പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

കൊണ്ടറിഞ്ഞവന്റെ നിനവും കനവും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ആർ.എസ്‌. കുറുപ്പ്‌

എന്താണ്‌ കവിത? ഉത്തരം പഴയ വിശ്വനാഥവാക്യം തന്നെ. വാക്യം രസാത്മകം കാവ്യം. പക്ഷാന്തരമില്ല. പക്ഷേ എന്താണ്‌ രസാത്മകത്വം എന്ന കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ടാവാം. പദങ്ങളുടെയും വാക്യങ്ങളുടെയും ധ്വനനശേഷിയാണ്‌ രസനിഷ്‌പത്തിക്ക്‌ നിദാനം എന്ന അഭിപ്രായത്തിനാണ്‌ മുൻതൂക്കം. പദങ്ങളുടെ ധ്വനനശേഷി നിരന്തരമായ ഉപയോഗം കൊണ്ട്‌ നഷ്‌ടപ്പെടും. മറ്റൊരുതരത്തിൽ പറഞ്ഞാൽ സൂചകങ്ങൾ കാലന്തരത്തിൽ വിഗ്രഹവല്‌ക്കരിക്കപ്പെട്ടു പോകാനിടയുണ്ട്‌. അതുകൊണ്ടാണ്‌ കവിയെക്കുറിച്ച്‌ അയാൾ ആയിരം തലമുറയായി ഉപയോഗിച്ചിട്ടില്ലാത്ത വാക്കുകൾ ശേഖരിക്കുന്നു; ആയിരം വർഷങ്ങളായി പാടിയിട്ടില്ലാത്ത ഛന്ദസ്സുകൾ സ്വരുക്കൂട്ടുന്നു എന്ന്‌ ലു ചി എന്ന ചൈനീസ്‌ പണ്ഡിതൻ പറഞ്ഞത്‌.

ഇത്രയും പ്രസ്‌താവിച്ചത്‌ ഈ സമാഹാരത്തിലെ കവിതകളുടെ പൊതുവായ ഒരു സവിശേഷത ശ്രദ്ധയിൽപ്പെടുത്തുവാൻ വേണ്ടിയാണ്‌. കുട്ടനാട്ടിലും ഓണാട്ടുകരയിലും പരിസരങ്ങളിലുമുള്ള പുഞ്ചപ്പാടങ്ങളിൽ പണിയെടുത്തിരുന്നവർ ഉപയോഗിച്ചുവന്നിരുന്ന ഒരു പ്രത്യേക ഭാഷയുണ്ട്‌. മലയാളവും തമിഴും പോലെ ആദിദ്രാവിഡ ഭാഷയിൽ നിന്നുരുത്തിരിഞ്ഞുവന്ന ഒരു സ്വതന്ത്രഭാഷയാണത്‌ എന്ന്‌ കവിയൂർ മുരളി അഭിപ്രായപ്പെടുന്നു. അതല്ല മലയാളത്തിന്റെ ഒരു പ്രാദേശികഭേദം മാത്രമാണാ ഭാഷ എന്നു പറയുന്നവരുമുണ്ട്‌. അതെന്തുമാകട്ടെ; മദ്ധ്യതിരുവിതാംകൂറിലെ മറ്റു സമുദായവിഭാഗങ്ങൾക്ക്‌ ഇന്നും അപരിചിതമായി തോന്നുന്ന ഒരുപാടു പദങ്ങൾ ആ ഭാഷയിലുണ്ട്‌. ചില പദങ്ങളൊക്കെ ആർക്കും കേട്ടാൽ മനസ്സിലാകും. അങ്ങനെയുള്ള ചില വാക്കുകൾ തകഴിയുടെ കഥകളിലൂടെ, തോപ്പിൽ ഭാസിയുടെ നാടകങ്ങളിലൂടെ, ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങളിലൂടെ മലയാളസാഹിത്യത്തിൽ ഇടംനേടിയിട്ടുണ്ട്‌. അങ്ങനെ ഇടംനേടിയിട്ടില്ലാത്ത ഒരുപാടു പദങ്ങൾ രാമകൃഷ്‌ണൻ ഈ കവിതകളിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നു. രാമകൃഷ്‌ണൻ കൊണ്ടറിഞ്ഞ ആളാണ്‌. നേരത്തെ പേർപറഞ്ഞ പ്രശസ്‌തരാവട്ടെ കണ്ടറിഞ്ഞവരും.

