പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

യൂദാസിന്റെ സുവിശേഷം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മാനുവൽ ജോർജ്ജ്‌

യൂദാസ്‌ സ്‌കറിയോത എന്ന സാത്താന്റെ സന്തതി ഇതാ മടങ്ങിവരുന്നു - രണ്ടായിരം വർഷത്തോളം ആരും കാണാതെ, ആരുമറിയാതെ മറഞ്ഞിരുന്ന തന്റെ ‘സു’വിശേഷങ്ങളുമായി. രക്ഷാകരദൗത്യം പൂർത്തിയാക്കുന്നതിനായി സ്വന്തം ജീവിതം കുരിശിൽ സമർപ്പിച്ച യേശുവിന്റെ പ്രിയശിഷ്യനായി യൂദാസിനെ ഈ സുവിശേഷത്തിൽ കാണാം. പിശാച്‌ നിറഞ്ഞവൻ എന്ന്‌ ബൈബിൾ വിശേഷിപ്പിക്കുന്ന യൂദാസിന്റെ പുതിയ മുഖം.

‘യൂദാസിന്റെ സുവിശേഷ’മടങ്ങിയ ഗ്രന്ഥശേഖരം കണ്ടെടുക്കുന്നതു മുതൽ 37 വർഷങ്ങൾക്കുശേഷം നാഷണൽ ജ്യോഗ്രഫിക്‌ അതു പുറത്തിറക്കുന്നതുവരെയുള്ള കാര്യങ്ങൾ ഒരു ഹോളിവുഡ്‌ സിനിമ പോലെ സംഭവബഹുലമായിരുന്നു.

ഈജിപ്തിലെ മരുഭൂമികളിലൊന്നിലെ ഗുഹയ്‌ക്കുള്ളിൽ നിന്ന്‌ ‘യൂദാസിന്റെ സുവിശേഷം’ കണ്ടെടുത്തത്‌ ഒരു സാധാരണ കർഷകനാണ്‌. ഏതാണ്ട്‌ 1978നോട്‌ അടുത്തായിരുന്നു അത്‌. മധ്യ ഈജിപ്തിലെ ആംബാർ എന്ന ഗ്രാമത്തിനടുത്ത്‌ നൈനൽനദിയുടെ തീരത്തുള്ള ഗുഹയിൽ നിന്ന്‌ അതു കണ്ടെടുക്കുമ്പോൾ പഴയ പുസ്‌തകങ്ങൾക്കു നല്ല വില കിട്ടും എന്ന അറിവു മാത്രമേ അയാൾക്കുണ്ടായിരുന്നുള്ളൂ. നാലു ഗ്രന്ഥങ്ങളുടെ ശേഖരമാണ്‌ ഗുഹയ്‌ക്കുള്ളിലുണ്ടായിരുന്ന ചുണ്ണാമ്പുപെട്ടിയിൽ നിന്ന്‌ ലഭിച്ചത്‌. തോൽകൊണ്ടു പൊതിഞ്ഞു കെട്ടിവച്ചിരുന്ന ഗ്രന്ഥശേഖരം അയാളുടെ കൈയിൽ നിന്ന്‌ ഒരു ഈജിപ്തുകാരൻ പുരാവസ്‌തുവ്യാപാരി തുച്ഛമായ വിലയ്‌ക്കു വാങ്ങി. അര നൂറ്റാണ്ടിനുള്ളിൽ ലോകത്തിനു കിട്ടിയ ഏറ്റവും വിലപിടിപ്പുള്ള ചരിത്രത്താളുകളാണ്‌ തുകൽ പൊതിഞ്ഞ ആ പുസ്‌തകക്കെട്ടിലുള്ളത്‌ എന്നറിയാതെ വ്യാപാരി സൂക്ഷിച്ചുവെച്ചു.

ഗ്രന്ഥശേഖരത്തിൽ ആകെ 66പേജുകളുണ്ടായിരുന്നു. ഒന്നുമുതൽ ഒൻപതുവരെയുള്ള പേജുകളിൽ ക്രിസ്തുശിഷ്യനായ പത്രോസ്‌ ഫിലിപ്പോസിനെഴുതിയ ലേഖനവും 10 മുതൽ 32വരെ പേജുകളിൽ യാക്കോബിന്റെ സുവിശേഷവും 33 മുതൽ 56വരെയുള്ള പേജുകളിൽ യൂദാസിന്റെ സുവിശേഷവുമാണ്‌ ഉണ്ടായിരുന്നത്‌. 57 മുതൽ 66വരെയുള്ള പേജുകൾ കാലപ്പഴക്കത്താൽ ഏറെ ഭാഗവും നഷ്ടമായ നിലയിലായിരുന്നതിനാൽ ഈ പുസ്തകത്തിന്റെ തലക്കെട്ട്‌ എന്താണെന്ന്‌ തിരിച്ചറിയാൻ കഴിയാതെപോയി. ബുക്‌ ഓഫ്‌ അലോജെനസ്‌ (Book of Allogenes) എന്നറിയപ്പെടുന്ന കോപ്‌റ്റിക്‌ (Coptic) രചനയാണിതെന്നു പിന്നീട്‌ കണ്ടെത്തി.

