പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

സുതാര്യ സൗന്ദര്യമുള്ള ഒരു കാവ്യപഠനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വി.ജി. തമ്പി

'' ഉറവിനു സമീപം പാര്‍ക്കുന്ന ഒന്നിനും അതിനോടെളുപ്പം വിടപറയാനാവില്ല''

മുറ്റത്തെ മണ്ണെല്ലാം വിഴുങ്ങി വായില്‍ ഈരേഴു പതിനാലു ലോകങ്ങളും കാണിച്ച് അമ്മയെ വിസ്മയിപ്പിച്ച കണ്ണന്റെ ബാല്യഭാവനയാണ് ഓര്‍മ്മ വരുന്നത്. സ്വര്‍ഗ്ഗരാജ്യം ശിശുഹൃദയങ്ങളിലാണ്. അവിടെക്ക് വീണ്ടും പിറക്കണമെന്നാണ് മുതിര്‍ന്ന ലോകത്തോട് ക്രിസ്തു മൊഴിഞ്ഞത്. എല്ലാവരിലുമുണ്ട് ഒരിക്കലും മുതിര്‍ന്നു പോകാത്ത ഒരു കുഞ്ഞ്. ഉള്ളിലുള്ള കുഞ്ഞാണ് നമുക്ക് അത്ഭുതങ്ങള്‍ കൊണ്ടു വരുന്നത് ഒരിക്കലും അസ്തമിക്കാത്ത ജിജ്ഞാസകളും കൗതുകങ്ങളും നിറയ്ക്കുന്നത്. ഭാവനയുടെ ജീവരസം പകരുന്നത് നിഷ്ക്കളങ്കതയുടെ ഐന്ദ്രിയാനുഭവങ്ങള്‍കൊണ്ട് നമ്മെ ആനന്ദിപ്പിച്ചു കൊണ്ടേയിരിക്കുന്നത്. മുതിര്‍ന്ന മനുഷ്യന്റെ മൗലിക പ്രചോദങ്ങളെല്ലാം ശൈശവാനുഭവങ്ങളുടെ മുതിര്‍ന്നവരിലേക്കുള്ള ദൂരം ജീവിതത്തിന്റെ ഉറവുകളില്‍ നമുക്കിടക്കിടെ തിരിച്ചെത്തേണ്ടി വരും. ശൈശവം കൊളുത്തുന്ന അനുഭവങ്ങളുടെ ആദിമ ദീപ്തിയിലേക്ക് മടങ്ങുമ്പോഴാണ് ജീവിതം സ്വപ്നനിര്‍ഭരമാകുന്നത്.

അനുഭവങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും പിറകില്‍ ബാലമനസ്സ് എങ്ങനെയെല്ലാം വേഷപ്പകര്‍ച്ചകളോടേ പ്രവര്‍ത്തിക്കുന്നു എന്ന അന്വേഷണം സര്‍ഗ്ഗാത്കമതയുടെ കാണാപ്പുറങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകും. മനുഷ്യാവസ്ഥയുടെ അഗാധതലങ്ങളിലേക്കുള്ള പാതകള്‍ ശൈശവസ്മൃതികളില്‍ എത്തിച്ചേരും. ബാല്യത്തിന്റെ ഓര്‍മ്മകള്‍ ഭൂതകാലത്തില്‍ തുടങ്ങുകയും ഭാവിയിലേക്ക് ദീര്‍ഘദര്‍ശനങ്ങളായി രൂപാന്തരം ചെയ്യുന്നു. ശൈശവം ഓര്‍മ്മകള്‍ മാത്രമല്ല തരുന്നത് , പുലര്‍ന്നു കാണാനാഗ്രഹിക്കുന്ന ഭാവിയുടെ സാധ്യതകള്‍ കൂടിയാണ്. മനുഷ്യത്വത്തിന്റെ അവസാനപ്രത്യാശ എന്നു പോലും ബാല്യം നിര്‍വചിക്കപ്പെട്ടിട്ടുണ്ടല്ലോ