ഒരു വാക്കും കൃത്യമായി പരിഭാഷപ്പെടുത്തുക സാദ്ധ്യമല്ല. അഞ്ചുകുലിയേൻ, ഏകദേശം രണ്ടിടങ്ങഴിയേ ആവൂ. മറ്റു ചില വാക്കുകൾ നോക്കുക; മടവതി എന്നാൽ മന്ത്രവാദി. എന്നാൽ മന്ത്രവാദി മാത്രമാണോ? അല്ല, പലപ്പോഴും പൂജാരികൂടിയാണ്‌. പുഞ്ചപ്പാടങ്ങൾക്കുനടുവിലെ പുലത്തറകളിൽ അനുഷ്‌ഠാനങ്ങൾ ഫലപ്രദമായി നടത്താൻ മടവതിക്കേ കഴിയൂ, മന്ത്രവാദിക്ക്‌ കഴിയുകയില്ല

മറ്റൊരു മനോഹരമായ പദമാണ്‌ തെമ്മാങ്ക്‌. തെമ്മാങ്കിന്‌ മൂളിപ്പാട്ടെന്ന്‌ അർത്ഥം പറഞ്ഞാൽ അത്‌ പൂർണ്ണമായും ശരിയായിരിക്കുകയില്ല. തെമ്മാങ്ക്‌ പ്രണയഗാനവും കൂടിയാണ്‌. കോരൻ ചിരുതയുടെ ചെവിയിൽ മൂളിയിരിക്കാവുന്ന ഗാനമെന്തോ അത്‌. ഇങ്ങനെ അപൂർവ്വ ചാരുതയാർന്ന അപരിചിതപദങ്ങളുടെ സാന്നിദ്ധ്യം ഈ കവിതകളെ രസനിഷ്യന്ദികളാക്കുന്നു.

പാടത്തുപണിയെടുക്കുന്നവർക്ക്‌ ഒരു പദസമുച്ചയം മാത്രമല്ല, താളങ്ങളും ഈണങ്ങളും സ്വന്തമായുണ്ടായിരുന്നു. അത്‌ ആരാ​‍ാണവരെ പഠിപ്പിച്ചതെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

ആടണം നെല്ലും ചെടികളുമൊന്നിച്ചു.

കാറ്റിലുലഞ്ഞു പഠിപ്പിച്ചൊരാട്ടങ്ങൾ (പൊരുൾതേടി)

അതെ, നെൽവയലുകളും ചീനിവിളകളും തെങ്ങിൻതോപ്പുകളും നേരിട്ടുപഠിപ്പിച്ച ഈണങ്ങളും താളങ്ങളുമാണ്‌ അവർ അവരുടെ പാട്ടിനും കൂത്തിനും ഉപയോഗിച്ചിരുന്നത്‌. അവയിൽ ചിലത്‌ സിനിമാ നാടകഗാനങ്ങളുടെ ഈണങ്ങളും താളങ്ങളുമായി പരിഷ്‌കൃതരൂപത്തിൽ നമുക്ക്‌ ലഭിച്ചിട്ടുണ്ട്‌. ചില ആധുനിക കവിതകളും തുള്ളൽ എന്ന കലാരൂപവും ഇവയിൽ ചില താളങ്ങളെ പരിഷ്‌ക്കരിച്ചുപയുക്തമാക്കിയിട്ടുണ്ട്‌. പക്ഷേ ഒന്നുറപ്പിച്ചുപറയാം, കർഷകത്തൊഴിലാളിയുടെ ഈണവും താളവും അതിന്റെ മൗലികരൂപത്തിൽ മലയാളസാഹിത്യത്തിൽ ആദ്യമായി ഉപയുക്തമാക്കപ്പെടുന്നത്‌ ഈ കാവ്യസമാഹാരത്തിലെ കവിതകളിലാണ്‌.

