പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

ദേവദാരുവിനെ ചുംബിക്കുന്ന മഞ്ഞ് കാറ്റ്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.ടി സൂപ്പി

ബാഷോ പ്രകൃതിയിലേക്കു യാത്ര ചെയ്യുമ്പോള്‍ അത് മനുഷ്യന്റെ ആത്മബോധത്തിലേക്കുള്ള ഒരു വിശുദ്ധ തീര്‍ത്ഥാടനമായി വളര്‍ന്നു പോകുന്നു. ആ യാത്രയില്‍ മലകയറ്റം വെറുമൊരു സാഹസികകര്‍മ്മമല്ല മറിച്ച് ആസക്തികള്‍ വേട്ടയാടുന്ന മര്‍ത്യബോധത്തിലെ അന്ധകാരങ്ങളെ പിഴിഞ്ഞെടുത്ത് വെളിച്ചമുണ്ടാക്കുന്ന മഹായജ്ഞം. ഒരു മല കയറിക്കഴിഞ്ഞാല്‍ മറ്റൊരു മല മാടി വിളിക്കുന്നുണ്ടാവും. ആത്മാവിനെ ഒഴുകുന്ന നദികളും പൂത്തു നില്‍ക്കുന്ന ചെടികളും സര്‍ഗ്ഗഹൃദയത്തിലേക്കുള്ള വാതിലുകളാകുന്നുണ്ട് അപ്പോള്‍.

വെറും അമ്പതു വര്‍ഷമാണ് ബാഷോവിന്റെ ജീവിതകാലം. കഷ്ടപ്പാടുകളോട് ഏറ്റുമുട്ടിയ ബാല്യത്തില്‍ നിന്നും കവിതയുടെ ലോകത്തിലേക്കുള്ള ഉണര്‍വിന് ഒരു ബോധോദയത്തിന്റെ തെളിച്ചം കാണാം . പ്രകൃതിയെ ധ്യാനിച്ച് ബോധവും അബോധവും പരസ്പരം സംഭാഷണം നടത്തുകയാണ് ഇദ്ദേഹത്തിന്റെ കൊച്ചുകവിതകളില്‍. കവിതകളിലൂടെ താന്‍ അനുഭവിച്ച സൗന്ദര്യമണ്ഡലത്തെ കൂടുതല്‍ വെളിച്ചത്തില്‍ അറിയാനായിരിക്കാം ആയുസ്സിന്റെ അവസാന ദശകങ്ങളില്‍ ഇദ്ദേഹം വ്യത്യസ്തമായ ഒരു സഞ്ചാരത്തിന് തയ്യാറെടുത്തത്. ബാഷോവിനു മുമ്പ് ജീവിച്ചു പോയ ജപ്പാനിലെ നിരവധി മഹാ കവികള്‍ യാത്രയില്‍ തന്നെ മരിച്ചുപോയവരെത്രെ എ.ഡി 1684- ലെ ശരത് കാലത്തിന്റെ മധ്യദശയില്‍ അദ്ദേഹം തന്റെ സുഹൃത്തും ശിക്ഷ്യനുമായ ചിറിയോടൊപ്പമാണ് യാത്ര ആരംഭിച്ചത്. ബാഷോവിനു ഈ യാത്ര പുതിയ സ്ഥലങ്ങള്‍ കാണാനുള്ള സഞ്ചാരം മാത്രമായിരുന്നില്ല ഒരര്‍ത്ഥത്തില്‍ദാര്‍ശനിക പ്രാധാന്യമുള്ള കലാതീര്‍ത്ഥാടനമായിരുന്നു അത്. A D 1691- ലെ വേനല്‍ക്കാലത്താണ് ബാഷോവിന്റെ യാത്ര അവസാനിച്ചത്. തുടര്‍ന്ന് 1994 നവംബര്‍ 28‍- ന് അദ്ദേഹം അന്തരിക്കുന്നതുവരെ കവിതകളും യാത്രാക്കുറിപ്പുകളും രചിക്കുകയുണ്ടായി. ' ഒസാക്കാ എന്ന സ്ഥലത്തു വച്ചാണ് ഈ മഹാകവി ദിവംഗതനായത്. നൂറ്റാണ്ടുകള്‍ക്ക് അപ്പുറത്തു നിന്നും ഈ ഒറ്റയാന്‍ മൊഴികള്‍ മാതൃഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നത് ഒരു നിയോഗമായിരിക്കാം അദ്ദേഹത്തോടൊപ്പം പൂമ്പാറ്റയുടെ ഹൃദയവുമായി യാത്ര ചെയ്തപ്പോള്‍ വല്ലാത്ത നിര്‍വൃതി . പ്രിയപ്പെട്ട വായനക്കാരിലും അത് പകര്‍ന്ന് കിട്ടിയാല്‍ ഏറെ സന്തോഷം. മഞ്ഞുതുള്ളിയുടെ പ്രാര്‍ത്ഥനയുമായി ബാഷോവിനെ മലയാളത്തിനു സമര്‍പ്പിക്കുന്നു.

യാത്ര

ബാഷോ

പരിഭാഷ കെ.ടി സൂപ്പി

ഒലിവ് പബ്ലിക്കേഷന്‍സ്

വില - 110/-

കെ.ടി സൂപ്പി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.