ബാല്യമനസിന്റെ മുദ്രിതമായ മലയാളകവിതയിലെ ചില മുന്തിയ ഭാവനകളെ അപഗ്രഥിക്കുന്ന ഒരു ഗവേഷണഗ്രന്ഥത്തിലൂടെയാണ് ഞാന്‍ സഞ്ചരിച്ചത്. ഭാവനയുടെ ഉറവിടങ്ങളിലേക്കുള്ള ഒരു തീര്‍ത്ഥാടനം പോലെ ഹൃദ്യമായൊരനുഭവം . ഗവേഷണം മൗലികമായ ജ്ഞാനനി‍ര്‍മ്മിതിക്കായുള്ള ഏകാഗ്രനിഷ്ഠമായ തപസാണ്. ആ പ്രയത്നം സഫലമാകണമെങ്കില്‍ വിഷയത്തില്‍ വിശ്വാസമുണ്ടാകണം. പോരാ പ്രണയവുമുണ്ടാകണം. ഗവേഷണം ചെയ്യുന്ന ആളാകണം അത് ആദ്യം പ്രചോദിപ്പിക്കേണ്ടതും ആനന്ദിപ്പിക്കേണ്ടതും. അയാള്‍ക്കുള്ളിലെ ശക്തി സൗന്ദര്യങ്ങളെ ഉണര്‍ത്താനും ഗവേഷണത്തിനു കഴിയണം. ഗവേഷണം വിശ്വാസത്തിന്റെ ഒരു പ്രവൃത്തി കൂടിയാണ് .അത്തരത്തിലുള്ള മൂല്യസമൃദ്ധമായ സാഹിത്യാനുഭവത്തെയാണ് സെലിന്‍ മാത്യു ഈ പുസ്തകത്തില്‍ സാക്ഷാത്ക്കരിച്ചിരിക്കുന്നത്. ഒരു സന്യാസിനിയുടെ ഗവേഷണ പ്രയത്നം എന്ന നിലയില്‍ ഈ പുസ്തകം എന്നില്‍ കൗതുകമാണ് ജനിപ്പിച്ചത്. പ്രത്യേകിച്ചും ബാല മനസിന്റെ സര്‍ഗ്ഗസിദ്ധികള്‍‍ കവിതകളില്‍ പരിശോധിക്കുന്ന ഒരു രചന ഭാവനയില്‍ , സ്വപ്നത്തില്‍ ഒരു ഉണ്ണിയേശുവിനെ പാലൂട്ടി വളര്‍ത്തുന്ന സന്യാസിനിയുടെ ആനന്ദം ഈ പുസ്തകത്തിലെ വരികളെ പ്രകാശപൂരിതമാക്കുന്നു. ആര്‍ജവമുള്ള ഭാഷയില്‍ പ്രസന്നതയോടെ സ്വപ്നത്തിന്റെയും യുക്തിയുടേയും ധാതുക്കളെ കോര്‍ത്തിണക്കിക്കൊണ്ട് ബാല്യത്തിന്റെ ആത്മലോകത്തിലെ വാതിലുകളോരോന്നായി തള്ളിത്തുറന്നു കൊണ്ട് കാവ്യഭാവനയുടെ ആകാശങ്ങളിലേക്കുള്ള ഈ യാത്ര ഉന്മേഷകരമായി അനുഭവപ്പെട്ടു.

ഭാവനയുടെ നിറവാണല്ലോ ശൈശവം. ഓരോ ബാല്യവും ഓരോ ആകാശമാണ്. അതില്‍ വിരിയുന്ന മഴവില്ലുകളും മിന്നല്‍പ്പിണറുകളും അതിശയകരമായ സൗന്ദര്യം പകരുന്നവയാണ്. ഭൂമിയിലെ നക്ഷത്രങ്ങളെന്നും കുട്ടികള്‍ക്കൊരു സ്തുതിയുണ്ട്. ബാല്യ മനസിനെ പഠിക്കുന്ന ഈ പുസ്തകം മലയാളകവിതയിലെ ഭാവനയുടെ ഭൂമിശാസ്ത്രത്തെ കൂടി അടയാളപ്പെടുത്തുന്നുണ്ട്. കവിതയുടെ വഴി അനുഭവത്തിന്റെ ആദിമ ദീപ്തിയിലേക്ക് ഉന്മുഖമാവുക എന്നതാണെന്ന് തിരിച്ചറിയുന്നുണ്ട് ഈ എഴുത്തുകാരി. നല്ല വണ്ണം കാവ്യാനുഭവശീലനം നേടിയ ഒരു മനസിനു മാത്രമേ ഇത്തരമൊരു പ്രമേയത്തോടു വിശ്വസ്തയാകാന്‍ കഴിയു.