പദങ്ങളുടെയും ഈണങ്ങളുടെയും താളങ്ങളുടെയും അപൂർവ്വതകൊണ്ടുമാത്രം ഒരു രചനയും നല്ല കവിതയാവുകയില്ല. തനിക്കും തന്റെ വർഗ്ഗത്തിനാകെത്തന്നെയും കവിതയെന്നാൽ, കലയെന്നാൽ എന്താണെന്ന്‌ രാമകൃഷ്‌ണൻ ‘പൊരുൾതേടി’ എന്ന കവിതയിൽ അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നുണ്ട്‌.

വാഴ്‌വും കലയും വെവ്വേറെയല്ലെന്ന

വാക്കുരച്ചാർത്തലച്ചടിവെച്ചുപോകണം

ഇതിനർത്ഥം കല ജീവിതത്തിന്റെ നേർപകർപ്പാണെന്നല്ല. ജീവിതത്തിന്റെ നേർപകർപ്പ്‌ നല്ല കലയാവുകയില്ല. മുന്നിലുള്ള മാതൃകയെ മാത്രം നോക്കിവരയ്‌ക്കുന്ന ഒരു ചിത്രവും, അതെത്ര തന്നെ സാങ്കേതികത്തികവുള്ളതായാലും നല്ല കാലാസൃഷ്‌ടിയാവുകയില്ല. ഏറിയാൽ അത്‌ നല്ലൊരു കരകൗശല വസ്‌തുവായേക്കാം. മുൻപിലിരിക്കുന്ന മാതൃകയെ നോക്കുന്നതിലധികം തന്റെ തന്നെ ഉള്ളിലേക്ക്‌ നോക്കി വരച്ചതുകൊണ്ടാണ്‌ രവിവർമ്മ ചിത്രമെഴുത്തുതമ്പുരാനായത്‌. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ലോകോത്തരങ്ങളായതും. ഏതു മഹത്തായ കലാസൃഷ്‌ടിയെ സംബന്ധിച്ചും ഇതു ശരിയാണ്‌.

രാമകൃഷ്‌ണൻ തന്റെ ഉള്ളിലേക്കുനോക്കിക്കൊണ്ടാണ്‌ തന്റെ വർഗ്ഗത്തിന്റെ ജീവിതം കവിതകളിൽ രേഖപ്പെടുത്തുന്നത്‌. തന്റെ ഉള്ളിലാവട്ടെ എന്നും വേദന അനുഭവിച്ചുകൊണ്ടിരുന്ന പണിയെടുത്തു തളർന്ന ഒരു ജനവിഭാഗം തലമുറകളായി ആർജ്ജിച്ച ദുഃഖവും രോഷവും അന്തഃക്ഷോഭങ്ങളും മുഴുവനുണ്ടുതാനും. നീൾപാതയിൽ പണ്ടു നനവുണങ്ങിപ്പോയ കുരുതിരക്തത്തിന്റെ കഥ ഇതിലെ ഓരോ കവിതയിലും പ്രതിദ്ധ്വനിക്കുന്നു.

‘ആളടിയാർകൂട്ടം’ എന്ന കവിത നോക്കൂ; അയ്യപ്പപ്പണിക്കരുടെ ‘കുടുംബപുരാണം’ എന്ന കവിതയിലെ ഏതാനും വരികളാണ്‌ ഈ കവിതയുടെ മുഖക്കുറിപ്പായി ചേർത്തിരിക്കുന്നത്‌. കടലിനേക്കാൾ താഴ്‌ന്നുകിടന്ന കായൽ പ്രദേശങ്ങൾ പൊന്നുവിളയിക്കുന്ന നെല്‌പാടങ്ങളാക്കി മാറ്റിയെടുത്ത തന്റെ പൂർവ്വികരെക്കുറിച്ചുള്ള ബഹുമാനപുരസ്സരമായ സ്‌മരണകളാണല്ലോ കുടുംബപുരാണത്തിന്റെ ഉള്ളടക്കം. പക്ഷേ, ആരാണാ നെല്‌പാടങ്ങൾ നിർമ്മിച്ചത്‌? അങ്ങനെ നോക്കിയാൽ ഒറ്റക്കൽ മണ്ഡപവും ആയിരം കാൽമണ്ഡപവും നിർമ്മിച്ചതാരാണ്‌?

