പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

ജലത്താൽ മുറിവേറ്റവർ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മ്യൂസ്‌ മേരി ജോർജ്‌

പുസ്‌തകനിരൂപണം

വത്സലയുടെ പുതിയ നോവൽ ആണ്‌ ‘ആദിജലം’. തന്നെ ചൂഴുന്ന ജനരാശിയുടെ നടുവിൽ നില്‌ക്കുമ്പോഴും ശ്രീരാധ ഏകയാണ്‌. തന്റെ ജനനകാരണരെ തിരയുന്നതിന്‌ ശ്രീരാധയെ സജ്ജമാക്കുന്നതും സ്‌നേഹസൗഹൃദങ്ങളിലേക്ക്‌ നടന്നടുക്കുന്നതിന്‌ അവളെ പ്രേരിപ്പിക്കുന്നതും ഈ ഏകാന്തതയാണ്‌. അവൾ കണ്ടെത്തുന്ന മനുഷ്യരും മനുഷ്യജീവിത ഇടങ്ങളുമാണ്‌ ‘ആദിജലം’. സംഘർഷം, സമാധാനം, അനുഗ്രഹം, നിരാശകൾ, കലാപങ്ങൾ, ആസക്തി എന്നിങ്ങനെ ജീവിതത്തിന്റെ ഭിന്നമുഖങ്ങളെ പരിചയപ്പെടുമ്പോഴും സ്വന്തം മുഖം നഷ്‌ടപ്പെടാതിരിക്കുന്ന പെണ്ണാണ്‌ ശ്രീരാധ.

ബിരുദപഠനം തീരുന്നതുവരെ നഗരത്തിലെ കോൺവെന്റിലാണ്‌ ശ്രീരാധ ജീവിച്ചത്‌. മാസാമാസം വരുന്ന പണമാണ്‌ അവളുടെ കുടുംബബന്ധങ്ങളെ അടയാളപ്പെടുത്തുന്നത്‌. കുരുശിൽനിന്നിറക്കിയ മകനെ മടിയിൽ കിടത്തിയിരിക്കുന്ന കന്യാമറിയത്തിന്റെ ഒരു പ്രതിമ കോൺവെന്റ്‌ ചാപ്പലിലുണ്ട്‌. ഈ പ്രതിമയുമായി ശ്രീരാധ ഒരിക്കലും കണ്ടിട്ടില്ലാത്ത തന്റെ അമ്മയെ താദാത്മ്യപ്പെടുത്തുന്നു. ഇത്‌ ഒരു സ്വകാര്യ അനുഭവമായി ശ്രീരാധ സൂക്ഷിക്കുമ്പോഴും തന്റെ ജീവോത്‌പത്തിയുടെ മൂലത്തെ അവൾ അന്വേഷിച്ചുകൊണ്ടിരുന്നു. ബിരുദപഠനത്തിനുശേഷം അമ്മയുടെ ചേച്ചിയായ സുശീല ടീച്ചർക്കൊപ്പം കോഴിക്കോട്‌ താമസമാരംഭിക്കുന്നു. അവിടെ ഉറക്കുത്തേറ്റ മരത്തടിപോലെ ദ്രവിച്ചു വീഴുന്ന രാപ്പകലുകളിൽ തന്നെത്തന്നെ മൂടിക്കളയാൻ അവൾ ആഗ്രഹിച്ചില്ല. അവൾ പഠിക്കാൻ ചേർന്നു. ജോലി അന്വേഷിച്ചു കണ്ടുപിടിച്ചു. സാമ്പ്രദായികമായ വിവാഹാലോചനകളെ നിരസിച്ചു. സ്‌നേഹബന്ധങ്ങളുടെ നൈസർഗ്ഗിക വഴികളെ അന്വേഷിച്ചു കണ്ടെത്തി. ഒപ്പം നാടിനെയും നാട്ടാരെയും അവളുടേതായ കണ്ണുകളിലൂടെ അറിഞ്ഞു. അറിവിന്റേതായ വഴികളിലേക്ക്‌ സ്വയം വിട്ടുകൊടുക്കാൻ കഴിവുളള ശ്രീരാധയുടെ ഇത്തരം ജീവിതാനുഭവങ്ങളാണ്‌ ‘ആദിജലം’ എന്ന നോവൽ.

