പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

അതിയഥാതഥ്യത്തിന്റെ അതിശയസ്‌പർശം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ടി.എം. എബ്രഹാം

ഭരതമുനിയുടെ ‘നാട്യശാസ്‌ത്ര’ത്തിന്‌ വ്യാഖ്യാനമെഴുതിയ അഭിനവഗുപ്‌തൻ (എ.ഡി. 960-1030) നടനെ പാത്ര (vessel) മായിട്ടാണ്‌ കാണുന്നത്‌. നടൻ വാഹകനാണ്‌. ഈ തത്ത്വം വിശദമാക്കാനായി, അദ്ദേഹം പാത്ര(vessel)ത്തിന്റെയും വീഞ്ഞിന്റെയും കല്‌പന അവതരിപ്പിക്കുന്നു. ഒരു പാത്രത്തിൽ നിങ്ങൾ വീഞ്ഞെടുക്കുന്നു. എത്ര സമയം കഴിഞ്ഞാലും പാത്രം പാത്രമായും വീഞ്ഞ്‌ വീഞ്ഞായും വർത്തിക്കുന്നു. പാത്രം വീഞ്ഞു കുടിക്കുന്നില്ല. വീഞ്ഞു പാത്രവും രണ്ടായിത്തന്നെ നില്‌ക്കുന്നു. അഭിനവഗുപ്‌തന്റെ മതപ്രകാരം, നടനൊരിക്കലും കഥാപാത്രവുമായി താദാത്മ്യപ്പെടുന്നില്ല. അയാൾ ഒരേ സമയം, നടനും കഥാപാത്രവുമായി വർത്തിക്കുന്നു. നടൻ രസാസ്വാദനത്തിന്റെ ഒരു ഉപകരണം മാത്രം.

ഇതുതന്നെ മറ്റൊരു രീതിയിൽ, ‘ഭാഗവത്‌പുരാണ’ത്തിന്റെ പതിനൊന്നാമദ്ധ്യായത്തിൽ ഏക്‌നാഥ്‌ ഈശ്വറും ഉദാഹരിക്കുന്നുണ്ട്‌.

“ഒരു നടൻ രാജാവിനെപ്പോലെ വിശേഷപ്പെട്ട വസ്‌ത്രം ധരിച്ചിരിക്കുന്നു. അയാൾ രാജാവ്‌ തന്നെയെന്ന്‌ പ്രേക്ഷകർ വിചാരിക്കുന്നു. എന്നാൽ, താൻ രാജാവാണെന്ന്‌, നടൻ ഒരിക്കലും വിശ്വസിക്കുന്നില്ല.”

ഇക്കഴിഞ്ഞ നൂറ്റാണ്ടിലെ നാടകകൃത്തും നാടകസൈദ്ധാന്തികനുമായിരുന്ന ബർട്ടോൾഡ്‌ ബ്രഷ്‌ട്‌ നടനെയും കഥാപാത്രത്തെയും രണ്ടായിതന്നെയാണ്‌ വിഭാവനം ചെയ്‌തിട്ടുള്ളത്‌. അദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ച്‌, നടൻ എപ്പോഴും തന്റെ റോളിൽ നിന്ന്‌ അകലം പാലിക്കേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌, ഒരാൾ ഷേയ്‌ക്‌സ്‌പിയറുടെ മാക്‌ബത്ത്‌ നാടകത്തിലെ മാക്‌ബത്തായി അഭിനയിക്കുന്നു എന്നു വിചാരിക്കുക. അയാൾ ഒരിക്കലും മാക്‌ബത്തായി മാറുന്നില്ല. താൻ മാക്‌ബത്താണെന്ന്‌, അയാൾ പ്രേക്ഷകനെ വിശ്വസിപ്പിക്കുകയാണ്‌. നടനും കഥാപാത്രവും എപ്പോഴും നിയതമായ അകലം പാലിക്കണമെന്ന്‌ ഭ്രഷ്‌ട്‌ നിർദ്ദേശിക്കുന്നു. ഭരത്‌ ഗോപിയുടെ അഭിനയകലയെപ്പറ്റിയുള്ള കാഴ്‌ചപ്പാട്‌, മുകളിൽ പറഞ്ഞ രീതികളിൽ നിന്നെല്ലാം വ്യത്യസ്‌തമാണ്‌. അദ്ദേഹം പറയുന്നു.