കായലിലെയും കരയിലെയും കരപ്പറ്റിൽ

തമ്പുരാനങ്ങനെ നിന്നാ മതി

കൊടക്കീഴിൽനിന്നു കൽപ്പിച്ചാ മതി

കായലായ കായലെല്ലാം പൊറവേലികുത്തി കഠിനാദ്ധ്വാനം ചെയ്‌ത്‌ നെൽവയലുകളാക്കി ഉഴുതുമറിച്ച്‌-

ഏനംപോലെ, എണക്കംപോലെ

വിത്തുവെതച്ചതും വെളയിച്ചതും

പെലേനായിരുന്നു

സത്യമല്ലേ?

രാജകീയമായ ആജ്‌ഞ്ഞാശക്തി, വിചാരിപ്പുകാരുടെ നിർവ്വഹണശേഷി ഇതൊന്നും കൂടാതെയായിരം കാൽമണ്ഡപങ്ങളുണ്ടാവുകയില്ലെന്ന മാനേജ്‌മെന്റ്‌ തത്ത്വം നിഷേധിക്കേണ്ടതില്ല. പക്ഷേ ഇതെല്ലാമുണ്ടായാലും കല്ലുകല്ലിന്മേൽ കയറ്റിവെക്കുന്നവനും അതു ചുമന്നെത്തിക്കുന്നവനും ഇല്ലാതെ വന്നാലോ? എന്നല്ല ആ കല്ലുകളെപ്പോലെ തന്ന അനിവാര്യമാണല്ലോ അവന്റെ അദ്ധ്വാനവും. കായൽ നിലങ്ങളുടെ കാര്യത്തിലും ഈ തത്ത്വം ബാധകമാണ്‌. പക്ഷേ, നിലം ഒരുക്കി വിത്ത്‌ വിതച്ച്‌ നൂറുമേനി വിളയിച്ച അവനോട്‌ ചരിത്രം ചെയ്‌തതെന്താണ്‌?

നിറഞ്ഞ അറയ്‌ക്കകലെ നിർത്തി

അയിത്തമുള്ളവനാക്കി

അന്നും

ഇന്നും

എന്നും

അവൻ ചെപ്പേടുകളിൽ

ആളടിയാർക്കൂട്ടം

ഈ ആളടിയാർക്കൂട്ടം കുഞ്ഞാളിയുടെ പിൻമുറക്കാരാണ്‌. ആരാണീ കുഞ്ഞാളി?

കുഞ്ഞാളി കന്നികുളിച്ച പെണ്ണ്‌

കുഞ്ഞാണവളപ്പനാങ്ങളാക്ക്‌

അപ്പന്റെയും ഏഴാങ്ങളമാരുടെയും ചെല്ലക്കുട്ടിയാണ്‌ കുഞ്ഞാളി. പത്താമുദയത്തിന്‌ പടയണികാണാനുള്ള അവളുടെ പൂതി അവർക്ക്‌ നിഷേധിക്കാൻ കഴിഞ്ഞില്ല. അവിടെ വെച്ച്‌ ഒരു തമ്പ്രാട്ടിക്കു പറ്റിയ അമളികണ്ട്‌ അവരറിയാതെ ചിരിച്ചുപോയി. അതിന്റെ പ്രത്യാഘാതം ഭീകരമായിരുന്നു. കോയിക്കലുറ്റോരടിയാരായ അവരെട്ടുപേരെയും ആയില്യമുണ്ണാൻ തമ്പ്രാൻ തറവാട്ടിലേക്കു ക്ഷണിച്ചു.

ചത്തോരിരിക്കുന്ന കാവിൽനില്‌ക്കും

സത്യം ചുരത്തുന്ന പാലയിൽനിന്നും പുറപ്പെട്ട ദുഃശകുനങ്ങളെ പിൻപറ്റി തമ്പ്രാൻ പടിക്കലെത്തിയ കുഞ്ഞാളി കണ്ടത്‌ സദ്യവിളമ്പാൻ ഇട്ടിരുന്ന ഇലകളിൽ അറുത്തെടുത്ത എട്ടുതലകൾ വിളമ്പിയിരിക്കുന്നതാണ്‌.

