പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

ഡ്രാക്കുള

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വി.സി. ഹാരിസ്‌

അതെ, വായന തുടരുക തന്നെ! അങ്ങനെ വായിക്കുമ്പോൾ നാമറിയും ലൈബ്രറിയിൽ നിന്നു കിട്ടുന്ന ഡ്രാക്കുളയുടെ പല പേജുകളും ‘മിസ്സിങ്ങ്‌’ ആണെന്ന്‌. ആരാണ്‌ ഈ പേജുകളൊക്കെ മോഷ്ടിക്കുന്നത്‌? മോഷ്ടിക്കപ്പെടുന്ന ഈ പേജുകൾ ഏതുതരം ആവശ്യങ്ങൾക്കായാണ്‌ ഉപയോഗിക്കപ്പെടുന്നത്‌? ഇതോടൊപ്പം മറ്റൊരു കാര്യവും കൂടി നാമറിയുന്നു. വി.സി. ശ്രീജൻ പറയുന്നതുപോലെ, ഡ്രാക്കുളയ്‌ക്ക്‌ മലയാളത്തിലുണ്ടായിട്ടുള്ള തർജമകളിൽ “മൂലകൃതിയിലെ പരാമർശങ്ങളോ സൂചനകളോ കാണ്മാനില്ല”. ശ്രീജൻ നൽകുന്ന വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. പറഞ്ഞുവരുന്നത്‌ ഇതാണ്‌ഃ ലൈബ്രറിപുസ്തകങ്ങളിലെ പേജുകൾ മാത്രമല്ല, വിവർത്തനത്തിൽ മൂലകൃതിയിലെ പരാമർശങ്ങളും സൂചനകളുമൊക്കെ ‘മിസ്സിങ്ങ്‌’ ആവുന്നു! അപ്പോഴും വായന തുടരുന്നു! എന്റെ വായന, ഞാനിന്റെ വായന, നിങ്ങളുടെ വായന, ചെറിയുടെ വായന! കോസ്‌റ്റാ ഗാവ്‌റസിന്റെ പ്രശസ്തമായ ‘മിസ്സിങ്ങ്‌’ എന്ന സിനിമ ഓർക്കുക. പലതരം രാഷ്‌ട്രീയ സാഹചര്യങ്ങളിൽ ‘അപ്രത്യക്ഷ’രാകുന്ന ആയിരക്കണക്കിനു മനുഷ്യരെ ഓർക്കുക. ‘നിയേറ്റർ തെറാപ്പി’ എന്ന നാടകത്തിൽ ഫ്രാന്റ്‌സ്‌ ഫാനനെപ്പറ്റി, പഠിക്കാനായി ആഫ്രിക്കയിലേക്കു പോകുന്ന പ്രൊഫസർ ഡേവിസ്‌ അലക്സാണ്ടർ എങ്ങനെ ‘മിസ്സിങ്ങ്‌’ ആവുന്നു എന്നോർക്കുക. അങ്ങനെയങ്ങനെ, ഈ നോവലിൽ ചെറി ജോസഫ്‌ എങ്ങനെ ‘അപ്രത്യക്ഷ’നാകുന്നുവെന്നും ഓർക്കുക.

ഇങ്ങനെയൊക്കെ എഴുതിയാൽ ഇതൊരു ഗംഭീര രാഷ്‌ട്രീയ നോവലാണെന്ന ‘ധ്വനി’ വന്നുപെടില്ലേയെന്ന സംശയം എനിക്കും ഇല്ലാതില്ല. അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നു വയ്‌ക്കുക. ഏതൊരു കൃതിയുടെയും രാഷ്‌ട്രീയത്തെ നമ്മുടെ വായനയുടെയും അറിവിന്റെയും അനുഭവത്തിന്റെയും ഓർമ്മയുടെയും സവിശേഷതാല്പര്യങ്ങളുടെയും അടിസ്ഥാനത്തിലാണല്ലോ നാം നിർവചിക്കുകയും വിശകലനം ചെയ്യുകയും വിമർശിക്കുകയുമൊക്കെ ചെയ്യുന്നത്‌. അൻവർ അബ്ദുള്ള ഉദ്ദേശിച്ചാലും ഇല്ലെങ്കിലും, ഡ്രാക്കുളയെ തൊടുന്നയാൾ ഭീതിയുടെയും അയാഥാർത്ഥ്യത്തിന്റെയും മാസ്മരികവും വിഭ്രമാത്മകവുമായ ലോകത്തെ മാത്രമല്ല സ്പർശിക്കുന്നത്‌, രാഷ്‌ട്രീയത്തിന്റെ ഗൂഢവും സൂക്ഷ്മവുമായ തലങ്ങളെയും കൂടിയാണ്‌.

അതുകൊണ്ട്‌ ഡ്രാക്കുള.

അതുകൊണ്ട്‌ ജനപ്രിയനോവൽ.

അതുകൊണ്ട്‌ പുനരാവിഷ്‌കാരങ്ങൾ, പുനരെഴുത്തുകൾ.

