പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

ചെന്നിത്തല

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം ജി സുരേഷ്

ഇന്നലെവരെ എനിക്കു ചെന്നിത്തല എന്നാല്‍ രമേഷ് ചെന്നിത്തലയായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്ന് കേരള രാഷ്ട്രീയത്തില്‍ അതികേമനായ നേതാവ്. എന്നാല്‍ ഇന്നു മുതല്‍ അതായത് ഇനി മുതല്‍ അങ്ങിനെയല്ല, അതുപോലെ ഇന്നലെ വരെ ചെന്നിത്തല എന്നത് ഒരു ഗ്രാമത്തിന്റെ പേരാണെന്ന് സമ്മതിക്കുവാന്‍ എന്റെ മനം സമ്മതിച്ചിരുന്നില്ല. അത് ഒരാളുടെ പേരിന്റെ ഭാഗം എന്നേ എന്റെ മനസ്സ് പറഞ്ഞിരുന്നുള്ളു. ഇപ്പോള്‍ ഇന്നു മുതല്‍ എല്ലാം മാറിയിരിക്കുന്നു ചെന്നിത്തല എന്നാല്‍ എനിക്കിപ്പോള്‍ ഒരു പാടോര്‍മ്മകള്‍ ഉണര്‍ത്തുവാന്‍ കഴിവുള്ള ഒരു വലിയ വാക്കായിരിക്കുന്നു. സുഖകരമായ അനുഭൂതിയാകുന്നു. സന്തോഷത്തിന്റെ ശ്രുതിയാകുന്നു.

ഇതിനെല്ലാം കാരണം കെ എല്‍ മോഹനവര്‍മ്മയുടെ ഒരു പുസ്തകമാണ്. ചെന്നിത്തല എന്നാണാ പുസ്തകത്തിനു പേര്‍. പുസ്തകം തുടങ്ങുന്നിടത്തു തന്നെ ഇത് രമേഷ് ചെന്നിത്തലയെ നായകനാക്കിയുള്ള നോവലല്ലെന്നും ചെന്നിത്തല എന്ന ഗ്രാ‍മത്തിന്റെ കഥയല്ലെന്നും പറഞ്ഞിരിക്കുന്നു. എന്നാല്‍ ഇതിനെ നോവലിന്റെ ജനുസ്സിലാണ് പ്രസാധകര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു പാട് ഓര്‍മ്മകള്‍ ഉണര്‍ത്തുവാന്‍ ഒരു പുസ്തകം. ഈ പുസ്തകത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന് കാറ്റാണ്. ഒരു യാത്രക്കിടയിലായിരുന്നു വായന. അതിനാല്‍ തന്നെ കാറ്റിന്റെ ചിറകിലായിരുന്നു എന്റെ വായന എന്ന യാദൃശ്ചികമായിരുന്നിരിക്കണം. അല്ലെങ്കില്‍ കാറ്റങ്ങനെ തീരുമാനിച്ചതാകണം . കാറ്റിന്റെ പ്രിയ തോഴന്‍ മോഹന്‍ കുഞ്ഞിന്റെ കൊച്ചു കൊച്ചോര്‍മ്മകളാണീ പുസ്തകം നിറയെ. ഇതിനെ അതിനാല്‍ തന്നെ ഒരൊറ്റ കഥ എന്ന് പറയുക വയ്യ . എന്നാല്‍ പല കഥകളുണ്ടെങ്കിലും അവയെല്ലാം കാറ്റും മോഹന്‍ കുഞ്ഞും കൂടി ചേര്‍ന്ന് ഒരൊറ്റ കഥയാക്കി നിറുത്തുവാന്‍ ശ്രമിച്ചിരിക്കുന്നു.

