പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

കളിവിളക്കിന്റെ വെളിച്ചം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എസ്‌.പി. സുരേഷ്‌, എളവൂർ

കടല്‍കടന്നെത്തിയ കടന്നു കയറ്റത്തില്‍ , മലയാളിക്ക് മറ്റെന്തുമെന്നപോലെ കവിതയും അന്യമായി. ഈരടികളായി, ഈണങ്ങളായി ധര്‍മ്മ സംസ്ക്കാരങ്ങളും സങ്കട സൗന്ദര്യങ്ങളും പകര്‍ന്ന കവിത , പെരു വഴികളില്‍ മാനഭംഗം ചെയ്യപ്പെട്ടു. സ്വത്വരക്തം നഷ്ടപ്പെടാത്ത ചിലരെങ്കിലും പഴഞ്ചനെന്നു മുദ്ര കുത്തപ്പെട്ടിട്ടും , മലയാളി മനസ്സിനോടു സംവദിക്കാന്‍ ധൈര്യം കാണിച്ചു. അതുകൊണ്ടിന്ന് , കവിയെ തിരയുമ്പോള്‍ ചുരുക്കം ചിലരേ ഓര്‍മ്മയില്‍ തെളിയുന്നുള്ളു. കവി മേലങ്കികളണിഞ്ഞിട്ടും ഭൂരിഭാഗവും ജീവച്ഛവങ്ങളായി മലയാള സാഹിത്യത്തില്‍ ശ്മശാന നൃത്തം നടത്തുന്നവരായി മാറി. അങ്ങനെ , മലയാളിയുടെ മനസ്സില്‍നിന്നും നാവില്‍തുമ്പില്‍ നിന്നു കവിത പടിയിറങ്ങാന്‍ തുടങ്ങി. തെളിമയില്ലാത്ത ചിന്തയും പദവിന്യാ‍സവും ശബ്ദകോലാഹലങ്ങളും കവിതയുടെ അകത്തളങ്ങളെ വികൃതമാക്കി. അതു വഴി അധുനിക കവി അവഗനനയുടെ ബാക്കി പത്രവുമായി.

