പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

മഴത്തുമ്പിലൂടെ....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിത്യത

മഴ തരുന്നത്‌ കുളിർത്ത ഓർമ്മകളുടെ തിരിച്ചുവരവാണ്‌. സ്വപ്‌നങ്ങളെ വീണപോലെ മീട്ടി രാത്രിമഴയും മൗനസരോവരങ്ങൾ കീഴടക്കി ഓർമ്മകളെ ഒറ്റപ്പെടുത്തുന്ന പകൽമഴയും. വിരഹത്തിലേക്കെന്നപോലെ സന്ധ്യ പെയ്‌തിറങ്ങുമ്പോൾ പ്രണയത്തിന്റെ ചിതൽക്കൂട്ടിലേക്കാരാണ്‌ ഒളിച്ചു നോക്കാത്തത്‌! മഴ പ്രണയമാണ്‌. അതിലുപരി പ്രണയത്തിന്റെ നിശ്ശബ്‌ദരാഗം അതിനറിയാം. ആ രാഗത്തിന്റെ തൊട്ടറിവാണ്‌ അല്ലെങ്കിൽ എത്തിച്ചേരലാണ്‌ മുനീറിന്റെ ഈ കവിതകൾ പറയുവാൻ ആഗ്രഹിക്കുന്നത്‌.

പുഴയ്‌ക്കപ്പുറം കടക്കുമ്പോലെ

മഴയ്‌ക്കപ്പുറം കടക്കണം.

(മഴയ്‌ക്കപ്പുറം കടക്കുമ്പോൾ)

സാധ്യ, അസാധ്യതകൾക്കുവേണ്ടി രണ്ടുവരികൾ. ഇവിടെ സാധ്യത പുഴയ്‌ക്കപ്പുറത്തേക്കും അസാധ്യത മഴക്കപ്പുറത്തേക്കും വിരൽ ചൂണ്ടുന്നു. പുഴയ്‌ക്കപ്പുറം ഒരു വലിയ കാഴ്‌ചയാണ്‌. മഴയ്‌ക്കപ്പുറം ഒരു സ്വപ്‌നമായും എനിക്കു തോന്നുന്നു.

ചേമ്പില തഴുകിവരുന്ന മുത്തുകളൂർന്നുവീണ്‌ ചെറു തടാകങ്ങളും തോടും കടന്ന്‌ പുഴയായി പരിണമിക്കുന്നു. ഒരു മഴ പിന്നെ ഒരു പുഴയാണ്‌, ഒരു പുഴ പിന്നെയൊരു മഴയും. മഴയും പുഴയും തമ്മിൽ അങ്ങനെ അഭേദ്യമായൊരു ബന്ധമുണ്ട്‌. അവർക്കിടയിൽ പ്രണയത്തിന്റെ സംഗീതമുണ്ട്‌. ഈ രണ്ടു വരികൾ വായനക്കാരന്റെ ചിന്തകളെ പലദിക്കുകളിലേക്കു സഞ്ചരിപ്പിക്കുമെന്നെനിക്കുറപ്പുണ്ട്‌.

ഇതിനുശേഷം വരുന്ന വരികൾ മഴക്കെടുതിയിലേക്കു വഴിമാറുന്നതായി നമുക്കു കാണാൻ പറ്റും. ഒരുനാണയത്തിന്റെ ഇരുഭാഗങ്ങൾ ഇങ്ങനെ ആവിഷ്‌ക്കരിക്കപ്പെടുമ്പോൾ കവിത നമ്മുടെ മനസ്സിൽ വളരെ ആഴത്തിൽ വേരുറപ്പിക്കുന്നു.

‘ചോർച്ച’ ഒരു പ്രണയ സംഗീതമാണെന്നു പറയാം. ഒറ്റനോട്ടത്തിൽ ലളിതമല്ലാത്തതും എന്നാൽ ലളിതവുമായ പ്രണയത്തിന്റെ ആവിഷ്‌ക്കാരം. വേരുകൾ പടരാത്ത സമകാലിക കവിതയുടെ അസ്ഥിത്വപരമായ കോപ്രായങ്ങളിൽനിന്ന്‌ കാഴ്‌ചയോടും മനസ്സിനോടും പ്രണയത്തോടും കാലത്തോടും നീതി പുലർത്തുന്നു ഈ കവിത. ഒപ്പം ചിന്തയുടെ മറ്റൊരു താളം കണ്ടെത്തുവാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നു.

ചേമ്പില ചൂടിപ്പോയ പെൺകുട്ടി

മുനീർ അഗ്രഗാമി

മലയാള ദർശനം ബുക്‌സ്‌

വില - 38 രൂപ

നിത്യത




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.