“........അഭിനേതാവ്‌, വാഹകൻ (vessel) ആകുന്നതുകൊണ്ടാണതു പ്രാപ്യമാകുന്നത്‌. Vessel, വാഹനം എന്നു പറയുന്നത്‌ നടന്‌ പുറത്തുള്ള ഒന്നല്ല നടൻ തന്നെയാണ്‌. പ്രതിഫലിപ്പിക്കുന്നത്‌. പ്രാകാശിപ്പിക്കുന്നത്‌ മറ്റൊന്നിലൂടെയല്ല, അവനവനിലൂടെയാണ്‌. നടന്റെ മാധ്യമം അവന്റെ ശരീരമാണ്‌. ശരീരം വിളിപ്പുറത്തു വഴങ്ങണമെങ്കിൽ, മനസ്സ്‌ അതിനു സജ്ജമാകണം. അപ്പോഴേ, അയ്യപ്പന്‌ തബല വായിക്കാനാകൂ. ബാലഗംഗാധരമേനോന്‌ abnormal ആയ പെരുമാറ്റഭാഷ സഹജപ്രകൃതമാകൂ. ചെളിതെറിപ്പിച്ചുപോയ ലോറിയെ നോക്കി ആരാധനയോടെ ”എന്തൊരു സ്‌പീഡാ“ എന്നതിശയിക്കുമ്പോൾ ശങ്കരൻകുട്ടിയുടെ കണ്ണുകൾ തിളങ്ങൂ.”

ഇവിടെ നടനും കഥാപാത്രവും ഒന്നാകുകയാണ്‌. നടൻ ബാധാബാധിത(possessed)നാകുകയാണ്‌. ഇതു വെളിവാക്കുന്ന ഒരു സംഭവം ഗോപി ഗ്രന്ഥകാരനായ ജോൺപോളിനോട്‌ പറയുന്നുണ്ട്‌.

“കഥാപാത്രത്തിന്റെ മനസ്സിനകത്ത്‌ നമ്മളിരിക്കെ, നമ്മുടെ മനസ്സാണ്‌ വിങ്ങുന്നതും വേദനിക്കുന്നതും ദുഃഖിക്കുന്നതും ദേഷ്യപ്പെടുന്നതുമെല്ലാം. അതിന്റെ എല്ലാ സ്‌ട്രെയിനും ശരീരം താങ്ങുകയാണ്‌. അതു ശരീരത്തിനു ചിലപ്പോൾ പേറാവുന്നതിലേറെയായിരിക്കും. അങ്ങനെതന്നെ സംഭവിച്ചതാണന്റെ ദുര്യോഗം.”

പിന്നീടൊരിക്കൽ തന്റെ രക്തസമ്മർദ്ദം കൂടിയതായി അനുഭവപ്പെട്ട ഒരു സന്ദർഭത്തിൽ, കൂടെ ഉണ്ടായിരുന്ന സംവിധായകൻ അരവിന്ദൻ തന്നെ ഡോക്‌ടറുടെ അടുത്ത്‌ കൂട്ടിക്കൊണ്ടുപോയ സംഭവം ഗോപി അനുസ്‌മരിക്കുന്നുണ്ട്‌.

ബി.പി. വളരെ കൂടുതലൊന്നുമുണ്ടായിരുന്നില്ല. എങ്കിലും എന്തുകൊണ്ടാണ്‌ ഇങ്ങനെ വേരിയേഷൻസ്‌ ഉണ്ടാവുന്നതെന്ന്‌ അരവിന്ദൻ ഉത്‌കണ്‌ഠയോടെ ഡോക്‌ടറോട്‌ ചോദിച്ചു.

