പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

....കാലദേശാവധിഭ്യാം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എസ്‌.പി. സുരേഷ്‌, എളവൂർ

കാലത്തെ അതിജീവിക്കുന്ന കൃതികളാണ്‌ ക്ലാസിക്കുകൾ. എത്ര പഴകിയാലും അവ എന്നും നവവുമാണ്‌ (പൂരം ഇതി നവം). അതുകൊണ്ട്‌ അവയുടെ അസ്വാദ്യത ഒരു കാലത്തും കുറയുന്നില്ല. ക്ലാസിക്‌ പാന്ഥാവിലൂടെ സഞ്ചരിക്കുന്ന അനുവാചകനിൽ പുതിയ ചിദാകാശങ്ങൾ വിടരുന്നത്‌ അതുകൊണ്ടാണ്‌. കഥാപാത്രങ്ങളുടെ വ്യതിരിക്തതവും തീവ്രവുമായ അനുഭവങ്ങൾ അനുവാചകർക്ക്‌ ജീവിതത്തിലെ പാഥേയങ്ങളാകുന്നു.

ഓരോ കാലത്തും അവ പുതിയ കെട്ടിലും മട്ടിലും അവ വായനക്കാരനെ തേടിയെത്തുന്നു. അഗാധമായ ജീവിത സത്യങ്ങളാണ്‌ പലപ്പോഴും ക്ലാസിക്‌ കൃതികളുടെ കാതൽ. വിസ്‌താരമായ ഒരു കാൻവാസിലൂടെ അതിന്റെ നിറങ്ങൾ ഒന്നൊന്നായി വിരിയുമ്പോൾ, അവയുടെ സൗന്ദര്യം, ജൈവാവസ്‌ഥ എന്നിവ തിരിച്ചറിയാൻ വായനക്കാരനും എത്തിച്ചേരേണ്ട ഔന്നത്യങ്ങളുണ്ട്‌. പലപ്പോഴും അത്ര ആഴവും പരപ്പുമുള്ള വായനകളില്ലാത്തവർക്ക്‌ ക്ലാസിക്‌ കൃതികൾ അന്യമായി നിൽക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഒരുപക്ഷേ പാഠപുസ്‌തകമാകുമ്പോൾ മാത്രമാണ്‌ അത്തരം വായനക്കാർ ഈ കൃതികളിലൂടെ ഒരിക്കലെങ്കിലും യാത്ര നടത്തുക.

ഏതായാലും എച്ച്‌ ആന്റ്‌ സി പബ്‌ളിഷേഴ്‌സ്‌ ഇതാ പുതിയൊരു പുസ്‌തകം അവതരിപ്പിക്കുന്നു. 50 ലോക ക്ലാസിക്കുകൾ. പി.എ. ഹമീദാണ്‌ ഈ ആംഗലേയ കൃതിയുടെ കർത്താവ്‌. ലോകത്തിലെ പ്രമുഖമായ 50 ക്ലാസിക്‌ കൃതികളെ സസൂക്ഷ്‌മം നിരീക്ഷിച്ച്‌ അവയുടെ രത്‌നചുരുക്കം ലളിതമായി ഇംഗ്ലീഷ്‌ ഭാഷയിലവതരിപ്പിക്കുകയാണ്‌ ഗ്രന്ഥകർത്താവ്‌. ആയാസാരഹിതവും ആകർഷകവുമായ ശൈലിയിലാണ്‌ ഇതിന്റെ രചന നിർവഹിച്ചിരിക്കുന്നത്‌. ഇവാൻ ഇല്യച്ചിന്റെ മരണം. ഹെയ്‌റി ഏപ്‌, ഫാർ ഫ്രം ദി മാഡിങ്ങ്‌ ക്രൗഡ്‌, മർഡർ ഇൻ ദ കത്തീഡ്രൽ, മാക്‌ബത്ത്‌, എ ഫേർവെൽ റ്റു ആംസ്‌, പിഗ്മാലിയൻ, പ്രൈഡ്‌ ആന്റ്‌ പ്രെജുഡിസ്‌, എ പാസ്സജ്‌ റ്റു ഇന്ത്യ, ഒഡീസി, ദി കാന്റർബറി റ്റൈൽസ്‌, 1984, റോബിൻസൻ ക്രൂസോ, പോയെറ്റിക്‌സ്‌, വുതറിംഗ്‌ ഹൈറ്റ്‌സ്‌, ഗ്രേപ്‌സ്‌ ഓഫ്‌ റാത്ത്‌, ക്രൈം ആന്റ്‌ പനിഷ്‌മെന്റ, ജൂലിയസ്‌ സീസർ, ഒലിവർ ട്വിസ്‌റ്റ്‌, ഡെത്ത്‌ ഓഫ്‌ എ സെയിത്സ്‌മാൻ, ഗളിവേഴ്‌സ്‌ ട്രാവൽസ്‌, അറേബ്യൻ നൈറ്റ്‌സ്‌, എംപറർ ജോൺസ്‌, ഓൾഡ്‌മാൻ ആന്റ്‌ ദി സീ, വെയ്‌റ്റിംഗ്‌ ഫോർ ഗോദോ, മൊബിഡിക്‌, അനിമൽഫാം - എന്നിങ്ങനെ പ്രതിപാദിക്കപ്പെടുന്ന ഗ്രന്ഥങ്ങളുടെ നിര നീളുകയാണ്‌.

ഓരോ കൃതിയുടേയും രത്‌നചുരുക്കം മാത്രമല്ല, ഗ്രന്ഥകാരൻ പരിചയപ്പെടുത്തുന്നത്‌. അതിന്റെ കാലം, ഗ്രന്ഥകർത്താവ്‌ അദ്ദേഹത്തിന്റെ സംഭാവനകൾ തുടങ്ങി അനുബന്ധമായ ഒട്ടേറെ കാര്യങ്ങൾ അടയാളപ്പെടുത്തിപ്പോകാൻ അദ്ദേഹം മറന്നിട്ടില്ല. 50 ക്ലാസിക്കുകൾ ഓരോന്നിനും നാലോ അഞ്ചോ പേജുകൾ വരുന്ന ഒരാമുഖം എന്നു ഇതിനെ നിനച്ചാലും തെറ്റില്ല. കാരണം ശ്രീ. പി.എ. ഹമീദ്‌ രചിച്ച ഗ്രന്ഥത്തിലൂടെ ഒരുവട്ടം കടന്നുപോകാനിടയായാൽ, ക്ലാസിക്‌ കൃതികളോടുള്ള വായനക്കാരന്റെ ആഭിമുഖ്യം വർദ്ധിക്കുമെന്നത്‌ തീർച്ച. കുട്ടികൾക്ക്‌ ഈ കൃതി പലവിധത്തിലും ഉപകാരപ്രദമാണ്‌. പ്രോജക്‌റ്റ്‌ വർക്കുകൾക്കു സഹായി എന്ന നിലയിലും വിശ്വസാഹിത്യത്തിലേക്കുള്ള വഴികാട്ടി എന്ന നിലയിലും 50 വേൾഡ്‌ ക്ലാസിക്‌സ്‌ ഒരാശ്രയമാണ്‌.

158 പേജുകളുള്ള ഈ കൃതിയുടെ ലേ ഔട്ടും പ്രസാധനവും തരക്കേടില്ല. 50&- രൂപയാണ്‌ വില. പ്രസാധനം - എച്ച്‌ ആന്റ്‌ സി പബ്‌ളിഷേഴ്‌സ്‌.

എസ്‌.പി. സുരേഷ്‌, എളവൂർ


Phone: 9947098632




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.