പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

ഭൂമിയിലും ദേവലോകത്തിലും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.കെ. സാനു.

‘ഗന്ധർവ്വസ്പന്ദം’ എന്ന ഈ നോവലിന്റെ കർത്താവായ ശ്രീ. എം.കെ. ചന്ദ്രശേഖരൻ മലയാള വായനക്കാർക്ക്‌ അപരിചിതനല്ല. ആറ്‌ നോവലുകളും ആറ്‌ ചെറുകഥാസമാഹാരങ്ങളും ഉൾപ്പെടെ പതിനഞ്ച്‌ കൃതികൾ അദ്ദേഹം കൈരളിക്ക്‌ സംഭാവന ചെയ്തിട്ടുണ്ട്‌. അദ്ദേഹത്തിന്റെ അപരൻ എന്ന കഥ സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവരുകയും ചെയ്തു. എന്നാൽ തന്റെ ഇന്നോളമുള്ള കൃതികളിൽ നിന്ന്‌ വ്യത്യസ്തമായ ഒരു രീതിയിലൂടെയാണ്‌ ഈ നോവലിന്റെ രചന അദ്ദേഹം നിർവ്വഹിച്ചിരിക്കുന്നത്‌.

മലയാളത്തിലെ ഗാനഗന്ധർവ്വനായിരുന്ന ചങ്ങമ്പുഴയുമായുള്ള ബന്ധമാണ്‌ ഈ നോവലിന്റെ സവിശേഷത. ഇതിലെ നായക കഥാപാത്രം പരോക്ഷമായി ചങ്ങമ്പുഴയല്ലെങ്കിലും ഈ നോവൽ കവിയുടെ സ്മരണ അനുവാചകരിൽ ഉണർത്തുന്നു. ശാപം കിട്ടിയ ഗന്ധർവ്വനായി ചങ്ങമ്പുഴയെ മഹാകവി വെണ്ണിക്കുളം ചിത്രണം ചെയ്തിട്ടുണ്ട്‌. ഈ വസ്തുത അൽപ്പംകൂടി വിശദമായി ഹൃദയസ്പർശിയായ രംഗങ്ങളിലൂടെ ഗന്ധർവസ്പന്ദം ആവിഷ്‌ക്കരിക്കുന്നു.

ഗന്ധർവ്വസ്പന്ദം എന്ന പേരുപോലും ചങ്ങമ്പുഴയെയല്ലേ ഓർമ്മപ്പിക്കുക? മലയാളിയുടെ ഹൃദയം കവർന്ന്‌ കടന്നുപോയ ചങ്ങമ്പുഴയുമായുള്ള ഇത്തരമൊരു ബന്ധം നോവലിന്റെ തീവ്രതയ്‌ക്കും നിദാനമായി ഞാൻ കാണുന്നു. ചങ്ങമ്പുഴ ഇവിടെ ഒരു പ്രതീകം മാത്രമാണ്‌. വേദനയെ ആത്മാവിന്റെ ഔഷധമായി സേവിക്കുന്ന ഒരു കാൽപനിക പ്രതീകം.

കവിയുടെ വേദനയും സന്തോഷവും ഇതിലെ പല ഭാഗങ്ങളിലും ഒരു ലഹരിയായി കലർന്നിട്ടുണ്ട്‌. വേദന തീവ്രമാകുന്നത്‌ അതിനോട്‌ ഭാവന ഇണങ്ങിച്ചേരുന്നതുമൂലമാണ്‌. മാത്രമല്ല, തീ തിന്നുന്ന പക്ഷിയെപ്പോലെ പലപ്പോഴും ആ വേദന ആഹ്ലാദപൂർവ്വം ഉൾക്കൊള്ളുകയും ചെയ്യുന്നു.

‘വേദന വേദന ലഹരി പിടിക്കും

വേദന, ഞാനതിൽ മുഴുകട്ടെ’ എന്ന ചങ്ങമ്പുഴയുടെ വരികൾ അനുവാചകർ ഓർമ്മിച്ചുപോകും.

മറ്റേത്‌ നോവലിലും എന്നപോലെ ഗന്ധർവ്വസ്പന്ദത്തിലും ദേശകാലങ്ങളുടെ പശ്ചാത്തലമുണ്ട്‌. പ്രകൃതിഭംഗിയുടെ അനുഗ്രഹമുള്ള ഒരു ഗ്രാമം, ആ ഗ്രാമത്തിൽ ഋതുക്കളുടെ താളം, ആ താളത്തിലെ വിഭിന്നങ്ങളായ നാദവിശേഷണങ്ങൾ - ഇവയൊക്കെയും ഒരു കവിയുടെ ഭാവനാവിലാസത്തോടുകൂടി എം.കെ.ചന്ദ്രശേഖരൻ നോവലിൽ ആവിഷ്‌ക്കരിച്ചിട്ടുണ്ട്‌. നോവൽശിൽപ്പത്തിന്റെ അവിഭാജ്യമായ ഒരു ഘടകമാണത്‌.