ഡോക്‌ടർക്ക്‌ എന്നെ അറിയാമായിരുന്നു. അദ്ദേഹം പറഞ്ഞു.

“നിങ്ങൾ അഭിനയിക്കുമ്പോൾ ഇമോഷൻസ്‌ കാണിക്കുന്നതു മുഴുവൻ നിങ്ങളുടെ ജീവൻ കൊടുത്തിട്ടാണ്‌. അങ്ങനെ ചെയ്യുമ്പോൾ കഥാപാത്രത്തിനു വേണ്ടിയാണെങ്കിൽ കൂടി, വർദ്ധിക്കുന്നത്‌ നിങ്ങളുടെ, ഗോപി എന്ന വ്യക്തിയുടെ രക്തസമ്മർദ്ദമാണ്‌.”

അരവിന്ദൻ അതിനോട്‌ യോജിച്ചുകൊണ്ടു പറഞ്ഞു.

“അതെ, കഥാപാത്രത്തിനു ശരീരമില്ല........... ബ്ലഡ്‌ പ്രഷറും ഇല്ലല്ലോ. അതു രണ്ടുമുള്ളത്‌ നടനാണ്‌. കഥാപാത്രത്തിന്റെ മനസ്സു നിറയെ സംഘർഷമാകുമ്പോൾ, അതേറ്റു വാങ്ങുന്നത്‌ നടന്റെ ശരീരമാണ്‌.”

ഡോക്‌ടർ ശരിവച്ചു.

“അങ്ങിനെ വരുമ്പോൾ അഭിനയിക്കുന്ന സമയത്ത്‌ പ്രഷർ കൂടും. അതു കഴിഞ്ഞ്‌ റിലാക്‌സ്‌ ചെയ്യുമ്പോൾ തിരികെ വീണ്ടും നോർമൽ ആകുകയും ചെയ്യും. പക്ഷേ, ഇത്തരം വ്യതിയാനങ്ങൾ അങ്ങനെ തുടർച്ചയായി ഉണ്ടാകുന്നത്‌ ശരിയല്ല. It can be dangerous.”

അരവിന്ദനും പറഞ്ഞു.

“Very Very dangerous.........”

ഭരത്‌ഗോപി എന്ന നടനെ സംബന്ധിച്ചിടത്തോളം, ജന്മം സമർപ്പിച്ചുകൊണ്ടുള്ള, ആത്മാവ്‌ അർപ്പിച്ചുകൊണ്ടുള്ള ഉപാസനയായിരുന്നു അഭിനയം. ബാധ കയറുന്നതുപോലെയാണ്‌ നടനെ ചില ഘട്ടങ്ങളിലെങ്കിലും കഥാപാത്രം ആവേശിക്കുന്നത്‌. നടൻ കഥാപാത്രമായി ജീവിക്കരുതെന്ന്‌ പറയാറുണ്ട്‌. ജീവിക്കുകയാണെന്ന്‌ പ്രേക്ഷകരെ വിശ്വസിപ്പിക്കുന്നതിലാണ്‌ നടന്റെ കഴിവ്‌. ബാധാവേശിതനെപ്പോലെ രംഗത്തു പെരുമാറുന്ന നടൻ ഓരോ തവണയും അത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും വലുതായ മാനസിക മാറ്റങ്ങൾക്കു വിധേയനാകുന്നുണ്ട്‌. ചിലർക്കതു രോഗശാന്തിയുടെ (Healing) അനുഭവം നല്‌കുന്നു. ആദിമകാലത്ത്‌ കത്തോലിക്കാസഭ നടനു നിരോധനമേർപ്പെടുത്തിയത്‌, അഭിനയിക്കുമ്പോൾ നടൻ ബാധാവേശിതനാകുന്നു എന്ന കാരണം കൊണ്ടാണ്‌. ഭൂതാവേശം (possession) എന്നത്‌ പൈശാചികമായ ഒരു ഇടപെടലായി സഭ വ്യാഖ്യാനിച്ചു. തെയ്യം കെട്ടുന്ന നടനും വെളിച്ചപ്പാടും ഷമാനിസ (shmanism)ത്തിലെ പുരോഹിത സമാനനായ പെർഫോർമറും എല്ലാം വേഷപ്പകർച്ചയിൽ ആത്‌മസൗഖ്യ(self-healing)-ത്തിന്റെ അനുഭവങ്ങളിലൂടെ കടന്നുപോകുന്നു. അഭിനയകലയുടെ ചരിത്രത്തിൽ ഒട്ടേറെ നടീനടന്മാർക്ക്‌ ഇത്തരം അനുഭവമുണ്ടായതായി സാക്ഷ്യങ്ങളുണ്ട്‌.