ബാല്യത്തെക്കുറിച്ച് മലയാളത്തില്‍ പഠനങ്ങള്‍ അപൂര്‍വമല്ല. എത്ര അപഗ്രഥിച്ചാലും തൃപതിയാകാത്ത ലോകമാണത് അപ്രവചനീയതയുടെ വിസ്മയലോകം . ബാല്യഭാവനയില്‍ ഒന്നും അന്യമല്ല യുക്തിക്കും അയുക്തിക്കും അപ്പുറമുള്ള ഇന്ദ്രിയാതീതമായ ഒരു അതിശയലോകം. ഒരു കുട്ടിക്ക് ഒരു ചുവന്ന കാക്കയെ വരയ്ക്കാനോ, മഞ്ഞ മനുഷ്യനെ വരയ്ക്കാനോ പ്രയാസമില്ല. ബാല്യത്തിന്റെ ഭാവന മുതിര്‍ന്നവര്‍ വരച്ചവയെ മായിച്ചു വരക്കാനുള്ള ധീരതയാണ്. ഇതുകൊണ്ടായിരിക്കാം ബാല്യത്തെ മുതിര്‍ന്നവര്‍ ഭയപ്പെടുന്നത്. എല്ലാ സംസ്ക്കാരങ്ങളും ബാല്യത്തോട് ആ ഭയം കാണിച്ചിട്ടുണ്ട്. ഉണ്ണീയേശു പിറന്നപ്പോള്‍ ആ പിറവിയെ ഭയപ്പെട്ട ആയിരം കുഞ്ഞുങ്ങളാണ് രക്തസാക്ഷികളായത്. ഉണ്ണികൃഷ്ണന്റെ പിറവിയിലും അപ്രകാരമൊന്ന് സംഭവിച്ചു. മുതിര്‍ന്നവരുടെ ലോകം എത്ര കഠിനമായ രീതികളിലാണ് ബാല മനസുകളെ മുരടിപ്പിക്കുന്നതും മന്ദബുദ്ധികളാകുന്നതും എന്നുള്ളതിനെക്കുറിച്ചുള്ള പഠനങ്ങള്‍ ഇന്നേറെ പ്രസക്തമായി വരുന്നുണ്ട്.

ബാലമനസിനെ മലയാള ഭാവനയില്‍ കണ്ടെത്തുന്ന ഈ ഗ്രന്ഥം അക്കാദമിക് മൂല്യങ്ങളോടൊപ്പം സമകാലിക സാംസ്ക്കാരിക പ്രസക്തിയും അന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഒരു പുസ്തകം പറയാതെ പറയുന്ന കാര്യങ്ങളാണ് ഏറ്റവും സത്യസന്ധമായിരിക്കുക ബാലമനസിന്റെ പ്രചോദനങ്ങളെ ലഭ്യമായ എല്ലാ മനശാസ്ത്ര ഉപകരണങ്ങള്‍കൊണ്ടും ദാര്‍ശനിക ആശയങ്ങള്‍കൊണ്ടും സമൃദ്ധമാക്കുവാന്‍ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്. മഹാകവിത്രരചനകളുടെ വായനക്കും നിരൂപണത്തിനും പുതിയ മാനങ്ങള്‍ നല്‍കി വിപുലമാക്കാനുള്ള ധൈഷണിക സജ്ജീകരണങ്ങള്‍ കൊണ്ടും സമ്പന്നമാണ് ഈ ഗ്രന്ഥം.

