പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

വിപണി പഠിച്ച്‌ വിപണിയിലിറങ്ങണം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.എൽ. മോഹനവർമ്മ

ഓഹരി എന്നു കേട്ടാൽ മലയാളി ഇന്നും ആദ്യം ഓർക്കുന്നത്‌ സ്വത്തിന്റെ വീതം എന്നാണ്‌. പുരയിടവും പാടവും വീടും എന്നല്ല, പൊന്നും പെ ട്ടിയും ഒരുമാതിരി എല്ലാ സ്‌ഥാവരജംഗമവസ്‌തുക്കളും വീതം വയ്‌ക്കുമ്പോൾ കുടുംബത്തിലെ ഓരോ അംഗത്തിനും കിട്ടുന്ന ആളോഹരിവിഹിതമാണ്‌ ഇന്നും നമുക്ക്‌ ഓഹരി!

കൂട്ടായ ശ്രമത്തിലൂടെ ലഭിക്കുന്ന വരുമാനം പങ്കുവയ്‌ക്കുന്നിടത്തും വീതം എന്നതിനുപകരമായി ഓഹരി എന്ന വാക്ക്‌ സാധാരണക്കാരൻ ഉപയോഗിക്കാൻ തുടങ്ങിയിട്ട്‌ ഒരു നൂറ്റാണ്ടുപോലുമായിട്ടില്ല. കമ്പനികളുടെ വ്യവസായവാണിജ്യസ്‌ഥാപനങ്ങളും തങ്ങളുടെ മൂലധനം സമ്പാദിക്കുന്നതിന്‌ പൊതുജനങ്ങളിൽ നിന്ന്‌ പണം നിക്ഷേപരൂപത്തിൽ വാങ്ങുകയും അവയെ കമ്പനിയുടെ ഓഹരികളായി കണക്കാക്കി അതിന്‌ ലാഭവിഹിതം നൽകുകയും ചെയ്യുന്ന സാമ്പത്തികസംവിധാനം കേരളത്തിന്‌ തികച്ചും അന്യമായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന കാലം വരെ. 1978ൽ കൊച്ചിയിൽ ആരംഭിച്ച സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചായിരുന്നു തുടക്കം. ഒരു പുതിയ ലോകം,വാണിഭം ആംസ്‌റ്റർ ഡാമിലെ കപ്പലോട്ടം നിയന്ത്രിച്ച കച്ചവടക്കാരുടെയോ, വാൾസ്‌ട്രീറ്റിലെ ചിരിക്കുന്ന ഷൈലോക്കുകളുടെയോ, എന്തിന്‌ ഗുജറാത്തിലെ വൈശ്യവണിക്കുകളുടെയോ തമിഴ്‌നാട്ടിലെ ചെട്ടിയാർമാരുടെയോപോലും പാരമ്പര്യമില്ലാത്ത മലയാളി ഈ അദ്‌ഭുത ലോകത്തെ അദ്‌ഭുതത്തോടും ഭയപ്പാടോടും കൂടിയാണ്‌ കണ്ടത്‌. വേറൊരു കാരണം കൂടിയുണ്ടായിരുന്നു. ഷെയർമാർക്കറ്റ്‌ എന്നത്‌ എന്തോ മുതലാളിത്തത്തിന്റെ കരാളരൂപമാണെന്നതിൽ ജന്മനാ സോഷ്യലിസ്‌റ്റ്‌ ആയ മലയാളിക്ക്‌ ഒരു സംശയവുമുണ്ടായിരുന്നില്ല. പോരാത്തതിന്‌ ആദ്യകാലത്ത്‌ ഈ രംഗത്തുവന്നവരെല്ലാം തന്നെ ഈ തൊഴിലിൽ യാതൊരു പരിചയവുമില്ലാത്ത പുതുമുഖങ്ങളും ആയിരുന്നു.

