പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

മനസ്സിന്റെ വെളിപ്പെടുത്തലുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുന്തലത്താഴം ചന്ദ്രബോസ്‌

പുസ്‌തകപരിചയം

മനുഷ്യന്റെ മനസ്സ്‌ ഇരമ്പിവരുന്ന കൊടുങ്കാറ്റ്‌ പോലെയാണ്‌; ആകാശചുംബനത്തിനുയരുന്ന ഭീമൻ തിരമാലകൾ പോലെയാണ്‌; വനാന്തരത്തിലെ പേടി പകരുന്ന നിശ്ശബ്‌ദത പോലെയാണ്‌; ചിലപ്പോൾ സംഹാരരൂപമാർന്ന ഉരുൾപൊട്ടൽ; മറ്റു ചിലപ്പോൾ അലസമുറങ്ങുന്ന ശാന്തനദി. മനസ്സിലൂടെ മുങ്ങിപൊങ്ങുന്ന വികാരവിക്ഷോഭങ്ങൾ പ്രവചനാതീതമാണ്‌.

പത്രതാളുകളിൽ വിചിത്രമായ ഓരോ വാർത്തകളും വായിക്കുമ്പോഴാണ്‌ ‘ഇങ്ങനെയും മനുഷ്യരുണ്ടോ’ എന്ന്‌ നാമറിയാതെ പറഞ്ഞുപോകുന്നത്‌. മനുഷ്യമനസ്സ്‌ നഗ്നമായി കണ്ടവരാരുണ്ട്‌. ചിന്തയിൽ പോലുമുണ്ടാകരുതേയെന്ന്‌ പ്രാർത്ഥിക്കുന്ന കാര്യങ്ങളാണ്‌ ദാമ്പത്യത്തിന്റെ ചരട്‌ പൊട്ടിച്ചെറിയുന്നതിന്‌ പലപ്പോഴും കാരണമാകുന്നുവെന്നത്‌ വർത്തമാന കുടുംബബന്ധങ്ങളിലെ ചില പരമാർത്ഥങ്ങൾ മാത്രമാണ്‌. മുഖം മനസ്സിന്റെ കണ്ണാടിയാകാം. പക്ഷേ അതിൽ തെളിയുന്നത്‌ മനസ്സിന്റെയും പിന്നിലെ മനസ്സായാലോ. മനഃശാസ്‌ത്രജ്ഞർക്കുപോലും മനസ്സിലാകാത്തതാണ്‌ മനസ്സെങ്കിൽ ജീവിതത്തിനു മുന്നേറാൻ വഴികളില്ലാതാകും.

കവിയും കഥാകാരനുമായ മണി കെ.ചെന്താപ്പൂരിന്റെ ‘നഷ്‌ടപ്പെടുന്ന എന്തോ ഒന്ന്‌’ എന്ന കഥാസമാഹാരത്തിന്റെ വായനാനന്തരം മനസ്സിലുദിച്ച ചില വിചാരങ്ങളാണ്‌ മുകളിൽ പറഞ്ഞത്‌.

ബലരാമന്‌ ശനിദശ തുടങ്ങിയപ്പോൾ, മൂർഖൻ, നഷ്‌ടപ്പെടുന്ന എന്തോ ഒന്ന്‌, ഓർമ്മയിൽ ഒരു രാത്രി, പുരോഗമനക്കാഴ്‌ച തുടങ്ങി പത്ത്‌ കഥകളാണ്‌ ഈ സമാഹാരത്തിലുളളത്‌. ഇതിലെ ഓരോ കഥയും പ്രമേയ വൈവിധ്യം കൊണ്ടും ആവിഷ്‌ക്കാരചാരുത കൊണ്ടും ഇതരകൃതികളിൽനിന്നും വേറിട്ടു നില്‌ക്കുന്നു.

എൽ.ഐ.സി പോളിസിയെടുത്ത താൻ മരണപ്പെട്ടാൽ തന്റെ ഭാര്യക്ക്‌ ഒരുലക്ഷം രൂപ കിട്ടുമെന്ന ഏജന്റിന്റെ വെളിപ്പെടുത്തൽ മനസ്സിന്റെ കെട്ടഴിച്ചുവിട്ട ബലരാമന്‌ ശരിക്കും ശനിദശ തന്നെയാണ്‌ തുടങ്ങിയത്‌. ഭാര്യയുടെ പെരുമാറ്റത്തിലെ വ്യതിയാനങ്ങൾക്ക്‌ (തോന്നലുകൾക്ക്‌) ആരും കാണാത്ത വ്യാഖ്യാനം നല്‌കി ശാന്തി നഷ്‌ടപ്പെട്ട മനസ്സുമായി പോളിസി പിൻവലിക്കാൻ അജ്ഞാതനായ ഏജന്റിനെ തേടി കോളനികൾതോറും കയറിയിറങ്ങുന്ന ബലരാമന്റെ ഭ്രാന്തരൂപം നമുക്കു ചുറ്റുമുണ്ടെന്ന സത്യം ഞെട്ടലോടെയാണ്‌ നാം വായിക്കുന്നത്‌. (ബലരാമന്‌ ശനിദശ തുടങ്ങിയപ്പോൾ).

