പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

ബോധോദയത്തിന്റെ നാട്ടുപാതകള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ആലങ്കോട്‌ ലിലാകൃഷ്‌ണന്‍

ജീവന്റെ യാത്രകള്‍ മനുഷ്യവംശത്തിനു സമ്മാനിച്ച ഒരാത്മീയതയുണ്ട്. മതാതീതമെന്നതുപോലെ മനുഷ്യാതീതം കൂടിയാണ് ആ ആത്മീയാനുഭവം. ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും ഒരു പോലെ ബാധകമായ ഒര‍തീന്ദ്രീയ ജൈവബോധം. കാലത്തോടും സ്ഥലത്തോടും ബന്ധപ്പെട്ട വസ്തുസ്ഥിതി യാഥാര്‍ത്ഥ്യം തന്നെയായിരിക്കുമ്പോഴും ഓരോ ജീവന്റെ യാത്രയും രേഖപ്പെടുത്തിപ്പോവുന്ന സമാനതകളില്ലാത്ത ചില ഇന്ദ്രിയ ധ്യാനങ്ങളുണ്ട് . ഒപ്പം ചില സാമൂഹികബോദ്ധ്യങ്ങളും. അതാണ് യാത്രകളുടെ സര്‍ഗ്ഗബലവും വിമോചന പ്രതീക്ഷയും സാമൂഹിക സാക്ഷാല്‍ക്കാരവും . അറിയപ്പെട്ട നമ്മുടെ ജ്ഞാനരൂപങ്ങള്‍ക്കൊന്നും ഒരു കാലത്തും പൂര്‍ണ്ണമായി വിശദീകരിച്ചു തരാനാവാത്ത ഇത്തരം ചില യാത്രാനുഭവങ്ങളെ അസാധാരണമായ സര്‍ഗ്ഗാത്മകതയോടെ അടയാളപ്പെടുത്തുന്ന കൃതിയാണ് പി. സുരേന്ദ്രന്റെ ‘ ഗ്രാമപാതകള്‍’

സുരേന്ദ്രന്‍ ഒരിക്കലും അറിയപ്പെടുന്ന ഭൂപ്രദേശങ്ങളിലേക്ക് സഞ്ചരിക്കുകയല്ല; മറിച്ച് യാത്രയിലൂടെ ചില മനുഷ്യ ഭൂപ്രദേശങ്ങളെ കണ്ടെത്തുകയാണ്. അവിടെ മനുഷ്യശാസ്ത്രവും ഭൂമിശാസ്ത്രവും ഒന്നായിത്തീരുന്ന ചില അത്ഭുതങ്ങള്‍ സംഭവിക്കുന്നു.

ഈ പുസ്തകത്തിലെ ‘ ബുദ്ധഗോപുരങ്ങളുടെ യാത്രാമൊഴി’ യെന്ന യാത്രാക്കുറിപ്പില്‍ സിക്കിമില്‍ വെച്ചു കണ്ടുമുട്ടിയ ഭൂട്ടാന്‍കാരനായ ബുദ്ധഭിക്ഷു സോനം ഇങ്ങനെ പറയുന്നുണ്ട്.

‘’ഞങ്ങള്‍ ബുദ്ധഭിക്ഷുക്കള്‍ മനുഷ്യനെ മാത്രമായി പരിഗണിക്കാറില്ല. ജീവിതത്തിന്റെ ക്ലേശങ്ങള്‍ സഹിക്കുന്നത് മനുഷ്യര്‍ മാത്രമല്ല ; പുഴുവിനും പൂമ്പാറ്റക്കുമൊക്കെ പീഢാനുഭവങ്ങളെ നേരിടേണ്ടി വരുന്നു. അവയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനാര്? ‘’

യാത്രകളുടെ പുസ്തകം ഇത്തരം ബുദ്ധയാത്രകളുടെ പ്രബുദ്ധഭൂഖണ്ഡമാണ്. യാത്രകള്‍ക്കിടയില്‍ പൊടുന്നനെ സംഭവിക്കുന്ന ഒരു പാടു ബോധോദയങ്ങളുടെ വെളിച്ചം ഈ പുസ്തകത്തിലുണ്ട്. ഒരു കാഴ്ച, ഒരു ചോദ്യം, ഒരുത്തരം , ഒരോര്‍മ്മ, ഒരീണം - ഇവയൊക്കെ സുരേന്ദ്രനെ ചില അസാധാരണ ജീവിത ജ്ഞാനോദയങ്ങളിലേക്കു നയിക്കുന്നു.

