പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

ലൈഫ് ഈസ് , ബട്ട് എ കളര്‍ഫുള്‍ ബബിള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എസ്‌.പി. സുരേഷ്‌, എളവൂർ

കവിയുടെ കാല്‍പ്പാടുകള്‍ തേടി ഒരു യാത്ര. മണ്ണില്‍ പതിഞ്ഞ പാടുകള്‍ മാഞ്ഞു പോയിട്ടും കാലത്തിന്റെ നെഞ്ചില്‍ ചാര്‍ത്തിയ കാലടിപ്പാടുകള്‍ അപൂര്‍വ്വ ചാരുതയായി അവശേഷിക്കുന്നു.

കാലമെത്ര കഴിഞ്ഞിട്ടും ‘ മലയാളത്തിന്റെ ഓര്‍ഫ്യൂസ്’ മരിച്ചില്ല. ശരദസഹസ്രം ജീവിക്കുകയാണ്. മരിക്കാന്‍ വേണ്ടി ആയിരുന്നില്ല. ഗന്ധര്‍വന്‍ ഭൂമിയിലേക്കിറങ്ങി വന്നത് . ‘ശാപ’മെന്നത് ഒരാലങ്കാരിക ഭാഷ മാത്രം . ഇത് മണ്ണിന് കിട്ടിയ വിണ്ണിന്റെ വരദാനം.

നീ മറഞ്ഞാലും തിരയടിക്കും

നീലക്കുയിലേ നിന്‍ ഗാനമെന്നും.

ചങ്ങമ്പുഴ നീട്ടിപ്പാടി . മലയാളക്കര അതേറ്റു പാടി. വേദനിച്ചപ്പോഴും ഉറന്നൊഴുകിയത് സൗന്ദര്യം മാത്രം. ഒരു പക്ഷെ, ഉദാത്തമായ സൗന്ദര്യത്തെ ആവിഷ്ക്കരിക്കാനായിരുന്നിരിക്കണം കവി വേദനയുടെ ഉപാസകനായത്. അതുകൊണ്ടാണ് ഹൃദയത്തോട് സംവദിക്കുന്ന താരാപഥത്തിന്റെ സംഗീതമായി.

കവിതയില്‍ തുടങ്ങി, നോവലിലും കഥകളിലും ചേക്കേറിയ ശ്രി. എം. കെ ചന്ദ്രശേഖരന്‍ ചങ്ങമ്പുഴക്കു നേരെ ചില്ലു ജാലകം തുറക്കുകയാണ്. അസ്തമയത്തിന്റെ ചാരുത ആ മുഖത്ത് പടരുന്നത് കണ്ടുകൊണ്ടാണ് തുടക്കം. ഇടയ്ക്കൊക്കെ ആര്‍ത്തലക്കുന്ന മഴയുമുണ്ട്. മഴത്തുള്ളികളിലും മനസ്സിന്റെ ജാലകചില്ലിലും വെളിച്ചം വിവിധ വര്‍ണ്ണങ്ങളായി ചിതറിത്തെറിക്കുന്നുണ്ട്. ഓരോ കാഴ്ചയും അനവദ്യം അതെല്ലാം ചിപ്പിക്കുള്ളിലെ മുത്തായി മാറുന്നു.

'ഗന്ധര്‍വ്വ സ്പന്ദം’ മനോഹരമായൊരു നോവലാണ്. അത് ചങ്ങമ്പുഴയുടെ ഹൃദയ സ്പന്ദം തന്നെയാണ്. ബോധാബോധാതലങ്ങളില്‍ മിന്നിമറയുന്ന ഭൂതവര്‍ത്തമാനങ്ങള്‍. പിന്നിട്ട ജീവിതപ്പാതകളിലെ നൊമ്പരങ്ങളും ക്രൂരതകളും അതിലേറെ നിസ്സഹായതകളും.

‘ ലൈഫ് ഈസ് ലൈക്കേ ബബിള്‍’ - ആശയപൂര്‍ണ്ണതയുള്ള ഈ വാചകത്തില്‍ നോവലിസ്റ്റ് എല്ലാമൊതുക്കുന്നു. പിറന്ന കാലത്തിന്റെ ദാരിദ്ര്യം മുതല്‍ , ആരോരുമില്ലെന്നു നിനച്ചപ്പോള്‍ മലയാള ഭൂമി ഒന്നാകെ പ്രാര്‍ത്ഥനാനിരതമായ അവസാനനാളുകള്‍ വരെ, ഹ്രസ്വമായ ഈ ജീവിതയാത്രയില്‍ , ഒന്നല്ല, ഒരു പാടു ജീവിതങ്ങള്‍ അറിഞ്ഞു, അനുഭവിച്ചു, ജീവിച്ചു. അസംഖ്യം കുറ്റപ്പെടുത്തലുകള്‍ , അവനവനിലെ കുറ്റബോധങ്ങള്‍ , കുരങ്ങനേപ്പോലെ ചാടിക്കളിക്കുന്ന മനസ്സ്. ചില നിമിഷം കൃതാര്‍ത്ഥത, ചിലപ്പോള്‍ വെറുപ്പ്, മറ്റു ചിലപ്പോള്‍ ഗന്ധര്‍വജന്മമല്ല, പിശാചിന്റെ ജന്മമാണ് തനിക്ക് ലഭിച്ചതെന്ന തോന്നലുകള്‍ - ജീവിതം യാഥാര്‍ത്ഥ്യത്തിനും വിഭ്രമാവസ്ഥകള്‍ക്കുമിടയിലെ ആന്ദോളനമായി.