കേരളകവിതയുടെ ചരിത്രത്തില്‍ ആശാനും വള്ളത്തോളും ഉള്ളൂരും വരുത്തിയ ഭാവുകത്വപരിവര്‍ത്തനങ്ങളേയും ദാര്‍ശനികവിസ്തൃതിയെയും ആഴങ്ങളേയും സങ്കീര്‍ണ്ണതകളെയും നവീകരണങ്ങളേയും കുറിച്ച് മറ്റൊരു പഠനമാവശ്യമില്ല. മലയാളികളുടെ ആത്മഭാവനയെ നിര്‍മ്മിച്ച കവികളുടെ സര്‍ഗ്ഗപ്രപഞ്ചം അത്രയധികം ഗവേഷണം ചെയ്തു കഴിഞ്ഞിട്ടുള്ളതാണ്. എന്നാല്‍ കവികളുടെ സൂക്ഷമായ ശിശുഹൃദയജ്ഞാനം വേണ്ടതു പോലെ തിരിച്ചറിയപ്പെട്ടിട്ടുണ്ടോ എന്ന് സംശയം. കുട്ടികളോട് കുട്ടികള്‍ക്കു വേണ്ടി എഴുതിയ ബാലകവിതകള്‍ ഒരുമിച്ചെടുത്ത് താരതമ്യം ചെയ്ത് അവയുടെ അനന്യത കണ്ടെത്താനുള്ള താത്ത്വികവിചാരപദ്ധതികള്‍ അത്രയൊന്നും നടന്നതായി അറിവില്ല.

മഹാകവിയത്രത്തിന്റെ ബാലകവിതകളില്‍ ഒതുക്കിനിര്‍ത്തിക്കൊണ്ടല്ല ഈ ഗ്രന്ഥം ശൈശവമനസ്സിനെ പഠിക്കുന്നത്. ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളും സംഘര്‍ഷങ്ങളും ആഴക്കാഴ്ചകളും മലയാ‍ളിയുടെ മുമ്പില്‍ അവതരിപ്പിച്ച കുമാരനാശാനും വള്ളത്തോളും ഉള്ളൂരും തങ്ങളുടെ സര്‍ഗ്ഗഭാവനെയെ പൂരിപ്പിച്ച ബാല്യാവിഷ്ക്കാരങ്ങളെ വിശദമാക്കുന്ന ഈ പുസ്തകം ബാലമനസിനെ വിദഗ്ദമായി ആഖ്യാനം ചെയ്യുന്നുണ്ട്. ബാലമനസിന്റെ സ്വരൂപം അതിരുവിട്ട് നിര്‍വചിച്ച് ഒതുക്കാനാവുന്നതല്ല എന്ന് ആദ്യ അധ്യായത്തില്‍ സമര്‍ത്ഥിക്കുന്നു. അനിശ്ചിതവും അപ്രവചനീയവുമായ അന്തമറ്റ പ്രവണതകളും വൈകാരിക തരംഗങ്ങളും അതിനുണ്ട്. ബാല മനസ്സിനെക്കുറിച്ച് പരസ്പര വിരുദ്ധമായ കാഴചപ്പാടുകളും മന:ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ നിലനില്‍ക്കുന്നു എന്നതും ഇവിടെ കാണാതിരിക്കുന്നില്ല. നിഷ്കളങ്കത , വൈകാരികത, ഭാവനാത്മകത, സ്വാര്‍ത്ഥത എന്നീ വേര്‍തിരിവുകളില്‍ നിര്‍ത്തി ബാല്യാനുഭവത്തെ യുക്തിഭദ്രമായി നിര്‍വചിക്കാന്‍ ശ്രമിക്കുകയാണ്. ബാലകവിതകള്‍പ്പറുത്തുള്ള അത്യന്തം സങ്കീര്‍ണ്ണവും ഗഹനവുമായ ഭാവനാലോകത്തെ ആവിഷ്ക്കരിച്ച മഹാകവിയത്രത്തിന്റെ രചനകളില്‍ നിന്നും ബാല്യം എന്ന പ്രമേയത്തിന്റെ അകവും പുറവും സമഗ്രമായി പരിശോധിക്കുന്നു. സുതാര്യതയുടെ സൗന്ദര്യമുള്ള പ്രതിപാദനം ഈ ഗവേഷണകൃതിയെ ആകര്‍ഷണീയമാക്കുന്നു. ദൃഷ്ടാന്തങ്ങളുടെ നിറവുണ്ട് യുക്തി‍ബലമുണ്ട് ആസ്വാദനമാധുര്യമുണ്ട് മൂല്യ സമൃദ്ധമായ ആശയങ്ങള്‍കൊണ്ടും അനുഗ്രഹീതം.

