പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

ഞാനെന്തുകൊണ്ട്‌ ഒരു ഹിന്ദുവല്ല

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രാജേഷ്‌ എം.ആർ

പുസ്‌തകപരിചയം

കാഞ്ച ഐലയ്യയുടെ ‘ഞാനെന്തുകൊണ്ട്‌ ഒരു ഹിന്ദുവല്ല’ എന്ന വിമർശനപുസ്‌തകം ഹിന്ദുത്വദർശനം, സംസ്‌കാരം, രാഷ്‌ട്രീയ-സമ്പദ്‌ശാസ്‌ത്രം എന്നിവയെ മുൻനിറുത്തിയുളള കാഴ്‌ചപ്പാടുകളാണ്‌ അവതരിപ്പിക്കുന്നത്‌. ആന്ധ്രയിലെ ദളിത്‌ ബഹുജൻ വിഭാഗത്തിന്റെ സാംസ്‌കാരിക സവിശേഷതകളെ ചരിത്രപരമായി വിലയിരുത്തി തങ്ങളും ഹിന്ദുത്വവും തമ്മിലുളള വ്യത്യാസം അവതരിപ്പിക്കുകയും ചെയ്യുന്നു.

ബ്രാഹ്‌മണൻ, ബനിയകൾ, ക്ഷത്രിയർ എന്നിവരുടെ സാമൂഹിക-സാംസ്‌ക്കാരിക-സാമ്പത്തിക വ്യത്യാസങ്ങളെ ദളിത്‌ബഹുജൻ വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഞങ്ങളും ഹിന്ദുക്കളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന്‌ കാഞ്ച ഐലയ്യ വിശദമാക്കുന്നു. “ഞാൻ പിറന്നു വീണത്‌ ഒരു ഹിന്ദുവായിട്ടല്ല. കാരണം ലളിതമാണ്‌. എന്റെ അച്‌ഛനും അമ്മയ്‌ക്കും അവർ ഹിന്ദുക്കളാണെന്ന യാതൊരു ധാരണയുമില്ലായിരുന്നു. തെക്കേയിന്ത്യയിലെ ഒരു കുഗ്രാമത്തിൽ ജീവിച്ചിരുന്ന നിരക്ഷരയായ എന്റെ അച്‌ഛനും അമ്മയ്‌ക്കും തങ്ങൾ ഏതെങ്കിലും മതത്തിൽപ്പെടുന്നതായിത്തന്നെ അറിയില്ലായിരുന്നു.” കാഞ്ച ഐലയ്യയുടെ ഈ വാക്കുകൾ ‘എന്തുകൊണ്ട്‌ ഞാൻ ഹിന്ദുവല്ല’ എന്ന വാദത്തെ തെളിയിച്ചു കാട്ടുന്നു.

‘കുട്ടിക്കാലവും ബോധരൂപീകരണവും’ എന്ന അധ്യായത്തിൽ ദലിത്‌ ബഹുജനങ്ങളും (പട്ടികജാതികളേയും മറ്റു പിന്നോക്കജാതികളെയും അടയാളപ്പെടുത്തുവാനാണ്‌ ഇവിടെ ദലിത്‌ ബഹുജൻ എന്ന പദം ഉപയോഗിക്കുന്നത്‌) ഹിന്ദുക്കളും തമ്മിലുളള സാംസ്‌കാരികമായ വ്യത്യാസങ്ങൾ, ആൺ പെൺ ജാതി പരിശീലനം, ലൈംഗികനിയമങ്ങൾ, ജാതി, ഭാഷ, ദൈവങ്ങളെക്കുറിച്ചുളള അറിവ്‌, സ്‌കൂൾ വിദ്യാഭ്യാസം, ഹിന്ദു-ദളിത്‌ ആദർശങ്ങൾ എന്നിവ വിലയിരുത്തുന്നു. ‘വിവാഹം, വിപണി-സാമൂഹികബന്ധങ്ങൾ’ എന്ന അധ്യായത്തിൽ ദളിത്‌ബഹുജനങ്ങളുടെ കുടുംബങ്ങളിലെ വിവാഹം, പൂജാകർമ്മങ്ങൾ, ഉല്പാദനവ്യവസ്ഥ, പാചകം, സ്‌ത്രീ-പുരുഷ തൊഴിൽ മേഖലകൾ എന്നിവ വിവരിക്കുന്നു. ബനിയകളുടെ സമ്പദ്‌വ്യവസ്ഥ, ബ്രാഹ്‌മണ വ്യവസ്ഥയിലെ സ്‌ത്രീപുരുഷ ബന്ധങ്ങൾ എന്നിവയും വിശദീകരിക്കുന്നു. ഹിന്ദുത്വ ആത്മീയത അധീശത്വപരമാവുമ്പോൾ ദളിത്‌ ബഹുജൻ ആത്മീയത മതപരമല്ല, മനുഷ്യത്വപരമായി വിലയിരുത്തുന്നു.