ആരാധനയുടെ, പ്രണയത്തിന്റെ ഒടുങ്ങാത്ത ചങ്ങലക്കണ്ണികള്‍ ചിന്നമ്മു മുതല്‍ ദേവി വരെ. അനുഭവങ്ങള്‍ ചിലപ്പോള്‍ കുത്തി നോവിക്കും. ശാന്തിയെന്തെന്നറിഞ്ഞില്ല. സൗഹൃദം പങ്കുവയ്ക്കേണ്ട നാളില്‍ ശരിയായ സുഹൃത്താകാനായില്ല. അതുകൊണ്ട് ഇടപ്പള്ളി രാഘവന്‍ പിള്ള നെഞ്ചിലെ ഉണങ്ങാത്ത മുറിവായി. സാഡിസവും മസോക്കിസവും ഒരുപോലെ സിരകളില്‍ പടര്‍ന്നിരുന്നുവോ?എന്നിട്ടുമെന്തേ കൂട്ടുകാരനെതിരിച്ചറിഞ്ഞില്ല!

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ പലരും ബാക്കിയാകുന്നു. ഒരു ജീവചരിത്രത്തിന്റെ അതിര്‍വര്‍മ്പുകള്‍ ഭേദിച്ച് നോവലിസ്റ്റ് ഗന്ധര്‍വ്വന്റെ ചിത്രം കാന്‍വാസിലേക്ക് പകര്‍ത്തുമ്പോള്‍ ഇതിനു നീതീകരണം തരുന്നുണ്ട്. ജനിച്ചതിനു പകവീട്ടലായി ജീവിതമെന്ന സമസ്യയെ നേരിടുകയായിരുന്നു കവി. ഈ രചനയിലുടനീളം കവിമനസ്സിന്റെ രഥ്യകളാണ് നിറഞ്ഞു നില്‍ക്കുന്നത്. അകലെ നിന്നു നോക്കിക്കണ്ട കാവ്യഹൃദയത്തിന്റെ സൂക്ഷ്മതലങ്ങളുടെ അനാവരണം കൂടിയാണിത്. നോവലിസ്റ്റ് നോവലിനൊടുവില്‍ ചേര്‍ത്ത കുറിപ്പില്‍ ചേര്‍ത്തിട്ടുള്ളതു പോലെ , പല കവിശ്രേഷ്ഠന്മാരുടെയും ജീവിത മുഹൂര്‍ത്തങ്ങള്‍ ശ്രദ്ധയോടെ ഈ കൃതിയില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട്. അങ്ങനെ, ഗന്ധര്‍വ്വസ്പന്ദം കാലത്തിന്റേയും കവിതയുടേയും ജീവിതത്തിന്റേയും നേര്‍രേഖയാകുന്നു.

ശ്രീ.എം. കെ ചന്ദ്രശേഖരന്റെ അഗാധവും കാവ്യാത്മകവുമായ ഭാഷയുടെ നിറച്ചാര്‍ത്ത് ഈ കൃതിയില്‍ വായാനുഭവത്തിനു മുതല്‍ കൂട്ടാകുന്നു. പ്രത്യേകിച്ചും അവസാനത്തെ അദ്ധ്യായം ശ്രീ. സി. ജി ശാന്തകുമാറിന്റെ മുഖക്കുറിപ്പും ശ്രീ. എം. കെ സാനു മാഷിന്റെ അവതാരികയും തുറന്നു തരുന്ന വാതിലിലൂടെ കവിഹൃദയത്തിലേക്കുള്ള അനുവാചക യാത്രക്ക് പ്രഭാത് ബുക്സ് രമണീയമായി പുസ്തകത്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നു.

ഗന്ധര്‍വ സ്പന്ദം

എം.കെ. ചന്ദ്രശേഖരന്‍

പ്രസാധനം - പ്രഭാത്ബുക്സ്

പേജ്- 128

വില- 85/-

എസ്‌.പി. സുരേഷ്‌, എളവൂർ


Phone: 9947098632
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.