ഓര്‍മ്മകള്‍ അതും ശൈശവ ബാല്യ സ്മരണകളില്ലാത്തവര്‍ ഉണ്ടാകുമോ എന്നറിയില്ല ഈ കാലഘട്ടത്തിലെ ഓര്‍മ്മകളെ നൊസ്റ്റാള്‍ജിയ എന്ന ഇംഗ്ലീഷ് പദത്തില്‍ ഒതുക്കാമോ എന്നെനിക്കറിയില്ല ആ വാ‍ക്കിന്റെ ശരിയായ തര്‍ജ്ജമ ഗൃഹാതുരത്വം എന്നാണൊ അതോ ഗതകാലസ്മരണ എന്നാണോ എന്നൊന്നും എനിക്കറിയില്ല. എന്തായാലും ഈ രണ്ടും ( ഇത് രണ്ടും തമ്മില്‍ ചെറിയ വ്യത്യാസങ്ങളുണ്ടെന്ന് ഞാന്‍ ബോധ്യപ്പെടുത്തിയിരിക്കുന്നു) കാലാഹരണപ്പെട്ട വിഷയങ്ങളാണെന്ന് ഇന്നത്തെ നിരൂപകര്‍ പറയുന്നു. ‘ നൊസ്റ്റാള്‍ജിയയില്‍ ഗൃഹാതുരത്വത്തിനു വലിയ കാര്യങ്ങളൊന്നുമില്ല. എന്തിനാണിങ്ങനെ മലയാളി ഇതിനേയും പിടിച്ചുനടക്കുന്നത് എന്ന് എനിക്കു മനസിലാകുന്നില്ല ‘ എന്ന് ഒരിക്കല്‍ ഒരു നിരൂപകന്‍ പ്രസംഗിച്ച സദസില്‍ ഞാനും കേള്‍വിക്കാരനായി ഉണ്ടായിരുന്നു. അതുപോലെ ഏതാനും വര്‍ഷം മുന്‍പ് ഞാനെഴുതിയ ഒരു കഥക്ക് ഒരു വായനക്കാരന്‍ ഗൃഹാതുരം കാലാഹരണപ്പെട്ട വിഷയമാണ് എന്ന് അടിക്കുറിപ്പെഴുതിയിരുന്നു. ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാനിന്നും പഴയ കാലത്തെ കുറിച്ചറിയുവാനും പഴയ കാര്യങ്ങള്‍ ഓര്‍ക്കുവാനും പഴയ സുഹൃദ് ബന്ധങ്ങളെ നിലനിറുത്തുവാനും ശ്രമീക്കാറുണ്ട്. അതിനാല്‍ തന്നെ പഴയതിലും നല്ലതുണ്ട് എന്ന് പലപ്പോഴും ഞാന്‍ കരുതാറുണ്ട്.

‘ ചെന്നിത്തലയുടെ ഉറവ എല്‍ എല്‍ മോഹനവര്‍മ്മയുടെ ശൈശവ ബാല്യ സ്മൃതികളിലാണ്. ആ ഉറവയിലൂടെ ഒഴുകിയെത്തിയ തെളിനീരില്‍ ഞാന്‍ കണ്ടത് അനേകം നന്മകളായായിരുന്നു. അത് ഇങ്ങിനെ വരച്ചിടുവാന്‍ ഇതുപോലൊരു തൂലികക്കേ കഴിയുകയുള്ളു എന്ന പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. അതാ ശൈലിയുടെ പ്രത്യേകതയാണ്. ഭാഷയുടെ വഴക്കമാണ് സ്മൃതികളിലാണ് ഉത്ഭവമെങ്കില്‍, ഉറവയെങ്കില്‍ ഇത് തീര്‍ച്ചയായും അദ്ദേഹത്തിന്റെ ഗതകാല സുഖസ്മരണ തന്നെ. എന്നു വച്ചാ‍ല്‍ നൊസ്റ്റാള്‍ജിയ തന്നെ.

