ കൂട്ടായ്‌മയാണ്‌. കോളനികളുടെ മലീമസമായ ഒരു ചിത്രം ഈ കഥയിലൂടെ വരച്ചു കാട്ടുന്നുണ്ട്‌. കടലാസിൽ മാത്രം ഒതുങ്ങിപ്പോകുന്ന പദ്ധതികളുടെ പൊളളത്തരവും ഈ കഥ നമ്മോടു പറയുന്നു.

തൊഴിൽ തേടി അലയുന്ന ചെറുപ്പകാർക്ക്‌ അപ്രതീക്ഷിതമായി ലഭിക്കുന്ന വലിയൊരു തുകയുടെയും അതുകൊണ്ടു കെട്ടിപ്പടക്കുന്ന സമ്പന്നലോകത്തിന്റെയും കഥയാണ്‌ ‘വിശ്വാസങ്ങൾ ഉണ്ടാകുന്നത്‌’. പണസമ്പാദനത്തിനു കണ്ടെത്തിയ മാർഗമാണെങ്കിൽ ഭക്തിയും. ഭക്തി ഇന്നൊരു വ്യവസായമാണ്‌. ആരാധനാലയങ്ങൾ പണം സമ്പാദിക്കാൻ വേണ്ടി മാത്രമുളള ഇടങ്ങളായി പരിണമിക്കുന്നുവോ എന്ന ചിന്ത കഥാകൃത്തിനെ അലട്ടുന്നു. ഏകാഗ്രതയോടെ ഈശ്വരനെ ഭജിക്കേണ്ടുന്ന ക്ഷേത്രങ്ങൾ പലതും ബഹളമയമായ ടൗൺഷിപ്പുകളുടെ പ്രതീതി ജനിപ്പിക്കുന്നു.

കൂട്ടിലടച്ചാൽ ജീവിക്കാത്ത തീവരപ്പക്ഷികളുടെ കഥയിൽ സ്വാതന്ത്ര്യത്തിന്റെ മഹത്വമാണ്‌ വെളിപ്പെടുന്നത്‌. ‘പാരതന്ത്ര്യം മൃതിയെക്കാൾ ഭയാനകം’ എന്നല്ല അത്‌ മൃതി തന്നെയാണ്‌ എന്ന കാര്യമാണ്‌ ഈ കഥ വെളിപ്പെടുത്തുന്നത്‌. പീഡിതരായ കാപ്പിരിജന്മങ്ങളുടെ പുനർജന്മങ്ങളായി തീവരപ്പക്ഷികളെ കാണുന്ന സർഗഭാവന ഏറെ ശ്രദ്ധേയമാണ്‌.

വാൾമുന പറയാതിരുന്നത്‌, ലാൽ സർബത്ത്‌, ആന്ദോളനം, ആ കൊച്ചു ശ്വാനൻ, തിരശ്ശീലയ്‌ക്കു പിന്നിൽ തുടങ്ങിയ കഥകളും ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്‌. യുദ്ധത്തിന്റെ ഭീകരതയെ അതിതീവ്രമായി വർണിക്കുന്ന കഥയാണ്‌ അഗ്നിസ്‌തംഭങ്ങൾ. യുവജനോത്സവവേദികളിലെ മത്സരങ്ങൾക്കുളളിലെ മത്സരമാണ്‌ തിരശ്ശീലയ്‌ക്കു പിന്നിൽ‘. ജന്തുസ്‌നേഹത്തിന്റെ കഥ പറയുന്ന ’ആ കൊച്ചുശ്വാനൻ‘ മലയാളത്തിലെ മറ്റു ജന്തുകഥകൾ പോലെ മനോഹരമാണ്‌.

ചില കഥകൾക്ക്‌ ആഖ്യാനം മാത്രമായിപ്പോയതിന്റെ ന്യൂനതകളുണ്ടെങ്കിലും ഭൂരിപക്ഷം കഥകളും തീവ്രമായ അനുഭൂതിതലങ്ങളിലേക്ക്‌ നമ്മെ കൊണ്ടുപോകുന്നു.

ഔചിത്യപൂർവ്വം ഭാഷ പ്രയോഗിക്കാനുളള കഴിവ്‌ അഭിലാഷിനുണ്ട്‌. ’സ്‌നേഹം സങ്കീർണമാണ്‌, വാക്കുകൾക്കും വിചാരങ്ങൾക്കും വഴങ്ങാത്ത തന്റേടിയാണ്‌.‘ ’പരസ്യവാചകങ്ങൾ വെടിയുണ്ടകൾ പോലെ‘. എന്നൊക്കെയുളള പ്രയോഗങ്ങൾ ആ സാമർത്ഥ്യത്തെയാണ്‌ വെളിപ്പെടുത്തുന്നത്‌. ചുരുക്കത്തിൽ കഥയുടെ വിഷയസ്വീകാരത്തിലും കഥാപാത്രാവിഷ്‌ക്കാരത്തിലും ഭാഷാപ്രയോഗത്തിലും വർണനകളിലും തെളിമയും സൂക്ഷ്‌മതയും പുലർത്തുന്ന അഭിലാഷിന്‌ കഥ ഉതകി വരുന്നുവെന്നാണ്‌ ഈ സമാഹാരം വെളിപ്പെടുത്തുന്നത്‌. കുറച്ചൊന്നു പരിശ്രമിച്ചാൽ നമ്മുടെ കഥാകാരന്മാരുടെ പട്ടികയിലേക്ക്‌ എളുപ്പത്തിൽ കടന്നിരിക്കാം. അതിന്‌ ഇടവരുത്തുന്ന ഒരു തുടക്കമാകട്ടെ ’കണ്ണീർത്തുളളിയുടെ വ്യാസം‘.

കണ്ണീർത്തുളളിയുടെ വ്യാസം, എസ്‌. അഭിലാഷ്‌, വില - 70.00, പൂർണ്ണ

ഡോ.എസ്‌. ഭാസിരാജ്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.