സ്‌നേഹിച്ച പെൺകുട്ടിയെ മറ്റൊരാൾ സ്വന്തമാക്കുമ്പോൾ വിവാഹമേ വേണ്ടെന്നു തീരുമാനിച്ച സദാനന്ദൻ പല പ്രേരണകൾക്ക്‌ വിധേയനായിട്ടാണ്‌ രേണുകയെ വിവാഹം ചെയ്‌തത്‌. പൊരുത്തക്കേടുകളുടെ വേലിയേറ്റത്തിൽ അവന്റെ ദാമ്പത്യം ആടിയുലഞ്ഞ നൗകപോലെയായി. ഭാര്യയെ ഉന്മൂലനം ചെയ്യാൻ അയാൾ സ്വീകരിച്ച അബോധവും അപരിഷ്‌കൃതവുമായ തീരുമാനം മനുഷ്യമനസ്സിന്റെ കാണാപ്പുറങ്ങളാണ്‌ അനാവരണം ചെയ്യുന്നത്‌. (മൂർഖൻ)

പീഡനങ്ങളുടെ പ്രതീകമായി മാറിയ സ്‌ത്രീയുടെ അവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിന്‌ മുതിരാതെ കയ്യുംകെട്ടി നോക്കിനില്‌ക്കുന്ന സമൂഹത്തിന്റെ കരുണ വറ്റിയ സമീപനം സമീപകാല നഗരജീവിതത്തിന്റെ തിരക്കേറിയ ഒരു സായാഹ്‌ന ചിത്രീകരണത്തിലൂടെ തുറന്നുപറയുന്ന “നഷ്‌ടപ്പെടുന്ന എന്തോ ഒന്ന്‌” ഈ സമാഹാരത്തിലെ ശ്രദ്ധേയമായ കഥയാണ്‌.

ജീവിതത്തിലെ ഏറ്റവും അസഹനീയമായ വേദന ഏകാന്തതയാണ്‌. കുടുംബത്തിലെയും സമൂഹത്തിലെയും ഒറ്റപ്പെടൽ ഒരാൾക്കും താങ്ങാവുന്നതല്ല. അതിനു ബാല്യകാലമെന്നോ വാർദ്ധക്യകാലമെന്നോ വിവേചനവുമില്ല. ഒരാളിൽ ഒറ്റപ്പെടൽ സൃഷ്‌ടിക്കുന്ന മാനസിക സംഘർഷങ്ങൾക്കും അതീവ തീവ്രതയോടും അതിലേറെ യാഥാർത്ഥ്യത്തോടും കൂടി പകർത്തിയ രണ്ടുകഥകൾ കായിക പ്രസക്തമായ പൊളളുന്ന കാഴ്‌ചകളാണ്‌. (വാർദ്ധക്യകനവുകൾ, നിശ്ശബ്‌ദതയുടെ മലമുകളിൽ)

പരിചിത മനുഷ്യരുടെ അപരിചിത മനസ്സിന്റെ ദുരൂഹവും ദുർഗ്രഹവുമായ അവസ്ഥകൾ വ്യത്യസ്തങ്ങളായ പ്രമേയങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും പകർന്നേകുന്ന ഇതിലെ കഥകൾ വായനക്കാരുടെ വിചാരങ്ങൾക്ക്‌ വേദന തുടിക്കുന്ന മുറിവേല്പിക്കുന്നു. നമുക്ക്‌ നഷ്‌ടപ്പെടുന്നത്‌ നാടിന്റെ സമ്പത്താണോ, പൈതൃക സംസ്‌കൃതിയാണോ, മാനവികമൂല്യങ്ങളാണോ എന്ന ചിന്ത വായനയിലൂടെ സമൂഹത്തിലേക്ക്‌ സംക്രമിക്കുമ്പോൾ നഷ്‌ടപ്പെടുന്ന എന്തോ ഒന്ന്‌ നാടിന്റെ കഥയായി മാറുന്നു. അനുഭവതീവ്രതയും ആവിഷ്‌ക്കാരമികവും വായനയെ ചിന്താസുരഭിലമാക്കാൻ ഈ കൃതിക്ക്‌ കഴിയുന്നു.

(നഷ്‌ടപ്പെടുന്ന എന്തോ ഒന്ന്‌ (കഥകൾ), ചെന്താപ്പൂര്‌, വില - 42.00, പ്രഭാത്‌ ബുക്ക്‌ ഹൗസ്‌, തിരുവനന്തപുരം)

പുന്തലത്താഴം ചന്ദ്രബോസ്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.