എല്ലാ കവികള്‍ക്കുമുണ്ട് സ്വകീയമാ‍യ ശൈശവാനുഭവങ്ങളുടെ തിരയേറ്റങ്ങള്‍. സ്വാതന്ത്ര്യദാഹമാണ് കുമാരനാശാന്റെ പ്രാണനെങ്കില്‍ ഉള്ളൂരിനത് ആത്മസംസംസ്ക്കാരമാണ്. വള്ളത്തോളില്‍ സൗന്ദര്യലഹരിയായി ഇളകി മറിയുന്നു. ബാല്യത്തിന്റെ പല ദശകളിലാണ് ഈ കവികളുടെ നില്‍പ്പ്. ആദിബാല്യമാണ് വള്ളത്തോളെങ്കില്‍ അന്ത്യബാല്യമാണ് കുമാരനാശാന്റേത് എന്നാണ് ഈ പുസ്തകത്തിലെ സൂക്ഷ്മനിരീക്ഷണം. ആശാന്റെ ബാലമനസ്സ് പക്വഭാവത്തിലും ഉള്ളൂ‍രിന്റേത് പിതൃഭാവത്തിലും വള്ളത്തോളില്‍ ശിശുഭാവത്തിലും നിറവാര്‍ന്ന അനുഭവമാകുന്നുവെന്നാണ് എഴുത്തുകാരിയുടെ കണ്ടെത്തല്‍.ബാല്യത്തെ ആവിഷ്ക്കരിക്കുന്ന വഴികളിലും വ്യത്യാസമുണ്ട്. ആശാനില്‍ ആത്മഭാഷണവും ഉള്ളുരില്‍ സംഭാഷണാത്മകതയും വള്ളത്തോളില്‍ നാ‍ടകീയതയുമാണ്. ആഖ്യാന വ്യതിരിക്തതകളെന്ന നിഗമനവും ശ്രദ്ധേയമായിരിക്കുന്നു. കവയത്രികള്‍ ബാലമനസ്സുമായി ഏതേതളവുകളിലാണ് താദാത്മ്യപ്പെടുന്നതെന്ന നിരീക്ഷണവും കൗതുകരമാണ്. സൈതാദ്ധാന്തികശാഠ്യങ്ങളോ മുന്‍ വിധികളോ തീണ്ടാതെയുള്ള താദാത്മ്യപ്പെടുന്നതെന്ന നിരീക്ഷണങ്ങളാണ് എഴുത്തുകാരി പുലര്‍ത്തിയിട്ടുള്ളത് .

എഴുത്തു പള്ളീകളില്‍ പോകാതെ എഴുത്തോല ചുമക്കാതെ അധ്യാപകരുടെ അടികൊള്ളാതെ കളിച്ചുല്ലസിച്ചു നടക്കുന്ന കിളികള്‍ കുമാരനാശാന്റെ ആകാശത്തിലേറെയുണ്ട്. സ്വാതന്ത്ര്യമാണ് കിളി. സ്വാതന്ത്ര്യമാണ് കവിത. നളിനിയിലും ലീലയിലും സീതയിലും ബാല്യം ശക്തമാണ്. ജീവിതം അവരോട് കരുണയില്ലാതെ പെരുമാറിയപ്പോഴൊക്കെ അവര്‍ ബാല്യകാലത്തിലേക്ക് ദാഹത്തോടെ തിരിച്ചൊഴുകുകയായിരുന്നു. ദിവാകരയോഗി തനിക്ക് വശപ്പെടില്ലെന്നുറപ്പായപ്പോള്‍ അവനെ ബാല്യകാലസ്മരണകളിലേക്ക് നളിനി കൂട്ടിക്കൊണ്ടു പോകുകയാണ്. ‘ ബാല്യമെനിക്കു തിരിച്ചുതരുന്നോര്‍ക്ക് മൂല്യമായ് ഞാന്‍ നല്‍കാം സര്‍വ്വസ്വവും’ എന്നാണ് ഉള്ളൂരുന്റെ ഹൃദയം പിടയുന്നത്. വ്രണിതവും വ്യഥിതവുമായ ഏകാന്തതകളെ അനുഭവിക്കേണ്ടി വരുമ്പോഴെല്ലാം ഈ കവികളുടെ മുതിര്‍ന്ന ലോകങ്ങള്‍ ബാല്യത്തെ വിളിച്ചുണര്‍ത്തുകയാണ്. വേണ്ടത്ര പ്രചോദനങ്ങളിലാതെ എഴുതിയ കവിത വള്ളത്തോളിന്റെ കുഞ്ഞ് കീറിക്കളഞ്ഞു. പ്രചോദങ്ങളില്ലാതെ മുതിര്‍ന്ന ലോകത്തെ കുഞ്ഞുങ്ങള്‍ സഹിക്കില്ലെന്നായിരിക്കും കാറ്റില്‍പ്പറന്ന കവിതയില്‍ വള്ളത്തോള്‍ പറയാനാഗ്രഹിച്ചിണ്ടാവുക. ബാല്യത്തിന്റെ നിസ്തുലഭാവങ്ങള്‍ക്കൊപ്പം അതിലെ ക്രൂരതയും സ്വാര്‍ത്ഥതയും, എഴുത്തുകാരി നിരീക്ഷണവിധേയമാക്കിയിട്ടുണ്ട്. അതോടൊപ്പം ആണ്‍ബാല്യവും പെണ്‍ബാല്യവും വ്യത്യസ്ത വഴികള്‍ തിരയുന്നതിനെക്കുറിച്ചുള്ള കാഴ്ചകളുമുണ്ട്.