വരുമാനത്തിലെ മീതി ഭൂമിയിലും കെട്ടിടത്തിലും സ്വർണ്ണത്തിലും മാത്രം മുടക്കുന്ന രീതിയിൽ നിന്ന്‌ ബാങ്കുകളിൽ സ്‌ഥിരനിക്ഷേപമാക്കുക എന്ന വിപ്ലവം തന്നെ പൂർണ്ണമായിരുന്നില്ല അമ്പതുവർഷം മുമ്പുവരെ. കുറഞ്ഞ പലിശയാലും കുഴപ്പമില്ല. നഷ്‌ടം വരരുത്‌. മുടക്കുമുതലിന്‌ ഒരിക്കലും തേയ്‌മാനം വരരുത്‌; ഇടയ്‌ക്കിടക്ക്‌ ബാങ്കുകൾ പൊട്ടുന്ന കഥകളും ഈ അന്തരീക്ഷം സൃഷ്‌ടിച്ച അനിശ്ചിതത്വത്തിനിടയിൽ മെല്ലെയാണെങ്കിലും മലയാളി ഓഹരിവിപണിയിൽ ഇറങ്ങി. ചൂതുകളിയെയും കുതിരപ്പന്തയത്തെയും അനുസ്‌മരിപ്പിക്കുന്ന ത്രില്ല്‌ ഒറ്റ ട്രേഡിംഗ്‌ സെക്ഷൻ കൊണ്ട്‌ മെയ്യോ തലച്ചോറോ അനങ്ങാതെ നിസ്വാന്മാർ കോടീശ്വരന്മാരല്ലെങ്കിലും ലക്ഷാധിപതികളായി മാറിയ വാർത്തകളും അനുഭവകഥകളും ചുറ്റും കേൾക്കാൻ തുടങ്ങി. ഡസൻ കണക്കിന്‌ ടെലിഫോണുകളും മോഡേൺ ആഫീസും, ഉഗ്രൻ പേരുകളുമുള്ള ബ്രോക്കർ കമ്പനികളുടെ പരസ്യങ്ങൾ രാവിലെ കിട്ടുന്ന മലയാളം പത്രങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ചില പത്രങ്ങൾ ഓഹരിവിപണിക്കായി ഒരു പേജുതന്നെ നീക്കി വച്ചു. ഇടയ്‌ക്ക്‌ ഈ പുതിയ പ്രവർത്തനരംഗത്തിന്‌ വിശ്വാസ്യത നൽകുന്ന മുതലാളിത്തവിരുദ്ധസമരങ്ങളും അരങ്ങേറി. ഇവയെല്ലാം കൂടി ആയപ്പോൾ നമ്മുടെ ശൈലിയല്ലേ, ഒരു ദശാബ്‌ദത്തിനകം കേരളത്തിലെ ചെറിയ നഗരങ്ങളിൽപ്പോലും ആകർഷകമായ ആഫീസുകളും ബോർഡുകളും ഉയർന്നു. ഫ്രാഞ്ചൈസികളുമായി ദല്ലാളന്മാർ കൊച്ചിയിൽ നിന്നു മാത്രമല്ല, മുംബൈയിൽ നിന്നുപോലുമെത്തി ഓഹരി വിപണനവും ഡേ ട്രേഡിംഗും തുടങ്ങി. സർക്കാരിന്റെ സാമ്പത്തികനയങ്ങളിലും വന്നു മാറ്റം. ഏതായാലും പണമിരട്ടിപ്പുകാരേക്കാൾ പെട്ടെന്ന്‌ ഓഹരി ബിസിനസുകാർ മദ്ധ്യവർത്തി സമൂഹത്തെ സ്വന്തമാക്കി. ഒരു വലിയ ശതമാനം നിക്ഷേപകരും പെട്ടെന്ന്‌ കിട്ടിയ ലാഭത്തിൽ ഉന്മത്തരായി. അവരെ ഉപദേശിച്ച ദല്ലാളന്മാരുടെ പ്രതിനിധികൾ സാമ്പത്തികവിദഗ്‌ദ്ധരായി ഗൗരവം കാട്ടി. ഒരു ഹർഷദ്‌ മേത്ത വന്ന്‌ ഈ ലാഭമെല്ലാം സ്വാഭാവിക സമ്പദ്‌ വളർച്ചയല്ല എന്ന്‌ തന്റെ ഇടപാടുകളിലൂടെ കാട്ടി ലക്ഷക്കണക്കിന്‌ സാധാരണക്കാരെ വഴിയാധാരമാക്കുന്നതുവരെ നാം നമ്മുടെ ഓഹരികളെക്കുറിച്ചുള്ള അറിവിൽ അഭിമാനിച്ചു. പിന്നീട്‌ പശ്ചാത്തപിച്ചു. ദല്ലാളന്മാർ ആരാധനാലയങ്ങളിൽ എത്തി കേണു ചോദിച്ചു.