നാടകകലയുടെ ആദിമ സ്രോതസ്സുകൾ അന്വേഷിച്ചിറങ്ങിയ നാടകസംവിധായകനായിരുന്നു പോളണ്ടുകാരനായ ജെർസി ഗ്രോട്ടോവ്‌സ്‌ക്കി. നടനെ നാടകത്തിന്റെ കേന്ദ്രസ്‌ഥാനത്ത്‌ പ്രതിഷ്‌ഠിച്ച നാടകകാരനായിരുന്നു ഗ്രോട്ടോവ്‌സ്‌ക്കി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, നാടകത്തിന്റെ ഏറ്റവും അനിവാര്യമായ രണ്ടേ രണ്ടു ഘടകങ്ങൾ നടനും പ്രേക്ഷകനുമാണ്‌. നാടകമെന്നത്‌ നടനും പ്രേക്ഷകനും തമ്മിലുള്ള ഹൃദയസംവാദ (communion) മാണ്‌. ‘ഹോളി ആക്‌ടർ’ (Holy Actor) എന്ന ആശയം അദ്ദേഹം രൂപപ്പെടുത്തുന്നത്‌, തനിക്കു മുൻപ്‌ കടന്നുപോയ അന്റോനിൻ ആർത്താഡ്‌ (Antonin Arthaud) വിഭാവനം ചെയ്‌ത നാടക ചിന്താപദ്ധതിയിൽ നിന്നുമാണ്‌.

കൊമേർഷ്യൽ നാടകങ്ങളിലെ നടനിൽ നിന്നും വ്യത്യസ്‌തനാണ്‌ ഹോളി ആക്‌റ്റർ. കൊമേർഷ്യൽ നടന്റെ എതിർചേരിയിലാണ്‌, ഈ നടന്റെ സ്‌ഥാനം. നടൻ തന്റെ ശരീരം കൊണ്ട്‌ പ്രേക്ഷകനുമായി ആശയ വിനിമയം നടത്തുന്നു. ഗ്രോട്ടോവ്‌സ്‌ക്കിയുടെ അഭിപ്രായത്തിൽ.

“ഇവിടെ നടൻ തികച്ചും ആത്‌മീയമായ ഒരു തലത്തിൽ നിന്നാണതു സാധിക്കുന്നത്‌. പ്രേക്ഷകന്റെ ഇഷ്‌ടം നേടാനായി അതു ദുരുപയോഗം ചെയ്യുമ്പോൾ, അഭിനയകല വ്യഭിചാരത്തോടൊപ്പം എത്തുന്നു.”

അഭിനയ കലയിൽ നടന്റെ ശരിരത്തിനുള്ള പ്രധാന്യത്തെപ്പറ്റി ആദ്യം പറഞ്ഞത്‌, റോമാക്കാരനായ സിസറോ (106-43 ബി.സി) യാണ്‌. അദ്ദേഹം ഗ്രീക്കു നടന്മാരെ വിശേഷിപ്പിച്ചത്‌ “ശബ്‌ദത്തിന്‌ അടിമകളായവർ” (Slaves to the voice) എന്ന്‌ പറഞ്ഞാണ്‌ അന്നത്തെ റോമൻ നടന്മാർക്ക്‌, ഗ്രീക്കു നടന്മാരെപ്പോലെ മുഖം മൂടികളോ ഉയർന്ന ചെരുപ്പുകളോ ഉണ്ടായിരുന്നില്ല. ശരീരത്തിന്‌ ശക്തിയും ചലനങ്ങൾക്ക്‌ വേഗതയും ആർജ്ജിക്കുന്നതിനായി നടന്മാർ ശരീരഭ്യാസങ്ങളിലും നൃത്തത്തിലും വൈദഗദ്ധ്യം നേടേണ്ടതുണ്ടെന്ന്‌, സിസറോ പറഞ്ഞു.

