പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

പാണക്കാട്ടെ പച്ചത്തുരുത്ത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഇ.ടി. മുഹമ്മദ്‌ ബഷീർ

വ്യക്തികളുടെ ജീവചരിത്രം രചിക്കുന്നത്‌ സാഹിത്യരംഗത്തെ ഏറ്റവും സൂക്ഷ്‌മതയോടെ ചെയ്യേണ്ട ഒരു കാര്യമാണ്‌. അതും സംഭവബഹുലവും പ്രവിശാലവുമായ ഒരു വ്യക്തിയുടെ ജീവചരിത്രമാകുമ്പോൾ പ്രത്യേകിച്ചും.

വളരെ വലിയ ഒരു ക്യാൻവാസിൽ വരയ്‌ക്കേണ്ട ഒരു ചിത്രം ചുരുങ്ങിയ ഒരു വൃത്തത്തിൽ വരച്ചുകാട്ടാൻ രചയിതാവ്‌ നിർബന്ധിതനാകുമ്പോൾ അത്‌ ശരിക്കും ദുഷ്‌ക്കരമായിത്തീരുകയും ചെയ്യും.

വന്ദ്യനായ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളെക്കുറിച്ച്‌ ഡോ. എം.എ.കരീം എഴുതിയ ‘പാണക്കാട്ടെ പച്ചത്തുരുത്ത്‌’ എന്ന പുസ്‌തകം ഈ എല്ലാ പരിമിതികളുടേയും അകത്തു നിന്നുകൊണ്ട്‌ ഏറ്റവും ഭംഗിയായി നിർവ്വഹിച്ച ഒരു സാഹിത്യദൗത്യമാണ്‌.

ഒരു രാഷ്‌ട്രിയ പ്രസ്‌ഥാനത്തിന്റെ നേതാവ്‌ എന്നതിനേക്കാളുപരി സമുദായത്തിന്റെ നേതാവ്‌ എന്ന വിതാനത്തിൽ നിറഞ്ഞുനില്‌ക്കുന്ന വ്യക്തിത്വമാണ്‌ തങ്ങളുടേത്‌. അതുകൊണ്ടുതന്നെ അത്‌ ഒരു കാലഘട്ടത്തിന്റെ സ്‌പന്ദനമായിത്തീരുന്നു. രാഷ്‌ട്രീയത്തിലും സമുദായിക സേവനരംഗത്തും നിർമ്മലതയും ആർദ്രതയും ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്‌. പാർലമെന്ററി വ്യാമോഹം പിടികൂടാത്ത പലരും കുറവാണ്‌. സ്‌ഥാനമാനങ്ങൾ കിട്ടാൻ വഴിവിട്ടവഴികൾ തേടുന്ന ഈ കാലഘട്ടത്തിൽ, നേരായ വഴിയിലാക്കാൻ പ്രാർത്ഥിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതുതന്നെയാണ്‌ ശിഹാബ്‌ തങ്ങളുടെ മാതൃക.

ക്ഷോഭക്കടലിന്റെ തീരത്ത്‌ ഒട്ടും ക്ഷോഭിക്കാത്ത ഒരു ശാന്തിതീരം പണിത്‌ അതിന്‌ ചുറ്റും ധവളിമ പരത്തി നില്‌ക്കുന്ന വേറിട്ടൊരു മനുഷ്യനാണ്‌ ശിഹാബ്‌ തങ്ങൾ എന്ന സത്യം ഈ പുസ്‌തകം ഒരിക്കൽക്കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു. പാണക്കാട്ട്‌ എന്തുകൊണ്ടാണ്‌ ഒരു പച്ചത്തുരുത്തുത്താകുന്നത്‌ എന്ന്‌ കരീം വായനക്കാരെ അർത്ഥശങ്കയ്‌ക്കിടയില്ലാത്തവിധം ബോധ്യപ്പെടുത്തുന്നു. നിരന്തരമായ അന്വേഷണവും കണ്ടെത്തലുകളും ഈ കൃതിയെ ഒരു വ്യക്തിയുടേയും നാടിന്റേയും ചരിത്രമാക്കി മാറ്റുന്നു.

കരീം സാഹിത്യരംഗത്ത്‌ വേറിട്ടൊരു സരണിയിലൂടെ നീങ്ങുന്ന ആളാണ്‌. സാഹിത്യകാരന്മാർ പരസ്‌പരം കലഹിക്കുന്ന ഈ കാലത്ത്‌ കരീം സമന്വയത്തിന്റെ എഴുത്തുകാരനായി നിലകൊള്ളുന്നു. അതുകൊണ്ടുതന്നെയാണല്ലോ പ്രേംചന്ദ്രിന്റെയും തകഴിയുടെയും കൃതികൾ തമ്മിലുള്ള പഠനത്തിന്‌ ഡോക്‌ടറേറ്റ്‌ ലഭിക്കുവാനും ‘താരതമ്യ സാഹിത്യ സമീക്ഷ’ എന്ന വിഖ്യാതമായ പുസ്‌തകം രചിക്കുവാനും കരീമിനെ പ്രാപ്‌തനാക്കിയത്‌. ബാലസാഹിത്യകൃതികൾ രചിക്കുന്നതിന്റെ കാര്യത്തിൽ എഴുത്തുകാരൻ എടുത്ത അതീവ താത്‌പര്യവും അദ്ദേഹത്തിന്റെ നിർമ്മലതയെ കൂടുതൽ വെളിപ്പെടുത്തുന്നു.

‘പാണക്കാട്ടെ പച്ചത്തുരുത്ത്‌ എന്ന ഈ കൃതി അനുഭവപാരമ്പര്യമുള്ള ഒരു എഴുത്തുകാരനായ കരീം സാഹിബിന്റെ മാസ്‌റ്റർ പീസായി സ്‌ഥാനം പിടിക്കുമെന്ന്‌ ഞാൻ കരുതുന്നു.

അഭിമാനപൂർവം ഈ കൃതി ഞാൻ വായനക്കാർക്കായി സമർപ്പിക്കുന്നു.

ഇ.ടി. മുഹമ്മദ്‌ ബഷീർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.