ഇതിനിടയില്‍ ‘ ഇതാ ഒരു കവി ഇവിടെയുണ്ട്‘ എന്നു നമുക്കുറക്കെ പറയാന്‍ ധൈര്യം പകരുന്ന കവിതകളുമായി ‘ കളി വിളക്ക്’ എന്ന കവിതാ സമാഹാരം മുന്നിലെത്തുന്നു. രാജഗോപാലന്‍ നാട്ടുകല്‍ ആണ് കവി. 30 കവിതകളുടെ ഇച്ചെറു സമാഹാരത്തിന് , ഇതിലെ കവിതകള്‍ക്ക് കാവ്യഭംഗി വേണ്ടുവോളമുണ്ട്. ചെറിയ കവിതകളുടെ ചെങ്കതിരുകള്‍ വിടര്‍ത്തുകയാണ് കവി. കാലത്തിന്റെ ആലിലയ്ക്കുള്ളില്‍ നിന്ന് കാലും കുടഞ്ഞെഴുന്നേറ്റൊരു പൊന്നുണ്ണി വരുമെന്ന് കവി അദ്യ കവിതയില്‍ പ്രത്യാശിക്കുന്നു. വാര്‍ദ്ധ്യത്തില്‍ തുടിക്കുന്ന ഊര്‍ജ്ജ പ്രവാഹത്തെ ജീവിതം അനാവരണം ചെയ്യുന്നു. കരിങ്കിളി കൊക്കിലിട്ടിറുന്ന ഇള , മിഴിനീരിലൊട്ടുന്ന ജീവിതം ബാക്കിയാക്കുന്ന കളിമണ്ണു ശില്‍പ്പമാണു താനെന്ന താപം , പൂമരങ്ങല്‍ ഒടുങ്ങാതുയിര്‍ക്കുമ്പോള്‍ , ഉറക്കമില്ലാതാകുന്നവന്റെ തിരിച്ചറിവ്, എത്രയെത്ര പാറ്റിക്കൊഴിച്ചാലും പതിരു മാത്രം ബാക്കിയാകുന്ന കാലത്തിന്റെ മുറം, നടപ്പാലത്തിന്റെ മദ്ധ്യത്തിലെത്തുമ്പോള്‍ , പതുങ്ങിവന്ന് ആരോ പാലം വലിക്കുമെന്ന ഭീതി, കടലപ്പൊതികളായി മാറുന്ന ജീവിതം , ആശിച്ച വേഷമരങ്ങിലെത്താന്‍ ആകാംക്ഷാഭരിതമാകുമ്പോള്‍ , കണ്ണീരെണ്ണ വറ്റി കെട്ടു പോകുന്ന കളിവിളക്ക്, തന്നെ തിരയുന്ന താന്‍ ചിതയിലെരിയുന്നതമ്മയോ ഞാനോ, കള തഴച്ചു പൊന്തുമ്പോള്‍ തളരുന്ന ജീവിതം ജീവിതഭാണ്ഡം ചിതയിലെറിയുന്ന പഥികന്‍, കരയെ കടലാക്കേണ്ടി വരുന്ന പരശുരാമന്‍... ഇങ്ങനെ വൈവിധ്യങ്ങളുടെ അസാധാരണതകളെ കൊച്ചു കൊച്ചു കവിതയില്‍ നിറച്ച് കവി പാടുന്നു ഒതുക്കമുള്ള കവിത രൂപഭദ്രതയും കുറവല്ല. എങ്കിലും സന്ദേഹങ്ങളുടെ , സങ്കടങ്ങളുടെ കൂട്ടുകാരനാണീക്കവി എന്നു കവിതകള്‍ വിളിച്ചു പറയുന്നു കാലത്തിന്റെ കയ്പ്പുരസമായി കവിയില്‍ കണ്ണീരു തിളങ്ങുന്നു. നിലാവിനപ്പുറം കാര്‍മേഘ പാളികള്‍ കാണുന്നു. അനന്തമായ വെളിച്ചം ഉള്ളിലുണ്ടെന്നു തിരിച്ചറിയുമ്പോഴും ചുറ്റുമുള്ള ഇരുട്ട് കവിയെ ഭയപ്പെടുത്തുന്നു.

ഏതായാലും ഈ കവികുലജാതന് ഭാഷ അന്യമല്ല; കാവ്യബിംബങ്ങളും മനോഹരമായി അവ അനുവാചകഹൃദയത്തോട് സംവദിക്കുന്നു. ശില്‍പ്പം , മണ്‍കലം , വെളുപ്പോ കറുപ്പോ? എന്നിവയെല്ലാം നല്ല കവിതകളാണ്. കളിവിളക്കിലെ കവിതകള്‍ വായനക്കാരെ മുഷിപ്പിക്കില്ല. കുമ്പിളില്‍ കോരിയെടുത്ത കുഞ്ഞുണ്ണിക്കവിതകളുടെ ചാരുത രാജഗോപാലിന്റെ കവിതകളിലുണ്ട്. മനോഹരമായി അണിയിച്ചൊരുക്കി എച്ച് & സി പുറത്തിറക്കിയ ഈ പുസ്തകം കവിതാ സ്നേഹിതകള്‍ക്ക് ഒരു കൂട്ടുകാരന്‍ തന്നെ.

കളിവീട് - രജഗോപാലന്‍ നാട്ടുകല്‍

പ്രസാധനം - എച്ച് & സി പബ്ലീഷിംഗ് ഹൗസ്

പേജ് - 48

വില - 30 രൂപ

എസ്‌.പി. സുരേഷ്‌, എളവൂർ


Phone: 9947098632




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.