പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

നോവിന്റെ നിറങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രശ്‌മി ബിനോയ്‌

പുസ്‌തകപരിചയം

കമലാ സുരയ്യ എന്ന മാധവിക്കുട്ടി മനുഷ്യനെക്കുറിച്ചു പറഞ്ഞുവയ്‌ക്കുന്ന ചെറിയ വലിയ കാര്യങ്ങൾ മലയാളിക്ക്‌ പലപ്പോഴും ദഹിച്ചിട്ടില്ല. ഓരോ മനുഷ്യനും തന്നിലൊരു ഭാഗം അടച്ചുപൂട്ടി നടപ്പുണ്ടെന്നും, മറവിയുടെ മനഃപൂർവ്വത്താഴിട്ടുപൂട്ടിയ ആ വാതിലുകൾ തുറന്നു പുറത്തുവരുന്നത്‌ എത്രയെത്ര നോവറിവുകളായിരിക്കുമെന്നും നമ്മൾ ആ കഥകളിലൂടെ തിരിച്ചറിഞ്ഞു. ‘രുഗ്‌മണിക്കൊരു പാവക്കുട്ടി’യിൽ തുടങ്ങി ആട്ടുകട്ടിലിൽ അവസാനിക്കുന്ന എട്ടു നോവെല്ലകൾ, പറഞ്ഞാലും പറഞ്ഞാലും തീരാത്ത ആ ഒരു കാര്യത്തെക്കുറിച്ചാണ്‌ഃ മനുഷ്യന്റെ മനസ്സിനെക്കുറിച്ച്‌, ശരീരത്തിനുമാത്രം മനസ്സിലാകുന്ന അതിന്റെ പാവം സങ്കടങ്ങളെക്കുറിച്ചും.

‘രുഗ്‌മിണിക്കൊരു പാവക്കുട്ടി’യിലെ ആയിയുടെ വേശ്യാഗൃഹത്തിൽ രുഗ്‌മിണിയെ വില്‌ക്കുമ്പോൾ അവിടെ സീതയുണ്ട്‌, “എല്ലാം ചാകും രുഗ്‌മിണീ, ഈ ആകാശംപോലും‘ എന്നു പറയുന്ന സീത. ഓരോ പെൺകുട്ടിയും വളർന്ന്‌ സ്‌ത്രീയാകുന്നത്‌ എപ്പോഴെന്ന്‌ അറിയാതെ ചിന്തിച്ചുപോകും, വായനക്കാർ ഓരോ അദ്ധ്യായത്തിലും. തിരളുന്നതിനു മുമ്പേ ഗർഭിണിയായി, പ്രസവിക്കും മുമ്പേ ഗർഭം കലങ്ങി, പൂമുഖത്തെ ചതുരക്കളത്തിൽ പകുതിയാക്കിയ കളി മുഴുമിക്കും മുമ്പേ മരിച്ചുപോയ, സീത എന്ന കുട്ടി രുഗ്‌മിണിയോടൊപ്പം പകുതിവെന്ത്‌ കിടക്കും മനസ്സിൽ. ”... ഇന്ന്‌ എന്റെ ഉളളിൽ എന്തോ മരിച്ചു“ കഥയിലെ പോലീസ്‌ ഇൻസ്‌പെക്‌ടർ ഇതു പറയുമ്പോൾ നമ്മുടെ ഉളളിലും എന്തോ മരിച്ചു വീഴുന്നു.

ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ അമർത്തിവെച്ച്‌ ജീവിതം അഭിനയിച്ചുകൊണ്ടിരിക്കുന്ന ഓരോ ഇണയും ’രോഹിണി‘ വായിച്ചു പഠിക്കേണ്ടതുണ്ട്‌! ”അയാൾക്ക്‌ എപ്പോഴും ഒരമ്മയെയാണാവശ്യം, ഭാര്യയെക്കാൾ“ എന്നവൾ ഭർത്താവിനെ വരച്ചിടുന്നു. ഈഡിപ്പസ്‌ കോംപ്ലക്‌സിനെ അതിമനോഹരമായി ഇഴപിരിച്ചു കാണിക്കുന്നുണ്ടിതിൽ. ഉളളിൽ ഒരായിരം കടലുകളെ ഒളിപ്പിച്ചുവച്ച്‌ സൗമ്യഭാവം പുറത്തെടുക്കുന്ന കന്യാകുമാരി സമുദ്രതീരത്തുവച്ചാണ്‌ വിജയൻ രോഹിണിയെ അവളുടെ ഭർത്താവിന്റെ നിർദ്ദേശപ്രകാരം പ്രാപിക്കുകയും കൊല്ലുകയും ചെയ്യുന്നത്‌. പ്രകൃതിയും പുരുഷനും, അല്ലെങ്കിൽ സൃഷ്‌ടിയും സ്ഥിതിയും, സ്‌നേഹരാഹിത്യത്തിന്റെ സംഹാരത്തിനിരയാകാൻ ത്രിസമുദ്രസംഗമം ഏറ്റവും അനുയോജ്യമായ സ്ഥലകല്പനയാകുന്നു.

’ചന്ദനമരങ്ങൾ‘ പ്രശസ്‌തമാണ്‌. കല്യാണിക്കുട്ടിയും ഷീലയും നോവുന്ന ചുംബനങ്ങൾകൊണ്ട്‌ പരസ്‌പരം പൊതിയുമ്പോൾ, നിന്റെ കുട്ടിയെ മാത്രമേ എനിക്കു പ്രസവിക്കുവാൻ ആഗ്രഹമുളളൂ എന്ന്‌ കല്യാണിക്കുട്ടി ഷീലയോടു പ്രസ്‌താവിക്കുമ്പോൾ, ഒരു വലിയ യന്ത്ര ഊഞ്ഞാലിൽ ആടിത്തിരിച്ചു വരുംപോലെ നാം ഇളകിമറിയുന്നു. സ്‌ത്രീലൈംഗികതയുടെ സ്വയം നിർണയാവകാശം ചർച്ചയാകുന്ന, (ഒരുപക്ഷേ, ചർച്ച മാത്രമാകുന്ന) നമ്മുടെ കാലത്തും സമയത്തും ’ചന്ദനമരങ്ങൾ‘ വീണ്ടും വായിക്കപ്പെടേണ്ടതാണ്‌. ഡോക്‌ടർ ഷീല (ഭർത്താവ്‌ അവരെ അങ്ങനെയാണു വിളിക്കുന്നത്‌) കല്യാണിക്കുട്ടിയോടു മാറിമാറിത്തോന്നുന്ന സ്‌നേഹവു വെറുപ്പും കൈകാര്യം ചെയ്യാനറിയാതെ ഉഴലുകയാണ്‌. തന്നെ ആലിംഗനം ചെയ്യുന്നുവെന്നത്‌ കോടതിയിൽ കുറ്റമായി അവതരിപ്പിച്ചു വിവാഹമോചനം നേടാനാവില്ലല്ലോ എന്നു പരിതപിച്ചുകൊണ്ട്‌ പാതിവ്രത്യത്തിലേക്കു വഴുതിവീഴുന്ന ഷീലയോട്‌, പരമ്പരാഗതമായ വഴി നമുക്കായി തിരഞ്ഞെടുക്കേണ്ടി വരുന്ന നമ്മിൽ ചിലരുടെ ഗതികേടിനോട്‌, താദാത്മ്യം പ്രാപിക്കാതെ വയ്യ, വായനക്കാർക്ക്‌.

’മനോമി‘യുടെ ജീവിതം പറഞ്ഞിരിക്കുന്നത്‌ പലർ നടത്തുന്ന കഥനങ്ങളിലൂടെയാണ്‌. ശ്രീലങ്കയിൽ നിന്ന്‌ ഉറ്റവരെ നഷ്‌ടപ്പെട്ട്‌, തമിഴ്‌നാട്ടിൽ പഴയ കുടുംബസുഹൃത്തിന്റെ വീട്ടിലെത്തുന്ന മനോമിക്ക്‌ പക്ഷേ, രണ്ടു സംസ്‌കാരങ്ങൾക്കിടയിൽ ഒരു പാലമാകാൻ കഴിയുന്നില്ല. പ്രകാശവും സുന്ദരവും രൂപയും അവളെ ടെന്നക്കൂണിന്റെ മകളായ സിംഹളക്കാരിയായി മാത്രം കാണുമ്പോൾ, അതേ വീട്ടിൽ ഒളിവിലിരിക്കുന്ന തിരുച്ചെൽവം എന്ന തമിഴ്‌പുലിയുടെ മുറിവു കഴുകിക്കെട്ടാൻ അവൾക്കു സാധിക്കുന്നു.

