പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

കാഴ്‌ചയും ചിന്തയും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.സി.നാരായണൻ

അറുപതു വർഷമായി കഥകളി കാണുകയും കണ്ട കഥകളികളെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്ന ഒരു കാണിയുടെ ലേഖനങ്ങളാണ്‌ ഈ പുസ്‌തകത്തിൽ സമാഹരിച്ചിട്ടുള്ളത്‌. അതുകൊണ്ടുതന്നെ ഈ ലേഖനങ്ങളെ രണ്ടു ഭാഗങ്ങളായി തിരിക്കാം. ഒന്ന്‌ നടന്മാരെയും പാട്ടുകാരെയും മേളക്കാരെയും വേഷക്കാരെയും കണ്ടതിന്റെയും കേട്ടതിന്റെയും ഓർമ്മകൾ. രണ്ട്‌ഃ ഇന്നു കൊട്ടുന്നതും പാടുന്നതും ആടുന്നതും ഉചിതമായ രീതിയിലാണോ എന്നു പരിശോധിക്കുന്ന വിശകലനങ്ങൾ. കാഴ്‌ചയുടെയും കലാചിന്തയുടെയും കുറിപ്പുകൾ എന്ന്‌ ഈ ലേഖനങ്ങളെ വിശേഷിപ്പിക്കാം.

വളരെ പിന്നോട്ടു നോക്കുവാൻ കഴിയുന്നു എന്നതാണ്‌ സി.എം.ഡി.യുടെ ഓർമ്മയുടെ ഒരു പ്രത്യേകത. പട്ടിക്കാന്തൊടി രാമുണ്ണി മേനോൻ, ഗുരു കുഞ്ചുക്കുറുപ്പ്‌, മൂത്തമന, കുറിച്ചി കുഞ്ഞൻ പണിക്കർ തുടങ്ങിയവരുടെ കാലത്തോളം പോകുന്നു ബാല്യത്തിൽ സ്‌പഷ്‌ടമോ അസ്‌പഷ്‌ടമോ ആയ വിധത്തിൽ കണ്ടതിന്റെ സ്‌മരണകൾ. പട്ടിക്കാന്തൊടിയേയോ ഗുരു കുഞ്ചുക്കുറിപ്പിനെയോ കണ്ടവർ ഇന്ന്‌ കഥകളി ആസ്വാദകരിൽ അധികം ഉണ്ടാവാൻ ഇടയില്ല. ഈ നീണ്ട സ്‌മരണയെ സാധ്യമാക്കുന്നതിൽ അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലവും പങ്കു വഹിക്കുന്നുണ്ട്‌. വൻ കലാകാരന്മാർ വരുകയും പോവുകയും ചെയ്യുന്ന ഒരു കളിപ്പന്തൽ പോലെയായിരുന്നു അദ്ദേഹത്തിന്റെ ഗൃഹമായ ചിറമംഗലത്തു മന. തെക്കൻ മലബാറിലെ കഥകളിയുടെ ചരിത്രത്തിൽ പ്രാധാന്യമുള്ള പേരാണ്‌ അദ്ദേഹത്തിന്റെ അച്ഛൻ സി.എം.സി. നമ്പൂതിരിപ്പാടിന്റേത്‌. കെ.പി.എസ്‌. മേനോന്റെ “കഥകളിരംഗ”ത്തിൽ പട്ടിക്കാന്തൊടിയെപ്പറ്റി പറയുന്ന ഭാഗത്ത്‌ സി.എം.സി.യുടെ പേർ പ്രാധാന്യത്തോടെ പറയുന്നതു കാണാം. പട്ടിക്കാന്തൊടിയുടെ കലാജീവിതത്തിലെ ഒരു സന്ദർഭവുമായി ബന്ധപ്പെട്ടാണ്‌ അത്‌. സി.എം.സി.യുടെ നേതൃത്വത്തിലുള്ള കളികളിലാണ്‌ താൻ വേഷം കെട്ടിത്തുടങ്ങിയതെന്ന്‌ അന്തരിച്ച കീഴ്‌പടം കുമാരൻ നായർ പറഞ്ഞതിനെ സി.എം.ഡി.യും ഈ പുസ്‌തകത്തിൽ ഓർക്കുന്നുണ്ട്‌. കഥകളിയുമായി തന്റെ കുടുംബത്തിനുള്ള ബന്ധം തുടരുന്നതിന്റെ കഥയാണ്‌ കലാമണ്ഡലം കേശവൻ തന്റെ ബന്ധുവാകുന്നതിലൂടെ അദ്ദേഹം ഓർക്കുന്നത്‌. തീർന്നില്ല. സി.എം.ഡിയുടെ മകൾ ബീന പല തവണ വേഷം കെട്ടി അരങ്ങത്തു വന്നതിന്റെ സ്‌മരണകളും ഈ അച്ഛന്റെ കുറിപ്പുകളിൽ കാണാം. കഥകളി അങ്ങനെ അദ്ദേഹത്തിന്‌ ഒരു “കുടുംബകല” കൂടിയാണ്‌!