അതുപോലെ കവി, ലക്ഷ്‌മി, ദേവയാനി, ചിന്നമ്മു, ഇടപ്പള്ളി രാഘവൻപിള്ള എന്നീ കഥാപാത്രങ്ങൾ വേർതിരിച്ചറിയാവുന്നവരും വ്യക്തിത്വമുള്ളവരുമാണ്‌. അവരിലെ വിലക്ഷണ സ്വഭാവങ്ങൾ ഏറെ സ്പഷ്ടമായി നോവലിസ്‌റ്റ്‌ വെളിപ്പെടുത്തിയിരിക്കുന്നു.

ഈ നോവലിന്റെ ഭാവമേഖല ഭൂമിയിലും ദേവലോകത്തിലുമായി വ്യാപിക്കുന്നതായി നമുക്കനുഭവപ്പെടുന്നു. രണ്ടു ലോകങ്ങളെയും വിഭജിക്കുന്ന അതിർത്തിരേഖകൾ പലപ്പോഴും ആഖ്യാനത്തിലൂടെ തിരോഭവിക്കുന്നു. വേർതിരിച്ചറിയാനാവാത്തവിധം സ്വപ്നവും യാഥാർത്ഥ്യവും ഏകബിന്ദുവിൽ ഒരുമിച്ചു ചേരുന്നു. കൽപനയുടേതായ ആ ലോകം കവിതയ്‌ക്കാണ്‌ ഏറെ ഇണങ്ങുക. നോവലിനും അതിണങ്ങുമെന്നാണ്‌ എം.കെ.ചന്ദ്രശേഖരന്റെ പരീക്ഷണോത്സുകമായ തൂലിക ഈ നോവലിലൂടെ തെളിയിക്കുന്നത്‌.

പ്രണയത്തെ സംബന്ധിക്കുന്ന കൽപ്പന മാത്രമല്ല, പ്രണയ ബന്ധങ്ങളും ചങ്ങമ്പുഴയുടെ കാവ്യലോകവും ജീവിതവുമായി ബന്ധം പുലർത്തുന്നുണ്ടെന്ന്‌ ഇടപ്പള്ളി രാഘവൻപിള്ളയുടെ നാമധേയം സാക്ഷ്യപ്പെടുത്തുന്നു.

താനും തന്റെ കവിതയും ലോകത്തിൽ ഒരോമനസ്വപ്നമായി അവശേഷിക്കുമെന്ന്‌ ചങ്ങമ്പുഴ എഴുതിയിട്ടുണ്ട്‌. ചന്ദ്രശേഖരന്റെ നോവൽ സ്വപ്നാത്മകമായ അന്തരീക്ഷത്തിലാണ്‌ ആരംഭിക്കുന്നതും അവസാനിക്കുന്നതും. ചങ്ങമ്പുഴയുടെ ചില കവിതകളിലുള്ളതുപോലെ ജീവിതത്തിന്റെ സ്വപ്നാത്മക സ്വഭാവമാണ്‌ ഗന്ധർവസ്പന്ദം നമ്മിൽ അവശേഷിപ്പിക്കുക. ഭൂമിയിലെ ജീവിതം കിനാവാണെന്ന്‌ പറഞ്ഞുകൊണ്ടാണല്ലോ ആശാൻ വീണപൂവ്‌ അവസാനിപ്പിക്കുന്നത്‌. കവികളും എഴുത്തുകാരും ഏതോ ഉൾക്കാഴ്‌ചയുടെ ബലത്തിൽ ചില നിമിഷങ്ങളിലെങ്കിലും ഈ വീക്ഷണത്തിലെത്തിച്ചേരുന്നതു കാണാം. കവിതയുടെ ആത്മാവുള്ളതുകൊണ്ട്‌ എം.കെ. ചന്ദ്രശേഖരനും ഇപ്രകാരമൊരു വീക്ഷണത്തിന്റെ ഭ്രമാത്മകമായ അന്തരീക്ഷം നോവലിൽ സൃഷ്ടിച്ചിരിക്കുന്നു.

എം.കെ. സാനു.

അധ്യാപകൻ, എഴുത്തുകാരൻ, വാഗ്‌മി, ചിന്തകൻ എന്ന നിലകളിൽ ഏറെ പ്രശസ്തനാണ്‌. കേരളത്തിന്റെ സാമൂഹ്യരാഷ്‌ട്രീയസാംസ്‌കാരിക രംഗത്ത്‌ സജീവമായി ഇന്നും പ്രവർത്തിക്കുന്നു.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.