സമൂഹത്തിലേക്ക്‌ തുറന്നുപിടിച്ച കണ്ണുകളും അവയിലൂടെയുളള നോട്ടങ്ങളും വത്സലയുടെ എല്ലാ കൃതികളിലുമുണ്ട്‌. ഈ കൃതിയും ഇക്കാര്യത്തിൽ വ്യത്യസ്‌തമല്ല. ചൂഷണം, കലാപം, മതതീവ്രവാദം, കൂട്ടക്കൊല, രാഷ്‌ട്രീയ പ്രവർത്തനങ്ങളിലെ ജീർണത, തൊഴിലില്ലായ്‌മ, ഉദ്യോഗസ്ഥകളുടെ പാർപ്പിടപ്രശ്‌നം, സമുദായ ധ്രുവീകരണം, ആൾദൈവങ്ങൾ എന്നിങ്ങനെ വർത്തമാനകാല ജീവിതത്തിലെ പ്രശ്‌നങ്ങളും അനുഭവങ്ങളും ഈ കൃതിയിലുമുണ്ട്‌. അപ്പോൾ ഒരു വ്യക്തിയുടെ സ്വകാര്യവും തീക്ഷ്‌ണവുമായ അനുഭവങ്ങളുടെ ആഖ്യാനം എന്നതിലുപരി സമൂഹത്തിന്റെ പരിച്ഛേദം അവതരിപ്പിക്കാനുളള ശ്രമമായി ഈ കൃതി മാറുന്നു. “ശ്‌മശാനം എവിടെയെന്ന്‌ ശ്രീരാധ ചോദിച്ചു. പട്ടണം മുഴുവനും. ഓരോ ദിവസം ഓരോ ദിക്കിൽ.” ഈ വാക്യങ്ങളുടെ മുഴക്കം ഈ കൃതിയിൽ മുഴുവനും ആവർത്തിക്കുന്നു. കലാപത്തെയും വിലാപത്തെയും ഹർത്താലിനെയും പ്രതീക്ഷിച്ചിരിക്കുന്ന ജനക്കൂട്ടമായി സമൂഹം മാറിയിരിക്കുന്ന ഒരു കാലത്തിന്റെ സൃഷ്‌ടിയാണ്‌ ഈ കൃതി.

വീടിനാൽ തിരസ്‌കരിക്കപ്പെട്ടവരോ വീടിന്‌ ഇണങ്ങാത്തവരോ ആയ നായികമാർ വത്സലയുടെ കഥാലോകത്തിൽ ആവർത്തിച്ചു കടന്നുവരുന്നു. വീട്‌ സ്വച്ഛതയുടെയും സമാധാനത്തിന്റെയും ഇഴ മാത്രമല്ല, കോയ്‌മയുടെയും നിരാസത്തിന്റെയും ഇടംകൂടിയാണെന്ന്‌ ഈ നായികമാർ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. ശ്രീരാധയും ഇവരുടെ പിൻഗാമിയാണ്‌. ഹോസ്‌റ്റലും വീടും തമ്മിലുളള വ്യത്യാസങ്ങൾ മാത്രമല്ല അവളെ വീടുവിടാൻ പ്രേരിപ്പിക്കുന്നത്‌. അതിനകത്തെ അധികാരത്തിന്റെ ഇടപെടലാണ്‌ കാരണം. സ്വാതന്ത്ര്യങ്ങളെ തടവിലിടുന്ന വീടിനെ വിട്ടുകളയാൻ അവൾ ആഗ്രഹിക്കുന്നു. ചിന്ത, ചലനം, സൗഹൃദം, ഭക്ഷണശീലങ്ങൾ എന്നിവയിലെല്ലാം സ്വാതന്ത്ര്യത്തിന്റെ ഭിന്നതലങ്ങൾ അവൾ നിലനിർത്തുന്നു. ഇങ്ങനെയൊക്കെ ശ്രീരാധയെ അവതരിപ്പിക്കുന്നുണ്ടെങ്കിലും ഈ സമൂഹത്തെക്കുറിച്ച്‌ പറയാനാണ്‌ കഥാകാരി ശ്രമിക്കുന്നത്‌. അത്‌ വത്സലയുടെ കൃതികളുടെ പൊതുപ്രത്യേകതയാണ്‌.