‘എന്തുപറ്റി? എവിടെയാണ്‌ എനിക്കു പാളിച്ച വന്നത്‌? എന്റെ ഉപദേശങ്ങൾ കേട്ട്‌ എല്ലാം നഷ്‌ടപ്പെടുത്തിയ എന്റെ അയൽക്കാരെ, സ്‌നേഹിതരെ, ഞാനെങ്ങിനെ നേരിടും?

ആ പ്രതിസന്ധിയും നമ്മൾ അതിജീവിച്ചു. പക്ഷേ, പൊതു അറിവില്ലായ്‌മകൾ സൃഷ്‌ടിക്കുന്ന ഇത്തരം പ്രതിസന്ധികൾ ഇനിയും ഉണ്ടാകും. അതിനെതിരെയുള്ള മുന്നറിയിപ്പും പ്രതിരോധവുമാണ്‌ മനോജ്‌ തോമസ്‌ എന്ന ചെറുപ്പക്കാരൻ എഴുതിയ ’ഓഹരിവിപണിയിൽ വിജയം കൊയ്യാൻ‘ എന്ന ഈ പുസ്‌തകം.

ഇന്ന്‌ ദല്ലാളന്മാരില്ല. കടന്നൽക്കൂട്ടിലെ ആൺപെൺ വ്യത്യാസമില്ലാത്ത ഇരമ്പങ്ങൾ ഒന്നിച്ചു ചേർന്ന ആരവം പതഞ്ഞുയരുന്ന ട്രേഡിംഗ്‌ ഹാളിലെ പകൽപ്പൂരമില്ല. എന്തിന്‌ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചില്ല, ഷെയർ സർട്ടിഫിക്കറ്റുകളില്ല. പണം മുടക്കിയാൽ ഓഹരി ലഭിക്കാൻ ആഴ്‌ചകൾ കാത്തിരിക്കേണ്ട. വിറ്റാൽ പണം കിട്ടാൻ സെറ്റിൽമെന്റ്‌ തിയതികൾ വരെ ടെൻഷനടിക്കേണ്ട. എല്ലാം സുതാര്യമാണ്‌. വീട്ടിലെ സ്വാകര്യതയിലിരുന്ന്‌ കമ്പ്യൂട്ടർ കീ അമർത്തിയാൽ മതി ഓഹരിവിപണി നിങ്ങളുടെ വിരൽത്തുമ്പത്താണ്‌. പക്ഷെ ഈ ലാഘവത്തിനൊപ്പം നേരിടേണ്ടിവരുന്നത്‌ പുതിയ പുതിയ ലാഡ്‌മൈനുകളെയാണ്‌. സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യമാണ്‌ ഇന്ന്‌ സ്‌റ്റോക്ക്‌ മാർക്കറ്റ്‌. സ്വന്തമായി ഓഹരി വിപണിയില്ലാത്ത രാ​‍ാഷ്‌ട്രങ്ങൾ ഇന്ന്‌ അപൂർവമാണ്‌. അങ്ങിനെയുണ്ടെങ്കിൽതന്നെ അവിടം മിക്കപ്പോഴും ടാക്‌സ്‌ പറുദീസകളുടെയും പുതിയ സ്വിസ്‌ ടൈപ്പ്‌ രഹസ്യബാങ്കുകളുടെയും ആസ്‌ഥാനമായിരിക്കും. എല്ലാ നിമിഷവും എവിടെയെങ്കിലും ഷെയർമാർക്കറ്റ്‌ സജീവമായി വ്യാപാരം നടത്തിക്കൊണ്ടിരിക്കും. വൻകിട പണമിടപാടുസ്‌ഥാപനങ്ങൾ ലക്ഷം കോടികളുമായി കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരിക്കുകയാണ്‌. നാണ്യമൂല്യത്തിൽ, പെട്രോൾ വിലയിൽ, വരൾച്ചയിൽ, വെള്ളപ്പൊക്കത്തിൽ, രാഷ്‌ട്രിയനേതൃത്വങ്ങളിൽ, പലിശ നിരക്കിലെ അതിലോലമായ വ്യത്യാസങ്ങളിൽ, പകർച്ചവ്യാധികളിൽ, തീവ്രവാദി പ്രവർത്തനങ്ങളിൽ, കമ്പനികളുടെ കിടമത്സരങ്ങളിൽ. പുതിയ സാങ്കേതിക കണ്ടുപിടുത്തങ്ങളിൽ - ഓഹരികളിലെ നിക്ഷേപങ്ങൾ മാറി മറിയാൻ നിമിഷം മതി. കമ്പ്യൂട്ടറിനു മുന്നിൽ അമർത്തുന്ന വിരലുകൾക്ക്‌ വിറയൽ സ്വാഭാവികമാണ്‌.

