പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

കളിത്തോഴിയുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നീലമ്പേരൂർ മധുസൂദനൻ നായർ

ഒരു കൃതിയില്‍ നിന്നു മറ്റൊരു കൃതിക്കു ജന്മം നല്‍കുക എന്നതും ഒരു സര്‍ഗ്ഗ പ്രക്രിയയാണ്. ഇങ്ങനെയൊരു സര്‍ഗ്ഗപ്രക്രിയയില്‍ ഏര്‍പ്പെടുമ്പോള്‍ പ്രഥമപാഠമായി വരിക്കുന്ന മൗലികകൃതിയുടെ ആത്മഭാവത്തിനു നൈസര്‍ഗ്ഗികചാരുതയ്ക്കും തെല്ലു പോലും ലോപം വരാതെ ശ്രദ്ധിക്കേണ്ടത് പാഠമാറ്റം വരുത്തുന്ന ആളിന്റെ പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വമാണ്. ഒരു നോവല്‍ സ്വരൂപത്തെ നാടകസ്വരൂപത്തിലേക്കു പരാവര്‍ത്തനം ചെയ്യുമ്പോള്‍ കര്‍ത്തൃസ്ഥാനം ഏറ്റെടുക്കുന്ന സ്രഷ്ടാവിനു ഏറെ വിയര്‍ക്കാതെ തരമില്ല. ആധാര സൃഷിയോടും അതില്‍നിന്നുള്ള ആവിഷ്കൃത സൃഷ്ടിയോടും നീതി പുലര്‍ത്തണമെങ്കില്‍ രണ്ടിനെയും കുറിച്ചു സംഗ്രമായ സൃഷ്ടിജ്ഞാനം മാത്രമല്ല തികഞ്ഞ ആസ്വാദനബോധവും ഉണ്ടായിരിക്കണം.

കവിയും നാടകകൃത്തും നാടകസംവിധായകനുമായ പിരപ്പന്‍ കോട് മുരളിയുടെ ഏറ്റവും പുതിയ സമ്രംഭമായ ' കളിത്തോഴി' എന്ന നാടകത്തിന്റെ രംഗപടത്തിനു മുന്നില്‍ നില്‍ക്കുമ്പോഴാണ് ഇങ്ങനെയൊക്കെ കുറിക്കാന്‍ ഉത്തേജനം കിട്ടുന്നത്.

ചങ്ങമ്പുഴയുടെ ഏറെ പ്രശസ്തമായ ' കളിത്തോഴി' എന്ന നോവല്‍ പിരപ്പന്‍ കോട് മുരളിയിലൂടെ നാടകരൂപം കൈവരിക്കുന്നു. ചങ്ങമ്പുഴ തന്റെ കൃതികളില്‍ കളിത്തോഴിക്കുള്ള സ്ഥാനം എന്തെന്നും എങ്ങനെയെന്നും ആമുഖത്തിനെ ആദ്യഖണ്ഡികയില്‍ അടയാളപ്പെടുത്തുന്നുണ്ട്. രമണനേപ്പോലെ ഈ കൃതിയോടും തനിക്ക് പ്രത്യേകമൊരു മമതയുണ്ടെന്നും അത് എന്തുകൊണ്ടെന്നാല്‍ രമണനു ശേഷം താന്‍ എഴുതിയ ഏറ്റവും ദൈര്‍ഘ്യമുള്ള കൃതി ഇതാണ് എന്നുള്ളതാണെന്നും ചങ്ങമ്പുഴ ഏറ്റു പറയുന്നു.

ചങ്ങമ്പുഴയുടെ ആത്മാഅംശവും ജീവിതാംശവും കളിത്തോഴിയിലുണ്ട്. ചങ്ങമ്പുഴ പറയാതെ വിട്ട കാര്യമാണിത് . ഈ കഥയില്‍ രാജയക്ഷ്മാവ് (ക്ഷയം) എന്ന രോഗം ഒരു പ്രതിനായകവേഷം ആടുന്നുണ്ട്. ഈ രോഗം ചങ്ങമ്പുഴയുടെ ശരീരബലക്ഷയത്തിനും അകാല മരണത്തിനും കാരണമായി എന്നത് ഒരു യാഥാര്‍ത്യം.

