പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

അയ്യപ്പപ്പണിക്കർ ജീവിതരേഖ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ. എം.എൻ. രാജൻ

മലയാളത്തിന്റെ ഭാരതീയകവിയും ഭാരതത്തിന്റെ ലോകകവിയുമാണ്‌ അയ്യപ്പപ്പണിക്കർ. അനുക്രമമായ ഈ വളർച്ചയുടെയും പരിണാമത്തിന്റെയും പിന്നിൽ അരനൂറ്റാണ്ടിലേറെ നീണ്ട കാവ്യരചനയുടെ നീറുന്ന നക്ഷത്രവീര്യമുണ്ട്‌. മലയാളകവിതയുടെ ചരിത്രവുമായി ബന്ധിപ്പിച്ച്‌ അയ്യപ്പപ്പണിക്കരുടെ കവിതയെ പരിശോധിക്കുവാൻ തെളിഞ്ഞുവരുന്ന വസ്‌തുത ഇരുപതാംശതകത്തിന്റെ ഉത്തരാർദ്ധത്തിൽ മലയാളകവിത സഞ്ചരിച്ചതും അനുഭവിച്ചതുമായ വൈവിധ്യപൂർണ്ണമായ എല്ലാ അവസ്ഥകളുടെയും പ്രതിനിധാനങ്ങൾ അവയിലുണ്ടെന്നതാണ്‌. അതിനർത്ഥം പണിക്കരുടെ കവിത ഏകമുഖമായി സഞ്ചരിച്ച കാവ്യാശ്വമായിരുന്നില്ല എന്നാണ്‌. അവ നാന്മുഖനെപ്പോലെ നാലുദിക്കും കാണുക മാത്രമല്ല അഷ്‌ടദിക്‌പാലന്മാരെപ്പോലെ എട്ടുദിക്കും അറിയുകയും ചെയ്‌തിരുന്നു. സങ്കീർണ്ണമായ ഈ വൈവിധ്യവും പരപ്പുമാണ്‌ അയ്യപ്പണിക്കരുടെ കവിതകളുടെ പ്രകാശവത്തായ ഒരു വശം. കവിയെന്നനിലയിൽ ഇരുപതാംശതകത്തിലെ ഏറ്റവും വലിയ സംക്രമപുരുഷനായിരുന്നു അയ്യപ്പപ്പണിക്കർ. സ്വാതന്ത്ര്യപൂർവകാലം മുതൽ എഴുതിത്തുടങ്ങുകയും ഇരുപത്തൊന്നാംനൂറ്റാണ്ടിലേക്ക്‌ വളർന്നുനില്‌ക്കുകയും ചെയ്‌ത ഈ കവി നിരന്തരമായി കവിതയെഴുതിയിരുന്നു എന്നതല്ല ഇതിനു കാരണം. അദ്ദേഹത്തിന്റെ കവിതകൾ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ അറുപതുവർഷങ്ങൾക്കൊപ്പമാണ്‌ സഞ്ചരിച്ചത്‌ എന്നതുകൊണ്ടാണ്‌. ഇക്കഴിഞ്ഞ അറുപതുവർഷങ്ങളിലൂടെ മലയാളിയുടെ ഭാവുകത്വം കടന്നുകയറിയ എല്ലാ കാട്ടുപാതകളിലും രാജപാതകളിലും ഊടുവഴികളിലും മലകയറ്റത്തിലും പണിക്കരുടെ കവിത കണ്ടുമുട്ടും എന്നത്‌ നിശ്ചയമാണ്‌. മലയാളിയുടെ അനുശീലനങ്ങൾക്കൊപ്പം സ്ഥൂല-സൂക്ഷ്‌മരൂപങ്ങളിൽ അദ്ദേഹത്തിന്റെ കവിതയുമുണ്ടായിരുന്നു. അവ മലയാളിയുടെ ചിന്തയിലും വികാരത്തിലും കാഴ്‌ചപ്പാടിലും സൗന്ദര്യബോധത്തിലും ഭാഷാബോധത്തിലും രൂപബോധത്തിലും ഇണക്കങ്ങളും പിണക്കങ്ങളുമുണ്ടാക്കുകയും അലസതാവിലസിതമായ അനുശീലനങ്ങളെ മാറ്റിമറിക്കാൻ പ്രേരിപ്പിക്കുകയും ചെയ്‌തു. സ്വയം പുതുക്കിയും മറ്റുളളവരെ പുതുക്കിച്ചും നിരന്തരം ഇന്നിൽത്തന്നെ ജീവിക്കാൻ സ്വയം വിധിച്ച കവിയായിരുന്നു അദ്ദേഹം. ഈ നവത്വം പണിക്കർക്കവിതയ്‌ക്ക്‌ നല്‌കിയത്‌ തന്നിലെ കവിയെയും ആസ്വാദകനെയും വിമർശകനെയും ഊർജ്ജസ്വലമാക്കിയ ഉല്‌പതിഷ്‌ണുത്വമായിരുന്നു എന്നുപറയാം.

കഴിഞ്ഞ അറുപതുവർഷങ്ങളായി മലയാളകവിത താണ്ടിയ ദൂരം കേവലം അറുപതുവർഷത്തിന്റേതല്ല. അതിനുമുമ്പൊന്നും ഇത്ര വേഗത്തിൽ ഇത്ര വൈവിധ്യത്തോടെ അത്‌ സഞ്ചരിച്ചിട്ടില്ല. ഭാവതലത്തിൽ കാല്‌പനികതയും റിയലിസവും അവയുടെ വകഭേദങ്ങളും ആധുനികതാപ്രസ്ഥാനവും ഉത്തരാധുനികതാപ്രസ്ഥാനവും രൂപതലത്തിൽ ഖണ്ഡകാവ്യം, ലഘുകാവ്യം, ഭാവഗീതം, കാവ്യനാടകം, ഗദ്യകവിത തുടങ്ങിയവയും ഇക്കാലത്ത്‌ മലയാളകവിതയിൽ ആധിപത്യം നേടി. ഇതുകൂടാതെ രാഷ്‌ട്രീയകവിത, പരിസ്ഥിതികവിത, ദലിത്‌കവിത, സ്‌ത്രീപക്ഷകവിത, നർമ്മകവിത, ആക്ഷേപഹാസ്യകവിത തുടങ്ങി എത്രയോ കാവ്യരീതികൾ അരങ്ങത്തെത്തി. ഇവയ്‌ക്കേതിനും പണിക്കർക്കവിതയിൽ ഇടമുണ്ട്‌. അതിനർത്ഥം മാറ്റങ്ങളെ അവയുടെ പ്രാധാന്യമനുസരിച്ച്‌ ഉൾക്കൊളളാനും തന്നിലെ കവി ആവശ്യപ്പെടുന്നതിനനുസരിച്ച്‌ ആവിഷ്‌കരിക്കാനും അദ്ദേഹത്തിനായി എന്നാണ്‌. അതോടൊപ്പം തന്റെ ചുറ്റുമുളള കവികൾ എങ്ങനെ എഴുതുന്നു എന്നറിയാനും പണിക്കരിലെ വായനക്കാരൻ ജാഗ്രതയോടെ ഉറ്റുനോക്കിയിരുന്നു.

അയ്യപ്പപ്പണിക്കർ ജീവിതരേഖ

എഡി. പ്രിയദാസ്‌ ജി. മംഗലത്ത്‌, ഡോ. എം.എൻ. രാജൻ

വില - 65 രൂപ, ഡി സി ബുക്‌സ്‌

ഡോ. എം.എൻ. രാജൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.