പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

പൂവുപോലെ മൃദുലംഃ വജ്രംപോലെ കഠിനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ.കല്‌പറ്റ ബാലകൃഷ്‌ണൻ

പുസ്‌തകപരിചയം

മുനിയുടെ വാക്കിനെക്കാൾ ശ്രേഷ്‌ഠത ശിപായിയുടെ സല്യൂട്ടിനാണെന്ന്‌ കരുതുന്നവരുടെ വകയാണ്‌ ഈ ലോകത്തിലെ അഞ്ചുസെന്റ്‌ ഭൂമികൾ. എങ്കിലും ചിലത്‌ പറയാനുണ്ടെന്ന പിന്മടങ്ങാത്ത വിവേകത്തിന്റെ ചിതറലുകളാണ്‌ പ്രശസ്‌ത ചിന്തകനും വാഗ്‌മിയുമായ ശ്രീ പാലാ കെ.എം.മാത്യുവിന്റെ ഈ ചിന്താശകലങ്ങൾ. നിരീക്ഷണങ്ങൾ വജ്രംപോലെ കഠിനവും ഭാഷ പൂവുപോലെ മൃദുലവുമായ ഒരു പ്രത്യേക സമാഹാരം.

നദിയുടെ ഒഴുക്കിനെ മേലോട്ടാക്കാൻ പറ്റില്ല. സംസ്‌കാരപ്രവാഹത്തെയും തിരിച്ചുവിടാനാവില്ല. പഴയ കാർഷികയുഗത്തിലേക്ക്‌ നമുക്ക്‌ മടങ്ങാനാവില്ല. യന്ത്രയുഗം നമ്മെ കൈവിട്ടുകൊണ്ടിരിക്കുകയാണ്‌. പാടേ വിട്ടുപോയിട്ടില്ല. ഇലക്‌ട്രോണിക്‌ യുഗം കളിയാട്ടം തുടങ്ങിക്കഴിഞ്ഞു. റൈറ്റ്‌മിൽസ്‌ നാലാം യുഗം എന്നു വിളിച്ച, സ്വയം ചിന്തിക്കുന്ന റോബട്ടുകളുടെ കാലം പിറന്നുകഴിഞ്ഞു. യന്ത്രയുഗത്തിന്റെ കനം കൺപോളകളിൽ ഇപ്പോഴും തൂങ്ങുന്നവർ സംഘട്ടനാത്മകമായ അവസ്ഥകൾ രൂക്ഷതരമാക്കാൻ സെമിനാറുകൾ ആഘോഷിക്കുമ്പോൾ മാനവികതയെക്കുറിച്ചുളള സമഗ്രബോധത്തിന്റെ ലയം ആസ്വദിക്കുകയാണ്‌ അതിനപ്പുറം കണ്ണെത്തിയവർ. അവർ ചുരുക്കം പേരെയുളളു. അക്കൂട്ടത്തിലാണ്‌ ഈ ചിന്തകൻ. ജനാധിപത്യവാദിയായ ഒരു മാനവികന്‌ ചരിത്രം കല്‌പിച്ചു നല്‌കുന്ന ഉത്തരവാദിത്വംകൂടിയാണത്‌. ഇന്ത്യൻ സാഹചര്യങ്ങൾ അതിൽ ഒട്ടേറെ കടന്നുവരുന്നത്‌ സ്വാഭാവികം.

വളരെ വ്യക്തമായി ഈ ചിന്തകൻ മുന്നോട്ടുവയ്‌ക്കുന്ന ഒരാശയം വ്യക്തിയുടെ വലിപ്പം ഏത്‌ മണ്ഡലത്തിലും അനിവാര്യമാണെന്നതാണ്‌. മഹാവ്യക്തികൾ സ്വന്തം ആന്തരികസ്വരം കേൾക്കാനുളള ശിക്ഷണം നേടിയവരായിരിക്കും. രാമന്റെ സ്വരമെന്ന്‌ ഗാന്ധിജി. മതം, രാഷ്‌ട്രീയം ഇവയെയെല്ലാം നയിക്കേണ്ടത്‌ ഇത്തരം മഹാവ്യക്തികളായിരിക്കണം. ഇന്ത്യപോലുളള ജനാധിപത്യ രാജ്യങ്ങളിൽ ഇവർ അനുപേക്ഷണീയരാകുന്നു. കാരണം, വൈവിധ്യത്തിന്റെ സംസ്‌കാരം ചരിത്രത്തിന്റെ ഭാഗമായിട്ടുളള ജനതയാണ്‌ ഇന്ത്യൻ ജനത.