രോഗത്തിന്റെ പ്രതിനായകവേഷം ആടല്‍ വിധിനിര്‍ണ്ണായകവുമാണ് ആര്‍ദ്രവും തീവ്രവുമായ സ്ത്രീപുരുഷ പ്രേമം അതിന്റെ അതിസൂക്ഷമവും അതിസ്ഥൂലവുമായ എല്ലാ ഭാവവാഹാദികളൊടും കൂടി അരങ്ങാട്ടം നടത്തുന്നുണ്ട്. നിറവോടേയും നിറമോടേയും ചങ്ങമ്പുഴ ഒരു ദുരന്തനായകവേഷമാണല്ലോ ജീവിതത്തിലാടിയത്. അതേ തീവ്രതയിലും അതേ സാന്ദ്രതയിലുമുള്ള ദുരന്ത കഥാപാത്രചിത്രീകരണം അനന്യചാരുതയോടെ നോവലിലും നാടകത്തിലും നിര്‍വഹിക്കപ്പെടുന്നുണ്ട്.

നോവലിന്റെ ഏതാണ്ടു മദ്ധ്യഭാഗത്തു നടക്കുന്ന ഡോക്ടര്‍ അമ്മിണി സംവാദം നാടകത്തില്‍ വിഷ്ക്കംഭരൂപത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് പൂര്‍വകഥാഭാഗങ്ങള്‍ ഏതാനും ദൃശ്യങ്ങളാക്കി അവതരിപ്പിക്കുന്നു. ഇതിലൊരു നാടകീയതയുണ്ട്. നാടകത്തിന്റെ രണ്ടാം ദൃശ്യത്തില്‍ രവിയും അമ്മിണീയും സന്ധിക്കുമ്പോഴുള്ള സംഭാഷണങ്ങളും സംഭവങ്ങളും കേശവപിള്ളയുടെ അവതരണമുള്‍പ്പെടെ നോവലില്‍ നിന്നും വ്യത്യസ്തങ്ങളായിരിക്കുന്നു. അഞ്ചാം ദൃശ്യത്തിലും നോവലില്‍ നിന്നും വ്യത്യസ്തമായി ദൃശ്യാഖ്യാനം മറ്റൊരു വഴിക്കാക്കാന്‍ നാടകകൃത്ത് സ്വാതന്ത്ര്യം കാണിച്ചിരിക്കുന്നു. നോവലില്‍ പ്രത്യക്ഷീഭവിക്കാത്ത അമ്മിണിയുടെ അച്ഛന്‍ അരങ്ങിന്റെ ഭാഗമായി പ്രത്യക്ഷമാകുകയും അമ്മിണിയുടെ രവിയുമായുള്ള ബന്ധച്ഛിത്തിക്കു അമ്മിണിയോടു ആവശ്യപ്പെടുകയും ചെയ്യുന്നു. നോവലില്‍ ആശുപത്രിയില്‍ വച്ചു ഡോക്ടര്‍ സ്വയം തുറക്കുന്ന സ്വന്തം പൂര്‍വകാല ജീവിത കഥ നാടകത്തില്‍ ബാലന്‍ മാമ എന്ന പുതിയൊരു കഥാപാത്രത്തിന്റെ നാവിലൂടെ വെളിവാക്കപ്പെടുന്നു. കഥാന്ത്യം നോവലില്‍ നിന്നു വഴിയും അരങ്ങും മാറിയാണ് നാടകത്തില്‍ അവതരിപ്പിക്കുന്നത്.

നോവലില്‍ നിന്നു ആഖ്യാനത്തെ നാടകത്തിലേക്കു പരകായപ്രവേശത്തിനു വിധേയമാക്കിയപ്പോള്‍ നാടകാഖ്യാനം സുവ്യക്തവും സുബദ്ധവുമാക്കാനായി നാല് പുതിയ കഥാപാത്രങ്ങളെ മുരളി സൃഷ്ടിക്കുന്നുണ്ട്. ഈ പുതിയ കഥാപാത്രങ്ങള്‍ നാലും കഥയുടെ ആത്മാംശങ്ങളായി ശരീരാവയവങ്ങളായി അനുഭവപ്പെടുന്നു എന്നത് പ്രശംസ അര്‍ഹിക്കുന്ന കാര്യം. സാഹസമെന്നല്ലാതെ മറ്റൊരു വാക്കാലും വിവരിക്കാനാവാത്ത ഒരു കൃത്യമാണ് പിരപ്പന്‍ കോടു മുരളി നിര്‍ വഹിച്ചിരിക്കുന്നത്. ഒരു നല്ല വായനാനുഭവും ദൃശ്യാനുഭവവും കളിത്തോഴി എന്ന നാടകം ആസ്വാദകര്‍ക്കു നല്‍കും എന്ന് ഉറച്ചു വിശ്വസിക്കാം.

കളിത്തോഴി - നാടകം

പിരപ്പന്‍ കോടുമുരളി

സിതാര ബുക്സ്

വില - 65/-

നീലമ്പേരൂർ മധുസൂദനൻ നായർ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.