പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

പ്രണയകവിതകളുടെ വസന്തം വീണ്ടും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ: ജയകുമാര്‍ എസ്

ഈ സമാഹരത്തിലെ കവിതകള്‍ വായിച്ചു തീര്‍ത്ത് , അവതാരിക എഴുതാനൊരുങ്ങിയപ്പോള്‍ ഇങ്ങനെയൊരു തലക്കെട്ടു നല്‍കാനാണു തോന്നിയത്! ആദി കവിതയായ ‘ കുരുക്ഷേത്ര’ മടക്കം കൂടുതല്‍ കവിതകളും വിവിധ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെ തുറന്നെഴുത്താണെങ്കിലും പ്രണയഭാവനയുടെ സൗന്ദര്യമാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത്. ശ്രീ. ശ്രീകുമാറിന്റെ കാവ്യാലാപന സിദ്ധിയെ കുറിച്ച് കൂടി ഒരു വാക്കു കൂടി പറയാതെ എഴുതിത്തുടങ്ങാന്‍ മനസ്സു വരുന്നില്ല. അദ്ദേഹമൊരിക്കല്‍ ‘ മറക്കണം നീ മലയാളം ‘ എന്ന കവിത ഒരു സുഹൃദ്സദസ്സില്‍ വച്ച് ആലപിച്ചപ്പോള്‍ സുഹൃത്തുക്കളായ ഞങ്ങളില്‍ പലരുടേയും കണ്ണുകള്‍ ജലാര്‍ദ്രങ്ങളാവുകയുണ്ടായി. മലയാള ഭാഷയെ അങ്ങേയറ്റം സ്നേഹിക്കുകയും അതിനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത ഞങ്ങളുടെ ഓരോരുത്തരുടേയും ദു:ഖമായി മാറി ആ കവിത!

‘ കുരുക്ഷേത്രം’ എന്ന കവിത, പുരാണേതിഹാസങ്ങളുടെ പിന്‍ബലത്തില്‍ ഇന്നലകളേയും സ്വാതന്ത്ര്യസമരചരിത്രത്തിന്റെ പിന്‍ബലത്തില്‍ ഇന്നിനേയും വിലയിരുത്തുമ്പോള്‍ , ആരും പറയാന്‍ മടിക്കാത്ത ചില യാഥാര്‍ത്ഥ്യങ്ങളിലാണ് കവി ചെന്നെത്തുന്നത്! ഭാരതമണ്ണില്‍ ധര്‍മ്മമല്ല മറിച്ച് അധര്‍മ്മം തന്നെയാണ് അന്തിമജയം നേടിയിട്ടുള്ളത് എന്ന ചിന്തയാണത്! പാരതന്ത്ര്യത്തിന്റെ നൂറ്റാണ്ടുകള്‍ നീണ്ട ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് ഓരോ ഭാരതീയനും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച് മഹാസംഭവത്തെ തിരിഞ്ഞു നോക്കുമ്പോള്‍,

" ചണ്ടിയാം ദേശമന്തിമം ജയം നേടിയെടുത്തുപോല്‍! ധര്‍മ്മയുദ്ധം ജയിച്ചിതാ പൊങ്ങച്ചം നാം പറഞ്ഞുപോയ്!"

എന്ന ചിന്തയിലാണദ്ദേഹം ചെന്നെത്തുന്നത്!

ധര്‍മ്മലോപം വരുത്താതെ പന്ത്രണ്ടു വത്സരം വാണരുളിയ നളമഹാരാജനെ പുഷ്ക്കരന്‍ രാജ്യഭ്രഷ്ടനാക്കുമ്പോള്‍ ജനം പാലിക്കുന്ന മൗനത്തെ കവി പരിഹസിക്കുന്നു . പന്തീരാണ്ടു കാലം ഓരോ ജനത്തിന്റേയും ദു:ഖം സ്വദു:ഖമായി കണ്ട് കാത്തുരക്ഷിച്ച രാജാവാണ് പടിയിറങ്ങുന്നത്. നൈഷധപുരിയിലെ ജനം ഒന്നാര്‍ത്തിയിരമ്പിയിരുന്നെങ്കില്‍ പുഷ്കരാജ്ഞ കാറ്റില്‍ പറന്നേനേ എന്നു കവി സൂചിപ്പിക്കുന്നു. പക്ഷെ, ജനം മൗനം പാലിച്ചു. ഇന്നത്തെ ജനമാകട്ടെ,

" പണം നേടാന്‍, അധികാര- സുഖം തെല്ലു നുണഞ്ഞിടാന്‍, ഏതധര്‍മ്മനെ സേവിപ്പാന്‍ മടിയില്ലാതെ" നില്‍ക്കുകയാണ്.