ദൗത്യബോധം അനാവശ്യമെന്ന്‌ കരുതുന്നവരുടെ ചൂരൽവടികൾ ഇന്ത്യൻ സമൂഹത്തെ തല്ലിച്ചതച്ചുകൊണ്ടിരിക്കുന്നു. നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹികവ്യവസ്ഥകളെയും ധാർമ്മിക വ്യവസ്ഥകളെയും ഉൾക്കൊളളാൻ വ്യക്തികൾക്ക്‌ സർഗ്ഗാത്മകമായ കഴിവുണ്ടാകണമെന്ന്‌ ലേഖകൻ. ഭാഷയും മനോഭാവവും പുതുക്കിയെടുക്കണം. നമ്മുടെ വരേണ്യനേതൃത്വത്തിന്‌ അന്യമാണ്‌ ഇത്തരം അജണ്ട. എല്ലാറ്റിനെയും ഉൾക്കൊളളാതെ നിലനില്‌ക്കാമെന്ന ഊറ്റം സമൂലനാശത്തിലേക്കാവും എളുപ്പം നമ്മെ എത്തിക്കുക എന്ന്‌ ലേഖകൻ കരുതുന്നു. പുതിയ കാലം ആവശ്യപ്പെടുന്നത്‌ സമഗ്രമായ സമീപനങ്ങളാണ്‌. സ്വന്തം കുടുംബത്തിനും ജാതിക്കും മതത്തിനും കോർപ്പറേറ്റ്‌ സ്ഥാപനങ്ങൾക്കും വേണ്ടി ധർമ്മവ്യവസ്ഥകൾ ആക്രിക്കടയിൽ വില്‌ക്കുന്നവർക്ക്‌ അത്‌ മനസ്സിലാകാൻ സമയമേറെയെടുക്കും. ലേഖകൻ അവരെക്കുറിച്ചുളള വിവരണങ്ങൾ ഭംഗിയായി ഇതിൽ പലേടത്തും നിർവഹിച്ചിട്ടുണ്ട്‌.

സുശിക്ഷിതമായ മനസ്സാക്ഷിയുളളവർക്ക്‌ ഒരു വരദാനമുണ്ട്‌. ആന്തരികസ്വരം. മനുഷ്യവർഗ്ഗത്തിന്റെ പ്രത്യാശ ആ വരദാനമുളള ആൾക്കാരിലാണ്‌ ലേഖകൻ കാണുന്നത്‌. ഈ കല്‌മഷ സാഹചര്യം അത്തരക്കാരുടെ സാന്നിധ്യം അനിവാര്യമാക്കും. ഭൂകമ്പംപോലെ ഇന്നത്തെ വിവിധ രംഗങ്ങളിലെ തകർച്ചകൾ ആത്മായമായ ഉണർവിൽ ചെന്നെത്തും. മാനവികനന്മയിൽനിന്ന്‌ ജനിക്കുന്ന ഈ പ്രത്യാശ ഇതിലെ മിക്ക ലേഖനങ്ങൾക്കും അന്തർധാരയായി വർത്തിക്കുന്നു.

ചിന്താശകലങ്ങൾ

പാലാ കെ.എം.മാത്യു

കറന്റ്‌ ബുക്‌സ്‌, വില - 90.00

(കടപ്പാട്‌ ഃ കറന്റ്‌ ബുക്‌സ്‌ ബുളളറ്റിൻ)

ഡോ.കല്‌പറ്റ ബാലകൃഷ്‌ണൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.