അറബിഭാഷ മാത്രമറിയുന്ന ഹന്ന എന്ന പേരുള്ള ആ പുരാവസ്‌തു വ്യാപാരി തന്റെ കൈയിലുള്ള പുസ്‌തകശേഖരത്തിൽ എന്തൊക്കെയാണുള്ളതെന്നു തിരിച്ചറിഞ്ഞില്ല. പുരാവസ്‌തുക്കൾ വാങ്ങാനെത്തിയ പലരെയും പുസ്‌തകശേഖരം കാണിച്ചു. 10 ലക്‌ഷം ഡോളർവരെ ഹന്ന പ്രതിഫലമായി ചോദിച്ചതിനാൽ ആരും അത്‌ വാങ്ങാൻ തയ്യാറായില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം ഹന്നയുടെ വ്യാപാരസ്ഥാപനം കൊള്ളയടിക്കപ്പെട്ടു. യൂദാസിന്റെ സുവിശേഷം അങ്ങനെ മോഷണവസ്തുവുമായി. നഷ്ടമായത്‌ അമൂല്യനിധിയാണെന്നു തിരിച്ചറിഞ്ഞ ഹന്ന മോഷ്ടാക്കളെ എങ്ങനെയെങ്കിലും കണ്ടെത്താനുള്ള ശ്രമങ്ങളാണ്‌ പിന്നീട്‌ നടത്തിയത്‌. ഗ്രീസിലും യൂറോപ്പിലുമുള്ള പുരാവസ്തു വ്യാപാരികളുമായി നിരന്തരം ബന്ധപ്പെടുകയും ഒടുവിൽ 1982ൽ ഹന്ന മോഷണവസ്‌തുക്കൾ കണ്ടെത്തുകയും ചെയ്‌തു. ‘യൂദാസിന്റെ സുവിശേഷം’ വീണ്ടും ഹന്നയുടെ കൈകളിൽത്തന്നെ തിരികെയെത്തി.

ഗ്രന്ഥശേഖരം എങ്ങനെയെങ്കിലും വിൽക്കുവാനുള്ള ശ്രമം പുനഃരാരംഭിച്ചു. പല വിദഗ്ധരെയും കാണിച്ചു. വൻതുക പ്രതിഫലം കൊടുക്കണമെന്നതിനാൽ ആരുമതു വാങ്ങിയില്ല. മാത്രമല്ല, ഹന്ന വിൽക്കാൻ ശ്രമിച്ചത്‌ യൂദാസിന്റെ സുവിശേഷമെന്ന അമൂല്യമായ പുസ്‌തകമാണെന്ന്‌ അവരിൽ പലരും അറിഞ്ഞിരുന്നുമില്ല. വീണ്ടും മോഷണശ്രമം ഉണ്ടായാലോ എന്ന ഭയം മൂലം ഹന്ന ഗ്രന്ഥശേഖരം ന്യൂയോർക്ക്‌ സിറ്റി ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചു. സൂറിച്ച്‌ പുരാവസ്‌തു വ്യാപാരിയായ ഫ്രീഡ നസ്‌ബർഗർ രണ്ടായിരാമാണ്ടിൽ വൻതുക പ്രതിഫലം കൊടുത്ത്‌ യൂദാസിന്റെ സുവിശേഷം വാങ്ങുന്നതുവരെ അത്‌ ബാങ്ക്‌ ലോക്കറിൽ തന്നെയായിരുന്നു. ഗ്രന്ഥത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ ഫ്രീഡ അത്‌ ‘മീസെനസ്‌ ഫൗണ്ടേഷൻ ഓഫ്‌ എൻഷ്യന്റ്‌ ആർട്ടി’ന്‌ കൈമാറി. ഫൗണ്ടേഷൻ പിന്നീട്‌ ഗ്രന്ഥശേഖരം കോപ്‌റ്റിക്‌ ഭാഷാ വിദഗ്‌ധരെ കാണിക്കുകയും വർഷങ്ങളോളം അജ്ഞാതമായിരുന്ന ‘യൂദാസിന്റെ സുവിശേഷ’മാണത്‌ എന്ന്‌ അവർ കണ്ടെത്തുകയുമായിരുന്നു.

(ആമുഖത്തിൽ നിന്ന്‌)

യൂദാസിന്റെ സുവിശേഷം

മലയാളപരിഭാഷയും പഠനവും - മാനുവൽ ജോർജ്ജ്‌

പ്രസാ ഃ ഡിസി

വില ഃ 35രൂ.

മാനുവൽ ജോർജ്ജ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.