‘നവക്ഷത്രിയരുടെ ആവിർഭാവവും അധികാരബന്ധങ്ങളുടെ പുനഃക്രമീകരണവും’ എന്ന അധ്യായത്തിൽ ജാതിയും അധികാരവും തമ്മിലുളള ബന്ധത്തെക്കുറിച്ചും, നവക്ഷത്രിയ ബോധത്തെക്കുറിച്ചും വിവരിക്കുന്നു. രാഷ്‌ട്രീയാധികാരം കൈയാളേണ്ടത്‌ ക്ഷത്രിയരാണെന്നും ബ്രാഹ്‌മണർ അവരെ അതിൽ സഹായിക്കണമെന്നുമുളള പാരമ്പര്യ ഹിന്ദുവിശ്വാസത്തെ ഇവിടെ ചോദ്യം ചെയ്യുന്നു. ദളിത്‌ ബഹുജൻ ആൺകോയ്‌മാ ജനായത്തം, ബ്രാഹ്‌മണിത്ത ആൺകോയ്‌മാവ്യവസ്ഥ എന്നിവ താരതമ്യം ചെയ്‌ത്‌ ഇവ രണ്ടും വളരെ വ്യത്യസ്‌തപ്പെട്ടതാണെന്ന്‌ സമർത്ഥിക്കുന്നു. ദളിത്‌ബഹുജൻ പ്രക്ഷോഭത്തെയും, കമ്യൂണിസ്‌റ്റ്‌ പാർട്ടി-ദളിത്‌ബന്ധങ്ങളും ഇവിടെ ചർച്ച ചെയ്യുന്നുണ്ട്‌. കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ തലപ്പത്ത്‌ ബ്രാഹ്‌മണമേധാവിത്വം നേതൃത്വം പിടിച്ചെടുക്കുകയും അതിൻ ഫലമായി ബ്രാഹ്‌മണ വിരുദ്ധമായ ഒരു ദലിത്‌ ബഹുജൻ വിപ്ലവം ഇന്ത്യയിൽ നടക്കാതെ പോവുകയും ചെയ്‌തതായി കാഞ്ച പറയുന്നു.

‘സമകാല ഹിന്ദുയിസം’ എന്ന ഭാഗത്ത്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ എന്നിവ ബ്രാഹ്‌മണപ്രത്യയശാസ്‌ത്രപഠന മേഖലയായി മാറി ദളിത്‌ബഹുജൻ അറിവുകളെ തിരസ്‌കരിച്ചത്‌ വിലയിരുത്തുന്നു. ജാതി തന്നെ മൂലധനമായി കൊണ്ടാടുന്ന ബ്രാഹ്‌മണർ ആധുനികാനന്തര കാലത്തും ഉന്നതസ്ഥാപനങ്ങളിൽ പ്രധാന ഉദ്യോഗസ്ഥാനങ്ങൾ അലങ്കരിക്കുന്നു; ദളിത്‌ ബഹുജനങ്ങൾ തൊഴിലാളി വർഗ്ഗമായി തുടരുകയും ചെയ്യുന്നു.