കര്‍ണ്ണാടക ഗ്രാമമായ ചെന്നമല്ലീപുരത്തു വെച്ച് പരിചയപ്പെട്ട ഉമ്മര്‍ വെളിപ്പെടുത്തുന്ന കര്‍ഷകജീവിതത്തിന്റെ ചില അപൂര്‍വ ജ്ഞാനങ്ങളുണ്ട്.

കറുകപ്പുല്ലു പടര്‍ന്ന ഭൂമി ക്ഷയരോഗം ബാധിച്ച് ശരീരം പോലെയാണെന്ന് ഉമ്മര്‍ പറയും കായ്ക്കാതെ നില്‍ക്കുന്ന തെങ്ങിനെ തൊട്ടും തലോടിയും കായ്പ്പിച്ചെടുക്കാമെന്നു പറയും.

നവ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സഹയാത്രികനായിരുന്ന ഉമ്മര്‍, വര്‍ഗീസുമായി അഗാധസൗഹൃദം പുലര്‍ത്തിയിരുന്നു. വര്‍ഗീസിന്റെ ദാരുണമായ രക്തസാക്ഷിത്വത്തില്‍ സ്വയം തകര്‍ന്ന് കര്‍ണ്ണാടകയിലും രാജസ്ഥാനിലും ഗുജറാത്തിലുമൊക്കെ അലഞ്ഞു നടന്ന ഉമ്മര്‍ പിന്നീട് കൃഷിഭൂമി പാട്ടത്തിനെടുത്ത് കൃഷി തുടങ്ങി. വരണ്ട മണ്ണിനെ ജൈവകൃഷികൊണ്ട് ഊര്‍വ്വരമാക്കാന്‍ പരിശ്രമിച്ചു.

‘’ ചുവപ്പില്‍ നിന്നും പച്ചയിലേക്കു സഞ്ചരിച്ച ഈ മനുഷ്യനില്‍ പ്രത്യശാസ്ത്രങ്ങളുടെ പ്രതിസന്ധികള്‍ക്കുള്ള ജൈവീകമായ ഉത്തരങ്ങളുണ്ട്. വഴികളില്ലാത്തിടങ്ങളിലൂടെ സഞ്ചരിച്ച് ഉമ്മര്‍ വഴികളുണ്ടാ‍ക്കുന്നു. ‘’

സുരേന്ദ്രന്റെ ‘ ഗ്രാമപാത’ കളിലെ വഴികള്‍ മുഴുവന്‍ ഈ വിധത്തില്‍ സൃഷ്ടിക്കപ്പെടുന്നവയാണ് . ചില പ്രതിസന്ധികളെ മറികടക്കാനാണ് സുരേന്ദ്രന്‍ പലപ്പോഴും യാത്ര ചെയ്യുന്നത്. അതു ചിലപ്പോള്‍ പ്രത്യയശാസ്ത്രങ്ങളുടേയും വിശ്വാസങ്ങളുടെയും സര്‍ഗ്ഗത്തുടര്‍ച്ചകളുടേയും സാംസ്ക്കാരികാധിനിവേശങ്ങളുടേയുമൊക്കെ രാഷ്ട്രീയമായ ഉത്തരങ്ങള്‍ കൂടിയാണെന്ന് സുരേന്ദ്രന്‍ ഉപദര്‍ശിക്കുന്നു.

