പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

വർത്തമാന യാഥാർത്ഥ്യത്തിന്റെ ഒരു ചീള്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ.കെ.എസ്‌.രവികുമാർ

പുസ്‌തകപരിചയം

മനുഷ്യാവസ്ഥയെക്കുറിച്ചും അതിനെ നിർണ്ണയിക്കുന്ന യാഥാർത്ഥ്യങ്ങളെക്കുറിച്ചും പുലർത്തുന്ന ആത്മാർത്ഥതയും ഉത്‌കണ്‌ഠകളുമാണ്‌ എഴുത്തുകാരന്റെ വാക്കുകൾക്ക്‌ അർത്ഥവും പ്രസക്തിയും നല്‌കുന്നത്‌. പ്രത്യേകിച്ച്‌, നാം ജീവിക്കുന്നതുപോലെയുളള ഒരു ചരിത്ര-സാമൂഹിക സാഹചര്യത്തിന്റെ രാഷ്‌ട്രീയവും നൈതികവുമായ സങ്കീർണ്ണതകൾ പീഡാകരമായി വളർന്നുകൊണ്ടിരിക്കുമ്പോൾ അത്തരമൊരു നിലപാടിന്റെ അനിവാര്യത വർദ്ധിക്കുന്നു. മൂലധനത്തിനുമേൽ നിയന്ത്രണാധികാരം പുലർത്തുന്ന ശക്തികളുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ താൽപര്യങ്ങൾക്ക്‌ ഇരയാവുകയാണ്‌ ഇവിടത്തെ സാധാരണ മനുഷ്യർ. അവർ ചൂഷണം ചെയ്യപ്പെടുന്നു; വഞ്ചിക്കപ്പെടുന്നു; മനുഷ്യരായി ജീവിക്കാനുളള പരിമിതമായ സാഹചര്യം പോലും ലഭിക്കാതെ ഞെരിയുന്നു.

ഈ സ്ഥിതിവിശേഷത്തെ കൂടുതൽ യാതനാഭരിതമാക്കുന്നതാണ്‌, ഉപഭോക്തൃവ്യവസ്ഥയുടെ പുതിയ ചൂഷണങ്ങൾ. സ്വന്തം കാലത്തിന്റെയും അവസ്ഥയുടെയും നിശിത യാഥാർത്ഥ്യങ്ങളിൽ നിന്ന്‌ അവനെ താല്‌ക്കാലികമായെങ്കിലും മാറ്റിനിറുത്താൻ പാകത്തിൽ മായിക സ്വപ്‌നങ്ങളുടെ കൂടാരങ്ങളിലേക്ക്‌ പരസ്യങ്ങൾ, സമ്മാനപദ്ധതികൾ തുടങ്ങിയ ഉപാധികളിലൂടെ അവനെ നയിക്കുന്നു. അല്‌പമാത്രമായ അദ്ധ്വാനഫലം പോലും പിടിച്ചുപറിക്കാനായി അവർ പുഞ്ചിരിച്ച്‌, വിനയം നടിച്ച്‌ കെണിയൊരുക്കുന്നു. ആ മായികതയിൽ ഭ്രമിക്കുന്നവന്റെ കാല്‌ക്കീഴിലെ മണ്ണ്‌ ഒലിച്ചുപോകുന്നത്‌ അവൻ അറിയാതെ പോകുന്നു. അവിടെ ആഗോളവാണിജ്യ സംസ്‌കൃതിയുടെ ലക്ഷ്യം സാക്ഷാത്‌കൃതമാകുകയാണ്‌. നമ്മുടെ നാട്ടിലെ-ലോകത്തിന്റെ പല കോണുകളിലെയും-സാധാരണക്കാർ എച്ചിൽ മനുഷ്യരായി നിരാകൃതരും ഭ്രഷ്‌ടരുമായി അതിജീവനത്തിന്‌ ആകുലപ്പെടുന്നു. ജീവിതം എന്ന യാഥാർത്ഥ്യത്തെത്തന്നെ വിഭ്രാമകമാക്കിത്തീർക്കുന്ന, അസംബന്ധ നാടകമാക്കിത്തീർക്കുന്ന, ഈ സ്ഥിതിവിശേഷത്തെക്കുറിച്ചുളള ഒരു ആലേഖനമാണ്‌ ചന്ദ്രബാബു പനങ്ങാടിന്റെ ‘വിട്ടുപോയത്‌ പൂരിപ്പിക്കാൻ ദൈവത്തിനൊരവസരം.’ സമകാലികാവസ്ഥയെക്കുറിച്ചുളള ഉത്‌കണ്‌ഠകൾ മുഴങ്ങുന്ന, യാഥാർത്ഥ്യത്തിന്റെ ചീളുകൾ എറിച്ചു നിൽക്കുന്ന ഒരു ചെറുരചനയാണിത്‌.