കലാകാരന്മാരെക്കുറിച്ചുള്ള ഈ ഓർമ്മകളുടെ ഒരു ഗുണം അതിൽ അത്യുക്തിയോ സേവ പറയലോ ഇല്ല എന്നതാണ്‌. കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരിയെക്കുറിച്ചുള്ള സ്‌മൃതികൾ ഒരു ഉദാഹരണമാണ്‌. എമ്പ്രാന്തിരി ഏതു വിധത്തിൽ തന്റെ പ്രിയ സുഹൃത്തായി എന്നു പറയുന്ന ഭാഗത്തു തന്നെ സി.എം.ഡി. അടിവരയിട്ടു പ്രഖ്യാപിക്കുന്നു. “ഒരു കാലത്തും അദ്ദേഹം എന്റെ പ്രിയപ്പെട്ട പാട്ടുകാരനായിരുന്നിട്ടില്ല.” വ്യക്തികൾ എന്ന നിലക്ക്‌ കലാകാരന്മാർക്കുള്ള അൽപ്പരസങ്ങൾ, അഹങ്കാരങ്ങൾ, എളുപ്പം വരുന്ന പിണക്കങ്ങൾ എന്നിവയെക്കുറിച്ചും ഈ ഓർമ്മക്കുറിപ്പുകളിൽ സൂചനകൾ ഉണ്ട്‌. ആളുകളെ ആദർശവൽക്കരിക്കാതെയും, അതിരു വിട്ട്‌ സ്‌തുതിക്കാതെയും ആണ്‌ സി.എം.ഡി. അവരെപ്പറ്റി എഴുതുന്നത്‌ എന്നത്‌ ഒരു അപൂർവതയായി ആർക്കും തോന്നും.