കേതൻ പരേഖുകളെ കണ്ടുപടിക്കാൻ നമുക്ക്‌ ഇപ്പോഴും വിഷമമായിരിക്കും. ആഗോളഫണ്ട്‌ മാനേജ്‌മെന്റ്‌ ഏജൻസികളുടെ മനസ്സിന്റെ ഉള്ളറകളിലേക്കു കയറാനും നമുക്കു കഴിയുകയില്ല. അംബാനി കുടുംബത്തിലെയും ബിർളാ കുടുംബത്തിലെയും അഭ്യന്തരപ്രശ്‌നങ്ങൾ ശരിക്കുള്ള വഴക്കാണോ അതോ അവരുടെ കമ്പനികളുടെ ഓഹരിവിലകൾ കൂട്ടാനുള്ള രഹസ്യ അജണ്ടയാണോ എന്നും നമുക്കറിയാൻ മാർഗമില്ല.

പക്ഷെ ഇത്തരം അഭ്യാസങ്ങൾ കണ്ടുപിടിക്കേണ്ട ബൗദ്ധികശ്രമം നമുക്ക്‌ ആവശ്യമില്ല. നമുക്ക്‌, സാധാരണ നിക്ഷേപകന്‌, ഓഹരികളുടെ ശരിയായ മൂല്യത്തെക്കുറിച്ചും

അസാധാരണസംഭവങ്ങളൊഴിച്ചാൽ വിലയിൽ സംഭവിക്കാവുന്ന സ്വാഭാവിക ഗതിവിഗതികളെക്കുറിച്ചും അറിവുണ്ടെങ്കിൽ, വികാരത്തെക്കാൾ വിചാരത്തിന്‌ പ്രാധാന്യം നൽകി തീരുമാനമെടുത്താൽ, മുടക്കുന്ന പണത്തിന്‌ മറ്റ്‌ ഏതൊരു നിക്ഷേപരീതിയെക്കാളും ഓഹരിവിപണി പ്രയോജനകരമാക്കാൻ സാധിക്കും. കൈ വിറക്കാതെ കമ്പ്യൂട്ടറിന്റെ കീയമർത്തി ഓൺ ലൈൻ ട്രേഡിംഗ്‌ നടത്താൻ സാധിക്കും. ഈ അറിവും വഴിയിലെ ചതിക്കുഴികളും ലളിതമായ ശൈലിയിൽ വായനക്കരന്‌ നൽകാൻ മനോജ്‌ തോമസിന്‌ ഈ പുസ്‌തകത്തിലൂടെ കഴിഞ്ഞിട്ടുണ്ട്‌ എന്നതിൽ ഒരു സംശയവിമില്ല.

ഓഹരിവിപണിയിൽ സാധാരണ ഉപയോഗിച്ചു വരുന്ന വാക്കുകളുടെ ബാലപാഠം മുതൽ ഏതു തരത്തിലുള്ള നിക്ഷേപമാണ്‌ തന്റെ കീശയ്‌ക്കും മനസ്സിനും ഉതകുന്നതെന്ന്‌ സ്വയം തീരുമാനിക്കാനുള്ള അറിവ്‌ വരെ ഒരു ഗുരുഭൂതന്റെ ക്ഷമാശീലം നിറഞ്ഞ ആശയവിനിമയ രീതിയിലൂടെ ഗ്രന്ഥകാരൻ ഈ പുസ്‌തകത്തിലെ ചെറിയ ചെറിയ അദ്ധ്യായങ്ങളിൽ വിവരിക്കുന്നുണ്ട്‌.