‘ഹിന്ദുദൈവങ്ങളും ഞങ്ങളും, ഞങ്ങളുടെ ദൈവങ്ങളും ഹിന്ദുകളും’ എന്ന ഭാഗത്ത്‌ ദളിത്‌ബഹുജനങ്ങളുടെ ബോധമണ്ഡലത്തെ വ്യവസ്ഥാനുസൃതമായി വളച്ചൊടിക്കുന്ന ഒരു സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക മാതൃക ഹിന്ദുയിസത്തിനുണ്ടെന്നും അതിന്‌ വേണ്ടിയാണ്‌ അവർ ഹിന്ദുദൈവങ്ങളുടെ സൃഷ്‌ടി നടത്തുന്നതെന്ന വാദവും ശ്രദ്ധേയമാവുന്നു. സാമൂഹ്യവ്യവസ്ഥ വേർപ്പെടുത്തുവാൻ ഹിന്ദുദൈവങ്ങൾ ബ്രാഹ്‌മണിസത്തിന്‌ സഹായകമാവുന്നു. ബ്രഹ്‌മാവും സരസ്വതിയും വിഷ്‌ണുവും ലക്ഷ്‌മിയും ശിവനും പാർവ്വതിയും തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ നടത്തുന്നത്‌ ദളിത്‌ അടിച്ചമർത്തൽ ആണ്‌. അവതാരദൈവങ്ങളായ വാമനൻ, കൃഷ്‌ണൻ, രാമൻ എന്നിവരും ബ്രാഹ്‌മണിത്ത അധീശത്വം വികസിപ്പിക്കുവാൻ പിറവിയെടുത്തവരാണ്‌. ഇതിൽനിന്ന്‌ വളരെ വ്യത്യസ്തമാണ്‌ ദളിത്‌ ദൈവങ്ങളായ പോച്ചമ്മ, പോലിമേരമ്മ, പോത്തറാജമ, ബീരപ്പ തുടങ്ങിയവർ. ജാതിമത വർഗ്ഗഭേദമില്ലാതെ എല്ലാ ഭക്തരെയും സ്വാഗതം ചെയ്യുന്നവർ ഒരു വർഗ്ഗത്തേയും കീഴ്‌പ്പെടുത്താനായി നിലക്കൊളളുന്നില്ല. ദലിത്‌ബഹുജനങ്ങളുടെ ഉല്പാദന പ്രക്രിയയ്‌ക്ക്‌ ശക്തി പകരാനായി ഇവർ നിലക്കൊളളുന്നു.

‘ഹിന്ദുമരണവും ഞങ്ങളുടെ മരണവും’ എന്ന ഭാഗത്ത്‌ രണ്ട്‌ വിഭാഗങ്ങളുടെയും മരണാനന്തരവിശ്വാസ, ആചാരങ്ങളെ വിശകലനം ചെയ്യുന്നു. ‘ദളിത്‌വത്‌ക്കരണമാണു വേണ്ടത്‌; ഹൈന്ദവവത്‌ക്കരണമല്ല’ എന്ന അവസാനഭാഗത്ത്‌ ദളിത്‌ ബഹുജൻ സ്‌ത്രീപുരുഷബന്ധം, സ്വകാര്യസ്വത്തിനെക്കുറിച്ചുളള സങ്കല്പം എന്നിവ വിശകലനം ചെയ്യുന്നു. ഭാവി ദളിത്‌വത്‌ക്കരണവും അതിലൂടെയുളള വിമോചനവുമാണ്‌ കാഞ്ച ഐലയ്യ മുന്നോട്ട്‌ വയ്‌ക്കുന്നത്‌.

രാജേഷ്‌ എം.ആർ

മാതാപിതാക്കൾഃ രാജൻ എം.കെ., ലളിതാ രാജൻ.

വിദ്യാഭ്യാസം ബി.എഡ്‌. മലയാളം. സംസ്‌കൃത സർവ്വകലാശാല കാലടി കേന്ദ്രത്തിൽ എം.എ മലയാളം പഠിക്കുന്നു. കഥകളും കവിതകളും എഴുതാറുണ്ട്‌. 2001 സംസ്‌കൃത സർവ്വകലാശാല യുവജനോത്സവത്തിൽ ‘ചെറുകഥ രചനാ മലയാളം’ മത്‌സരത്തിൽ ഒന്നാംസ്‌ഥാനം നേടിയിട്ടുണ്ട്‌. സർവ്വകലാശാല ലിറ്റിൽ മാഗസിൻ ‘കാഴ്‌ച’യുടെ അണിയറയിൽ പ്രവർത്തിക്കുന്നു.

വിലാസംഃ

രാജേഷ്‌.എം.ആർ.,

മാളിയേക്കൽ വീട്‌,

കുറുമശ്ശേരി പി.ഒ.

എറണാകുളം.

683 579
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.