“ഈ ഡയറിക്കുറിപ്പിൽ ഒരു ആഖ്യാനപ്രശ്നമുണ്ടെന്ന്‌ ഇതു വായിക്കാനിടയുള്ള ആരും വേഗത്തിൽ കണ്ടെത്തുമെന്നു തോന്നുന്നു” എന്നു നോവലിൽ ഇടയ്‌ക്കെവിടെയോ വായിക്കാം. ഇടയ്‌ക്കെവിടെയോ അല്ല, ചെറി റാപ്പ ഗുണ്ടോമിലെ മലയാളി അധ്യാപകനായ സജീവ്‌ കുമാറിനെയും ഭാര്യ ബിന്ദുവിനെയും സന്ദർശിക്കുന്ന കാര്യം വെളിപ്പെടുത്തുന്ന ജൂൺ 11ന്റെ ഡയറിക്കുറിപ്പിനുള്ള പോസ്‌റ്റ്‌ സ്‌ക്രിപ്‌റ്റിലാണ്‌ നമുക്കിത്‌ വായിക്കാൻ കഴിയുക. ഇതിന്റെ വെളിച്ചത്തിൽ (അതോ ഇരുട്ടിലോ?) ഒരു പ്രശ്നം സജീവമാകുന്നു. ഇവിടെ, ഈ ഡ്രാക്കുളകഥയിൽ, ലൂസിയോ മീനയോ ഇല്ല! എന്നുവച്ചാൽ, പ്രണയമില്ല! പ്രണയവും സ്‌ത്രീയുമില്ലാത്ത ഡ്രാക്കുളക്കഥയോ? അതസാധ്യമാണ്‌! ലൂസിയുടെയും മീനയുടെയും സ്ഥാനത്ത്‌ നിർത്താൻ പറ്റുന്ന കഥാപാത്രമല്ല ബിന്ദു! ഇതെന്തുകൊണ്ട്‌ സംഭവിക്കുന്നു?

ഭീതി, ഫാന്റസി, ആഖ്യാനത്തിന്റെ സവിശേഷതകൾ ഃ ഇവയുടെ രക്തത്തിളപ്പിൽ അങ്ങേയറ്റം പ്രധാനപ്പെട്ട ഒരു ഘടകം - സ്‌ത്രീ - ‘മിസ്സിങ്ങ്‌’ ആയിത്തീരുന്നു! അങ്ങനെ ഈ നോവൽ, സ്‌ത്രീയുടെ അഭാവത്തിൽ, ‘എക്സ്‌കൂസീവ്‌’ എന്നൊക്കെ വിളിക്കാവുന്ന ഒരുതരം പുരുഷവ്യവഹാരത്തിന്റെ ഭാഗമായിത്തീരുന്നു. ഇതിന്റെ രാഷ്‌ട്രീയം വേറെ! ഇതിന്റെ ‘ലാവണ്യശാസ്‌ത്രം’പോലും വേറെ. സ്‌ത്രീയും പ്രണയവുമൊന്നുമില്ലാത്ത ഒരു ഡ്രാക്കുളക്കഥ​‍ോ? അത്ഭുതപ്പെടേണ്ടതില്ല; ആഖ്യാതാവായ ഞാനും ചെറിയും തമ്മിലുള്ള ബന്ധത്തിന്റെ സവിശേഷസ്വഭാവം ശ്രദ്ധിക്കുക. Male bonding എന്ന്‌ ഇംഗ്ലീഷിൽ പറയാം. ഈ ബാന്ധവത്തെ അങ്ങേയറ്റം പ്രശ്നവത്‌കരിക്കുന്ന കഥയാണ്‌, ഒരർത്ഥത്തിൽ, ഡ്രാക്കുളയുടേതെന്ന്‌ ഈ നോവൽ വിസ്മരിക്കുന്നു. ഓർമ്മയുടെ ഈ അസാന്നിധ്യത്തിലാണ്‌ അൻവർ അബ്ദുള്ളയുടെ ഡ്രാക്കുള സാധ്യമാകുന്നത്‌.

അങ്ങനെവരുമ്പോൾ വ്യാഖ്യാതാവായ ഞാൻ എന്തു ചെയ്യും? വളരെ ‘സെയ്‌ഫ്‌’ ആയി, തേഡ്‌ പേഴ്‌സണാകും!

പോസ്‌റ്റ്‌ സ്‌ക്രിപ്‌റ്റ്‌

ഇതൊരു അവതാരികയല്ല. ഈ പുസ്തകത്തെ പരിചയപ്പെടുത്തുക, ഇതിൽ പറയുന്ന കാര്യങ്ങൾ വായനക്കാർക്കുവേണ്ടി വിശദീകരിക്കുക, ഇതിന്റെ പ്രാധാന്യവും പ്രസക്തിയും എന്തെന്നു വിശദമാക്കുക - ഇതൊന്നും ഈയെഴുത്തിന്റെ ലക്ഷ്യമല്ല. അൻവർ അബ്ദുള്ളയുടെ ഈ നോവൽ വായിച്ചപ്പോൾ എനിക്കു പെട്ടെന്നു തോന്നിയ ചില കാര്യങ്ങൾ ഇവിടെ കുറിച്ചിടുകമാത്രമാണ്‌ ചെയ്യുന്നത്‌. മറ്റു വായനക്കാർക്ക്‌ വ്യത്യസ്തങ്ങളായ പ്രതികരണങ്ങളാവാം ഉണ്ടാകുന്നത്‌. പക്ഷേ, അവ വ്യത്യസ്തങ്ങളാവണമെങ്കിൽ ആദ്യം ഇതു വേണമല്ലോ?! അതിനുവേണ്ടി ഈ കുറിപ്പ്‌. സമവായത്തിലേക്കു നയിക്കാനല്ല; സമമല്ലാത്ത വായനകളിലേക്കു വിരൽചൂണ്ടാൻ.

(അവതാരികയിൽ നിന്ന്‌)

ഡ്രാക്കുള

(നോവൽ)

അൻവർ അബ്ദുള്ള

വില ഃ 55രൂ.

പ്രസാ ഃ ഡിസി ബുക്സ്‌

വി.സി. ഹാരിസ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.