പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

ആവേശമുണർത്തുന്ന ജോയ്‌സിയൻ ട്രിപ്പ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.എസ്‌

പുസ്‌തകപരിചയം

മേതിൽ രാധാകൃഷ്‌ണന്റെയും കെ.പി. നിർമ്മൽകുമാറിന്റെയും ആദ്യകാല എൻ.എസ്‌. മാധവന്റെ കഥകളിലെ ആഖ്യാനങ്ങൾ ഒഴിച്ചുനിർത്തിയാൽ മലയാള കഥാരചനാസാഹിത്യം ഇന്നും രേഖീയവും പ്രതിനിധാന സ്വഭാവമുളളതുമായ സുതാര്യാഖ്യാനങ്ങളുടെ തടവറയിലാണ്‌ നമ്മുടെ ആസ്ഥാന നിരൂപകന്മാരും സാഹിത്യ ഉദ്യോഗസ്ഥന്മാരും. ഈ നിഷ്‌ഠൂരത എന്തുകൊണ്ട്‌ സംഭവിക്കുന്നതെന്ന ചോദ്യം ഉന്നയിച്ച്‌ മലയാളികളെ അലോസരപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. ലോകത്തിലെമ്പാടും ആഖ്യാനസാഹിത്യത്തിൽ വരുന്ന വിസ്‌മയകരങ്ങളായ സ്‌ഫോടനങ്ങളെക്കുറിച്ച്‌ നമ്മുടെ എഴുത്തുകാർ ബോധവാന്മാരാണ്‌. അമ്മാതിരി ഒന്ന്‌ എഴുതിനോക്കാൻ ധൈര്യമില്ലെങ്കിലും.

പരിഹാസ്യത നിറഞ്ഞ ഈ ഭീരുത്വത്തെ മറികടക്കാൻ ശ്രമിക്കുന്നുവെന്നതാണ്‌ ‘ഞങ്ങളുടെ മഞ്ഞപ്പുസ്‌തകം’ (കട്ടെഴുതിയ അനുബന്ധങ്ങൾ) എന്ന നോവലിന്റെ പ്രസക്തി. ഇരുപതാം നൂറ്റാണ്ടിലെ തെക്കനമേരിക്കൻ നോവൽ സാഹിത്യത്തെ ശക്തമായി പ്രചോദിപ്പിച്ച ഒരാശയമാണ്‌ ‘ലാബിറിന്ത്‌.’ ആഖ്യാനത്തെ ഒരു ഭൂതത്താൻകോട്ടയാക്കി മാറ്റുന്ന രചനാതന്ത്രം മാർകേസും കോർത്തസാറും ഫ്യൂവെന്തസും ബാസ്‌തോസും പ്രയോഗിച്ചിട്ടുണ്ട്‌. ഭാഷയിൽ ‘ലാബറിന്ത്‌’ സൃഷ്‌ടിക്കുന്ന, രചനാതന്ത്രം സജീവമാകുന്നത്‌ ജയിംസ്‌ ജോയ്‌സിലാണ്‌. ജോയ്‌സിന്റെ യുലിസസിലെ ഒരു ഭാഗം പരിഭാഷപ്പെടുത്തിക്കൊണ്ടാണ്‌ ബോർഹസ്‌ എഴുത്തിലേക്ക്‌ കടന്നുവരുന്നതുതന്നെ. യുലിസസ്‌ ആഖ്യാനരൂപങ്ങളുടെ ഒരു കനത്ത ഭൂതത്താൻകോട്ടതന്നെ നമുക്ക്‌ മുന്നിൽ തുറന്നിടുന്നു. ലോകനോവൽ സാഹിത്യത്തിലെ ഈ വലിയ പാരമ്പര്യത്തെ തന്റെ ചെറുനോവലിൽ അശോകൻ ആവാഹിക്കാൻ ശ്രമിക്കുന്നു. എഴുപതുകളിലെ തീവ്ര ഇടതുപക്ഷ രാഷ്‌ട്രീയത്തെയും ബൗദ്ധികജീവിതത്തെയും ധ്വനിപ്പിക്കാൻ വൈവിദ്ധ്യമാർന്ന ഒരു ചിഹ്നവ്യവസ്ഥതന്നെ അശോകൻ സ്വീകരിക്കുന്നു. ഈ ചിഹ്നങ്ങളുടെ പഠനം നമ്മുടെ മുൻപിൽ ചരിത്രത്തിന്റെ സൂക്ഷ്‌മപഠനത്തിനുളള സാധ്യത തുറന്നുനല്‌കുന്നു. പ്രൂസ്‌റ്റിന്റെ ‘ഭൂതകാലത്തിലെ കാര്യങ്ങളുടെ പുനരാവിർഭാവം’ എന്ന നോവൽ ചിഹ്നങ്ങളുടെ അനുസ്യൂതപ്രവാഹമാണെന്ന്‌ ഷീൽ ദെലൂസിയുടെ നിരീക്ഷണം ഈ കൃതി ഓർമ്മയിൽ കൊണ്ടുവരുന്നു. ഒറ്റയിരുപ്പിന്‌ വായിച്ചുതീർത്ത്‌ വലിച്ചെറിയാവുന്ന പുസ്‌തകമല്ല ‘ഞങ്ങളുടെ മഞ്ഞപ്പുസ്‌തകം.’ ഇതിന്റെ ഓരോ ഖണ്ഡികയും വിപുലമായ അനുസന്ധാനവും ചരിത്രത്തെക്കുറിച്ചുളള അനുധ്യാനവും ആവശ്യപ്പെടുന്നു. ദർശനവും സാമൂഹികതയും നവീനതയുടെ ധ്വനനശേഷിയുമുളള ധീരമായ രചന എന്ന്‌ സി.ആർ.പരമേശ്വരന്റെ വിലയിരുത്തൽ ഭംഗിവാക്കല്ല.

ഞങ്ങളുടെ മഞ്ഞപ്പുസ്‌തകം, അശോകൻ, ഡി സി ബുക്‌സ്‌, വില - 50.00

എം.എസ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.