മുറ്റം കുടുമ്മകളെട്ടുമെന്നായ്‌

ചുറ്റിയണച്ചാമുഖങ്ങളോടായ്‌

പേരുവിളിച്ചു പതംപറഞ്ഞ്‌

പേയലയ്‌ക്കുംപോലലച്ചു പെണ്ണ്‌

അപ്പനുടയേന്റടഞ്ഞ കണ്ണിൽ

തപ്പുപറഞ്ഞവളുമ്മവെച്ചു

എന്നിട്ട്‌

എട്ടുശിരസ്സുകൾ മാലചാർത്തി

രക്തമണിഞ്ഞൊരു വാളുമേന്തി

എട്ടുകെട്ടിലേക്കു നടന്നു, അവിടെ

ഈച്ചവിലങ്ങാ മണിമുറ്റത്ത്‌ കത്തുന്ന കണ്ണുമായെത്തി കൊച്ചടിയാട്ടിയലറിയാർത്തു

ഇനിയൊരു തലയുള്ള തടിയനാണേ

ഇതുകൊയ്‌തെടുക്കണേ തമ്പുരാനേ

എന്നിട്ട്‌

വാതിളങ്ങും കൊടുവാളുവീശി

തന്റെ കഴുത്തുമരിഞ്ഞു പെണ്ണ്‌

മരണം ഉറപ്പായിരിക്കെ ഒന്നുരണ്ടു മേലൂട്ടുകാരുടെയെങ്കിലും തലയരിയാമായിരുന്നില്ലെ കുഞ്ഞാളിക്ക്‌ എന്നു ചോദിക്കുന്നവരുണ്ടാകും. ഈച്ചവിലങ്ങാമണിമുറ്റത്ത്‌ കയറിച്ചെന്നതുതന്നെ വലിയൊരു സാഹസമായിരുന്നു അന്നത്തെ കാലത്ത്‌. ആക്രമിക്കാനുള്ള ഏതു ശ്രമമവും പരാജയപ്പെടുമെന്നുമാത്രമല്ല, വളരെ അപമാനകരമായ ഒരു മരണത്തലവസാനിക്കുകയും ചെയ്യുമായിരുന്നു. കുഞ്ഞാളിവല്യമ്മയുടെ കാലത്ത്‌ നമ്മുടെ ആദിമസമൂഹങ്ങളിൽ മരണം പരിപാവനമായ ഒന്നായിരുന്നു. കാവിലെ ചാവുകൾക്ക്‌ തൈവങ്ങൾക്കൊപ്പം സ്‌ഥനമുണ്ടായിരുന്നു അവരുടെ സംസ്‌കൃതിയിൽ. ചത്തോരിരിക്കുന്ന കാവിലേക്കുള്ള യാത്രയാണ്‌ മരണം അവർക്ക.​‍്‌ അത്‌ അപമാനകരമായ രീതിയിലാവാൻ കുഞ്ഞാളിവല്യമ്മ അവസരം കൊടുക്കുകയില്ല.