കുട്ടികള്‍ മുതിര്‍ന്നവര്‍ക്ക് കുത്തിവരച്ചിടാനുള്ള കാലി സ്ലേറ്റോ, വെള്ളക്കടലാസോ , വാരിനിറക്കാനുള്ള ഒഴിഞ്ഞ പാത്രമോ അല്ല. കുട്ടികള്‍ കുലീനന്മാരായ പ്രകൃതരും ശരിതെറ്റുകളെക്കുറിച്ചുള്ള ധാരണയുള്ളവരുമാണെന്ന റൂസ്സോയുടെ വിവേകമാര്‍ന്ന കാഴചപ്പാടാണ് ഈ പുസ്തകം സ്വീകരിക്കുന്ന പൊതുനിലപാട് . എന്നാല്‍ കുട്ടികളുടെ മനസ്സ് ശുദ്ധം, നിര്‍മ്മലം, മൃദുലം, അഴുക്കുപുരളാത്ത കണ്ണാടി, കറപിടിക്കാത്ത പുതുവസ്ത്രം , പുതിയ പൂവ് എന്ന രീതിയിലുള്ള നൈര്‍മല്യങ്ങളെയും എഴുത്തുകാരി ഹൃദയത്തിലണച്ചു പിടിക്കുന്നു.

മഹാകവയിത്രയ കവിതകളെ ബാല്യകാമനകള്‍കൊണ്ട് പൂരിപ്പിക്കാനുള്ള മികച്ച അക്കാദമിക് സംരംഭം എന്ന നിലയില്‍ ഈ പുസ്തകത്തിന് തിളക്കങ്ങളേറെയുണ്ട്. ഭാവനയുടേയും സ്വപ്നങ്ങളുടെയും മേലുള്ള കയ്യേറ്റമാണ് നമ്മുടെ കാലത്തിന്റെ ഏറ്റവും വലിയ സാംസ്ക്കാരിക ദുരന്തം. ഭാവനയുടെ അന്ത്യമെന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ കാലത്തോട് ഈ പുസ്തകം ചില ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തുന്നുണ്ട് . ബാല്യത്തിന്റെ സിദ്ധികളെന്തെന്നറിയുക അവയെ ജീവിതത്തോട് കൂട്ടിത്തൊടുവിക്കുക, മഹാകവിത്രയ കവിതകളിലെ അത്തരമൊരു ഭാവാനാസഞ്ചാരത്തോടൊപ്പം മലയാളികള്‍ക്കൊരു വായനയുടെ പുതുപാതയൊരുക്കുകയാണ് ഈ ഗ്രന്ഥം. ഇതൊരു പ്രതിരോധാഖ്യാനം കൂടിയാണ്. ഒരു ഗവേഷണഗ്രന്ഥത്തില്‍ ഇത്തരം ഒരു സാംസ്ക്കാരിക ധര്‍മ്മം കൂടി നിറവേറ്റാന്‍ കഴിയുന്നുവെന്നത് വായനയുടെ വഴിയെ അത്യന്തം പ്രചോദനാത്മകമാക്കുന്നു.

വി.ജി. തമ്പി

ജേതവനം,

തൃശൂർ - 680 020




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.