സെൻസക്‌സും നിഫ്‌ടിയും ഉയർന്നു, താഴ്‌ന്നു എന്നെല്ലാം ചെറിയ പത്ര ടിവി വാർത്തകളെങ്കിലും വരാത്ത ഒരു പ്രവൃത്തിദിവസവും ഇല്ല. എന്താണ്‌ സെൻസെക്‌സിന്റെയും നിഫ്‌ടിയുടെയും ശരിരൂപം? ഇവ പ്രതിനിധീകരിക്കുന്ന കമ്പനികളുടെ വിലമാറ്റം നിങ്ങളെ എത്രത്തോളം ബാധിക്കുന്നു? നമുക്കു മനസ്സിലാക്കാൻ വിഷമമില്ലാത്ത കാര്യങ്ങളിലെ ആദ്യ ചോദ്യങ്ങളാണിവ. ഇനി സാങ്കേതികത്വത്തിന്റെ മൂടുപടത്തിൽ സാമ്പത്തിക മേഖലയിൽ ഉന്നത വിദ്യാഭ്യാസം നേടയവർക്കു മാത്രം മനസ്സിലാകുന്നതും സാധാരണക്കാരന്റെ ബുദ്ധിക്ക്‌ വളരെ അകലെയാണെന്നും ഭ്രമിപ്പിക്കുന്ന അനവധി ഓപ്പറേഷനുകൾ ഓഹരിവിപണിയിലുണ്ട്‌. ഒന്നു ശ്രദ്ധിച്ചു പഠിച്ചാൽ ആർക്കും ഉൾക്കൊള്ളാവുന്നവയാണ്‌ ഈ വിദ്യകളും തന്ത്രങ്ങളും. ഓഹരികളുടെ ആന്തരികമൂല്യം മുതൽ എന്തും കണ്ടുപിടിക്കാൻ നമുക്കു തന്നെ കഴിയും. ഇ.പി.എസ്‌.പി.ഇ. അനുപാതങ്ങൾ ബാലൻസ്‌ഷീറ്റ്‌ പഠനം, കമ്പനിയുടെ ഭാവി പ്രവർത്തനപരിപാടികളുടെ റിപ്പോർട്ട്‌ ഇവയെല്ലാം അപഗ്രഥിക്കാൻ വേണ്ട അടിസ്‌ഥാനവിജ്ഞാനം വളരെ ലളിതമായി വിവരിക്കുന്ന ഗ്രന്ഥകാരൻ തന്റെ ലക്ഷ്യം സംശയലേശമെന്യേ തികച്ചും ആത്മാർത്ഥതയോടെ പറയുന്നു. നിക്ഷേപം നടത്താനുള്ള ബുദ്ധിതീഷ്‌ണത നിങ്ങൾക്ക്‌ ആരാലും പകർന്നു തരാനാവില്ല. അത്‌ നിങ്ങളിൽത്തന്നെയുള്ളതാണ്‌. ഏത്‌ ഓഹരി എന്തുകൊണ്ട്‌ നിങ്ങൾ വാങ്ങുന്നു. കൈവശം വയ്‌ക്കുന്നു എന്ന്‌ ബ്രോക്കറോ, ഉപദേശകനോ, സാമ്പത്തിക ലേഖകനോ അല്ല അറിഞ്ഞിരിക്കേണ്ടത്‌; മറിച്ച്‌ നിങ്ങൾ തന്നെയാണ്‌. റിസ്‌ക്ക്‌ കുറയ്‌ക്കാനുള്ള ബുക്ക്‌ ബിൽഡിംഗ്‌ രീതി, കോബിനേഷനുകൾ, മ്യൂച്ചൽ ഫണ്ടുകളുടെ താരതമ്യം, അവകാശ ഓഹരി, ബോണസ്‌ ഓഹരി പ്രാഥമിക ഇഷ്യൂകളിലെ പ്രീമിയം, വാർത്തകൾക്കുള്ളിലെ സത്യവും അസത്യവും, പണപ്പെരുപ്പവും പലിശനിരക്കും, ആഗോളസ്വാധീനം കറൻസിവിലയിലെ ചഞ്ചാട്ടം തുടങ്ങി സാധാരണ നിക്ഷേപൻ അറിഞ്ഞിരിക്കേണ്ട വിവരങ്ങളുടെ വിശദാംശങ്ങളുടെ തിയറയിൽ മാത്രം ഒതുങ്ങുന്നില്ല. ഈ പുസ്‌തകത്തിന്റെ സാങ്കേതികമികവ്‌. ആദ്യം കടലാസിൽ വെറും കണുക്കുകളെഴുതി വ്യാപാരം പഠിക്കുക. എന്നിട്ടു മതി ചെക്ക്‌ ബുക്കിലെഴുതേണ്ടത്‌ എന്ന സരളമായ നിർദ്ദേശം ഒരു നാടൻ ഗുരുവിന്റെതാണ്‌. പക്ഷേ ഓഹരി വിപണിയിൽ വലിയ തോതിൽ ഗൗരവമായി ഇടപെട്ട്‌ ഇത്‌ തന്റെ പ്രധാന ജീവിതായോധനമാക്കി മുന്നേറാൻ തീർച്ചപ്പെടുത്തിയവർക്ക്‌ വിപണിയിലെ കൂടുതൽ റിസ്‌ക്കും ലാഭവും ഉള്ള മേഖലകളെയും ഇതിൽ പഠനവിഷയമാക്കിയിട്ടുണ്ട്‌. ഓപ്‌ഷൻ വ്യാപാരത്തിലെ കോൾ ഒപ്‌ഷൻ, പുട്ട്‌ ഓപ്‌ഷൻ, ഇതിനാധാരമായ റിസ്‌ക്ക്‌ ഫാക്‌ടറിനെ ബാധിക്കുന്ന പ്രൈം ലെൻഡിംഗ്‌ പലിശനിരക്ക്‌, കോൾമണി നിരക്ക്‌, റിസർവ്‌ ബാങ്ക്‌ റേറ്റുകൾ ഇവയൊടൊപ്പം ഫ്യൂച്ചേഴ്‌സ്‌, റെസിസ്‌റ്റൻസ്‌ ലവൽ സപ്പോർട്ട്‌ ഫാക്‌ടറുകൾ തുടങ്ങിയവയാണ്‌ ഇവ. നിക്ഷേപന്റെ വികാരത്തെ ആസ്‌പദമാക്കി ഓഹരിവിലയുടെ ഗതിവിഗതികൾ പ്രവചിക്കുന്ന ടെക്‌നിക്കൽ അനാലിസിസ്സു പൊതുവായുള്ള സമ്പദ്‌ഘടനയുടെ മൊത്തത്തിലുള്ള വളർച്ചാനിരക്കിനെ അവലോകനം ചെയ്‌ത്‌ കമ്പനികളുടെ ഭാവിയെക്കുറിച്ചും വിലയിരുത്തുന്ന ഫണ്ടമെന്റൽ അനാലിസിസ്സും വളരെ വിശദമായിത്തന്നെ ഇതിൽ പഠനവിഷയമാക്കിയിട്ടുണ്ട്‌. വിലവ്യതിയാനം അപഗ്രഥിക്കാൻ ആധുനിക സങ്കേതങ്ങൾ ഉപയോഗിക്കുന്ന കാൻഡിൽ സ്‌റ്റിക്ക്‌ രീതി ഇതിൽ പ്രധാനമാണ്‌.

