പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

അനാഥബാല്യങ്ങൾക്ക്‌ ഒരു സ്വപ്‌നം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എസ്‌.പി. സുരേഷ്‌, എളവൂർ

നന്നേ കുഞ്ഞുപ്രായത്തിലേ മാതാപിതാക്കളിൽ നിന്ന്‌ ഒറ്റപ്പെട്ടവളാണ്‌ തുമ്പിമോൾ. അവളുടെ അച്ഛൻതന്നെയാണ്‌ അവളെ വീട്ടുവേലയ്‌ക്കായി വിറ്റത്‌. കഠിനദ്ധ്വാനങ്ങളുടേയും ശിക്ഷകളുടേയും ദുരിതങ്ങൾക്കിടയിലൊരുനാൾ കരിംമാഷ്‌ അവളുടെ സഹായത്തിനെത്തുന്നു. പിന്നീട്‌ അദ്ദേഹം അവളുടെ രക്ഷകനാകുന്നു. നന്മനിറഞ്ഞ ഒരു ജീവിതത്തെ അവളങ്ങനെ അറിയാൻ തുടങ്ങുമ്പോൾ ഒരു ദിവസം അമ്മയെ കാണാനുള്ള ആഗ്രഹം അവളെ വീണ്ടും ചതിയിൽപ്പെടുത്തുന്നു. എന്നാൽ ഉള്ളിലുറുന്ന പ്രേരണമൂലം അവൾ വീണ്ടും രക്ഷപ്പെടുന്നു. അങ്ങനെ ഒടുവിലവൾ അനാഥാലയത്തിലേയ്‌ക്കും അവിടെ നിന്ന്‌ മാതൃസ്‌നേഹത്തിലേയ്‌ക്കും നയിയ്‌ക്കപ്പെടുന്നു. വിധിയുടെ ക്രൂരവിനോദങ്ങൾ പക്ഷേ അപ്പോഴും തുടരുകയാണ്‌. എന്നാൽ ആ കണ്ണീരൊപ്പാൻ താങ്ങും തണലുമായി അവളുടെ അമ്മയെത്തുന്നു.

തുമ്പിമോൾടെ അമ്മ ഒരു പുതിയ പഴയ കഥയാണ്‌. ബാലവേലയുടെ ക്രൗര്യങ്ങളും അനാഥരാക്കപ്പെടുന്ന കുട്ടികളുടെ കദനങ്ങളുമാണിതിന്റെ പ്രമേയം. ഏതുകാലത്തും ഇക്കഥയ്‌ക്ക്‌ സാംഗത്യമുണ്ട്‌. കാരണം, പച്ചപ്പരിഷ്‌ക്കാരത്തിന്റെ ഏതു പരകോടിയിലും മനുഷ്യന്‌ അവനുള്ളിലെ മൃഗത്തെ ദൂരെനിർത്താനാകുന്നില്ലെന്ന്‌ സാഹിത്യകൃതികൾ നമ്മോടു പറയുമ്പോൾ യാഥാർത്ഥ്യത്തിന്റെ പകൽവെളിച്ചവും നിത്യമെന്നോണം ഇതാവർത്തിയ്‌ക്കുകയാണ്‌.

രാജൻ കൊട്ടപ്പുറം രചിച്ച ബാലസാഹിത്യകൃതിയാണ്‌ തുമ്പിമോൾടെ അമ്മ. നോവൽ വിഭാഗത്തിലാണ്‌ ഇതിന്റെ സ്‌ഥാനം. ദൈനംദിന ജീവിതത്തിനന്യമല്ലാത്ത, എന്നിട്ടും നാം കൺതുറക്കാത്ത ഒരു വിഷയത്തെക്കുറിച്ച്‌ വളരുന്ന തലമുറയെങ്കിലും ചിന്തിയ്‌ക്കട്ടെ എന്നു കരുതിയാകണം ഗ്രന്ഥകർത്താവ്‌ ഇങ്ങനെയൊരു ശ്രമം നടത്തിയത്‌. ഹാരിപോർട്ടറുടേയും സമാനമായ അസ്വാഭാവിക കഥകളുടേയും സോഫ്‌റ്റ്‌ഡ്രിങ്ങ്‌സ്‌ കഴിച്ചു വളരുന്ന പുതിയ തലമുറയെ ഒരു പക്ഷേ ആ കൃതി ആവേശം കൊള്ളിച്ചു എന്നു വരില്ല. എങ്കിലും ഏതെങ്കിലും മൂല്യങ്ങളിൽ ശിക്ഷണം നേടിയ, മാനവസ്‌നേഹത്തിന്റെ നെയ്‌ത്തിരി ജന്‌മനാൽ ഹൃദയത്തിലുള്ള കുട്ടികളെ തുമ്പിമോളുടെ അമ്മ അസ്വസ്‌ഥമാക്കും.

