പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

നാട്ടുപാതയിലെ നിലാവെളിച്ചം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എസ്‌.പി. സുരേഷ്‌, എളവൂർ

‘ കദനകുതൂഹലം‘ , ശ്രീ സി.എം. ഡി നമ്പൂതിരിപ്പാടിന്റെ രചനയാണ് . ‘ ഒരു സാധാരണ വ്യക്തിയുടെ അത്ര സാധാരണമല്ലാത്ത ജീവിതകഥ’ എന്നൊരു വിശേഷണം കൂടിയുണ്ടതിന്.

29 അദ്ധ്യായങ്ങളിലായാണ് കദനകുതൂഹലം ഇതള്‍ വിരിയുന്നത്. തോടയത്തില്‍ തുടങ്ങി ധനാശിയില്‍ മംഗളചരണം നടത്തുന്ന മനോഹരമായ ഒരാത്മകഥ.

ഒരാത്മമകഥ എങ്ങനെ ഇത്ര മനോഹരമായി ? ചോദ്യം പ്രസക്തം. ഉത്തരം ലളിതവും ലാളിത്യമാണ് ഇതിന്റെ മുഖമുദ്ര. ഒരു പക്ഷെ സ്വജീവിതത്തില്‍ ഗ്രന്ഥകര്‍ത്താവ് പുലര്‍ത്തിയ ലളിത വീഥികള്‍ തന്നെയാകാം ഇതിനു കാരണവും.

ആത്മരതിയുടെ ആകാശങ്ങളിലല്ല മണ്ണുതൊട്ടു നില്‍ക്കുന്ന ജീവിതത്തിലാണ് എഴുത്തുകാരന്റെ കണ്ണും മനസും. അതുകൊണ്ട് തന്നെ ‘ കുറെ കേമനായി ‘ അവതരിപ്പിക്കുന്നതിനുള്ള ശ്രമം ഉണ്ടായിട്ടില്ലന്നു വേണം പറയാന്‍.

വര്‍ത്തമാനകാലം, കമ്പോളത്തിനിണങ്ങുന്ന ഒരു വില്ലപ്പനച്ചരക്കാക്കി തന്നെ ‘ അഴകിയ രാവണനാക്കി’ രംഗത്തവതരിപ്പിക്കാന്‍ ആത്മകഥാകൃത്തുക്കള്‍ അക്ഷീണം പ്രയത്നിക്കുമ്പോള്‍ ‘ കദനകുതൂഹലം’ ഒരു ലളിത ജീവിതത്തിന്റെ അബദ്ധങ്ങളുടേയും സുബദ്ധങ്ങളുടേയും ആകെത്തുകയാണ്. ഇതില്‍ കണ്ണീരുണ്ട്, ആനന്ദമുണ്ട്, മമതയുണ്ട്, വിരക്തിയുണ്ട്. ഗ്രന്ഥകാരന്‍ അനുഭവങ്ങളുടെ ചെപ്പുകള്‍ ഒന്നൊന്നായി തുറക്കുമ്പോള്‍ ഏകാന്തതയിലിരിക്കുന്ന വായനക്കാരന്‍ ഒരു കണ്ണാടിയിലെന്നപോലെ തന്നെ കാണുന്നു. ഇതില്‍ അവതരിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ക്കല്ല പ്രസക്തി. മറിച്ച്, ഓരോ സംഭവവും അതില്‍ പങ്കാളിയാകുന്ന ഗ്രന്ഥകാരന്റെ മനസിലുണ്ടാക്കുന്ന പ്രതികരണങ്ങള്‍ക്കാണ്.

സ്വന്തം ജനനം, അമ്മയുടെ മരണം അച്ഛന്റെ കെട്ടഴിയുന്ന സ്നേഹം, കുടുംബജീവിതം, കഥകളില്‍ പ്രേമം അങ്ങനെ അങ്ങനെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് സംക്രമിക്കുമ്പോള്‍ വായനക്കാരന്‍ മറ്റൊരു ജീവിതത്തിന്റെ സഹയാത്രികനാവുകയാണ്. ചിലപ്പോഴെല്ലാം നമുക്കും മനസിടറും. എന്നാല്‍, അപ്പോഴേക്കും ഗ്രന്ഥകാരന്‍ നമ്മെ മറ്റൊരു തീരത്തേക്കു ക്ഷണിച്ചുകൊണ്ടു പോകും.

ലോകത്തെ വെറുപ്പോ വിദ്വേഷമോ കൂടാതെ യഥാവിധി സ്വീകരിക്കാന്‍ തയ്യാറാകുന്ന അസാധാരണക്കാരനായ ഒരു സാധാരണമനുഷ്യനെ നമുക്കതില്‍ വായിച്ചെടുക്കാം. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ജീവിതത്തില്‍ അപ്രക്ഷിതമായി പൊട്ടിമുളക്കുമ്പോള്‍ അതിന് ഇരയാകാതെ കരകയറാന്‍ കിതച്ചാണെങ്കിലും കഴിയുന്നുണ്ടെന്ന കാഴ്ച , നമ്മുടെയൊക്കെ ജീവിതത്തിനു മുമ്പില്‍ അനാവരണം ചെയ്യപ്പെടുന്ന പ്രത്യാശയുടെ കൈത്തിരികളാണ്. ആര്‍ത്തിയിലല്ല അടങ്ങലിലാണ് വിജയമെന്ന് ഓരോ അനുഭവവും സാക്ഷി.

ലോകം പലതുകണ്ടു; ജീവിതങ്ങളും. അതുകൊണ്ട് മനസിന്റെ കാന്‍വാസ് വിസ്തൃതമായി. അവിടെ വര്‍ണ്ണ ചിത്രങ്ങള്‍ക്കും വര്‍ണ്ണരഹിത ചിത്രങ്ങള്‍ക്കും സ്ഥാനമുണ്ട്. ഒന്നിനേയും മാച്ചു കളയുന്നില്ല. കൊണ്ടതും കൊള്ളാത്തതും കേട്ടതും കേള്‍ക്കരുതാത്തതും അറിഞ്ഞതും അറിയാത്തതും ജീവിതം സാദരം സമ്മാനിച്ചതാണെന്ന തിരിച്ചറിവ്, അഹന്തക്കല്ല എളിമക്കാണ് സ്ഥാനം നല്‍കുന്നത്.

പ്രശസ്ത നിരൂപകന്‍ കെ. പി ശങ്കരന്‍ ഗ്രന്ഥകാരന്റെ മനസ്സിന്റെ നൂലിഴകളിലൂടെ സഞ്ചാരം നടത്തി അനുപമമായി അവതരിപ്പിക്കുന്ന ആമുഖം ആര്‍ജ്ജവത്തിന്റെ ആഖ്യാനം - ഏറെ അനുഭൂതിദായകം വായനക്കാര്‍ക്ക് മടിക്കാതെ നടക്കാന്‍ ഈ അക്ഷരപ്പാതയൊരുക്കിയ എച്ച് & സി പബ്ലീഷിംഗ് ഹൗസ് പ്രശംസയര്‍ജിക്കുന്നു.

‘’ കദനകുതൂഹലം '' കൂടുതല്‍ കുതൂഹലങ്ങള്‍ സൃഷിക്കുമെന്നതില്‍ സംശയമില്ല.

കദനകുതൂഹലം - സി എം. ഡി. നമ്പൂതിരിപ്പാട്

പ്രസാധനം - എച്ച് & സി

വില 120 രൂപ , പേജ് - 176

എസ്‌.പി. സുരേഷ്‌, എളവൂർ


Phone: 9947098632




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.