’കടൽമയൂര‘ത്തിലെ പ്രൊഫസർ രേണുകാദേവി, ഒരു വൃദ്ധകന്യകയുടെ എല്ലാ ദൗർബല്യങ്ങളോടും കൂടി കിം സൂങ്ങ്‌ എന്ന മലേഷ്യക്കാരനു കീഴടങ്ങുന്നു, സിങ്കപ്പൂരിൽ വച്ച്‌. ’സൗന്ദര്യേച്ഛയ്‌ക്കും ധനേച്ഛയ്‌ക്കും മീതെ, ആദർശങ്ങളുടേതായ ഒരു വരണ്ട ലോകത്തിൽ‘ താൻ ഒടുങ്ങുകയായിരുന്നെന്ന്‌ തിരിച്ചറിയേണ്ടി വന്ന രേണുകാദേവി മലയാളിയുടെ കപട സദാചാരപ്രതീകമായിത്തീരുന്നു. ഒടുവിൽ ഹൃദയം പൊട്ടിമരിച്ച്‌ പ്രായശ്ചിത്തം ചെയ്യുകയാണവർ. ’പാവം വലിയമ്മ‘ എന്ന്‌ മരുമകൾ ശിവയുടെ നെടുവീർപ്പിൽ കഥയവസാനിക്കുന്നു.

അച്ഛനുമേൽ തനിക്കുളള പരമാധികാരത്തിനു ഭീഷണിയായിക്കൊണ്ട്‌ ഡോക്‌ടർ മാലതി രണ്ടാനമ്മയായി വീട്ടിലേക്കു വരുന്നത്‌ ശ്രീദേവി പൊറുക്കുന്നില്ല. ’രാത്രിയുടെ പദവിന്യാസം‘ ആ പെൺകുട്ടിയുടെ മനോവിഭ്രാന്തിയുടെ വികാസപരിണാമങ്ങളാണ്‌.

രാജു എന്ന രാജ്യലക്ഷ്‌മിയെ സ്‌നേഹിച്ചുപോയെന്ന കാരണത്താൽ അവിവാഹിതനായൊടുങ്ങേണ്ടി വന്ന ശിവശങ്കരന്റെ തന്നോടുതന്നെയുളള പക തീർക്കലാകുന്ന ജീവിതം ആട്ടുകട്ടിൽ’ എന്ന നോവെല്ലയിൽ. അവസാനം രാജുവിന്റെ തിരസ്‌കാരം ആട്ടുകട്ടിലിന്റെ തേങ്ങലായി അയാളെ യാത്രയാക്കുന്നു.

അന്യോന്യം വെറുപ്പ്‌ ഉളവാകുന്നതിനുമുമ്പ്‌ പിരിഞ്ഞുപോകാൻ പറ്റുന്നതുതന്നെ മനുഷ്യജന്മങ്ങളുടെ സുകൃതം എന്നു കമല. കറുപ്പിനും വെളുപ്പിനും ഇടയിൽ നാം അറിഞ്ഞുകൊണ്ടു മറച്ചുവയ്‌ക്കുന്ന ചാരനിറങ്ങളെ അവർ വരച്ചു നീട്ടുമ്പോൾ, ഒരു വാതിൽ പതുക്കെ ഉളളിലേക്കും തുറന്നുവയ്‌ക്കാം.

മാധവിക്കുട്ടിയുടെ നോവെല്ലകൾ, മാധവിക്കുട്ടി, ഡിസി ബുക്‌സ്‌, വിലഃ 90.00 രൂപ

രശ്‌മി ബിനോയ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.