പുസ്തകത്തില്‍ അവിടിവിടെ മോഹന്‍ കുഞ്ഞ് അക്ഷരങ്ങള്‍ വരയ്ക്കാന്‍ പഠിച്ചതിനെകുറിച്ച് പറയുന്നുണ്ട്. അതെ അക്ഷരങ്ങള്‍ എഴുതുവാനല്ല വരക്കുവാന്‍. മോഹനവര്‍മ്മ അങ്ങിനെ വരച്ചു വരച്ച് അതൊരു ചിത്രമാകുന്നു. ആ ചിത്രം നമ്മുടെ മനസില്‍ പതിയുന്നു. അങ്ങിനെ മനസില്‍ പതിയുമ്പോള്‍‍ ''എന്റെ കുട്ടിക്കാലത്തും'' ''എന്റെ മുത്തശിയും ‘’ ഞങ്ങളുടെ തൊടിയിലും'' ഇതൊക്കെയുണ്ടായിരുന്നല്ലോ എന്ന ഓര്‍മ്മകളെ ഉണര്‍ത്തുവാന്‍ അതിനു കരുത്തുണ്ടാകുന്നു. അതിനാല്‍‍ ആ ചിത്രം പിന്നെ മായാതെ കിടക്കുന്നു.

കഥകളിലേക്കു കടക്കാം

മോഹന്‍കുഞ്ഞ് കാറ്റിനോടു പറഞ്ഞ, കാറ്റില്‍ നിന്നും കേട്ട കാറ്റിനോടു പറയുവാന്‍ കൊതിച്ച കഥകള്‍ അവ കഥകളല്ല, ഒരു മൂന്നു വയസുകാരന്റെ അറിവുകളാണ്. മൂന്നു മുതല്‍ എട്ടു വയസുവരെ മനസില്‍ പതിക്കുന്നവ പിന്നെ മായിച്ചു കളയുക ബുദ്ധിമുട്ടാണ്. അതിനാല്‍ തന്നെ മോഹന്‍ കുഞ്ഞിന്റെ വൈത്തിരക്ഷസ് വളരേക്കാലം കഴിഞ്ഞ് രൂപാന്തരം പ്രാപിച്ച് കെ എല്‍ മോഹനവര്‍മ്മ യുടെ ഇംഗ്ലീഷ് നോവലില്‍ ആര്‍ക്കും കാണാന്‍ പറ്റാത്ത എന്നാല്‍ നോവലിലെ നായികക്കു മാത്രം അവള്‍‍ ഏതു രൂപത്തില്‍ ആഗ്രഹിക്കുന്നുവോ ആ രൂപത്തില്‍ കാണുവാനാകുന്ന വൈറസായി പ്രത്യക്ഷപ്പെടുന്നു. പിന്നെ വര്‍മ്മാജിയുടെ എഴുപത്തി ഏഴാം വയസില്‍ പട്ടണത്തിലെത്തി തന്റെ കഥ എല്ലാവര്‍ക്കും‍ വായിക്കുവാനായി എഴുതണമെന്നാവശ്യപ്പെടുന്നു. എഴുപതില്‍പരം വര്‍ഷം കെ എല്‍ മോഹനവര്‍മ്മയുടെ മനസിന്റെ കോണില്‍ ഒളിഞ്ഞീരുന്ന രക്ഷസിപ്പോഴും മോഹനവര്‍മ്മ മോഹന്‍ കുഞ്ഞാകുന്നു.

