പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

അപൂർവ്വ ചാരുതകളുടെ പുസ്‌തകം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എസ്‌.പി. സുരേഷ്‌, എളവൂർ

അപാര സുന്ദര നീലാകാശം

അനന്തതേ നിൻ മഹാസമുദ്രം

ലാവണ്യാനുഭൂതികളുടെ അനന്തതയാണ്‌ ഭാസ്‌കരമാഷുടെ കവിതകൾ. അത്രമേൽ സ്‌​‍്‌നേഹിച്ചു പോകുന്ന സൗന്ദര്യധാര. കാവ്യസംസാരതീരത്തിരുന്ന്‌ പ്രജാപതിയായ കവി ആശയങ്ങളെ, ബിംബങ്ങളെ ആവാഹിച്ചെടുത്ത്‌, കടഞ്ഞും മെനഞ്ഞും പുതിയ ശില്‌പങ്ങളാക്കി മാറ്റി അനുവാചകസമക്ഷം സമർപ്പിക്കുന്നു.

സമാനമായ അനുഭവങ്ങളെ, ചിന്തകളെ, ആശയങ്ങളെ കവിതയിൽ കാണുമ്പോൾ അനുവാചകൻ ആഹ്‌ളാദിക്കുകയായി. ഉദാത്തമായ, ഉജ്ജ്വലമായ ശില്‌പങ്ങൾക്കുമുമ്പിൽ ആരാധനയോടെ, പ്രാർത്ഥനയോടെ വായനക്കാരൻ നമ്രശിരസ്‌ക്കനാകുന്നു. ക്രമേണ കവിതയിൽ നിന്ന്‌ കവിയിലേക്കും ഒരു പ്രണയപാലം തീർക്കുന്നു. ഈയൊരനുഭവത്തെ തിരിച്ചറിയണമെങ്കിൽ മലയാളി ആവശ്യം വായിക്കേണ്ട ഒരു പുസ്‌തകമാണ്‌ “പി. ഭാസ്‌കരന്റെ കാവ്യമുദ്രകൾ”. ഈ പുസ്‌തകത്തിന്റെ ഏറ്റവും വലിയ സവിശേഷത ശ്രീകുമാരൻ തമ്പിയാണ്‌ ഇതിന്റെ രചന നിർവ്വഹിച്ചിട്ടുള്ളത്‌ എന്നതാണ്‌.

ഒരു കവിയ്‌ക്കേ മറ്റൊരു കവിയെ ആഴത്തിൽ അറിയാനാകൂ. സമകാലികരായ രണ്ടു പ്രതിഭാധനൻമാരുടെ സംഗമമാണീ കൃതി. ഭാസ്‌കരൻ മാഷ്‌ ഗാനങ്ങൾ കൊണ്ടും ചിന്തകൾകൊണ്ടും വരഞ്ഞിട്ടതും വർണ്ണശബളമാക്കിയതുമായ ഒരു ലോകത്തെ, കവിയുടെ കണ്ണാകുന്ന കാലിഡോസ്‌കോപ്പിലൂടെ ശ്രീകുമാരൻ തമ്പി നിരീക്ഷിക്കുന്നു. വസ്‌തുനിഷ്‌ഠവും ആത്മനിഷ്‌ഠവുമായി അദ്ദേഹം ഭാസ്‌കരൻമാഷുടെ കാവ്യമുദ്രകളിലൂടെ സഞ്ചരിക്കുന്നു. പതിനാല്‌ അദ്ധ്യായങ്ങളുൾക്കൊള്ളുന്ന ഈ രചന ഭാസ്‌ക്കരൻമാഷുടെ ഹൃദയത്തെ തുറന്നു കാട്ടലാണ്‌. ഐക്യകേരളത്തെ സ്വപ്‌നം കണ്ട കവിയിൽ നിന്ന്‌ എപ്രകാരമാണ്‌ ബാല്യത്തിന്റെ നിഷ്‌കളങ്കതയും കൗമരത്തിന്റെ കൗതുകവും യൗവനത്തിന്റെ തീക്ഷ്‌ണതയും വാർദ്ധക്യത്തിന്റെ പക്വതയുമുൾക്കൊള്ളുന്ന, നിറഞ്ഞൊഴുകുന്ന ആശയശ്രോതസ്സുകൾക്കൊള്ളുന്ന കവിതകളായി, ഗാനങ്ങളായി ഉരുത്തിരിഞ്ഞതെന്ന്‌, ഇതൾ വിടർത്തി ശ്രീകുമാരൻ തമ്പി അവതരിപ്പിക്കുന്നു.

മനുഷ്യസ്‌നേഹത്തിന്റെ പാട്ടുകാരൻ, സത്യത്തിന്റെ സൂര്യൻ, വിപ്ലവവും പ്രണയവും, മധുരം മധുരതരം, അപാര സുന്ദര നിലാകാശം, പ്രണയപർവ്വം, ഗൃഹാതുരത്വം, നർമ്മത്തിന്റെ മർമ്മം, മാപ്പിളത്താളം, അപൂർവതയുടെ ചാരുത, ദാമ്പത്യം എന്ന തടിച്ചങ്ങാടം, തൂലികാചിത്രങ്ങൾ, ഒറ്റക്കമ്പിയുള്ള തംബുരു, കവിയും ക്യാമറയും എന്നിങ്ങനെ അദ്ധ്യായങ്ങളൊന്നിനൊന്നു മനോജ്ഞമായി ആ കാവ്യമനസ്സാകുന്ന അപാരസുന്ദരനീലാകാശത്തിലെ അപൂർവ്വ ചാരുതകളെക്കുറിച്ചു വെളിപ്പെടുത്തുന്നു.

അതിമനോഹരവും നിലവാരമുള്ളതുമായ കവർ ഡിസൈൻ കൊണ്ട്‌ വായനക്കാരെ പുസ്‌തകത്തിലേക്ക്‌ വലിച്ചടുപ്പിക്കുന്ന രാജേഷ്‌ ചാലോടിന്റെ കരവിരുതും അർത്ഥമില്ലായ്‌മകൾ കുന്നുകൂടുമ്പോൾ അർത്ഥം പെറുന്ന ഇത്തരം പുസ്‌തകങ്ങളെ കൈരളിക്കു സംഭാവന ചെയ്‌ത ഗ്രീൻ ബുക്‌സും തീർച്ചയായും അഭിനന്ദനമർഹിക്കുന്നു.

വായനക്കാരാ, ഏറ്റുവാങ്ങുക, ഈ കാവ്യമുദ്രയെ.

പി. ഭാസ്‌ക്കരന്റെ കാവ്യമുദ്രകൾ

ഗ്രന്ഥകർത്താഃ ശ്രീകുമാരൻ തമ്പി

പേജ്‌ - 110, വില - 75&-

പ്രസാധനം - ഗ്രീൻബുക്‌സ്‌

എസ്‌.പി. സുരേഷ്‌, എളവൂർ


Phone: 9947098632
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.