പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

പ്രവാസികളുടെ ഭൂമിക

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുയ്യം രാജൻ

“പ്രവാസിയെന്നു വിളിച്ചെന്നെ പരിഹസിക്കരുത്‌. പര്യായം പലതാണിതിന്‌ ”.

ഇരുപതിലേറെ വർഷങ്ങളായി കാനഡയിൽ ജോലി ചെയ്യുന്ന നിർമ്മല “നിങ്ങളെന്നെ ഫെമിനിസ്‌റ്റാക്കി” എന്ന കഥാസമാഹാരത്തിൽ അനുവാചകരോട്‌ എളിമയോടെ ഉണർത്തിക്കുന്ന അപേക്ഷയാണിത്‌. പിറന്ന മണ്ണിൽ പൊറുക്കാൻ ഭാഗ്യമില്ലാതെപോയ ഒരു മലയാളി എഴുത്തുകാരിയുടെ പരിദേവനങ്ങൾ.

കഥ കരളിലെ അസ്വാസ്ഥ്യങ്ങളുടെ കനലാണ്‌. അതിനെ ഊതിയും ഉരുക്കിയും പൊന്നാക്കുകയാണ്‌ എഴുത്തുകാര(രി) ന്റെ കടമ. അനുഭവത്തിന്റെ തീഷ്ണതയോടെ ജീവരസം കടലാസുകളിലേയ്‌ക്ക്‌ പകർത്തപ്പെടുമ്പോൾ അതൊരു വായനാസുഖം തരുന്ന കലാസൃഷ്ടിയായി മാറുന്നു. കാരണം ജീവതമാണതിൽ സ്പന്ദിക്കുന്നത്‌.

നിരന്തരമായ അതിഥി സൽക്കാരങ്ങൾക്കും, ആഘോഷങ്ങൾക്കും പുറമെ ഭർത്താവ്‌, കുഞ്ഞുങ്ങൾ, ഉദ്യോഗഭാരം, അങ്ങനെ നിരവധി വ്യഥാദികൾക്കിടയിൽ ഉരുകുകയാണ്‌ കഥാകാരി. അവൾ അമ്മയും ഭാര്യയും കൂടിയാവുമ്പോൾ കടമകൾ ഏറുന്നു.

ക്രിസ്‌മസ്‌ ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷം. തിളക്കുന്ന മനോവ്യഥകളുടെ മൂർദ്ധന്യാവസ്ഥയിലും അനുചിതമായ സാഹചര്യങ്ങളോട്‌ സമരസപ്പെടുകയും അതിനോട്‌ പൊരുതുകയും ചെയ്യേണ്ടിവരിക ഭാരിച്ച പണി തന്നെയാണ്‌. അത്തരം ഭാരങ്ങളെല്ലാം ഒരു ചെറുപുഞ്ചിരിയിൽ ചാലിയ്‌ക്കുമ്പോൾ ലേഖിക അനുഭവിക്കുന്ന നിമിഷസുഖം അനുവാചകന്റെ മനസ്സിലേക്കും പകർത്താൻ കഴിയുന്നുണ്ട്‌. (കഥ - ഡിസംബറിൽ)

കേരളത്തനിമയും മഹിമയും അനുഭവിക്കാനിന്ന്‌ മറുനാടൻ മലയാളികൾക്കിടയിലേക്ക്‌ കടന്നു ചെല്ലണമെന്ന ചിലരുടെയെങ്കിലും ചൊല്ലുകളിൽ പരമാർത്ഥത്തിന്റെ പൊള്ളുന്ന പൊരുളുണ്ട്‌.

