പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

ഇരുട്ടുമായുളള ഉടമ്പടിയും വെളിച്ചത്തിന്റെ വ്യാഖ്യാനവും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഉമേഷ്‌ബാബു.കെ.സി.

പുസ്‌തകപരിചയം

“കവിത മനുഷ്യനിലെ അഗാധമായ ഒരു ഉൾവിളിയാകുന്നു. പ്രണാമവും പ്രാർത്ഥനയും മതങ്ങളുടെ ഉളളടക്കവും അതിൽ നിന്നുണ്ടായി. കവി പ്രകൃതി പ്രതിഭാസങ്ങളെ അഭിമുഖീകരിക്കുകയും സ്വന്തം തൊഴിൽ കാത്തു സൂക്ഷിക്കാനായി ആദ്യയുഗങ്ങളിൽ സ്വയം പുരോഹിതനെന്ന്‌ വിളിക്കുകയും ചെയ്‌തു. അതേവിധം ആധുനികകാലത്തെ കവി സ്വന്തം കവിതയെ സംരക്ഷിക്കുവാനായി തെരുവിൽ, ജനങ്ങൾക്കിടയിൽ നേടുന്ന പദവി ഏറ്റെടുക്കുന്നു. ഇന്നത്തെ സാമൂഹ്യ കവി ആദ്യകാലത്തെ പുരോഹിതരുടെ നിരയിലെ ഒരംഗം തന്നെയാണ്‌. പഴയകാലത്ത്‌ അയാൾ ഇരുട്ടുമായി ഉടമ്പടിയുണ്ടാക്കി. ഇന്ന്‌ അയാൾ വെളിച്ചത്തെ വ്യാഖ്യാനിക്കേണ്ടിയിരിക്കുന്നു.” എന്നൊരു കാവ്യനിർവ്വചനം പാബ്ലോനെരൂദയുടേതായുണ്ട്‌. ഒന്നുകിൽ ഇരുട്ടുമായി ഉടമ്പടി, അല്ലെങ്കിൽ വെളിച്ചത്തെ വ്യാഖ്യാനിക്കൽ എന്നിങ്ങനെ രണ്ടാണ്‌ കവിതയുടെ എക്കാലത്തേയും സാധ്യതകൾ എന്നാണതിനർത്ഥം. നമ്മുടെ കവിതയിലും ഇപ്പോൾ ഈ രണ്ട്‌ വഴികളും തെളിഞ്ഞുകാണാം. അതിൽ തന്നെ ഇരുട്ടുമായുളള ഉടമ്പടിയുടെ മാർഗ്ഗം കൂടുതൽ കരുത്തുറ്റതാവുന്നതിന്റെ അനുഭവമാണ്‌ ചുറ്റിലുമുളളത്‌.

ഇക്കാലത്തെ യഥാർത്ഥമായ ആധിപത്യരൂപമായ നിയോലിബറൽ വ്യവസ്ഥ, പുതിയ ഒരിനം വരേണ്യതയെ പ്രായോഗികമായും പ്രത്യയശാസ്‌ത്രപരമായും സ്ഥാപിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. ചരിത്രത്തിൽ ഒരിക്കൽക്കൂടി വരേണ്യതാവാദത്തിന്റെ വസന്തകാലം വന്നിരിക്കുകയാണ്‌. സാമൂഹ്യനേതൃത്വത്തിന്റെ ശ്രേണികളെല്ലാം വരേണ്യരും, വരേണ്യതാബോധത്തിന്റെ വാഹകരുമായിത്തീർന്നുകൊണ്ടിരിക്കുന്നു. സാമൂഹ്യജീവിതത്തിന്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന സമ്പൂർണ്ണമായ അഴിമതിവൽക്കരണത്തിന്റെ യഥാർത്ഥമായ ഉറവിടം അതാണ്‌. അതുകൊണ്ട്‌ ജീവിതമെന്നതുപോലെ, പ്രതികരണങ്ങളുടെ വ്യവസ്ഥയേയും വ്യക്തിപരമായ അരാജകവാദം നിയന്ത്രിക്കുന്ന അവസ്ഥ വന്നിരിക്കുന്നു. അധികാരദുര മുതൽ മദ്യദുരയും ലൈംഗീകദുരയും വരെയുളളതെല്ലാം, കേരളത്തിൽ അനിയന്ത്രിതമായിത്തീർന്നിരിക്കുന്നതിന്റെ പശ്ചാത്തലമിതാണ്‌. വരേണ്യതയിലേക്ക്‌ ഒരു സമൂഹം ഒന്നടങ്കം കുതിക്കുന്നതിന്റെ വെമ്പൽ ഇവിടെയെല്ലാം ദൃശ്യമാണ്‌. സാമൂഹ്യമായ ലക്ഷ്യബോധം, പഴയകാലത്തിന്റേതിൽ നിന്ന്‌ വിപരീതമായി പുതുക്കി നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്നാണിതിനർത്ഥം.