മോഹന്‍ കുഞ്ഞിനു എല്ലാവരും കൂട്ടുകാരാണ്. കാറ്റ് മാത്രമല്ല പടിയുടെ രണ്ടു വശത്തും കുടിയിരിക്കുന്ന സിംഹങ്ങളുടെ രൂപങ്ങളും, മഹാഭാരതയുദ്ധം കാണുവാന്‍ അര്‍ജ്ജുനന്റെ കൊടിക്കൂറയിലേറിയ ഹനുമാനും അര്‍ജ്ജുനന്റെ കുതിരകളും തൊടിയിലെ പൂമ്പാറ്റകളും ആഞ്ഞിലിയും എല്ലാവരും അയല്‍ വക്കത്തെ വര്‍ഗീസിനേപ്പോലെ തന്നെ കൂട്ടുകാരാണ്. ഒരു ഗ്രാമനന്‍മയുടെ പ്രതിരൂപം കൂടിയാണി മനസ്ഥിതി. തൊടിയില്‍ ഓടിക്കളിച്ചിട്ടുള്ള കൂട്ടുകാര്‍ക്ക് എന്തിനെയെങ്കിലും നോവിക്കുവാന്‍ പെട്ടന്നാകില്ല. ഹനുമാനെ സ്വപ്നം കണ്ടുണര്‍ന്ന് ഒന്നുറങ്ങിയാല്‍ പിന്നെക്കാണുന്നത് ടാര്‍സനെ ആയിരിക്കും. മീന്‍ സൈക്കിളോടിക്കുന്നതും മീന്‍കാരനെ സൈക്കിളിന്റെ പിറകയില്‍ കുട്ടയിലി‍ട്ട് നാടു നീളെ നടന്നു വില്‍ക്കുന്നതും കാണും. ചിത്രത്തിലെ അര്‍ജ്ജുനന്റെ കുതിര തന്നോടു സംസാരിക്കാതായാല്‍ പറക്കുന്ന പച്ചക്കുതിരയെ കാണാനാകും അതിന്റെ പുറത്തേറി എവിടെക്കും പറക്കാനാകും.

വളര്‍ച്ചയുടെ ഭാഗമായി എന്തൊക്കെയോ നഷ്ടപ്പെടുമ്പോഴും നമുക്കെല്ലാം ഒരിക്കലും നഷ്ടപ്പെടാത്ത ഒന്നുണ്ട് സ്വപ്നങ്ങള്‍ കാണുവാനുള്ള കഴിവ്. അതുപോലെ ചിലപ്പോഴെങ്കിലും നമ്മള്‍ കുട്ടിക്കാലത്ത് കണ്ട ചില സ്വപ്നങ്ങള്‍ മനസില്‍ മായാതെ കിടക്കും . വര്‍മ്മാജിയുടെ ഈ പുസ്തകത്തില്‍ നിറയെ അത്തരം സ്വപ്നങ്ങളാണ്.

ശരിക്കും അപഗ്രഥിച്ചാല്‍ ഒരു പക്ഷെ ബിസിനസ് അക്കൌണ്ടും മാനേജുമെന്റും പഠിച്ച ഈ വര്‍മ്മാജി എങ്ങിനെ ഒരു കഥാകാരനായി എന്നതിന്റെ മനശാസ്ത്രം ഇതിലുണ്ടാകും.

ഞാന്‍ ചെന്നിത്തലിയിലേക്കു തിരിച്ചു വരട്ടെ.

ചെന്നിത്തല തുടങ്ങുന്നത് മോഹന്‍ കുഞ്ഞിന്റെ രക്ഷകനും ഗുരുവുമായ കാറ്റിന്റെ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടാണ് കാറ്റും മോഹന്‍ കുഞ്ഞും തമ്മില്‍ സംസാരിക്കാത്ത ദിവസങ്ങളില്ലാ. കാറ്റ് മോഹന്‍ കുഞ്ഞിനെ ഒന്നു ഉമ്മ വക്കാനായി മാ‍ത്രം വരാറുണ്ട്. കാറ്റാണാദ്യമായി മോഹന്‍ കുഞ്ഞിനു കഥകള്‍ പറഞ്ഞു കൊടുത്തു തുടങ്ങിയത്. പിന്നെ ആ ദൗത്യം‍ മുത്തശി ഏറ്റെടുക്കുകയുണ്ടായി. കാറ്റിനേപ്പോലെ മുത്തശിയും മോഹന്‍ കുഞ്ഞിന് അനേകം കഥകള്‍ പറഞ്ഞു കൊടുത്തിട്ടുണ്ട്. കാറ്റിനറിയാത്ത കാര്യങ്ങളില്ല.