ഉത്തരയമേരിക്കയിലെ മലയാളികളുടെ വീട്ടുമുറ്റങ്ങൾ അലങ്കാര വസ്‌തുവായി മാറുന്ന കാഴ്‌ചയാണ്‌ ‘കറിവേപ്പ്‌ പഠിപ്പിച്ചത്‌’ എന്ന മനോഹരമായ കഥയിലൂടെ കാണിച്ചു തരുന്നത്‌. കുടുംബസമേതം അത്താഴ സൽക്കാരത്തിന്‌ (സപ്പർ) വിളിക്കുന്ന പതിവ്‌ പരിപാടികളിൽ കഥാകാരിയ്‌ക്കും ഭാഗഭാക്കാവേണ്ടിവരുന്നു. വിഭവങ്ങളെല്ലാം തയ്യാറായിക്കഴിഞ്ഞു. വീട്‌ അതിഥികൾക്ക്‌ പുകഴ്‌ത്താനായി അലങ്കരിക്കപ്പെട്ടു. കറിവേപ്പിന്റെ ഫോട്ടോ മേശപ്പുറത്ത്‌ അതിഥികളെ കാക്കുകയാണ്‌. ചിത്രത്തിലെ ചെറിയ കറിവേപ്പ്‌ ചെടിയും വളർന്നു പന്തലിച്ച ചെറുമരത്തേയും കാണിച്ച്‌ പ്രസംഗിക്കുവാൻ ഇനിയും ഒരുപാടുണ്ട്‌.

മലയാളിയുടെ പ്രവാസ ജീവിത വ്യവസ്ഥയെയും സംസ്‌ക്കാരത്തെയും സമന്വയിപ്പിക്കുന്ന അസുലഭ മുഹൂർത്തങ്ങൾ നിർമ്മലയുടെ മിക്ക കഥകളിലും ഒളിമിന്നി നിൽക്കുന്നുണ്ട്‌. അതൊരു യാദൃശ്ചികമായ മുഹൂർത്തം സൃഷ്ടിക്കലല്ല. മറിച്ച്‌ താൻ ജീവിക്കാൻ തെരഞ്ഞെടുത്ത ജീവിത മേഖലയുടെ ചിത്രങ്ങൾ അനാവരണം ചെയ്യപ്പെടാൻ നിർബന്ധിതയായിത്തീരുകയാണ്‌. ആ കഥാകഥനം അനുവാചകനെ ഒട്ടും വിരസമാക്കുന്നില്ല.

കൊടുക്കുന്നതിലേറെ എടുത്തുകൊണ്ട്‌, നിങ്ങളെന്നെ ഫെമിനിസ്‌റ്റാക്കി, വിതുമ്പുന്ന വൃക്ഷം എന്നീ കഥകളിൽ പരിപാലിക്കപ്പെടുന്ന ജീവിതതലങ്ങളുടെ പിരിമുറുക്കം മനസ്സിൽ ഒരു നീറ്റലായെന്നും നിലനിൽക്കുന്നുണ്ട്‌.

ഭർത്താവ്‌ കഴിവു കെട്ടവനായാലും ഭാര്യ അവനുമായി തന്റെ ജീവിതം വീതിക്കപ്പെട്ടേ മതിയാവൂ. അത്‌ സാമൂഹ്യനീതിയാണ്‌. അവിടെയും ബലിയാടായിത്തീരുക ഭാര്യയാണ്‌. സർവ്വവും സഹിക്കേണ്ടിവരുന്നവളാണ്‌ സ്‌ത്രീ.

വീടെല്ലാവരുടേയും സ്വപ്നസൗധമാണ്‌ (വിതുമ്പുന്ന വൃക്ഷം). ആശങ്കാകുലയായ ഒരു പെൺമനസിന്റെ ചാപല്യങ്ങളാണ്‌ ‘മനശ്ശാസ്‌ത്രജ്ഞനൊരു കത്ത്‌’ എന്ന കഥ.