സാമൂഹ്യജീവിതത്തിലെ വരേണ്യതയുടെ ഈ രാജ്യഭാരം ഇപ്പോഴത്തെ കവിതയിൽ നന്നായി അനുഭവപ്പെടുന്നുണ്ട്‌. ഇവിടുത്തെ പുതിയ കവിതകളിലെ വലിയൊരു പങ്ക്‌ വരേണ്യതാബോധത്തെ വ്യക്തിപരമായും പ്രത്യയശാസ്‌ത്രപരമായും പ്രത്യക്ഷീകരിക്കുന്നുണ്ട്‌. കവികൾക്ക്‌ ദൈവവുമായുളള വാർത്താവിനിമയം എന്ന്‌ നെരൂദ കളിയാക്കിയ കവിയുടെ അതുല്യമായ പ്രവാചകത്വവാദം വരെ ഇക്കൂട്ടരിൽ പലരും വീണ്ടും ഉന്നയിക്കുന്നു. നൂറ്റാണ്ടുകൾ പഴകിയ ആ ജീർണ്ണമായ വാദത്തിന്റെ ജീർണ്ണത അവരെ ഒട്ടും അലട്ടുന്നില്ല! കാരണം, ചരിത്രപരമായ വീക്ഷണത്തിൽ അവരെല്ലാം തന്നെ, വർഗ്ഗപരമായ പുതിയ ഒരു കാലസന്ധിയിൽ ഇന്ന്‌ വീണ്ടും ജീവൻ ലഭിച്ചിരിക്കുന്ന മൃതദേഹങ്ങളാകുന്നു. അങ്ങനെയൊരു മൃതദേഹവാഴ്‌ച സാധ്യമാകുന്ന ഒരു പ്രത്യയശാസ്‌ത്രാന്തരീക്ഷവും, സ്വാഭാവികമായും രൂപപ്പെട്ടിട്ടുണ്ട്‌. അതുകൊണ്ട്‌ കവിതയിൽ, നവീനം എന്നതിന്‌ ഭാഷാലീലാപരം എന്നാണ്‌ ഇന്ന്‌ അർത്ഥം. കവിതയിൽ ശ്രദ്ധേയം എന്നതിന്‌ പൂർണ്ണമായും ലിബറലിസ്‌റ്റ്‌ എന്നുമാണ്‌ ഇന്ന്‌ അർത്ഥം. കവിതയിലെ, ഇപ്രകാരമൊരു അവസ്ഥയെയായിരിക്കണം, നെരൂദ ഇരുട്ടുമായുളള ഉടമ്പടി എന്നു വിളിച്ചത്‌.