കുഞ്ഞാളിയുടെ ആത്‌മബലി ഉള്ളടക്കത്തിന്റെ ഹൃദയദ്രവീകരണക്ഷമതക്ക്‌ തികച്ചും അനുയോജ്യമായാണ്‌ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്‌; നേരത്തെ സൂചിപ്പിച്ച സവിശേഷതകളുള്ള ഭാഷയിൽ ചുരുങ്ങിയ വാക്കുകളിൽ, ഒരു നാടകത്തിന്റെ പിരിമുറക്കത്തോടെ. ഇരുനൂറ്റമ്പതുവരികൾ മാത്രമുള്ള ഈ കാവ്യം ‘നളിനി’ മുതൽ ‘കുടിയൊഴിക്കൽ’വരെയുള്ള നമ്മുടെ പ്രകൃഷ്‌ട ഖണ്ഡകാവ്യങ്ങളുടെ കൂട്ടത്തിലുൾപ്പെടുത്തേണ്ടതാണെന്നാണ്‌ എന്റെ അഭിപ്രായം. അവയിൽ ചിലതിലെങ്കിലും കീഴുട്ടുകാർ കഥാപാത്രങ്ങളായുണ്ട്‌. പക്ഷേ അവരൊക്കെ ഉപരിവർഗ്ഗത്തിലെ ഹൃദയാലുക്കളുടെ കാഴ്‌ചപ്പാടിലൂടെയാണ്‌ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്‌; ചണ്ഡാലഭിക്ഷുകിപോലും. പ്രതിഷേധിക്കുന്ന ചണ്ഡാലയുവതിയുടെ ആത്‌മബലി അവളുടെ തന്നെ ഭാഷയിൽ അതിമനോഹരമായ കവിതയായി പ്രത്യക്ഷപ്പെടുന്നത്‌ മലയാളത്തിൽആദ്യമായാണ്‌.

മലയാള ഗദ്യസാഹിത്യത്തിലുണ്ടായ പുതുവസന്തം കവിതയിലുണ്ടായിട്ടില്ല എന്നു പറയുന്നവർക്കുള്ള മറുപടികൂടിയാണ്‌ കുഞ്ഞാളിയും ഈ സമാഹാരത്തിലെ മറ്റു കവിതകളും.

‘കുഞ്ഞാളി’ ഈ സമാഹാരത്തിലെ അവസാനത്തെ കവിതയാണ്‌. കുഞ്ഞാളിവലിയമ്മയുടെ പിന്തുടർച്ചക്കാരുടെ ദുരവസ്‌ഥയും ഒരിക്കലും പുറത്തുകാട്ടാതെ അവരുള്ളിലൊരുക്കിയിരുന്ന രോഷാഗ്നിയും അവരുടെ തന്നെ ഭാഷയിൽ ഹൃദ്യമായി ആഖ്യാനം ചെയ്യപ്പെടുന്ന കവിതകളുടെ ഈ സമാഹാരം തുടങ്ങുന്നത്‌ സമീപഭൂതകാലത്തുനിന്നാണ്‌. ഒന്നാമത്തെ കവിതയായ ‘അപ്പൻ’ നോക്കുക.

അപ്പൻ എന്നാൽ അപ്പൂപ്പൻ. കുഞ്ഞുങ്ങൾ മുതൽ മുത്തശ്ശൻമാർവരെയുള്ള മേലൂട്ടുകാരെല്ലാം രാമപ്പറയനെന്നു വിളിച്ചിരുന്ന തപ്പുകൊട്ടുകാരൻ. പറയൻ എന്ന വാക്കിന്‌ ദക്ഷിണേന്ത്യയിലെ അധഃകൃതജാതിക്കാരൻ എന്നർത്ഥം പറയുന്ന ഇംഗ്ലീഷ്‌ നിഘണ്ടുക്കളെല്ലാംതന്നെ അതൊരു വിവക്ഷിതാർത്ഥമാണെന്നും പദാർത്ഥം വാദ്യക്കാരൻ, കൊട്ടുകാരൻ എന്നാണെന്നും സൂചിപ്പിക്കുന്നുണ്ട്‌. അപ്പന്റെ തപ്പുകൾ പൊടിപിടിച്ചു തുടങ്ങിയതും അവസാനം വില്‌ക്കേണ്ടിവന്നതുമായ സ്‌ഥിതിവിശേഷം സൂചിപ്പിക്കുന്നതെന്താണ്‌?