അങ്ങനെ നോക്കിയാല്‍ ഒരു ഘട്ടത്തില്‍ തന്റെ എഴുത്തിന്റെ രാഷ്ട്രീയ പ്രതിസന്ധികള്‍ സുരേന്ദ്രന്‍ മറികടന്നത് ഇത്തരം നിരുപാധികമായ യാത്രകളിലൂടെയാണെന്നും വിലയിരുത്താം. ചെന്നമല്ലീപുരത്തിലൂടെയുള്ള യാത്രകളിലൂടെ അസാധാരണമായ ഒരു സര്‍ഗ്ഗസാക്ഷാത്ക്കാരമാണ് ‘ മായാപുരാണം’ എന്ന നോവല്‍ . ഇറക്കുമതി ചെയ്യപ്പെടുന്ന പുതിയ അന്തക വിത്തുകളുടെ ജൈവസാംസ്ക്കാരിക രാഷ്ട്രീയത്തെക്കുറിച്ച് ദശാബ്ദങ്ങള്‍ക്കു മുമ്പ് ദീര്‍ഘദര്‍ശനം ചെയ്ത നോവലാണ് ‘ മായാപുരാണം’ വിത്തുകള്‍ക്കു മേല്‍ അധികാരവും നിയന്ത്രണവും നഷ്ടപ്പെട്ട കര്‍ഷകര്‍ വരിയുടക്കപ്പെട്ട കാളയെപ്പോലെയാണെന്നുള്ള തിരിച്ചറിവില്‍ നിന്നു തന്നെയാണ് പ്രതിരോധത്തിന്റെ പുതിയ പാഠങ്ങള്‍ തേടി സുരേന്ദ്രന്‍ വീണ്ടും അറിയാത്ത ഗ്രാമപാതകളിലൂടെ നടന്നു നടന്നു വഴിയുണ്ടാക്കുന്നത്.