നമ്മുടെ ആനുകാലിക രാഷ്‌ട്രീയാവസ്ഥയിലെ പല പ്രവണതകളുടെയും വിമർശനം വിരുദ്ധോക്തി തുടിക്കുന്ന വാങ്ങ്‌മയങ്ങളിലൂടെ, വക്രീകൃതമായ കഥാപാത്ര കല്‌പനയിലൂടെ ഈ കൃതിയിൽ തെളിഞ്ഞുവരുന്നു. അധികാരം, ചൂഷണം, അഴിമതി തുടങ്ങിയവയുടെ അവിഹിതക്കൂട്ടായ്‌മയുടെ ഇരയായിപ്പോകുന്ന താഴെത്തട്ടിലെ മനുഷ്യരുടെ യാതനാപർവ്വങ്ങളിൽ നിന്നുളള ഏടുകളാണവ. ഗ്രാമപഞ്ചായത്തിന്റെ അച്‌ഛൻ പ്രസിഡന്റിലൂടെയും മകൻ പ്രസിഡന്റിലൂടെയും കുടംബകുത്തകകളായി മാറുന്ന ജനാധിപത്യാധികാര സ്ഥാപനങ്ങൾ ഇതിൽ തെളിഞ്ഞു വരുന്നുണ്ട്‌. അധികാരം കുടുംബവാഴ്‌ചയാക്കാനായി കാലാകാലങ്ങളിൽ കക്ഷികളിൽ മാറിമാറി ചേക്കേറുന്നവരാണ്‌ അച്‌ഛനും മകനും. ആ അധികാരത്തിന്റെ ബലത്തിൽ സാധാരണക്കാരെ ചൂഷണം ചെയ്‌തും വിടുവേലക്കാരും പിണിയാളുകളുമാക്കിയും ചിലരെ ബലിയാടുകളാക്കിയും ആ വാഴ്‌ച തുടരുന്നു. സാമ്പത്തികമായും ലൈംഗികമായും ഉളള ചൂഷണങ്ങളും ഒപ്പം തുടർന്നുകൊണ്ടിരിക്കുന്നു. ആ ദുരിതം അനുഭവിക്കാൻ വിധിക്കപ്പെട്ടവരിൽ നീറിപ്പുകയുന്ന രോഷവും അതുളവാക്കുന്ന വിങ്ങലും ആണ്‌ ഈ ആഖ്യാനത്തിലുളളത്‌. സക്രിയമായ പ്രതിരോധത്തിന്റെ തലത്തിലേക്ക്‌ അത്‌ വളരാൻ തുടങ്ങുന്നതിന്റെ സൂചനകളും ചിലയിടത്തുണ്ട്‌.