അമേരിക്ക-ഇറാഖ്‌ യുദ്ധക്കെടുതിയുടെ കത്തുന്ന ചിത്രമാണ്‌ ‘അബു ഗ്രാഇബ്ബ്‌. അമേരിക്കയുടെ ആധിപത്യത്തിന്റെ കഥ. ’മറൈൻ ഡ്രൈവിൽ അമേരിക്കൻ പട്ടാളക്കാരുടെ ഒരു കൂട്ടം വന്നിറങ്ങി. കോളേജുകളെല്ലാം അടഞ്ഞു കിടക്കുന്നു. അവിടുത്തെ ത്രസിപ്പിക്കുന്ന കുട്ടികളെയൊന്നും കാണാനില്ല. കപ്പലണ്ടി വച്ച ഭരണികൾ ഉടച്ച്‌ ആർത്തു ചിരിക്കുകയാണ്‌ അമേരിക്കൻ പട്ടാളം“. യുദ്ധക്കെടുതിയുടെ കത്തുന്ന മുഖമാണിവിടെ ആളിപ്പടരുന്നത്‌.

വെന്റിലേറ്ററിൽ അവസാന നിമിഷം എണ്ണിക്കഴിയുന്ന അമ്മയുടെ ശ്വാസവായു തടയാൻ അനുവാദം കൊടുക്കേണ്ടിവരിക വല്ലാത്തൊരു നൊമ്പരമാണ്‌. അങ്ങനെ വിമ്മിട്ടപ്പെടുന്ന ഒരു മകനെയാണ്‌ ‘ചില തീരുമാനങ്ങൾ’ എന്ന കഥയിൽ കാണാനാവുന്നത്‌.

നിർമ്മലയുടെ കഥകൾ അവയുടെ ജീവിതം കണ്ടെത്തുന്ന സ്ഥലങ്ങൾ, ഭാഷ, ഭാവന, കണ്ടുമുട്ടുന്ന ഏറ്റവും പുതിയ മേച്ചിൽപ്പുറങ്ങൾ അങ്ങനെ എല്ലാറ്റിലും അനന്യത കൈവരിക്കുന്നുണ്ട്‌. ജീവിതത്തിന്‌ കഥയെ തിരയുന്ന എക്കാലത്തേയും അലച്ചിൽ എല്ലാ കഥാകൃത്തുക്കളുടേയും തലവര പോലെ നിർമ്മലയേയും ഗ്രസിക്കുന്നുണ്ട്‌. പല കഥകളിലും പശ്ചാത്തലമായി പ്രത്യക്ഷപ്പെടുന്ന ഭൗതിക ലോകം മലയാളത്തിന്റെ തനിയാവർത്തനമായി മാറാതെ വ്യതിരിക്തമാക്കിത്തീർക്കുന്നുണ്ട്‌ നിർമ്മലയുടെ കഥകളിൽ.

നിർമ്മലയുടെ കഥകളെക്കുറിച്ചുള്ള കരുണാകരന്റെ പഠനം ഈ സമാഹാരത്തിലെ കഥകളുടെ ആഴങ്ങൾ കണ്ടെത്താൻ ഉപകരിക്കുന്നവയാണ്‌.

ഡിസംബറിൽ, കറിവേപ്പ്‌ പഠിപ്പിച്ചത്‌, കൊടുക്കുന്നതിലേറെ എടുത്തുകൊണ്ട്‌, വെണ്ടയ്‌ക്കത്തോരൻ, അബുഗ്രാഇബ്‌, നിങ്ങളെന്നെ ഫെമിനിസ്‌റ്റാക്കി, വിതുമ്പുന്ന വൃക്ഷം, മനശ്ശാസ്‌ത്രജ്ഞനൊരു കത്ത്‌, ചില തീരുമാനങ്ങൾ, നഷ്ടപ്പെടുന്നവർ എന്നിങ്ങനെ പത്തുകഥകളാണ്‌ ഈ സമാഹാരത്തിലുള്ളത്‌.

നിങ്ങളെന്നെ ഫെമിനിസ്‌റ്റാക്കി (കഥകൾ)

നിർമ്മല

കറന്റ്‌ ബുക്‌സ്‌,

വില ഃ 40 രൂപ

മുയ്യം രാജൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.