അനാഥബാല്യങ്ങളുടെ കഥകൾ, കവിതകൾ എഴുതിയ ഒട്ടനവധി സർഗ്ഗധനന്‌മാർ നമുക്കുണ്ട്‌. കേവലമായ ഒരാസ്വാദന തലത്തിനപ്പുറം ഹൃദയഭിത്തികളിൽ അവയുണ്ടാക്കിയ പോറലുകൾ ഇന്നും മായ്‌ച്ചുകളയാനാവാത്തവരും അനവധിയാണ്‌. എന്നിട്ടും ലോകം മാറിയോ? അനാഥരുടെ എണ്ണം കുറഞ്ഞോ? അനാഥശാലകൾ താഴുതിട്ടു പൂട്ടിയോ? ഇല്ലെന്നാണ്‌ ഉത്തരം. അവയുടെ എണ്ണം പെരുകിക്കൊണ്ടിരിയ്‌ക്കുകയാണ്‌. വ്യവസ്‌ഥിതി മുഴുവനും കാഴ്‌ചക്കാരുടേതാകുന്നു. അപ്പോൾ നിസ്സഹായ ബാല്യങ്ങൾക്ക്‌ അവകാശങ്ങളില്ലാത്തവരാകുന്നു. അവർ സനാഥരുടെ ലോകത്ത്‌ അനാഥരായി കഴിയേണ്ടവരാകുന്നു. ഈ ഗ്രന്ഥകാരൻ ഇത്തിരിപ്പോന്നവരുടെ ഈ വലിയ വേദനയെയാണ്‌ നമുക്കു മുമ്പിൽ അവതരിപ്പിയ്‌ക്കുന്നത്‌. നമ്മുടെ കുഞ്ഞുങ്ങൾ, മാതാപിതാക്കൾ, അദ്ധ്യാപകർ, പൊതുപ്രവർത്തകർ അങ്ങനെ എല്ലാവർക്കും ഈ കൃതി വായിയ്‌ക്കാം. വർത്തമാനകാലത്തിൽ മാധ്യമങ്ങൾ രസകരമായി നമുക്കുമുമ്പിൽ വച്ചു നീട്ടുന്ന വേദന നിറഞ്ഞ വാർത്തകളിൽ ചിലതെങ്കിലും മനോമണ്ഡലത്തിൽ അപ്പോൾ തെളിയാതിരിയ്‌ക്കയില്ല. കാരുണ്യം ഇനിയും വറ്റിപ്പോകാത്ത ഹൃദയങ്ങളുണ്ടെങ്കിൽ ഒരു നനവ്‌ അനുഭവപ്പെട്ടേക്കാം.

എച്ച്‌ ആന്റ്‌ സി ബുക്‌സ്‌ പ്രസിദ്ധീകരിച്ച കൃതിയുടെ കവർഡിസൈൻ കുറച്ചുകൂടി ആഴമുള്ളതാക്കാമായിരുന്നു. താഴ്‌ന്ന നിലവാരത്തിലുള്ള ലാളിത്യംകൊണ്ട്‌ അർഹിയ്‌ക്കുന്ന ആകർഷകത്വം കൃതിയ്‌ക്ക്‌ കിട്ടാതെ പോയേക്കാം.

തുമ്പിമോൾടെ അമ്മ

ഗ്രന്ഥകർത്താവ്‌ - രാജൻ കോട്ടപ്പുറം

പേജ്‌ 87, വില 60&-

പ്രസാധനം - എച്ച്‌ ആന്റ്‌ സി ബുക്‌സ്‌

എസ്‌.പി. സുരേഷ്‌, എളവൂർ


Phone: 9947098632




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.