മദ്ധ്യതിരുവിതാംകൂർ കൃഷിത്തൊഴിലാളിക്ക്‌ ആട്ടവും പാട്ടും അനുഷ്‌ഠാനങ്ങളുമെല്ലാമടങ്ങുന്ന ഒരു കലാസാംസ്‌കാരിക ജീവിതം സ്വന്തമായുണ്ടായിരുന്നു. ഇതാവട്ടെ മിച്ചംവന്ന പണത്തിന്റെയും സമയത്തിന്റെയും ഉല്‌പന്നമായിരുന്നില്ലതാനും. തപ്പുകളുടെ ദുർഗ്ഗതി ഈ സാംസ്‌കാരിക ജീവിതത്തിന്റെ അപചയത്തെ സൂചിപ്പിക്കുന്നു. അപ്പൻ കൊരണ്ടിപ്പലകയിൽ കൊട്ടി വൈരസ്യമകറ്റിയിരുന്നപ്പോഴൊക്കെ എന്തുകൊണ്ടാണ്‌ വിശക്കുന്നത്‌, എന്തുകൊണ്ടാണ്‌ തണുക്കുന്നത്‌. എന്തുകൊണ്ടാണ്‌ നനയുന്നത്‌ എന്നൊക്കെയായിരുന്നു കൊച്ചുമകൻ ആലോചിച്ചിരുന്നത്‌. ഈ കൊച്ചുമകന്റെ തലമുറയെ പ്രതിനിധീകരിക്കുന്നു ഈ കവിതകളുടെ ഉദ്‌ഗാതാവ്‌.

അപ്പനിൽ നിന്ന്‌ അച്‌ഛനിലെത്തുമ്പോൾ

ഉണ്ണാവ്രതത്താലുയിരറ്റൊരച്ഛന്റെ

ദണ്ണം കുടിച്ച മൺപാത്രത്തിലിത്തിരി

മണ്ണും മനുഷ്യനും ബാക്കിയാണിപ്പൊഴും

എന്നയാൾ മനസ്സിലാക്കുന്നു.

അവസാനശ്വാസവുമടവിക്കുനേദിച്ചു

കനവിതുപൊളിയെന്നു

അറിയുകയും ചെയ്യുന്നു.

ഏത്‌ കനവ്‌? ആ ചോദ്യത്തിനുത്തരം ഈ കാവ്യസമാഹാരത്തിന്റെ സമഗ്രപാരായണത്തിലൂടെ മാത്രമാണ്‌ ലഭ്യമാവുക.

കുഞ്ഞാളിവലിയമ്മയുടെ ആത്‌മബലി ഒരു വിപ്ലവത്തിന്‌ തിരികൊളുത്തുകയുണ്ടായില്ല. ആ കാലത്ത്‌ അത്‌ അചിന്ത്യമായിരുന്നു. തുടർന്നുവന്ന ഒരു കാലം, നവോത്ഥാനം എന്നും മറ്റും പേർപറയുന്ന കാലം ചില വാഗ്‌ദാനങ്ങളൊക്കെ എല്ലാ വിഭാഗം ജനങ്ങൾക്കും നല്‌കിയിരുന്നല്ലോ. സ്വാതന്ത്ര്യലബ്‌ധിക്ക്‌ മുമ്പ്‌ ദേശീയപ്രസ്‌ഥാനവും അതിനുശേഷവും ഇടതുപക്ഷപ്രസ്‌ഥാനവും അടിസ്‌ഥാനവർഗ്ഗത്തിന്‌ വാഗ്‌ദാനം ചെയ്‌തിരുന്നത്‌ അവർ കൊയ്യുന്ന വയലുകളുടെ മുഴുവൻ ഉടമാവകാശമായിരുന്നു.

സാതന്ത്ര്യത്തിന്റെ ആദ്യദശകങ്ങൾ ശ്രദ്ധേയമാവുന്നത്‌ ഉല്‌പാദനവർദ്ധനവിന്റെ പേരിൽ മാത്രമല്ല. വിഭവങ്ങളുടെ പുനർവിന്യാസവും സമാന്തരമായി നടന്നിരുന്നു. ആ പുനർവിഭജനത്തിൽ ആദിവാസിയും കൃഷിത്തൊഴിലാളിയും പൂർണ്ണമായും അവഗണിക്കപ്പെട്ടുപോയി. പണിയെടുക്കുന്ന വയലുകൾ മുഴുവൻ വാഗ്‌ദാനം ചെയ്യപ്പെട്ടിരുന്നുവെങ്കിലും അവർ പ്രതീക്ഷിച്ചിരുന്നത്‌ ഇത്രമാത്രമായിരുന്നു-