ഭരത്‌ഗോപിയുടെ അഭിനയപർവ്വത്തിലൂടെ കടന്നുപോകുമ്പോൾ, മുകളിൽ പരാമർശിച്ച ഏതെങ്കിലും സൈദ്ധാന്തികരുടെ ചിന്താപദ്ധതി അദ്ദേഹത്തെ ബോധപൂർവ്വം പ്രത്യക്ഷമായി സ്വാധീനിച്ചതായി കണ്ടെത്താനാവുന്നില്ല. തന്റെ അഭിനയപദ്ധതിയുടെ രൂപീകരണത്തിൽ ഒരു പരിശീലകന്റെയും സ്വാധീനം അദ്ദേഹം അടയാളപ്പെടുത്തുന്നില്ല. മർലൻ ബ്രാണ്ടോയെപ്പറ്റിപറയുമ്പോൾ സ്‌റ്റെല്ലാ അഡ്‌ലർ (Stella Adler) എന്ന അഭിനയ പരിശീലകയുടെ പേരു കടന്നുവരാറുണ്ട്‌. ഗോപിയുടെ അഭിനയപർവ്വത്തിൽ, താൻ വായിച്ച ഏതെങ്കിലും ഒരഭിനയ പരിശീലനഗ്രന്ഥത്തിന്റെ പേരു പോലും കടന്നുവരുന്നില്ല. എന്നാലാവട്ടെ, ആദ്യവസാനം, ആത്‌മാർത്ഥതയോടെ സത്യസന്ധമായി തന്റെ അഭിനയകലയെ അപഗ്രഥിക്കാനുള്ള ശ്രമമാണ്‌ അദ്ദേഹം ഈ ഗ്രന്ഥത്തിൽ നടത്തുന്നതും അതിലദ്ദേഹം വിജയിക്കുകയും ചെയ്യുന്നു.

അഭിമുഖ സംവാദത്തിലൂടെ ഈ ഗ്രന്ഥരചന നിർവ്വഹിച്ചിരിക്കുന്ന ജോൺപോളിന്റെ സംഭാവനയും എടുത്തുപറയേണ്ട ഒരു ഘടകമാണ്‌. ഗോപി എന്ന അ​‍ിനേതാവിന്റെ ആത്മഭാഷണങ്ങളെ, വിചാരധാരയെ, ഏകാഗ്രതയോടെ പിന്തുടരുക എന്ന കർമ്മമാണ്‌, ജോൺപോൾ ഇതിൽ അനുഷ്‌ഠിച്ചിരിക്കുന്നത്‌.

ഗോപി അഭിനയരംഗത്തേക്കു വരുന്നത്‌ ആകസ്‌മികമായാണ്‌, പ്രൊഫ. ജി.ശങ്കരപ്പിള്ളയുടെ അഭയാർത്ഥികൾ എന്ന നാടകത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന്‌ നടകകൃത്ത്‌ ആവശ്യപ്പെട്ടപ്പോൾ ഗോപി ആദ്യം വിസമ്മതിക്കുകയാണുണ്ടായത്‌. അഭിനയം എന്നത്‌ അത്ര ബുദ്ധിമുട്ടുള്ള ഒന്നല്ല എന്നും “മനസ്സില്‌ ധ്യാനിച്ചുകൊണ്ട്‌ ഭാവിച്ചോണ്ടാൽ മതിയെന്നുമുള്ള” ശങ്കരപ്പിള്ളയുടെ ഉറപ്പാണ്‌, ഗോപിയെ അഭിനയകലയുടെ ആദ്യ ചുവടുവയ്‌ക്കാൻ പ്രേരിപ്പിച്ചത്‌.