ധര്‍മ്മിഷ്ഠര്‍ സംഗരങ്ങളില്‍ ജീവന്‍ ഹോമിച്ച് ധര്‍മ്മം രക്ഷിച്ചു. പിന്മുറക്കാരാകട്ടെ ധര്‍മ്മം മറന്ന് ആ സ്വാതന്ത്ര്യത്തിന്റെ സുഖം നുണയുന്നു.

"പണ്ടൊരൊറ്റ സുയോധനന്‍ സുഖിമാനായി വാണുപോല്‍ ഇന്നനേകം സുഖിമാന്മാര്‍ എങ്ങും വാഴ്വതു ഭാരതം" എന്ന വരികളുടെ ശക്തി ഒട്ടും ചെറുതല്ല.

'അവസ്ഥാന്തരങ്ങള്‍' എന്ന കവിതയും ഇതേ ആശയം ഉള്‍ക്കൊള്ളുന്നതാണ്. ബ്രാഹ്മണാധിപത്യം നില നിന്ന കാലത്ത് സാധാരണക്കാരെ അകറ്റി നിര്‍ത്താന്‍ അവരു‍പയോഗിച്ച ‘ ഹൊ... ഹൊയ്..’ ശബ്ദത്തില്‍ നിന്നും എന്തു വ്യത്യാസമാണ് ഇന്നത്തെ ജനകീയ മന്ത്രിമാരുടെ കൊടി വച്ച കാറിന്റെ സൈറനുള്ളത് എന്നു കവി ചോദിക്കുമ്പോള്‍ എന്തുത്തരമാണ് നമുക്ക് കൊടുക്കാന്‍ കഴിയുക? ജന്മിത്തത്തേയും നാടുവാഴിത്തത്തേയും നാഴികക്കു നാല്‍പ്പതു വട്ടം കുറ്റം പറയുന്ന നമ്മള്‍ ആ വ്യവസ്ഥിതിയില്‍ നിന്നും ഒരു പടി പോലും മുന്നോട്ടു പോയിട്ടില്ല എന്ന കണ്ടെത്തല്‍ അത്ഭുതപ്പെടുത്തുന്നതല്ല. എല്ലാവരും കാണുന്നത് , എന്നാല്‍ ആരും പറയാന്‍ കൂട്ടാക്കാത്തത് പറയുന്നു എന്നതാണ് ശ്രീകുമാറിന്റെ കവിതയില്‍ ഞാന്‍ കാണുന്ന ഒരു പ്രത്യേകത.

കവിതയെക്കുറിച്ചും മിണ്ടലിനെക്കുറിച്ചും കവിക്കുള്ള കാഴ്ചപ്പാട് രണ്ടു കവിതകളിലൂടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ‘ മിണ്ടേണ്ടതു മിണ്ടണം’ ( മിണ്ടല്‍) എന്നാണദ്ദേഹത്തിന്റെ നിലപാട്.

" കവി ശില്‍പ്പിയാകണം കല്ലൊന്നു മിനുക്കണം മനസ്സു കല്ലാക്കണം കല്ലില് മനസ്സു കൊത്തണം"

എന്നാണ് കവിതയെഴുത്തിനെക്കുറിച്ച് കവി പറയുന്നത്. ഈ കാഴ്ചപ്പാട് ഒരു പക്ഷേ പിന്നീടുണ്ടായതാവണം. ശ്രീകുമാറിന്റെ പ്രണയ ഭാവനകള്‍ക്കൊന്നും ഒരു കരിങ്കല്‍ ശില്‍പ്പത്തിന്റെ കാഠിന്യം ഞാന്‍ കണ്ടില്ല.

ശ്രീകുമാറിന്റെ കവിതകള്‍ വളരെ ലളിതമായി തോന്നും. പക്ഷേ കവിതയുടെ അന്ത്യഭാഗത്ത് നെഞ്ചില്‍ തുളച്ചു കയറും പോലെയുള്ള ഒരു പ്രയോഗമുണ്ടായിരിക്കും. കൊച്ചുപയ്യന്റെ ഒരു കമന്റ് 'വൃദ്ധന്റെ നെഞ്ചുകുത്തിക്കീറി ചുണ്ണാമ്പു തേച്ച്' ( വാര്‍ദ്ധക്യം) എന്ന പ്രയോഗവും, ‘ മണിക്കിനിയും ജ്ഞാനപീഠം ലഭിക്കാത്തതെന്തേ?’ എന്ന പരിഹാസവും ( അലവലാതികള്‍) അത്തരത്തിലുള്ളതാണ്.

