പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

വെനസ്വേലയുടെ സ്വന്തം ഷാവേസ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി. ഗോവിന്ദപ്പിള്ള

ഇരുപതാം നൂറ്റാണ്ട്‌ പിറന്നിട്ട്‌ ഇതെഴുതുമ്പോൾ ഏഴ്‌ വർഷം പൂർത്തിയാവുകയാണ്‌. സർവനാശകരമായ രണ്ട്‌ ലോക മഹായുദ്ധങ്ങളുടേയും സാമ്രാജ്വത്വവിരുദ്ധ വിമോചന സമരങ്ങളുടേയും വിദ്യകളുടെ അഭൂതപൂർവ്വമായ കുതിച്ചുകയറ്റങ്ങളുടേയും ഒടുവിൽ ലോക സോഷ്യലിസ്‌റ്റ്‌ വിപ്ലവത്തിന്റെ ഉറവിടമായിരുന്ന സോവിയറ്റ്‌ യൂണിയന്റെ തകർച്ചയുടേയും നൂറ്റാണ്ടാണ്‌ നാം പിന്നിട്ടത്‌. സ്വാഭാവികമായി വൈരുധ്യങ്ങളുടേയും വിപ്ലവങ്ങളുടേയും വിജയങ്ങളുടേയും പരാജയങ്ങളുടേയും ആയ ആ കാലയളവിൽ ഹിറ്റ്‌ലറേയും മുസ്സോളിനിയേയും പോലുള്ള ദുഷ്ടമൂർത്തികൾക്ക്‌ ഒപ്പം ലെനിനേയും ഗാന്ധിയേയും മാവോയേയും കെനിയാത്തയേയും മണ്ടേലയേയും മാർട്ടിൻ ലൂഥർ കിങ്ങിനേയും പോലുള്ള ലോകോപകാരികളായ വിമോചന നായകരുടെ ഒരു നീണ്ട നിരതന്നെ ഉണ്ടായിരുന്നു. മഹനീയ നിരയിൽപ്പെട്ട ഒരു വീരനായകൻ ഇപ്പോഴും ലോകത്തിന്‌ മാർഗദീപം തെളിയിച്ചുകൊണ്ട്‌ നമ്മോടൊപ്പമുണ്ട്‌; ക്യൂബയുടെ ഫിദൽ കാസ്ര്ടോ. ഇപ്പോഴും ശൈശവദശ പിന്നിട്ടില്ലാത്ത പുതിയ നൂറ്റാണ്ടും അനേകം പ്രതിഭാശാലികളേയും സാംസ്‌കാരിക നായകരേയും വിപ്ലവകാരികളേയും ചരിത്രത്തിന്‌ സംഭാവന ചെയ്യും എന്നതിൽ സംശയത്തിന്‌ വകയില്ല. പക്ഷേ ആരൊക്കെയാണ്‌ അവരെന്ന്‌ ഭാവി ചരിത്രകാരന്മാർ രേഖപ്പെടുത്തും. എന്നാൽ ഈ പുതു നൂറ്റാണ്ടിന്റെ അരുണോദയത്തിൽ തന്നെ ഈ നൂറ്റാണ്ടിന്റെ ഗതിവിഗതികൾക്ക്‌ മാർഗനിർദ്ദേശം നൽകുമെന്ന്‌ ഇപ്പോഴേ ഉറപ്പിച്ച്‌ പറയാവുന്ന ഒരു വീരനായകൻ ഉയർന്നു വന്നിട്ടുണ്ട്‌. ലാറ്റിൻ അമേരിക്കയിലെ വെനിസ്വേലയുടെ പ്രസിഡന്റായി 1999ൽ അധികാരമേറ്റ അത്ഭുതപ്രഭാവനായ ഹ്യൂഗോ ഷാവേസ്‌.

1959ൽ ചെഗുവേരെയുടേയും ഫിദൽ കാസ്ര്ടോയുടേയും നേതൃത്വത്തിൽ ക്യൂബയിൽ ആരംഭിച്ച വിജയകരമായ ലാറ്റിൻ അമേരിക്കൻ സോഷ്യലിസ്‌റ്റ്‌ പരിവർത്തനം പല കാരണങ്ങളാൽ ഭൂഖണ്ഡത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക്‌ വ്യാപിക്കാതെ പോയി. അങ്ങനെയൊരു വ്യാപനത്തിന്‌ സുധീരം ശ്രമിച്ച ചെഗുവേരയുടെ രക്തസാക്ഷിത്വത്തിന്റെ അലകൾ അടിച്ചുയർന്ന്‌ തുടരുകയാണെങ്കിലും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഉപജാപങ്ങളും കടന്നാക്രമണങ്ങളും മൂലം ഫലപ്രാപ്തിയിൽ എത്തിയില്ല. എന്നാൽ വെനിസ്വേലയിൽ 1999ൽ നടന്ന അധികാരമാറ്റം ഇപ്പോൾ ഒരു ഡസനോളം രാജ്യങ്ങളിലെ ഇടതുപക്ഷ മുന്നേറ്റത്തിന്‌ വഴി തെളിയിച്ചിരിക്കുകയാണ്‌. ഈ പുതിയ ഭൂഖണ്ഡത്തിന്റെ വ്യാപകമായ പരിവർത്തനത്തിന്‌ വെനിസ്വേലയും ഹ്യൂഗോ ഷാവേസും നൽകിയ നേതൃത്വവും സംഭാവനയും മനസ്സിലാക്കുവാൻ ലാറ്റിൻ അമേരിക്കയുടെ ഇതപര്യന്തമുള്ള ചരിത്രത്തിലേക്കും ഭൂമി ശാസ്ര്തത്തിലേക്കും ചുരുക്കമായി ഒന്നു തിരിഞ്ഞു നോക്കേണ്ടതുണ്ട്‌. അതിനുശേഷം നമുക്ക്‌ ഹ്യൂഗോ ഷാവേസിന്റെ ജീവിതത്തിലേയ്‌ക്ക്‌ കണ്ണോടിക്കാം.

(ആമുഖത്തിൽ നിന്ന്‌)

വെനസ്വേലയുടെ സ്വന്തം ഷാവേസ്‌

തയ്യാറാക്കിയവർ ഃ അലൻ വുഡ്‌സ്‌, അംഗേല നോക്യോനി, ഗ്രെഗ്‌ പലാസ്‌റ്റ്‌,റ്റെഡ്‌ കോപ്പൽ, റ്റാവിസ്‌ സ്മൈലി, താരിഖ്‌ അലി.

വിവർത്തനം ഃ സുനിൽ വല്യത്ത്‌.

വില ഃ 80രൂ.

സിത്താര ബുക്സ്‌.

പുസ്തകം വാങ്ങുവാൻ സന്ദർശിക്കുക “www.dcb.puzha.com”

പി. ഗോവിന്ദപ്പിള്ള
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.