അതിനാല്‍ തന്നെ വൈത്തിയപ്പൂപ്പന് താന്‍ മരിച്ചതെങ്ങിനെയെന്ന കഥ പാതിയില്‍ നിറുത്തിയപ്പോള്‍ വൈത്തിയപ്പൂപ്പനും അത്രയേ അറിയുള്ളു എന്ന് പറഞ്ഞു കൊടുത്തത് കാറ്റാണ്. ശാസ്ത്രാം കോട്ട തടാകം പണ്ടെന്നോ ഒരു ഉല്‍ക്ക പതിച്ചുണ്ടായതാണെന്ന രഹസ്യം കഥയായി മോഹന്‍ കുഞ്ഞിനു പറഞ്ഞു കൊടുത്തതും ‍കാറ്റു തന്നെ. പിന്നെയും കഥകള്‍ കാറ്റ് പറഞ്ഞിട്ടുണ്ട്. നാടുവാണ നാഗറാണിയുടെ കഥ , പൊന്നന്‍ വൈദ്യന്റെ കഥ അങ്ങിനെയങ്ങിനെ ഓരോ കഥയും മോഹന്‍ കുഞ്ഞിനു മുത്തശ്ശിയോടു പറയണമെന്നുണ്ട്. എന്നാല്‍ മോഹന്റെ ഭാഷ പലപ്പോഴും മുത്തശിക്കു മനസിലാകില്ല.

മോഹന്‍ കുഞ്ഞിന്റെ അണ്ടെ ഉറവകള്‍ കാറ്റില്‍ നിന്നു മാത്രമായിരുന്നില്ല ചുറ്റിലും ഒരായിരം കാര്യങ്ങള്‍ നടക്കുന്നുണ്ട്. മത്തായി മാപ്പിളയുടെ സൈക്കിളുണ്ട്ട് .നാട്ടിലെ ഏക കഞ്ഞിക്കടയായ പപ്പുപിള്ളയുടെ ചായക്കടയുണ്ട്. അതിനു ചന്ദ്രന്‍ പിള്ള പേരിടുന്നുണ്ട്. സാറിന്റെ കഥയുണ്ട്. തീപ്പട്ടിക്കമ്പനിയുണ്ട്. പെണ്ണ പ്രായമറിയിക്കുന്നത് തിരളുന്നതോടെയാണെങ്കില്‍ ആണ് പ്രായമറിയിക്കുന്നത് വീട്ടില്‍ നിന്നും ഒളിച്ചൊടിയിട്ടാണെന്ന് അറിവുണ്ട്. അറിയാതെ കയറി വന്ന് ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ മാത്രം ബന്ധുവാണെന്നെറിയുന്ന സന്യാസിയുണ്ട്. നാടകമുണ്ട് അക്കീരന്‍ തിരുമേനിയുടെയും വാവയുടേയും കഥയുണ്ട്. നാഴിക മണിയുണ്ട്.

