പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

കഥയുള്ള കഥകള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുല്ലനേഴി

ഒരു കഥയുണ്ടാവുക എന്നത് നല്ല കാര്യമാണ്. അയാള്‍ ഒരു കഥയില്ലാത്തവനാണ് എന്ന പ്രയോഗം പ്രസിദ്ധമാണല്ലോ. അതുകൊണ്ട് ഒരു കഥയുള്ളയാളാകുന്നത് തീര്‍ച്ചയായും നല്ലതുതന്നെ . ഇവിടെ ശ്രീമതി ശൈലജ ഏതാനും കഥകള്‍ പറയുകയാണ്.

ജീവിതം അനേകം രസഭാവങ്ങലുള്ള പ്രതിഭാസമാണ്. ഇന്നെലകളുടെ ഇരുട്ടറയിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ നൊമ്പരങ്ങളും പശ്ചാത്താപങ്ങളും നഷ്ടപ്പെടലുകളും വിരഹവേദനകളും കാണാം. “കൃതികള്‍ മനുഷ്യകഥാനുഗായികള്‍ ”എന്നു പറയുന്നത് വേറുതെയല്ല. മനുഷ്യന്റെ കഥകള്‍ മനുഷ്യത്വത്തിന്റെ കൂടി കഥകളാ‍ണ് . ഈ സമാഹാരത്തിലെ എല്ലാ കഥകളിലും നിറഞ്ഞു നില്‍ക്കുന്നത് മാനുഷിക മൂല്യങ്ങളുടെ വ്യത്യസ്ത സന്ദര്‍ഭങ്ങളും ആഖ്യാനങ്ങളുമാണ്. ‘പ്രണാമം’ എന്ന കഥയില്‍ രാധാമണി ടീച്ചര്‍ ഗായത്രി എന്ന വിദ്യാര്‍ത്ഥിനിയോടു കാണിച്ച സ്നേഹം തിരിച്ചറിയാന്‍ കഴിയാത്തതിന്റെ പശ്ചാത്താപമുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിദ്യാര്‍ത്ഥിനിയുടേ വികാരവിചാരങ്ങളിലേക്ക് തൂലിക ചലിപ്പിച്ച ആത്മാര്‍ത്ഥത തീര്‍ച്ചയായും എഴുത്തുകാരിയുടേതാണെന്ന് താന്‍പോരിമയും യാഥാസ്ഥികത്വവും വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്നതിന്റെ ശക്തമായ ആവിഷ്കാരമാണ് ദൂരമില്ലാത്ത ഓര്‍മ്മകള്‍. തന്റേടിയും കുടുംബസ്നേഹിയുമായ ചന്ദ്രേട്ടന്റെ വ്യക്തിത്വത്തിനു മുന്‍പില്‍ കൈകൂപ്പിപ്പോകുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇവിടെ പാത്രസൃഷ്ടിയിലും അവതരണത്തിലും ഒരു തുടക്കക്കാരിയുടെ ചാപല്യങ്ങളെ അട്ടിമറിക്കുന്ന ഔചിത്യം ശ്രദ്ധേയമാണ്. ഒരേഭാവം നിലനിര്‍ത്തിക്കൊണ്ട് ആദ്യന്തം ഒരു ദിവസത്തെ മുഴുവന്‍ വരച്ചു കാണിക്കുന്ന ‘പ്രതിധ്വനികള്‍ ’ ആസ്വദ്യകരമാക്കുന്നത് അക്ഷരങ്ങളുടെ കരുത്തുകൊണ്ടു മാത്രമാണ്. വായനക്കാരുടെ മനസ്സിലും വിള്ളലുകള്‍ വീഴ്ത്തിക്കൊണ്ട് കടന്നുപോകുന്ന ആ ട്രയിന്‍ (വിഹ്വലമീ വിദൂരം) സഹാനുഭൂതിയുടേതാണ്. ‘അവള്‍ കാത്തിരുന്നു അയാളും’ എന്ന കഥയില്‍ കാമുകിയെ പ്രതീക്ഷിച്ചിരിക്കുന്ന കാമുകന്റെ മനോവ്യാപാരങ്ങളെ സൂക്ഷ്മമായും തന്മയത്വതോടെയും എഴുതി ഫലിപ്പിച്ചിരിക്കുന്നത് ശൈലജയുടെ മനോജ്ഞസിദ്ധിയാണ് കാണിച്ചു തരുന്നത്. യാദൃശ്ചികമായുണ്ടാകുന്ന സംഭവങ്ങള്‍ ജീവിതകാലം മുഴുവനും മനസ്സില്‍ ഉണങ്ങാത്ത മുറിവുകളായി അവശേഷിക്കുന്നു. ആരോടും ഒന്നും തുറന്നുപറയാനാകാത്ത വീര്‍പ്പുമുട്ടലുകളാണ് ‘ആര്‍ദ്രശൈലങ്ങള്‍'. അപരിചിതനായിരുന്നിട്ടുകൂടി പ്രകാശനക്കുറിച്ചോര്‍ത്ത് വ്യസനിക്കുന്ന ഒരു മനസ്സ് , കഥാകാരിയുടെ ആര്‍ദ്രതയെ കാണിച്ചു തരുന്നു. ഓരോ കഥയുടെയും ആഖ്യാനരീതിയുടെ ആര്‍ജവം എടുത്തുപറയേണ്ടതാണ്.

ഓരോ കഥയും മനുഷ്യജീവിതത്തിന്റെ വ്യത്യസ്തഭാവങ്ങള്‍ കാട്ടിത്തരുന്നതാണ്. ഒരു കഥയോ കഥാപാത്രത്തെയോ സൃഷ്ടിക്കലല്ല , അത് വായനക്കാരുടെ മനസ്സിലേക്ക് എത്തിക്കാന്‍ കഴിയുന്നതാണ് പ്രധാനം. അത് ഇവിടെ സാധിച്ചെടുക്കാന്‍ ശ്രീമതി ശൈലജയ്ക്കു കഴിഞ്ഞിട്ടുണ്ട്. മാനുഷിക മൂല്യങ്ങള്‍ ശോഷിച്ചുകൊണ്ടുരിക്കുന്ന ഈ കാലത്ത് ഈ പുസ്തകം വായനയുടെ ആസ്വാദ്യകരവും ആശ്വാസകരവുമായ അനുഭവമായിരിക്കും.

പല വേദികളിലും ശ്രീമതി ശൈലജയുടെ കവിതകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. അവരുടെ കാവ്യശൈലി വളരെ മനോഹരമാണ്. അക്ഷരങ്ങള്‍ ഗദ്യത്തിലായാലും പദ്യത്തിലായാലും അവരുടെ തൂലികയ്ക്ക് വഴങ്ങുമെന്ന കാര്യത്തില്‍ രണ്ടുതരമില്ല. സാഹിത്യരചനയ്ക്ക് വാസനയുണ്ടാവുകയും അഭ്യാസനിരീക്ഷനങ്ങളാല്‍ പുഷ്ടി നേടുകയും മലയാള‍സാഹിത്യത്തിന് കാര്യമായ സംഭാവനകള്‍ നല്‍കുകയും ചെയ്യാന്‍ ഈ എഴുത്തുകാരിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

സാഹിത്യകേരളത്തിന് ഇവരെ പരിചയപ്പെടുത്താന്‍ അവസരം ലഭിച്ചത് എന്റെ ധന്യതയായി ഞാന്‍ കാ‍ണുന്നു.

പ്രസാധനം - പൗര്‍ണമി ബുക്സ്

വില - 50.00

മുല്ലനേഴി
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.