ഇത്തിരി നീതി അവസരമാർദ്രത

വറ്റിവരളാത്ത മനുഷ്യകങ്ങളും

അത്രയേവേണ്ടു തപിച്ചമനസ്സുകൾ

കുളിരലകൊണ്ടു നിറഞ്ഞുതണുക്കുവാൻ

പക്ഷേ ഒന്നുമുണ്ടായില്ല. കൃഷിയിടങ്ങൾ മുഴുവൻ പോയിട്ട്‌ സ്വന്തമായി കൃഷിചെയ്യാൻ ഒരുതുണ്ടു ഭൂമിപോലും അവർക്കു ലഭിച്ചില്ല.

കേരളം വലിയൊരു നഗരപ്രാന്തമായി വികസിച്ചുകഴിഞ്ഞു. അതിന്റെ കേന്ദ്രസ്‌ഥാനം കൊച്ചിയോ കാക്കനാടോ ഒന്നുമല്ല, മദ്ധ്യതിരുവിതാംകൂറാണ്‌. ലോകനിലവാരമുള്ള ഒരു ഉപഭോക്‌തൃവർഗ്ഗമാണ്‌ അവിടെ നിലനിൽക്കുന്നത്‌. കൃഷിയിടങ്ങൾ നികത്തി മണിമാളികകൾവെച്ചവർ. ആ സംസ്‌കാരത്തിന്റെ ഓരങ്ങളിലെവിടെയൊക്കെയോ എല്ലാം അപഹരിക്കപ്പെട്ട ഒരു നിസ്വജനവിഭാഗം നിലനിന്നുപോരുന്നുണ്ട്‌. ഈ ദുരവസ്‌ഥയിൽനിന്നുള്ള മോചനം അവരുടെ ജന്മാവകാശമാണ്‌. സുവിശേഷകരുടെ വഞ്ചനയും ആത്‌മാർത്ഥതാരാഹിത്യവും അവർ മുമ്പേ തന്നെ തിരിച്ചറിഞ്ഞുകഴിഞ്ഞവരാണ്‌. തീവ്രവാദമാകട്ടെ, അവരെ ഒരിക്കലും ആകർഷിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ അവരോട്‌ നീതിപുലർത്തേണ്ടത്‌ പൊതുസമൂഹമാണ്‌.

ഈ കവിതകൾ പ്രത്യക്ഷ്യത്തിൽ ഒരാഹ്വാനവും നടത്തുന്നില്ല. പക്ഷേ, ഓരോ കവിതയും ഓരോ ഓർമ്മപ്പെടുത്തലാണ്‌. കാവ്യാസ്വാദകൻ ഉത്തരവാദിത്വബോധമുള്ള പൗരൻകൂടിയാണല്ലോ. എന്നേക്കുമായി നഷ്‌ടപ്പെട്ടുപോകാനിടയുള്ള പദാവലികളുപയോഗിച്ച്‌ ഒരു പ്രത്യേക ജനവിഭാഗത്തിന്റെ ചിരകാലസങ്കടങ്ങളെ ആവിഷ്‌കരിക്കുന്ന ഈ കവിതകൾ വായിക്കുമ്പോൾ അവയിലെ അനുക്തമായ ആഹ്വാനം കൂടി വായനക്കാർ ശ്രദ്ധിക്കുകതന്നെ വേണം. സമീപകാലത്ത്‌ മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും മികച്ച ചില കവിതകളുടെ ഈ സമാഹാരം, സാമൂഹ്യനീതിക്കുവേണ്ടിയുള്ള യത്‌നങ്ങളിൽ ഒരു രാസത്വരകമായി പ്രവർത്തിക്കുമെന്ന കാര്യത്തിൽ എനിക്കു സംശയമില്ല.

ആർ.എസ്‌. കുറുപ്പ്‌

സൗപർണിക,

139, താമരശ്ശേരി റോഡ്‌,

പൂണിത്തുറ.പി.ഒ,

എറണാകുളം ഡിസ്‌ട്രിക്‌റ്റ്‌,

പിൻ - 682 038.

ഫോൺ ഃ 9847294497




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.