ഇതിനിടക്ക് നാം ശരിയായ ദിശയിലോ എന്ന മട്ടില്‍ കെ എല്‍ മോഹനവര്‍മ്മ എന്ന എഴുപത്തെട്ടുകാരന്റെ സംശയങ്ങളുമുണ്ട്. ആലപ്പുഴയില്‍ ഫാക്ടറി വന്നപ്പോള്‍ എന്തുണ്ടായി? നമുക്ക് സാധാരണ ആവശ്യമില്ലാത്ത പലതും ആവശ്യങ്ങളായി ഒരു പരിധിവരെയെങ്കിലും മനുഷ്യന്റെ ചിട്ടകളില്‍ മാറ്റങ്ങള്‍ വരുത്തിയത് ഈ കഥയിലെ നാഴികമണിയല്ലേ എന്ന് മോഹന്‍ കുഞ്ഞ് ചിന്തിക്കുന്നുണ്ട്. കാറ്റിന്റെ പക്കല്‍ നാഴികമണിയില്ലത്തതിനാല്‍ കൃത്യനിഷ്ഠ എന്നൊന്നില്ലെന്നു പരാതിയുണ്ട് ( ഇങ്ങിനെ പരാതിപ്പെടുമ്പോള്‍‍ ഇത്രയും കൃത്യമായ നിഷ്ഠ ആവശ്യമുണ്ടോ എന്നുപോലും നമ്മെ ചിന്തിപ്പിക്കുകയുകയാണ്. ഇത്രയും കൃത്യമായ നിഷ്ഠ നമ്മെ മനുഷ്യനില്‍ നിന്നും വേര്‍പെടുത്തുന്നുവോ എന്ന് വായനക്കാരനായ ഞാനും ചിന്തിച്ചു പോയി)

പുസ്തകം വായിക്കുവാന്‍ തുടങ്ങിയപ്പോള്‍ പുസ്തകത്തിലൂടെ ലോക സഞ്ചാരം നടത്തുവാന്‍ തുടങ്ങിയപ്പോള്‍‍ എന്തുണ്ടായി? കാറ്റ് വന്ന് കഥ പറയുന്നത് നിന്നു പോയി. അപ്പോഴും മോഹനവര്‍മ്മ പറയുന്നു എനിക്ക് അപ്പം തിന്നുന്നതിനേക്കാള്‍ ഇഷ്ടം കുഴിയെണ്ണുന്നതാണെന്ന്. അതിനാല്‍ മോഹനവര്‍മ്മ ക്രികറ്റിനെ കുറിച്ചും ഓഹരി വിപണിയെ കുറിച്ചുമെഴുതി. ഇപ്പോള്‍ തന്റെ സ്വപ്നങ്ങളിന്നും ഉറകൂടി പശിമയേറ്റിയ വളക്കൂറുള്ളതാക്കിയ ചെന്നിത്തലയെക്കുറിച്ചും അതേ ലാഘവത്തോടെ അതേ ഗാംഭീര്യത്തോടെ എഴുതി എല്ലാം മാറുമെന്ന് അന്നേ കാറ്റിനറിയാമായിരുന്നു. അക്കാര്യം കാറ്റ് മോഹന്‍ കുഞ്ഞിനോടും പറഞ്ഞിരുന്നു. എല്ലാം എന്നു വച്ചാല്‍ ഈ ചെന്നിത്തലയും കൂടി. എഴുപത് വര്‍ഷം കൊണ്ട് നാടെത്ര മാറിയെന്നതിന്റെ ചിത്രം ചെന്നിത്തലയിലുണ്ട്. മാറ്റം നല്ലതാണെന്നത് തര്‍ക്കമില്ല മാറ്റത്തില്‍ ദുഖവുമില്ല എന്നാല്‍ മാറ്റത്തിനൊപ്പം നമുക്ക് സ്വത്വം നഷ്ടപ്പെടുന്നുവോ എന്ന സംശയമാണോ കാറ്റ് കഥ പറച്ചില്‍ നിറുത്തുവാന്‍ കാരണം? അതോ കാറ്റിനും പുതിയ ലോകത്തിലെ പുതിയ കൂട്ടുകാരെ മാത്രം മതിയെന്നോ?