ഇന്ന്‌ കേരളത്തിൽ കഷ്‌ടിച്ച്‌ ഒരു ശതമാനം നിക്ഷേപകർ മാത്രമേ തങ്ങളുടെ സമ്പാദ്യത്തിൽ അല്‌പമെങ്കിലും ഓഹരികളിൽ നിക്ഷേപിക്കുന്നുള്ളു. കമ്പ്യൂട്ടറുമായി അടുത്ത ബന്ധം പുലർത്തുന്ന വരും തലമുറ ഓൺ ലൈൻ ബാങ്കിംഗും ഓൺ ലൈൻ ഷെയർട്രേഡിംഗും തങ്ങളുടെ ദൈനം ദിനജീവിതത്തിന്റെ ഭാഗമാക്കും. കടലാസും പേനയും ചെക്ക്‌ ലീഫുകളും ട്രംക്‌ ബുക്ക്‌ ചെയ്‌തതിനുശേഷം നിശ്ചലമായി മണിക്കൂറുകൾ ഇരിക്കുന്ന കറുത്ത ടെലിഫോൺ റിസീവറും ഷെയർ സർട്ടിഫിക്കറ്റുകളും അവർക്ക്‌ പുരാതനശിലായുഗത്തിലെ കാഴ്‌ച വസ്‌തുക്കളായി മാറിയേക്കാം. സ്വാഭാവികമായും ഓഹരിവിപണിയിൽ ഇറങ്ങുന്നവരുടെ എണ്ണം വരുംകാലത്ത്‌ വളരെയേറെ വർദ്ധിക്കും. അതിന്‌ ഒരു സംശയവുമില്ല. അവിടെയാണ്‌ ഒരു അടിസ്‌ഥാനവിജ്ഞാനകോശമായി ഈ പുസ്‌തകത്തിന്‌ പ്രസക്തി ലഭിക്കുന്നത്‌. പല കാര്യങ്ങളിലും, പ്രത്യേകിച്ച്‌, ആഗോള സമ്പദ്‌സമവാക്യങ്ങൾ, നാണയവിനിമയമൂല്യം, പണപ്പെരുപ്പം, തുടങ്ങിയവയിലെല്ലാം ഒരു അവസാനവാക്കായി ഇതിലെ കണക്കുകളെ കാണുന്നത്‌ ശരിയാകുകില്ല. ’മാറ്റമില്ലാത്തത്‌ മാറ്റത്തിനു മാത്രം‘ എന്ന ചൊല്ല്‌ ഓഹരി വിപണിയിൽ തികച്ചും പ്രസക്‌തമാണ്‌. അതുകൊണ്ട്‌ ഇതിനെ വിശദമായ ഒരു അടിസ്‌ഥാനശിലയായി മാത്രം കണക്കാക്കൂ. പക്ഷെ ഇത്‌ ഒരു ഉറച്ച ശിലയാണ്‌ എന്ന്‌ എനിക്ക്‌ സന്തോഷപൂർവം പറയാൻ കഴിയും.