വത്സലയുടെ ചെറുകഥകളിൽ ഒറ്റയൊറ്റയായി നില്‌ക്കുന്ന കഥാപാത്രങ്ങൾ ഈ നോവലിലും കഥാപാത്രമായി വരുന്നു. കാലാൾ കാവലാൾ, ഏണാങ്കൻ എന്നീ കഥകളിലെ കഥാപാത്രങ്ങൾ ഈ നോവലിൽ അതേപടി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. കാലാൾ കാവലാൾ എന്ന കഥയിലെ ‘കാവൽക്കാരൻ’ നടത്തുന്ന കൊല ഈ കൃതിയിലെ മുരുകൻ നടത്തുന്നില്ല എന്ന വ്യത്യാസം മാത്രമുണ്ട്‌. ശ്രീരാധയുമായുളള സൗഹൃദവും സഹശയനവും നോവലിലെ ഏണാങ്കന്‌ കൂടുതലായി ഉണ്ട്‌. നോവൽ ആയതിനാൽ ചെറുകഥയിലേതിനേക്കാൾ ഇത്തിരി അനുഭവങ്ങൾ കൂടുതലുണ്ടാകുന്നത്‌ നല്ലതുതന്നെ. പീഡനങ്ങളിൽനിന്ന്‌ കരുത്തുനേടി പ്രകൃതിയുടെ മഹാകാരുണ്യങ്ങളുടെ ഭാഗമായിത്തന്നെ പ്രതിഷ്‌ഠിച്ച നാഗമണി പൂശാരിച്ചി ഈ നോവലിലെ പ്രത്യേകതകളുളള കഥാപാത്രമാണ്‌. അവൾ ആത്മയാതനകളുടെ ബലിപീഠത്തിൽനിന്ന്‌ അപരന്റെ യാതനകളിലേക്ക്‌ തന്നെത്തന്നെ രൂപാന്തരപ്പെടുത്തുന്നു. നാഗമണിയുടെ മുഖത്തു കാണുന്ന വെളിച്ചം സങ്കടക്കുപ്പായങ്ങൾ ഊരിയെറിഞ്ഞ ഒരാത്മാവിന്റേതാണ്‌. സങ്കടക്കുപ്പായങ്ങളിൽ ഉടലും ഉയിരും ഞെരിയുന്ന നായികമാരെ വത്സലയുടെ കൃതികളിൽ ആവർത്തിച്ചു കാണാം....

എങ്കിലും ശ്രീരാധ ആദിജലത്തിന്റെ ഉറവുകൾ തേടി നടത്തുന്ന യാത്ര മനുഷ്യവംശംതന്നെ ആത്യന്തികമായ കരുണയുടെയും മാനവികതയുടെയും ഉറവകൾ തേടി നടത്തേണ്ടുന്ന യാത്രയാകുന്നു. ഇത്തരം അതിജീവനസാധ്യത മനുഷ്യർ അന്വേഷിക്കേണ്ടിയിരിക്കുന്നു. പകയുടെ വഴികളിൽനിന്ന്‌ ഉപാധിയില്ലാത്ത സ്‌നേഹത്തിലേക്കും നിരാശകളിൽനിന്ന്‌ പ്രതീക്ഷാഭരിതമായ നാളുകളിലേക്കും മനുഷ്യരെ നയിക്കാൻ ഇത്തരം അന്വേഷണങ്ങൾ ആവശ്യമാണെന്ന്‌ ഈ കൃതി ഓർമ്മിപ്പിക്കുന്നു.

ആദിജലം, വത്സല, ഡി സി ബുക്‌സ്‌, വില ഃ 85.00

മ്യൂസ്‌ മേരി ജോർജ്‌

യു.സി. കോളേജ്‌,

ആലുവ.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.