പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

സുഗന്ധവ്യാപിയായ ഓർമ്മകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എസ്‌.പി. സുരേഷ്‌, എളവൂർ

അതീവ ഹൃദ്യമായ ഓർമ്മകളുടെ ഒരാൽബമാണ്‌ സാറാ ജോസഫ്‌ എഴുതിയ ‘ഒരുവൾ നടന്ന വഴികൾ’. നടന്നവഴികൾ മാത്രമല്ല, വഴിയോരക്കാഴ്‌ചകളും യാത്രയിലെ അനുഭവങ്ങളും അനുഭൂതികളും ഈ പുസ്‌കത്താളുകളിലെ സ്‌പന്ദനങ്ങളാണ്‌.

കുട്ടിക്കാലത്തു കാലുറപ്പിച്ചുകൊണ്ട്‌ മുന്നോട്ടും പിന്നോട്ടുമുള്ള യാത്രകളെ നോക്കിക്കാണുകയാണ്‌ സാറാജോസഫ്‌. ജനനത്തിന്റെ കൃത്യമായ തീയതികണക്ക്‌ ഓർമ്മയിലോ രേഖകളിലോ ഇല്ലാത്തൊരു പെൺകുട്ടി. അവൾക്കു മുമ്പിൽ വളർന്നു തിടം വച്ചു നിൽക്കുന്ന അപ്പാപ്പന്റേയും അമ്മാമ്മയുടെയും രൂപങ്ങൾ. കൗമാരം വീട്ടുമുറ്റത്ത്‌ ഇട്ടായം കളിക്കുമ്പോൾ, പെണ്ണുകാണാനെത്തുന്ന ജോസഫേട്ടൻ, ചൂടുകഞ്ഞി പച്ചപ്ലാവിലകൊണ്ട്‌ മുക്കിക്കുടിക്കുമ്പോൾ, മൂക്കിലേക്കുയരുന്ന വാടിയ പ്ലാവിലയുടെ ഗന്ധം, സുഖവാസകേന്ദ്രം തീർത്ത്‌ ആകാശകാഴ്‌ചകളൊരുക്കിയ നാൽകൂട്ട പ്ലാവുകൾ, ഒരിക്കലും സ്‌റ്റാർട്ടാവാത്ത കാർ സ്‌റ്റാർട്ടാകുമ്പോൾ അതിലിരുന്ന്‌ പാലക്കലേക്ക്‌ അപ്പനൊപ്പമുള്ള യാത്ര, വിവാഹം, അക്ഷരലോകത്തിൽ നിന്നുമുള്ള നാടുകടത്തൽ, പറന്നുയരാൻ ആകാശമില്ലാത്ത വാനമ്പാടിയുടെ വൃഥ, പൂന്തോട്ടമെന്തിന്‌, ഫലവൃക്ഷങ്ങൾ പോരേ എന്ന ചോദ്യം, കളിയാക്കലിന്റെ ആസാത്തിയായ വല്യമ്മായി, നുണക്കഥകളുടെ ഓടക്കൂസൻ, നസ്രാണിയുടെ സാഹിത്യം, കവിത കിനിഞ്ഞ വഴികൾ, കോളേജിൽ പഠിക്കാത്ത കോളേജദ്ധ്യാപിക, മാനുഷിയുടെ പിറവിയും വളർച്ചയും, വേദനയുടെ പാലക്കാടൻ പർവ്വം, നോവലിലേക്കൊരു കാൽവയ്‌പ്‌ - ഇതെല്ലാം ഒരുവൾ നടന്ന വഴികളിൽ തിണർത്ത പൂക്കളും മുള്ളുകളുമാണ്‌.

കഥാകാരി ഒന്നിനുനേരെയും മുഖം തിരിച്ചിട്ടില്ല. ദുഃഖങ്ങളേയും സന്തോഷങ്ങളേയും സമഭാവത്തിൽ നാളുകൾക്കിപ്പുറം നിന്ന്‌ നോക്കിക്കാണുകയാണ്‌. ഈ കാഴ്‌ചയ്‌ക്ക്‌ ഒരു സവിശേഷതയുണ്ട്‌. പ്രശ്‌നങ്ങളുടേയോ, അനുഭൂതികളുടേയോ മദ്ധ്യത്തിലല്ല ഗ്രന്ഥകാരി. മറിച്ച്‌ പിന്നിട്ടവഴികളെ ഉയർന്നൊരു വിതാനത്തിൽ നിന്ന്‌ നിരീക്ഷിക്കുകയാണ്‌. അപ്പോൾ ഓർമ്മകളുടെ കലമ്പലുകൾ കേൾക്കാം. കണ്ണീരു പുരണ്ട കവിളിണകൾ കാണാം. തേങ്ങലുകളുടെ നേർത്ത ശബ്‌ദം കേൾക്കാം, അടങ്ങിപ്പോയ ആരവങ്ങളുടെ അനുരണനങ്ങൾ കേൾക്കാം. എങ്കിലും കാഴ്‌ചകൾ സുവ്യക്തമാണ്‌. പക്ഷപാതരഹിതമായി ഭൂതകാലത്തെ വിലയിരുത്തുമ്പോൾ, വ്യക്തിജീവിതത്തിന്റെ പാടവരമ്പുകളിൽ പതിഞ്ഞ കാല്‌പാടുകൾകൊണ്ട്‌ ചരിത്രം വരയുമ്പോൾ, ജീവിതത്തെ അഗാധമായി സ്‌നേഹിക്കുന്ന, അതിനെ എല്ലാ നന്മതിന്മകളോടും കൂടി ഏറ്റുവാങ്ങുന്ന, പരിഭവരഹിതമായ ഒരു മനസ്സ്‌ ചിറകടിച്ചുയരുന്നതു കാണാം.

മലയാളികൾ അവശ്യം വായിച്ചിരിയ്‌ക്കേണ്ട കൃതിയാണിത്‌. വാക്കിലും നോക്കിലും, എന്തിന്‌ എഴുത്തിൽപ്പോലും ‘എന്നെ’ക്കൊണ്ട്‌ നിറയ്‌ക്കുന്ന നമുക്ക്‌, ഇത്തിരി നൈർമ്മല്യം പകരാൻ ഈ കൃതിയ്‌ക്കു കഴിയുമെന്നതിൽ സംശയമില്ല. കടന്നുപോന്ന വഴികളെ നമുക്കു വിലയിരുത്താൻ, നാമെവിടെ എത്തിനിൽക്കുന്നുവെന്ന്‌ അടയാളപ്പെടുത്താൻ ഇത്തിരിക്കൂടെ വിവേകത്തോടെ, പക്വതയോടെ ജീവിതത്തെ സമീപിയ്‌ക്കാൻ ഒരു പ്രചോദനമാകാതിരിയ്‌ക്കില്ല ഈ കൃതി.

ആകർഷകമാണ്‌ ‘ഒരുവൾ നടന്ന വഴികൾ’ എന്ന പുസ്‌തകത്തിന്റെ സംവിധാനം. നിസ്സഹായതയുടെ നിലവിളികളെ സംക്രമിപ്പിയ്‌ക്കുന്ന, അംബരീഷ്‌കുമാറിന്റെ ചിത്രങ്ങൾ സവിശേഷശ്രദ്ധ അർഹിയ്‌ക്കുന്നു.

ഒരുവൾ നടന്ന വഴികൾ

സാറാ ജോസഫ്‌

വില - 50രൂപ

എച്ച്‌ ആൻഡ്‌ സി ബുക്‌സ്‌

എസ്‌.പി. സുരേഷ്‌, എളവൂർ


Phone: 9947098632
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.