’ജീവിതത്തിന്റെ ആദ്യപകുതി കിഴയുന്നത്ര അവസരങ്ങളില്ലാതെ കഴിയുന്നു. അടുത്ത പകുതി അവസരങ്ങളുണ്ടായിട്ടും കഴിവില്ലാതെ കടന്നു പോകുന്നു. എന്ന മാർക്ക്‌ട്വയിനിന്റെ പ്രശസ്‌തമായ വചനത്തെ ഉദ്ധരിക്കുന്നുണ്ട്‌ മനോജ്‌ തോമസ്‌. ഓഹരിവിപണിയിൽ ഒറ്റയടിക്ക്‌ ചില കമ്പനികളുടെ വില പെട്ടെന്നുയരുന്ന വാർത്ത കണ്ടോ കേട്ടോ ഇടം വലം നോക്കാതെ ആ ഓഹരികൾ വാങ്ങാനായി ചാടിപ്പുറപ്പെടുന്നവർക്കുള്ള ഒരു ശക്തമായ താക്കീതു കൂടിയാണ്‌ ഈ പുസ്‌തകം.

ഓഹരിവിപണിയെക്കുയിച്ച്‌ ആധികാരിമായി അറിവുകൾ നൽകുന്ന പുസ്‌തകങ്ങൾ മലയാളത്തിൽ അപൂർവമാണ്‌. ആ കുറവ്‌ നികത്തുന്ന ‘ഓഹരിവിപണിയിൽ വിജയം കൊയ്യാൻ’ എന്ന പുസ്‌തകം ഞാൻ വളരെ സന്തോഷത്തോടെ ഗൗരവമായ വായനയ്‌ക്കായി നിങ്ങളുടെ മുന്നിൽ സമർപ്പിക്കുകയാണ്‌.

കെ.എൽ. മോഹനവർമ്മ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.