കലാചർച്ചയുടെ സ്വഭാവത്തിൽ കഥകളിയെക്കുറിച്ച്‌ എഴുതിയ ലേഖനങ്ങളാണ്‌ ഈ പുസ്‌തകത്തിലെ രണ്ടാമത്തെ വിഭാഗം കഥകളിയിലെ പതിഞ്ഞ പദങ്ങൾ, സ്‌ത്രീകഥാപാത്രങ്ങൾ, സീതാസ്വയംവരത്തിലെ പരശുരാമന്റെ വേഷം, താളത്തിന്റെ മറിവ്‌ എന്നിവ അതിൽ പെടുന്നു. കഥകളിയുടെ സാങ്കേതികതയിൽ അദ്ദേഹത്തിനുള്ള അറിവ്‌ ഈ ലേഖനങ്ങളിൽ കാണാം - പ്രത്യേകിച്ച്‌ പതിഞ്ഞ പദങ്ങളെക്കുറിച്ചുള്ള ആദ്യലേഖനത്തിൽ (“ഇത്ര ധരിച്ചിരുന്നില്ല” എന്ന്‌ കലാമണ്ഡലം പത്മനാഭൻ നായർ പ്രശംസിക്കുന്നത്‌ ഓർക്കാം.) എന്താണ്‌ പതിഞ്ഞ പദം (എല്ലാ പതിഞ്ഞ പദങ്ങളും ശൃംഗാരപദങ്ങൾ അല്ല) എന്ന്‌ പല കഥകളിലെയും പതിഞ്ഞ പദങ്ങളുടെയും ഘടന വെളിവാക്കിക്കൊണ്ട്‌ അദ്ദേഹം വിവരിക്കുന്നു. ഇന്നത്തെ കളിയരങ്ങുകളിൽ പദങ്ങളുടെ വിളംബസ്വഭാവം കളഞ്ഞ്‌, കാലം കയറ്റി അവതരിപ്പിക്കാനുള്ള പ്രവണതയെ അദ്ദേഹം വിമർശിക്കുന്നു. അരങ്ങിൽ മാത്രമല്ല, കളരിയിൽ പോലും ചില പദങ്ങൾ കാലം കയറ്റി പഠിപ്പിക്കുന്നുണ്ട്‌. ഉത്തരന്റെ പദം ഉദാഹരണമായി അദ്ദേഹം കാണിക്കുന്നു. കഥകളിൽ പരിശീലിപ്പിക്കുന്ന സ്‌ഥാപനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യമാണിത്‌. വിളംബരകാലത്തിലുള്ള അവതരണം ആസ്വദിക്കാൻ ആസ്വാദകരെ പരിശീലിപ്പിക്കുകയാണ്‌ പ്രേക്ഷകരുടെ ഭാഗത്തുനിന്നുണ്ടാവേണ്ട നടപടി. ഈ വിധത്തിൽ കഥകളി എന്ന കലക്ക്‌ അവതരണത്തിന്റെ കാര്യത്തിൽ അടുത്ത കാലത്തുണ്ടായ വീഴ്‌ചകളെയും ശ്രദ്ധക്കുറവുകളെയും തിരുത്താൻ സഹായകമാവുക എന്ന ധർമ്മമാണ്‌ ഈ പുസ്‌തകത്തിലെ പല ലേഖനങ്ങളും നിർവഹിക്കുന്നത്‌. കളിക്കാർക്കും ആസ്വാദകർക്കും പ്രയോജനകരമായിരിക്കും അത്‌.

പക്ഷെ ഈ ലേഖനങ്ങളിൽ ആനുഷംഗികമായി വരുന്ന ചില അഭിപ്രായങ്ങളും നിരീക്ഷണങ്ങളും എല്ലാവർക്കും സ്വീകാര്യമാവണം എന്നില്ല. ഉദാഹരണത്തിന്‌ കഥകളിവേഷക്കാരുടെ അഭിനയത്തിൽ അനുകരണം കാണുന്നതിനെ അദ്ദേഹം വിമർശിക്കുന്നുണ്ട്‌. അതേ സമയം പാട്ടിൽ അനുകരണം വരുമ്പോൾ അത്‌ പൂർവികരുടെ ശൈലിസാന്നിദ്ധ്യം അനുഭവിക്കാനുള്ള അവസരമാണെന്നു പറഞ്ഞ്‌ അതിനെ സാധൂകരിക്കുന്നുമുണ്ട്‌. (അഭിനയം കഥകളിയിൽ). “അത്ര അഭിനയസാധ്യതയുള്ള ഒരു കഥാപാത്രമാണോ ദമയന്തി” എന്ന ചോദ്യവും അല്ലെന്നുള്ള സമർഥനവും വിയോജിപ്പികൾക്ക്‌ ഇട നൽകുന്നതാണ്‌.