സുരേന്ദ്രന്റെ യാത്രകളില്‍ ഇന്ത്യ മുഴുവന്‍ ഒരൊറ്റ ഗ്രാമമാണ്. തിരസ്കൃതരുടേയും തള്ളിമാറ്റപ്പെട്ടവരുടേയും പുറമ്പോക്കു നിവാസികളുടേയും ഗ്രാമം. മുഖ്യധാരയില്‍ നിന്നകന്നാണ് സുരേന്ദ്രന്റെ വഴികളധികവും. മറാഠാ ഗ്രാമങ്ങളിലെ ദന്‍ഗാരന്മാര്‍ ഇന്നും ആടുകളെ മേയ്ച്ചു സഞ്ചരിക്കുന്ന പൗരാണികമായ നാട്ടുവഴികളിലൂടെയും , ഔറംഗബാദിലെ സൂഫികളും ഔലിയാക്കന്മാരും മുസാഫിറുകളും പീറുകളും ഫക്കീറുകളും അന്ത്യവിശ്രമം കൊള്ളുന്ന ഏകാന്തദേവാലയങ്ങള്‍ക്കിടയിലൂടെയും സിംഹഗഡിയിലൂടെയും , മനുഷ്യരോളം വലുപ്പമുള്ള മുളവല്ലങ്ങള്‍ നെയ്യുന്ന ആദിവാസികളിലൂടെയും സൗന്തത്തിയിലെ ദേവദാസികള്‍ക്കിടയിലൂടെയും , യെല്ലമ്മ ക്ഷേത്രത്തിലെ ഹിജഡകളിലൂടെയും പി. സുരേന്ദ്രന്‍ അന്വേഷിക്കുന്നത് അതിജീവിക്കുന്ന മനുഷ്യരെ തന്നെയാണ്. അതുകൊണ്ടാണ് കാഞ്ചന്‍ ഗംഗയുടെ താ‍ഴ്വരയില്‍ വെച്ചു കണ്ടു മുട്ടുന്ന തിബത്തന്‍ ജീവിതത്തെ അതേപോലെത്തന്നെ കര്‍ണ്ണാടകത്തില്‍ കുശാല്‍ നഗറിലെ ബൈലക്കുപ്പയില്‍ സുരേന്ദ്രനു കാണാന്‍ സാധിക്കുന്നത് . ചൈനയുടെ അതിക്രൂരമായ അധിനിവേശത്തില്‍ ചിതറിപ്പോയ ലാസയുടെ ആയുധമെടുക്കാത്ത ചെറുത്തുനില്‍പ്പുകളെക്കുറിച്ച് ഇത്രയേറെ ചരിത്ര ബോധത്തോടെയും രാഷ്ട്രീയ വിവക്ഷയോടെയും എഴുതിയ എഴുത്തുകാര്‍ പി. സുരേന്ദ്രനേപ്പോലെ നമുക്ക് വേറെയില്ല. ദലൈലാമയ്ക്കൊപ്പം ഓടിപ്പോന്ന , പ്രാര്‍ത്ഥനമാത്രം സമരായുധമായ ബുദ്ധന്മാര്‍ ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെഴുതി ചേര്‍ക്കുന്ന സഹനങ്ങളുടെ ചരിത്രം ഈ പുസ്തകം ഒളിപ്പിച്ചു വച്ചിരിക്കുന്ന അഗാധമായ ഒരു നിലവിളിയാണ്. അനേകമനേകം രാഷ്ട്രീയമാനങ്ങളുള്ള ഇത്തരം അടിച്ചമര്‍ത്തപ്പെട്ട നിലവിളികളിലൂടെയാണ് സുരേന്ദ്രന്റെ യാത്രകള്‍ നീളുന്നത്. സുരേന്ദ്രന്റെ യാത്രകളില്‍ സ്നേഹം മരണത്തിനെതിരെ പൊരുതാനുള്ള ആയുധമാണ്. ജീവന്റെ പിടച്ചില്‍ പോലും സമരമാണ്. പര്‍വതങ്ങളിലൂടെയും താഴ്വരകളിലൂടെയും നദീതീരങ്ങളിലൂടെയും മരുപ്പരപ്പുകളിലൂടെയും ഇന്ത്യന്‍ തിരസ്കൃത ജീവിതങ്ങളുടെ ഒരു വലിയ ഭൂപടം വരച്ചിടുന്നുണ്ട്, ഈ പുസ്തകത്തില്‍ സുരേന്ദ്രന്‍. പണ്ട് ഇടശേരി ‘ കുടിയിറക്കല്‍’ എന്ന കവിതയില്‍ വരച്ചതു പോലെ കുടിയിറക്കപ്പെട്ട മനുഷ്യരുടെ ഒരു രാഷ്ട്രീയ ഭൂപടമാണ് അത്. എഴുതിത്തുടങ്ങിയ കാലം മുതല്‍ക്കു തന്നെ അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരോടൊപ്പം നിന്ന തന്റെ സര്‍ഗ്ഗജീവിതത്തിന്റെ പ്രാണവായുവായിരുന്ന രാഷ്ട്രീയ വിശ്വാസം , അതിവേഗം മാറി മാറി വന്ന തന്റെ നാട്ടിലെ എല്ലാ പ്രച്ഛന്നവേഷങ്ങള്‍ക്കിടയിലും പി. സുരേന്ദ്രന്‍ കൈവിട്ടിട്ടില്ല. ‘ ഗ്രാമപാത’ കളില്‍ തെളിയുന്നതും അതിജീവനത്തിന്റെ ആ രാഷ്ട്രീയമാണ്. കുടിയിറക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരും ഒരു നാള്‍ ഉയര്‍ന്നു വരിക തന്നെ ചെയ്യും എന്ന ഉറച്ച വിശ്വാസം ഈ എഴുത്തുകാരനുണ്ട്. അതുകൊണ്ടു തന്നെ ഉയര്‍ന്നെഴുനേറ്റുവരാന്‍ പോകുന്ന ഒരു പുതിയ കാലത്തിന്റെ രാഷ്ട്രീയ രേഖ കൂടിയാണ് ഈ നാട്ടുപാതകളുടെ പ്രത്യാശ.

ആലങ്കോട് ലീലാകൃഷ്ണന്‍

ആലങ്കോട്‌ ലിലാകൃഷ്‌ണന്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.