‘ തലകുത്തിനിന്നു നോക്കുമ്പോഴാ’ ണ് കവിക്ക് പല സത്യങ്ങളും കാണാന്‍ കഴിയുന്നത് . വീക്ഷണം ഏകപക്ഷീയമാവരുതെന്ന ചിന്ത എത്ര സുന്ദരമായാണ് ഒരു കവിതയാക്കിയിരികുന്നത്. ( തലകുത്തി നിന്നപ്പോള്‍ കണ്ടത്)

ഇതൊക്കെയാണെങ്കിലും പ്രണയഭാവനകള്‍ ഇതള്‍വിടര്‍ത്തുമ്പോള്‍ ശ്രീകുമാറിന്റെ യഥാര്‍ത്ഥ കാല്പനികന്‍ പുറത്തു ചാടുന്നു . അമ്പലക്കുളത്തിന്റെ പടവുകള്‍ കയറിപ്പോകുന്ന കാമുകിയുടെ ‘ മുടിത്തുമ്പില്‍ നിന്നുമുതിര്‍ന്നു വീഴുന്ന ജലത്തുള്ളിയുടെ പൊട്ടിച്ചിതറല്‍’ കവി മനസ്സിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ ചെറുതല്ല. ( കനവും ഉണര്‍വ്വും)

" നിന്‍ പാദം പതിയുന്ന മണ്‍തരികളെ നോക്കി എന്തൊര‍സൂയാപൂര്‍വം നിന്നിട്ടുണ്ടവിടെ ഞാന്‍! ചെഞ്ചാ‍യം പൂശി വന്ന സുന്ദരസന്ധ്യപോലും നിന്നെക്കണ്ടസൂയ പൂ- ണ്ടങ്ങിങ്ങു കറുത്തുപോയ്!" (ഇനിയും വരാത്തതെന്ത്?) എന്നീ വരികള്‍ വായിച്ചപ്പോള്‍ കാല്‍പ്പനികതയുടെ വസന്തകാലം തിരിച്ചുവരികയാണോ എന്നു തോന്നിപ്പോയി!

കവിതയില്‍ പ്രണയം വിഷയമാകുമ്പോള്‍ വരികള്‍ സംഗീതാത്മകമാകുന്നതിന് ‘ വളകിലുക്കം’ ഉദാഹരണമാണ്. നാട്ടിന്‍ പുറത്തെ ഇടവഴിയിലൂടെ കൗമാരക്കാരനായ കവി എങ്ങോട്ടോ പോകുമ്പോള്‍ നാട്ടുമാവിന്റെ ചുവട്ടില്‍ നിന്നും വരുന്ന മുല്ലപ്പൂമണം അങ്ങോട്ടു ശ്രദ്ധിക്കുവാന്‍ പ്രേരിപ്പിക്കുന്നു. മാവിന്‍ ചുവട് വിജനമാണ്. പെട്ടൊന്നൊരു കാറ്റുവന്നു മാവിന്റെ മറവിലപ്പോള്‍

" നൂറുനൂറു ഞൊറിവുകള്‍ തീര്‍ത്തൊരു നീലപ്പാവാടത്തുമ്പൊന്നിളകിയോ?" എന്ന് കവിക്ക് സംശയം. കാട്ടുകല്ല് കെട്ടിയ കയ്യാല ഒറ്റച്ചാട്ടത്തിന് പിന്നിട്ട് മാവിന്‍ ചുവട്ടിലെത്തിയ കവി ഒരു വളകിലുക്കം കേട്ടു. രണ്ടു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം ഒരു ചുടുനിശ്വാസവും അദ്ദേഹം അനുഭവിച്ചു. അടുത്ത നിമിഷം കാര്‍കൂന്തല്‍ക്കെട്ടിന്റെ ഇളക്കവും കുടമണി വീണതുപോലെയുള്ള ചിരിയിളക്കവുമുണ്ടായി. മുഖം ശരിക്കൊന്നു കാണാന്‍ കഴിഞ്ഞില്ല ആ സുന്ദരിയെ ഇനിക്കണ്ടാല്‍ തിരിച്ചറിയുകയുമില്ല. എന്തൊരു നിരാശയാണത്.

താളനിബദ്ധമായ ഈ പ്രണയഭാവനകളെല്ലാം തന്നെ ഒരു കോളേജു വിദ്യാര്‍ത്ഥിയായിരിക്കെ ശ്രീകുമാറിന്റെ ഡയറിത്താളുകളിലിടം കണ്ടെത്തിയവയാണ്. താളം വെടിഞ്ഞ് ഗദ്യകവിതകളിലേക്ക് ഇദ്ദേഹവും തിരിയുന്നതു കാണുമ്പോള്‍ , കവിയുടെ പക്വതയാണതു വെളിവാക്കുന്നതെങ്കില്‍ക്കൂടി നേര്‍ത്തൊരു ദു:ഖം തോന്നുന്നു. അത്രക്കും ആര്‍ദ്രമാണല്ലോ, ആ പ്രണയഭാവനകള്‍!

പ്രസാധനം :റെയ്ന്‍ബോ ബുക് പബ്ലിഷേഴ്സ്

വില : 40.00

ഡോ: ജയകുമാര്‍ എസ്




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.