മുപ്പത്തഞ്ചാംവയസ്സിലും മാറ്റമില്ലാതെ തുടരുന്ന ക്ലാവു പിടിച്ച ജീവിതമാണ്‌ പ്രസിഡന്റിന്റെ വിടുപണിക്കാരിയായ വിമലയുടേത്‌. അവൾക്ക്‌ വിശ്വസിക്കാനാവാത്തവിധം മറവിയിലാണ്ടുപോയ ബാല്യസ്‌മൃതിയാണ്‌ രാമൻകുട്ടി എന്ന കുട്ടിക്കാലച്ചങ്ങാതി. പ്രസിഡന്റിന്റെ ഹീനതന്ത്രത്തിലൂടെ ചെറുപ്പത്തിലേ അവൻ തിരോധാനം ചെയ്‌തു. അവന്റെ തിരിച്ചുവരവിനെക്കുറിച്ചുളള പ്രതീക്ഷകൾ നൽകിക്കൊണ്ട്‌ വീണ്ടും അവളെ ചൂഷണത്തിനു വിധേയയാക്കുകയാണ്‌ അധികാരത്തിന്റെ പിണിയാളുകൾ. ഭ്രഷ്‌ടരാക്കപ്പെട്ട, അരികുകളിലേക്ക്‌ ഒതുക്കപ്പെട്ട, താഴേത്തട്ടിലുളള സ്‌ത്രീജീവിതത്തിന്റെ മൂർത്തരൂപമാണവൾ. കണ്ണകി അനുഭവിച്ചതിനെക്കാൾ തീവ്രമായ ദുഃഖം അനുഭവിച്ചിട്ടും കണ്ണകിയാവാൻ കഴിയാത്തവൾ. ഇന്നത്തെ സ്‌ത്രീയുടെ ആ ഗതികേടിന്റെ വിങ്ങലും വീർപ്പും വിമലയിലുണ്ട്‌.

ചൂഷണവ്യഗ്രമായ അധികാര വ്യവസ്ഥയുടെ നിലനില്‌പിന്‌ സഹായിച്ചുകൊണ്ട്‌ ആഗോളവാണിജ്യ കുത്തകകളുടെ നീരാളിക്കൈകൾ ഏറെ നീണ്ടുവരുന്നകാലമാണിത്‌. ലോകത്തിന്റെ ഏതു കോണിലേയും ഏതു പാവപ്പെട്ടവനെയും അവർ ലക്ഷ്യമാക്കുന്നു. പ്രതീക്ഷകളില്ലാത്ത ജീവിതത്തിന്‌ പ്രതീക്ഷ പകരുക, സുഖാനുഭവങ്ങളുടെ വ്യാമോഹങ്ങളിലേക്കു നയിക്കുക, താത്‌ക്കാലികമായ സൗഖ്യപ്രതീതികൾ നൽകി പണം പിടുങ്ങുക, അതിനു വഴങ്ങാതിരിക്കുകയോ ഇടയ്‌ക്ക്‌ ഇടയുകയോ ചെയ്യുന്നവരെ പേശീബലം കൊണ്ട്‌ കീഴ്‌പ്പെടുത്തുക, കഴിയുമെങ്കിൽ ഇല്ലായ്‌മ ചെയ്യുക-ഇതൊക്കെയാണ്‌ അവരുടെ രീതികൾ. ബീഡിപ്പാക്കറ്റിലെ സ്‌ക്രാച്ച്‌ ആൻഡ്‌ വിൻ കടലാസ്‌ ചൂണ്ടി ‘സ്വിസ്സ്‌ യാത്ര’ സമ്മാനം നേടിയ കുട്ടിശ്ശങ്കരൻ ഇതിന്റെ ഇരയാണ്‌. ആ സമ്മാനലബ്‌ധിയുടെ ആത്യന്തിക നേട്ടം, അദ്ധ്വാനമിച്ചമായി സൂക്ഷിച്ചിരുന്ന ഇത്തിരികാശും പോയി, ഹോട്ടലിലെ ഗുണ്ടകളുടെ കയ്യേറ്റത്തിൽ നട്ടെല്ലിനു ക്ഷതവും പറ്റി എന്നതാണ്‌. ചുമട്ടുതൊഴിലാളിയുടെ നട്ടെല്ലൊടിഞ്ഞാൽ പിന്നെ അവന്റെ ഗതിയെന്താകും? കുട്ടിശങ്കരന്റെ നട്ടെല്ലിനേൽക്കുന്ന ആ ക്ഷതം ഒരു ജനതയുടെ അവസ്ഥയെക്കുറിച്ചുളള കുട്ടിശ്ശങ്കരന്റെ പ്രതീകാത്മകാവിഷ്‌കാരമാണ്‌.