“ധ്യാനിക്കുക, എന്നിട്ട്‌ ഭാവിക്കുക.”

അഭിനയശാസ്‌ത്രത്തിന്റെ അടിസ്‌ഥാനധാരയാണ്‌ ആ രണ്ടു വാക്കുകളിലൂടെ ജി ശങ്കരപ്പിള്ള അന്ന്‌ ഓതിത്തന്നതെന്ന്‌ ഗോപി ആദരപൂർവ്വം ഓർമ്മിക്കുന്നു.

ഗോപി പിന്നീട്‌ അഭിനയിക്കുന്നത്‌, കാവാലം നാരായണപ്പണിക്കരുടെ ‘തനതു’ നാടകങ്ങളിലാണ്‌.

ചലച്ചിത്രാഭിനയരംഗത്ത്‌ എത്തുന്നതിനുമുമ്പ്‌, ഗോപി ഫിലിം സൊസൈറ്റി സ്‌ഥാപനവുമായി ബന്ധപ്പെട്ട്‌ പ്രവർത്തിച്ചിട്ടുണ്ട്‌. നാടകമെന്ന മാധ്യമത്തിൽ നിന്ന്‌ ചലച്ചിത്രമെന്ന മാധ്യമത്തിൽ എത്തിയപ്പോഴുള്ള മാറ്റത്തെക്കുറിച്ച്‌ ഗോപി പറയുന്നു.

“മാധ്യമം മാറുന്നതിലെ അപരിചിതത്വം എന്ന്‌ അതിനെ പറയാനാവില്ല..... ‘അഭയാർത്ഥികളിൽ’ അഭിനയിക്കുന്നതിനുമുമ്പേതന്നെ പഠനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും നാടകത്തിന്റെ സമ്പ്രദായ വട്ടങ്ങളെക്കുറിച്ച്‌ ഞാൻ ബോധവാനായിരുന്നു. ‘സ്വയംവര’ത്തിൽ അഭിനയിക്കും മുമ്പേതന്നെ ചലച്ചിത്രമെന്ന മാധ്യമത്തെക്കുറിച്ച്‌ ഞാൻ സശ്രദ്ധം പഠിക്കാൻ തുടങ്ങിയിരുന്നു. വിചാരണകളിലൂടെയും പുനർ വിചാരണകളിലൂടെയും ആ രീതിവട്ടങ്ങളെക്കുറിച്ച്‌ ഒരു ഉൾബോധം എനിക്കുണ്ടായിരുന്നു.”.

ചാൾസ്‌ ഹെസ്‌റ്റൺ എന്ന നടൻ തന്റെ സമകാലീനരായിരുന്ന രണ്ട്‌ അഭിനേതാക്കളെപ്പറ്റി പറയുന്നുണ്ട്‌.

“ലോറൻസ്‌ ഒലീവിയറോയോ റൂത്ത്‌ ഗോർഡനെയോ എടുക്കുക. അവർ രണ്ടുപേരും അതിയഥാഥ്യ(Super reality)ത്തെ സ്‌റ്റേജിലും സ്‌ക്രീനിലും സൃഷ്‌ടിക്കുന്നവരാണ്‌. അവർ അമനാനുഷരായ വ്യക്തികളാണെന്ന്‌ ഞാൻ പറയില്ല. എന്നാൽ അവർ ശരാശരി മനുഷ്യർക്കപ്പുറം സ്‌റ്റേജും സ്‌ക്രീനും നിറക്കുന്നു.! ”

ഗോപി എന്ന നടൻ ചലച്ചിത്രങ്ങളിൽ ആവിഷ്‌ക്കരിച്ച കഥാപാത്രങ്ങളിൽ പലതിനും ഈ അതിയഥാതഥ്യത്തിന്റെ ( Super reality) സ്‌പർശമുണ്ടെന്ന്‌ കണ്ടെത്താനാകുന്നു.