ചെന്നിത്തലയില്‍ മോഹനന്റെ സ്വപ്നങ്ങള്‍ മാത്രമല്ല ഉള്ളത് അതില്‍ ചരിത്രവുമുണ്ട്. ഇത്തിരി ഭൂമിശാസ്ത്രമുണ്ട്. പിന്നെ സ്വല്‍പ്പം ശാസ്ത്രമുണ്ട്. മാര്‍ത്തണ്ഡവര്‍മ്മ എങ്ങനെ മഹാരാജാവായി എന്നുണ്ട് .ഇടപ്പിള്ളി സ്വതന്ത്രമായി നില നിന്നതെങ്ങിനെയെന്നുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷവും പല സായിപ്പന്മാരും ( മൌണ്ട് ബാറ്റണ്‍ ഉള്‍പ്പെടെ) ഇന്ത്യ വിട്ട് പോകാഞ്ഞത് എന്തുകൊണ്ടാണെന്നതിന്റെ രഹസ്യമുണ്ട്. നാട്ടു ഭാഷകളിലെ വ്യതിയാനത്തെകുറിച്ച് പറയുന്നുണ്ട് . അറബികളെക്കുറിച്ചു ജൂതരെ കുറിച്ചും പ്രതിപാദ്യമുണ്ട്.

ചെന്നിത്തലയുടെ അവസാന അദ്ധ്യായം മുത്തശ്ശിയുടെ ചിതയിലേക്ക് നോക്കി ഉറക്കം വരാതിരുന്ന നിമിഷങ്ങള്‍ അപ്പോഴും മോഹന്‍ കുഞ്ഞ് സ്വപ്നം കാണുകയാണ്. തന്നെ സ്വപ്നങ്ങള്‍ കാണുവാന്‍ പ്രാപ്തനാക്കിയത് ഈ ചിതയിലമര്‍ന്ന മുത്തശിയാണെന്ന സ്വപ്നം മാത്രമല്ല. അപ്പോഴും ആദ്യമായി മോഹന്‍ തന്റെ സ്വന്തം അമ്മയിലൂടെ മുത്തശ്ശിയുടെ സ്വരം കേള്‍ക്കുന്നു. അപ്പോള്‍ ആദ്യമായി മോഹന്‍ കുഞ്ഞിന്റെ അച്ഛന്‍ കഥ പറയുന്നു. നേരം വെളുക്കുന്നതുവരേക്കും അച്ഛന്‍ മോഹനനു കഥകള്‍ പറഞ്ഞു കൊടുക്കുന്നു. പിന്നെ അഞ്ചു വര്‍ഷം കഴിഞ്ഞ് മോഹന്‍ കുഞ്ഞ് കെ എല്‍ മോഹനവര്‍മ്മ എന്ന എഴുത്തുകാരനായപ്പോള്‍ കഥകളുടെ സിറ്റേഷ്വന്‍ ആന്‍ഡ് ബാക് ഗ്രൌണ്ട്സ് ‘ ലഭിക്കുവാനായി അച്ഛന്‍ ഏതാനും ഡയറികള്‍ മോഹനെ ഏല്‍പ്പിക്കുന്നു. അതിലുണ്ടായിരുന്നവ ‘ 'സോളം ആന്റ് റിയല്‍ ട്രൂത്ത്' അല്ലാതെ മറ്റൊന്നുമല്ല. ആ സോളം ആന്റ് റിയല്‍ ട്രൂത്ത് ഈ കഥകളെയെല്ലാം ഒരൊറ്റ ചരടില്‍ കോര്‍ക്കുന്നു. അങ്ങിനെ‍ ഇത് ഒരൊറ്റ കഥയാകുന്നു.

അതിനാല്‍

‘ പുസ്തകത്തില്‍ എല്ലാമുണ്ട് പുസ്തകം വായിച്ചാല്‍ മതി ശബ്ദം കേള്‍ക്കേണ്ട. കാഴചകള്‍ കാണേണ്ട എവിടേയും പോകേണ്ട’

കാറ്റിന്റെ ചിറകില്‍ നിന്നും തിരികെയിറങ്ങിയപ്പോള്‍‍ മനസില്‍ മോഹനവര്‍മ്മയുടെ ഈ വരികളായിരുന്നു.. .......

നോവല്‍

കെ എല്‍ മോഹനവര്‍മ്മ

ഡി സി ബുക്സ്

എം ജി സുരേഷ്
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.