ഉദാരമായ വായ്‌പകളിലൂടെയും ഭാഗ്യസമ്മാനപദ്ധതികളിലൂടെയും ഭാഗ്യക്കുറികളിലൂടെയും മറ്റും ‘ഈസിമണി’ നേടാനുളള വ്യഗ്രത സമൂഹത്തിൽ വളർത്തുകയാണ്‌ പുതിയ കമ്പോള വ്യവസ്ഥിതി. ക്ഷണികമായ ആർത്തിപൂരണം ഉണ്ടാകുമെങ്കിലും അതിന്റെ ആത്യന്തികഫലം കൂട്ട ആത്മഹത്യകളോ ഒടിഞ്ഞ നട്ടെല്ലുമായുളള തുടർജീവിതമോ ആണ്‌. ഈ സ്ഥിതിവിശേഷത്തെക്കുറിച്ചും അതിലേക്കു നയിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചുമുളള തിരിച്ചറിവും അതിനെ ഇരുണ്ട ചിരിയോടെ മൂർച്ചപ്പെടുത്തി അവതരിപ്പിക്കാനുളള ശ്രമവുമാണ്‌ ഈ രചന.

വായനയെ ഇന്ദ്രിയാമോദകരമായ ഒരു സൗഖ്യാനുഭവമാക്കുന്ന കൃതിയല്ല ഇത്‌. യാഥാർത്ഥ്യത്തെക്കുറിച്ച്‌ നിരന്തരം ഓർമ്മിപ്പിക്കുന്ന ഒരുപാട്‌ ഇടർച്ചകൾ ഇതിന്റെ ആഖ്യാനത്തിലുണ്ട്‌. ആനുകാലിക ജീവിതത്തെ പ്രത്യക്ഷവത്‌കരിക്കാനല്ല, അതിന്റെ ഒട്ടൊരു കാർട്ടൂണിക്‌ ആയ ചിത്രങ്ങൾ അവതരിപ്പിക്കാനാണ്‌ ശ്രമം. അതിന്റെ പിന്നിലെ കാഴ്‌ചപ്പാടുകളാകട്ടെ രാഷ്‌ട്രീയവും നൈതികവുമായ നിലപാടുകളിൽ ഉറച്ചതാണ്‌. പുതിയ എഴുത്തിന്റെ സാധ്യതകൾ അതിന്‌ കറുത്ത ഹാസ്യത്തിന്റെയും വിരുദ്ധോക്തിയുടെയും കാരിക്കേച്ചറിന്റെയും ഒക്കെ ചേരുവയായ രൂപം നൽകുന്നു. വിദൂരമായി രാഷ്‌ട്രീയ അന്യാപദേശത്തിന്റെ ഛായ അതിന്‌ കൈവരുന്നു. ആഖ്യാനപരമായ ഈ സവിശേഷതകൾ വിശ്ലഥമെങ്കിലും സംക്ഷിപ്‌തമായ ഒരു ഘടനയിലേക്ക്‌ സന്നിവേശിപ്പിച്ചു കൊണ്ടാണ്‌ ഈ കൃതിയുടെ ശില്‌പം രൂപപ്പെടുത്തിയിട്ടുളളത്‌. അന്തർഭാവത്തിന്റെ സവിശേഷ സ്വഭാവത്തെ ശക്തമായി സംവേദനം ചെയ്യാൻ പാകത്തിലുളള ഈ രചനാരീതിയാണ്‌ ‘വിട്ടുപോയത്‌ പൂരിപ്പിക്കാൻ ദൈവത്തിനൊരവസരം’ എന്ന ഈ ചെറിയ നോവലിനെ ആനുകാലികമാക്കുന്ന മറ്റൊരു ഘടകം.

വിട്ടുപോയത്‌ പൂരിപ്പിക്കാൻ ദൈവത്തിനൊരവസരം (നോവൽ)

ചന്ദ്രബാബു പനങ്ങാട്‌

വില - 35.00

ഹരിതം ബുക്‌സ്‌

ഡോ.കെ.എസ്‌.രവികുമാർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.