പൂർണ്ണതയ്‌ക്കുവേണ്ടി അന്വേഷിക്കുന്ന നടൻ ഓരോ അഭിനയമുഹൂർത്തത്തിലും സ്വയം കണ്ടെത്തലുകൾ നടത്തുന്നവനാണ്‌. ഒരു നടൻ എങ്ങനെയായിരിക്കണമെന്നതിനെപ്പറ്റി ആ അഭിനേതാവ്‌ സൂചിപ്പിക്കുന്നുണ്ട്‌.

“നടന്‌ പരിപൂർണ്ണമായ സമർപ്പണം വേണം.....total submission തന്നെ.... പങ്കാളിത്തമല്ല, submission..... ബോധദേഹികളുടെ പൂർണ്ണസമർപ്പണം തന്നെ വേണം.

ഗ്രോട്ടോവിസ്‌കിയുടെ ‘ഹോളി ആക്‌ടർ’ എന്ന പ്രയോഗം ഈ നടനിൽ സാർത്ഥകമാവുകയാണ്‌.

ഈ ഗ്രന്ഥത്തിലൂടെ കടന്നുപോകുന്ന വായനക്കാരൻ, ഗോപി എന്ന നടന്റെ അഭിനയലോകങ്ങളുടെ ആഴവും പരപ്പും സങ്കീർണ്ണതകളും കണ്ട്‌ അമ്പരന്നുപോകുന്നു. ആത്മഭാഷണങ്ങളുടെ രൂപത്തിലാണ്‌, ഇതിന്റെ രചന. ആ ആത്‌മഭാഷണങ്ങൾ പലപ്പോഴും ദർശനത്തോടുക്കുന്നു. പലപ്പോഴും അദ്ദേഹം തന്നെത്തന്നെ കീറിമുറിച്ച്‌ വായനക്കാരന്റെ മുൻപിൽ സമർപ്പിക്കുകയാണ്‌...........!

ഇത്തരമൊരു ഗ്രന്ഥം രചിക്കാൻ തയ്യാറായ ജോൺപോളിനെ ആദരപൂർവ്വം നമിക്കട്ടെ. ജോൺപോളിന്റെ തെളിച്ചമുള്ള ഭാഷ, ഈ പുസ്‌തകത്തിന്റെ മികവ്‌ വർദ്ധിപ്പിക്കുന്നു.

ഒരു അഭിനേതാവിന്റെ കലാദർശനത്തെ കണ്ടെത്താനുള്ള ശ്രമം ഇത്തരത്തിൽ മലയാളത്തിൽ ആദ്യമാണെന്നുതോന്നുന്നു. രേഖപ്പെടുത്തിവെക്കാൻ കഴിയാതെപോയ ഒട്ടനവധി മഹാനടന്മാരുടെ ഓർമ്മ നമ്മെ ഇവിടെ നഷ്‌ടബോധത്താൽ അസ്വസ്‌ഥരാക്കുന്നുണ്ട്‌. ഇന്നു ജീവിച്ചിരിക്കുന്ന മലയാളത്തിലെ മികച്ച നടന്മാരുടെ അഭിനയ സിദ്ധികളെ അന്വേഷിക്കുന്ന ഗ്രന്ഥങ്ങൾ, മലയാളത്തിൽ ഇതിന്റെ തുടർച്ചയായി ഇനിയും ഉണ്ടാകുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം. അടുത്ത തലമുറയ്‌ക്കുവേണ്ടി അത്രയെങ്കിലും ചെയ്‌തുവച്ചുപോകാൻ നാം കടപ്പെട്ടവരാണല്ലോ.

(പ്രസാധകർ - ഗ്രീൻ ബുക്‌സ്‌, വില-125&-)

ടി.എം. എബ്രഹാം


Phone: 0484-2543210




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.