ഇപ്രകാരമൊരു കാലത്ത്‌ വെറും തൊഴിലാളികളും, പ്രത്യയശാസ്‌ത്രപരമായി ആ വിധം ഒരു തിരിച്ചറിവുളളവരുമായ കവികൾ എന്തു ചെയ്യണമെന്ന അന്വേഷണം വളരെ പ്രധാനപ്പെട്ടതാണ്‌. അവർ സർഗ്ഗപ്രവർത്തനത്തിന്റെ ഇരുമ്പുകൂടങ്ങൾ ഉപയോഗിച്ച്‌ ഈ പുതിയ ദന്തഗോപുരങ്ങൾ തല്ലിപ്പൊളിക്കണം. അതിനകത്തെ അരാജകവാദത്തിന്റെ ചപ്പുചവറുകൾ കൊണ്ട്‌ മനുഷ്യർക്ക്‌ വെറുതെ തീകായാൻപോലും കൊളളുകയില്ലെന്ന്‌ അവർ തെളിയിക്കണം. മനുഷ്യത്വത്തിന്റെ ചേരിക്ക്‌ തീപിടിച്ചുപോയ ഈ ദുഷ്‌കാലത്ത്‌ കവിതയിലെ ലീലാവാദത്തിന്റെ കഴുത്ത്‌ കൊത്തിക്കളയേണ്ടതാണെന്ന്‌ അവർ വ്യക്തമാക്കണം. ജനകീയതക്കും വരേണ്യതക്കും നടുവിൽ വേറിട്ട ലക്ഷ്യബോധങ്ങളുടെ ഒരു വൻമതിലുണ്ടെന്ന കാര്യം അവർ ആവർത്തിച്ചു പ്രഖ്യാപിക്കണം. കൃതികളും കൂട്ടായ്‌മകളും ലക്ഷ്യപ്രഖ്യാപനങ്ങളുമെല്ലാമായി ഈ കവിതാകലാപം മുന്നോട്ട്‌ പോകണം. വെളിച്ചത്തെ വ്യാഖ്യാനിക്കുന്ന കവിത ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയെ അങ്ങിനെയേ മറികടക്കാനാവൂ. ഏത്‌ അലകടലിനെയും കൊടും തിരമാലയേയും മാനുഷികവും സ്വച്ഛവുമായ ഇച്ഛാശക്തികൊണ്ട്‌ മുറിച്ചുപോകുക സാദ്ധ്യമാകുന്നു.

ഒരു തൊഴിലാളിയായ സതീശൻ മോറായിയുടെ കവിതാസമാഹാരത്തെ ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ്‌ ഞാൻ അവതരിപ്പിക്കുന്നത്‌. ഇക്കാര്യത്തിൽ ഗംഭീരമായ അവകാശവാദങ്ങളൊന്നും അയാൾക്കുമില്ല, എനിക്കുമില്ല. ജീർണ്ണതകൾ ആറാടുന്ന ഒരു കാലത്ത്‌ ഇങ്ങനെയൊരു പൊടിപ്പ്‌ എന്നുമാത്രം. ഇവിടെ കവിതയിൽ എഴുതപ്പെട്ടിരിക്കുന്നതെല്ലാം അങ്ങനെ നിൽക്കുന്നു. അതിൽ ശരിയായ സാമൂഹ്യബോധത്തിന്റെയും വിയോജിപ്പിന്റെയും ആത്മാർത്ഥതയുടെയും അടയാളങ്ങളാണുളളത്‌. കവിതയിൽ യാഥാർത്ഥ്യത്തിന്‌ കൂട്ടിരിക്കുന്നത്‌ വളരെ പ്രയാസകരമായ കാര്യമാണ്‌. അതിനൊരു ശ്രമം ഇയാളിലുണ്ട്‌. അകാരണസ്‌നേഹങ്ങളുടെയും അകാരണ ഭയങ്ങളുടെയും നടുക്കടലിൽ വെറുതെ മുങ്ങിക്കുളിക്കുന്ന മലയാളികൾ ഇതൊക്കെ അറിയേണ്ടതാണെന്ന്‌ ഞാൻ പറയും.

ദുഃസ്വപ്നകാലം, സതീശൻ മോറായി, വില - 30.00, സൗരവം പബ്ലിക്കേഷൻസ്‌

ഉമേഷ്‌ബാബു.കെ.സി.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.