പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

എഴുതിവച്ചതും എഴുതാതെവച്ചതും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോസ്‌ പനച്ചിപ്പുറം

മേഴ്സി രവിയെ മേഴ്സിച്ചേച്ചി എന്നു ഞാൻ വിളിച്ചത്‌ അവർ സജീവ രാഷ്ര്ടീയത്തിന്റെ പെരുവഴിയിലിറങ്ങുന്നതിനും എം.എൽ.എ ആകുന്നതിനും മുൻപാണ്‌. വയലാർ രവിയോടൊപ്പം പൊതുജീവിതത്തിന്റെ മുഖ്യധാരയിലെത്തുന്നതിനു മുൻപേതന്നെ വായനയുടെയും എഴുത്തിന്റെയും സ്വകാര്യവഴിയിലൂടെ അമ്പിളിയമ്മാമന്റെ വലിപ്പമുള്ള പൊട്ടും തൊട്ട്‌ മേഴ്സി രവി നടന്നിരുന്നു.

വയലാർ രവിയുടെ ഡൽഹിജീവിതം മേഴ്സി രവിക്കു സമ്മാനിച്ചത്‌ വായനയുടെ വലിയൊരു വസന്തമാണ്‌. പാർലമെന്റ്‌ ലൈബ്രറി അവർക്കൊരു സ്വർണഖനിയായി. അവിടത്തെ അത്യപൂർവ ഗ്രന്ഥങ്ങളിലൂടെ സഞ്ചരിച്ച്‌ മേഴ്സിച്ചേച്ചി കണ്ടെത്തിയ കഥയ്‌ക്കും കാര്യങ്ങൾക്കും കണക്കില്ല.

വായനയുടെ ഈ പാർലമെന്ററി പാരാവാരം അവരുടെ എഴുത്തിനു വലിയ പ്രചോദനമായി. പക്ഷേ, എഴുതേണ്ടതും എഴുതാമായിരുന്നതുമായ പലതും എഴുതപ്പെടാതെ പോയി എന്ന ദുഃഖമുണ്ട്‌. ആ ദുഃഖത്തിന്‌ ഒരു കാരണം രാഷ്ര്ടീയം നോക്കാതെ മേഴ്സിച്ചേച്ചിയോടൊപ്പം സഞ്ചരിക്കുന്ന രോഗങ്ങളാണ്‌. എന്നാൽ അതിനെക്കാൾ വലിയൊരു കാരണം, വരമൊഴിയിലെത്തും മുൻപ്‌ അവയൊക്കെയും വാമൊഴിയായി പറഞ്ഞുപോയതാണെന്ന്‌ എനിക്കു തോന്നിയിട്ടുണ്ട്‌.

ഡൽഹിയിൽ വച്ചു വായിച്ച എത്രയെത്ര പുസ്തകങ്ങളെപ്പറ്റി എത്രയോ സുദീർഘമായാണ്‌ മേഴ്സിച്ചേച്ചി ഫോണിൽ സംസാരിക്കുക എന്നു ഞാനോർക്കുന്നു. പ്രചോദിതമായ ഒരു വാമൊഴി പ്രവാഹമാണത്‌. ഏതാണ്ട്‌ പുസ്തകത്തിന്റെ ഉള്ളടക്കം മുഴുവനായിത്തന്നെ ഫോണിൽ പറഞ്ഞു തീർത്ത സന്ദർഭങ്ങളുണ്ടായിട്ടുണ്ട്‌. ആശയവിനിമയത്തിന്റെ കാര്യത്തിൽ ഉദാരമായൊരു മേഴ്സിനയം. പറഞ്ഞുതീരാതെ ബാക്കിവെച്ച കാര്യങ്ങളാവണം മേഴ്സിച്ചേച്ചി എഴുതുവാൻ തിരഞ്ഞെടുത്തതെന്നു കരുതണം. നമ്മുടെ സ്വാതന്ത്ര്യസമരത്തിലെ വിസ്മരിക്കപ്പെട്ട ചില കഥകൾ അവർ ചികഞ്ഞെടുത്ത്‌ എഴുതിയതു ഞാനൊർക്കുന്നു. വായനയുടെ പുതിയൊരു അനുഭവമായിരുന്നു എനിക്കത്‌.

2000-2001 കാലത്ത്‌ ആറുമാസക്കാലം മലയാള മനോരമ ദിനപത്രത്തിൽ എല്ലാ വെള്ളിയാഴ്‌ചയും മേഴ്സി രവി എഴുതിപ്പോന്ന ‘വെള്ളിവെളിച്ചം’ എന്ന പംക്തിയാണ്‌ ഈ പുസ്തകത്തിൽ സമാഹരിക്കപ്പെടുന്നത്‌.

പാരലി പൊമേന വിട്ടുപോയ കാര്യങ്ങൾ (ലേഖനങ്ങൾ)

മേഴ്സി രവി

പ്രസാ ഃ കറന്റ്‌ ബുക്സ്‌, വില ഃ 50രൂ.

ജോസ്‌ പനച്ചിപ്പുറം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.