പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

ജീവിതവിജയത്തിന്റെ താക്കോല്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡി.ബാബുപോൾ

വര്‍ത്തമാനകാലത്തിന്റെ നിര്‍വ്വചനരാഗം ജീവിതത്തിന്റെ വേഗവ്യതിയാനങ്ങളുടെ ദ്രുതതരഭാവം ആണ്. പണ്ട് സഹസ്രാബ്ദങ്ങളായിരുന്നു യുഗം എന്ന് ഗണിക്കപ്പെട്ടിരുന്നത്. വ്യവസായ വിപ്ലവത്തോടെ യുഗദൈര്‍ഘ്യം ശതകങ്ങളായി അടയാളപ്പെടുത്തേണ്ടി വന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അത് ദശകങ്ങളായി ചുരുങ്ങാന്‍ തുടങ്ങി. ഷോര്‍ട്ട് ട്വന്റിയത് സെഞ്ചുറി എന്ന് ചിലര്‍ വിശേഷിപ്പിക്കുന്ന കാലം 1990 ല്‍ അവസാനിക്കുകയും ഇന്റെര്‍ നെറ്റും വെബ് ലോകകവും ആരംഭിക്കുകയും ചെയ്തതോടെ അഞ്ച് സംവത്സരങ്ങളിലേറെ നീളുന്നില്ല ഒരു യുഗം.

ജീവിത വേഗം വര്‍ദ്ധിക്കുന്നതിനോടൊപ്പം സമൂഹത്തിലെ മാത്സര്യഭാവത്തിന്റെ തീവ്രതയും വര്‍ദ്ധിച്ച് പലപ്പോഴും ആസുരമാനം കൈവരിക്കുന്നു. അതി ജീവനമാണ് ജീവിതവിജയത്തിന്റെ മാനദണ്ഡം എന്ന് പറയുന്നതില്‍ പുതുമയില്ലായിരിക്കാം. എന്നാല്‍ അതിജീവനത്തിന്റെ രാജവീഥികളില്‍ ആസുരമായ ആക്രോശങ്ങളും ധര്‍മ്മബോധം അന്യമായ ആയോധന സമ്പ്രദായങ്ങളും നിറയുമ്പോള്‍ നിസ്സഹായരായി ഓരത്ത് നില്‍ക്കാന്‍ പ്രേരിതരാവുന്നു ഒരു വിഭാഗം. അവര്‍ കഴിവില്ലാത്തവരല്ല ഉല്‍ക്കര്‍ഷേച്ഛ അന്യമായവരുമല്ല. അവര്‍ക്ക് ബുദ്ധിയും സിദ്ധിയും ഉണ്ട്. അവയെ ഇണചേര്‍ത്ത് സംരക്ഷിച്ച് നയിക്കുന്ന ഒരു വിഘ്നേശ്വരന്‍ ഉണ്ടാകാത്തതാണ് അവരെ പിന്നോക്കം വലിക്കുന്നത്.

ജീവിതം സമതലത്തിലൂടെ ശാന്തമായി ഒഴുകിയിരുന്ന നദി ആയിരുന്ന ഗതകാലത്തിന്റെ ഗൃഹാതുരത്വത്തില്‍ തെളിഞ്ഞു വരുന്ന സാന്ദീപനിമാര്‍ ഈ വിഘ്നേശ്വര ഭാവത്തിന്റെ ചൈതന്യമിയന്ന പ്രതിരൂപങ്ങളായിരുന്നു. നമുക്ക് ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്നതും അത്തരം പ്രകാശഗോപുരങ്ങളാണ്.

ചുരുക്കിപ്പറഞ്ഞാല്‍ വേഗവും ഒപ്പം മത്സരവും ആധുനികോത്തര സമസ്യകളുടെ സങ്കീര്‍ണ്ണത വര്‍ദ്ധിപ്പിക്കുകയും ഒപ്പം ആ സങ്കീര്‍ണ്ണസമവാക്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്യാന്‍ പോന്ന ഗുരുസഞ്ചയം അപ്രത്യക്ഷമാകുകയും ചെയ്യുന്നു എന്നതാണ് വര്‍ത്തമാന ദു:ഖം. കാണാതായ ആ ഗുരുപരമ്പരയുടെ സ്ഥാനത്താണ് ഇത്തരം രചനകളുടെ സാംഗത്യം തെളിയുന്നത്.

അക്ലിഷ്ട സുന്ദരമായ ഭാഷയും അയത്നലളിതമായ ശൈലിയും ഈ കൃതിക്ക് അനതി സാധാരണമായ പാരായണ സുഖം നല്‍കുന്നുണ്ട്. ഈ ഈ പുസ്തകം ചൂടപ്പം പോലെ വിറ്റുപോകുന്നതില്‍ തെല്ലും അത്ഭുതപ്പെടുന്നില്ല ഞാന്‍. പ്രസക്തമായ വിഷയം പ്രഗത്ഭമായ പ്രതിപാദനം വിജയത്തിന് മറ്റെന്തു വേണം ചേരുവ!

ഈ കൃതി നിര്‍മ്മിച്ച യുവസഹോദരന്മാരെ ഹൃദയപൂര്‍വം അനുമോദിക്കുകയും ഒരു വൃദ്ധന്റെ അവകാശത്തോടെ ആശിര്‍വദിക്കുകയും ചെയ്യുന്നു. നന്മ വരട്ടെ.

ഡോ. ഡി ബാബു പോള്‍, ഐ. എ. എസ്

published by - dolphin books India

price - 99.00

ഡി.ബാബുപോൾ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.