കഥകളിയുടെ അരങ്ങുഭാഷക്ക്‌ ആധാരമായിട്ടുള്ളത്‌ അതിന്റെ സാഹിത്യാംഗമായ ആട്ടകഥയാണല്ലോ. ആട്ടകഥകളെക്കുറിച്ച്‌ മൂന്നു ലേഖനങ്ങൾ ഉണ്ട്‌. പുതിയ ആട്ടകഥകൾ, കുചേലവൃത്തം വഞ്ചിപാട്ടും ആട്ടകഥയും, വടക്കൻ സുഭദ്രാഹരണത്തിന്റെ കാലനിർണയം എന്നിവ നോക്കുക. കുചേലവൃത്തം വഞ്ചിപ്പാട്ടും ആട്ടക്കഥയും തമ്മിൽ താരതമ്യപ്പെടുത്തിയതിൽ ശ്രദ്ധ ഏറെയുള്ള ഒരു സാഹിത്യ വിദ്യാർത്ഥിയെയും വടക്കൻ സുഭദ്രാഹരണത്തിന്റെ കാലനിർണയത്തിൽ ഒരു കലാ ഗവേഷകനെയും കാണാം. പുതിയ ആട്ടക്കഥകളുടെ ജയാപജയങ്ങളെക്കുറിച്ചുള്ള ലേഖനത്തിൽ, എന്തുകൊണ്ട്‌ “കർണ്ണശപഥം” പോലൊരു കഥ ഇക്കാലത്ത്‌ വൻ വിജയമായി എന്ന പരിശോധന കൂടി നടത്തിയിരുന്നുവെങ്കിൽ ലേഖനം കൂടുതൽ പ്രയോജനകരമായേനെ.

ചുരുക്കത്തിൽ ആട്ടക്കഥസാഹിത്യം മുതൽക്ക്‌ കഥകളിയുടെ അരങ്ങുഭാഷ വരെയും അരങ്ങത്തു പ്രവർത്തിച്ചവരുടെ ജീവിതവൃത്തങ്ങൾവരെയുള്ള വിഷയസമഗ്രത ഈ പുസ്‌തകത്തിനുണ്ട്‌.

മാസികയും പത്രവും വാരികയും ഒക്കെയായി ബന്ധപ്പെട്ട്‌ ജോലി ചെയ്യുന്ന എനിക്ക്‌ ഇതിലെ ഒരു ലേഖനം പ്രത്യേകം കൗതുകതരമായി തോന്നി. “ഒരു ഭഗീരഥന്റെ അന്ത്യം” എന്ന ചെറു ലേഖനമാണത്‌. ഒരൊറ്റ വ്യക്തിയുടെ ക്ഷീണിക്കാത്ത പ്രയത്നം കൊണ്ട്‌ കഥകളിക്കു മാത്രമായി ഒരു മാസിക പതിനഞ്ചു വർഷം നിലനിന്നതിനെ അനുമോദിക്കുന്നതാണ്‌ ആ ലേഖനം. ആർ. കുട്ടൻ പിള്ള എന്നാണ്‌ ആ കഥകളി ആസ്വാദകന്റെ പേര്‌. 1983 മുതൽ 1998 വരെ തുടർന്നുപോന്ന “നൃത്യകലാരംഗം” ആണ്‌ ആ പ്രസിദ്ധീകരണം. സ്വന്തം സമ്പാദ്യമത്രയും ഈയൊരു പ്രസിദ്ധീകരണത്തിനു വേണ്ടി ഉഴിഞ്ഞുവെച്ച്‌, കുടുംബാംഗങ്ങളുടെ പിണക്കം അനുഭവിച്ച്‌ “നൃത്യകലാരംഗം” തുടർന്നു കൊണ്ടുപോയ കുട്ടൻ പിള്ളയെ അനുസ്‌മരിക്കുന്ന ലേഖനം തികച്ചും ഉചിതമായി. ഒരു മാസിക പ്രവർത്തകൻ എന്ന നിലയിൽ ഞാനും അദ്ദേഹത്തെ ആദരപൂർവം ഓർമ്മിച്ചുകൊണ്ട്‌ ഈ കുറിപ്പ്‌ അവസാനിപ്പിക്കട്ടെ.

(പ്രസാധകർഃ എച്ച്‌ & സി ബുക്‌സ്‌)

കെ.സി.നാരായണൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.