പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

നാഴിയുരിപ്പാല്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എസ്‌.രാജേന്ദ്രബാബു

പുസ്‌തകപരിചയം

പദാനുപദം കാൽപനിക ഭംഗി കോരിനിറച്ച്‌ അനുവാചക ഹൃദയങ്ങളിൽ വിസ്‌മയം സൃഷ്‌ടിക്കാനുളള പി.ഭാസ്‌കരന്റെ കഴിവ്‌ അനിതര സാധാരണമാണ്‌. 700-ലധികം ചലച്ചിത്ര ഗാനങ്ങളും വിവിധ വിഷയങ്ങൾ പശ്ചാത്തലമാക്കി രചിച്ച 140-ലധികം മറ്റു ഗാനങ്ങളും സമാഹരിച്ചിരിക്കുന്ന ‘നാഴിയുരിപ്പാല്‌’ എന്ന ഈ പുസ്‌തകത്തിലൂടെ കടന്നുപോകുന്ന സഹൃദയന്‌ മറ്റെന്തു തോന്നാൻ? നാലായിരത്തിലധികം ചലച്ചിത്ര ഗാനങ്ങളും ഒട്ടേറെ മറ്റു ഗാനങ്ങളും രചിച്ചിട്ടുളള പി.ഭാസ്‌കരന്റെ രചനകളുടെ നാലിലൊന്നിന്റെ പോലും സമാഹരണമാകുന്നില്ല ഈ പുസ്‌തകം. കവി, ഗാനരചയിതാവ്‌, അഭിനേതാവ്‌, തിരക്കഥാകാരൻ, സംവിധായകൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായ അദ്ദേഹം വിപ്ലവ പ്രസ്ഥാനങ്ങളിലൂടെയും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലൂടെയുമൊക്കെ ജീവിതത്തിന്റെ സമസ്‌ത മേഖലകളിലെയും സമഗ്രമായി ഒരിടപെടലായി മലയാളിക്ക്‌ അനുഭവവേദ്യമാകുന്നു.

മലയാള ചലച്ചിത്ര ഗാനശാഖ വേണ്ടത്ര വളർന്നു വികസിക്കാത്ത കാലത്ത്‌ അന്നത്തെ പ്രശസ്‌തമായ ഹിന്ദി ഗാനങ്ങളുടെ ഈണത്തിനൊപ്പിച്ച്‌ ദേശഭക്തി ഗാനങ്ങൾ, വിപ്ലവഗാനങ്ങൾ, സമരഗാനങ്ങൾ എന്നിങ്ങനെയുളള രചനകളിലൂടെ ജനകീയ പ്രസ്ഥാനങ്ങളിൽ തന്റെ ശക്തമായ സാന്നിധ്യം അദ്ദേഹം ഉറപ്പിച്ചിരുന്നു. ചലച്ചിത്രഗാന മേഖലയിലെ രംഗപ്രവേശത്തോടെ ഗാനാസ്വാദനത്തിന്റെ നിശ്ശബ്‌ദമായ ഒരു ജനകീയ വിപ്ലവം അനുവാചക മനസ്സുകളിൽ സൃഷ്‌ടി.ക്കുകയായിരുന്നു അദ്ദേഹം. മലയാളിയുടെ സ്വപ്‌നം, കലഹം, പ്രണയം, വിരഹം തുടങ്ങിയ എല്ലാ വികാരങ്ങളെയും ആ വരികൾ അങ്ങേയറ്റം സ്വാധീനിച്ചു. ആ ഗാനങ്ങളുടെ ശക്തിയും പ്രസക്തിയും അവ തുടങ്ങിയിടത്ത്‌ അവസാനിച്ചില്ല. അനുസ്യൂതം അവ അനുവാചക ഹൃദയത്തെ ഭരിച്ചുകൊണ്ടിരുന്നു. പണ്‌ഡിത പാമര ഭേദമെന്യേ ഈ ഗാനങ്ങൾ മനുഷ്യമനസ്സുകളെ ആഴത്തിൽ സ്വാധീനിക്കാൻ പ്രഗത്ഭരായ സംഗീത സംവിധായകർ നൽകിയ സേവനം മറക്കാവുന്നതല്ല. എന്നാൽ താളനിബന്ധവും സംഗീതസാന്ദ്രവുമായിരുന്നു ആ വരികൾ എന്നതിനാൽ സംഗീതസംവിധായകർക്ക്‌ അവ ശ്രാവ്യഗുണമുളളതാക്കാൻ ആയാസപ്പെടേണ്ടിവന്നിരുന്നില്ല.

വിഷയത്തെ ആസ്‌പദമാക്കി പി. ഭാസ്‌കരന്റെ ഗാനങ്ങളെ പട്ടികയാക്കി വേർതിരിക്കാൻ പ്രയാസമാണ്‌. വിഷയസ്വീകരണത്തിൽ ഇത്രയും വൈവിധ്യം പുലർത്തിയ കവികൾ അപൂർവം. നേരിയ അതിർവരമ്പുകളാണ്‌ അദ്ദേഹത്തിന്റെ കവിതകളേയും ഗാനങ്ങളേയും തമ്മിൽ വേർതിരിക്കുന്നത്‌. ബിംബ, ഭാവകൽപനകൾ കൊണ്ട്‌ സമ്പന്നമാണ്‌ അദ്ദേഹത്തിന്റെ കവിതകളെങ്കിൽ സംഗീത, താള നിബദ്ധമാണ്‌ അദ്ദേഹത്തിന്റെ ഗാനങ്ങൾ. “വികാര നിർഭരമായ ദൃശ്യസന്ദർഭങ്ങളെ നിറം പിടിപ്പിക്കുന്നതിൽ ആ ഗാനങ്ങൾക്കു വലിയ പങ്കുണ്ട്‌. കഥാപാത്രത്തിന്റെ മാനസികാവസ്ഥ, സ്വഭാവം, ലക്ഷ്യം, സാഹചര്യം ഇവയൊക്കെ കണക്കിലെടുത്ത്‌ ഒരു മനശ്ശാസ്‌ത്രജ്ഞന്റെ ഉൾക്കാഴ്‌ചയോടെ ഗാനങ്ങൾ രചിക്കാൻ അദ്ദേഹത്തിനു കഴിയും” എന്ന്‌ ശോഭനാ പരമേശ്വരൻ അവതാരികയിൽ പറഞ്ഞ വാക്കുകളിൽ നിന്ന്‌ മനുഷ്യമനസ്സിനെ തൊട്ടറിയുന്ന ഒരു ജനകീയ കവിയെ നാം കണ്ടുമുട്ടുന്നു.

നാരിയുരിപ്പാല്‌, പി.ഭാസ്‌കരൻ, കറന്റ്‌ ബുക്‌സ്‌ തൃശൂർ, വില - 195.00

എസ്‌.രാജേന്ദ്രബാബു
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.