പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

എഴുതിയത്‌, വരച്ചത്‌....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എൻ. ജയചന്ദ്രൻ

പുസ്‌തകനിരൂപണം

ജീവിതത്തിന്റെ പാച്ചിലുകൾ മുഴുവൻ മാറ്റിവച്ച്‌ അഹങ്കാരങ്ങളുടെ മൂടുപടമഴിച്ച്‌ നിസ്സഹായരായി മുന്നിലെത്തുന്ന കാൻസർ രോഗികളെക്കുറിച്ച്‌ എന്തെങ്കിലുമെഴുതണമെന്ന്‌ ഡോ.ഗംഗാധരൻ മനസ്സിലോർത്തിട്ട്‌ കാലങ്ങളൊത്തിരിയായി. ആർ.സി.സി.യിലെ തിരക്കുളള ഓരോ ദിവസത്തിനുമൊടുവിൽ കനംതൂങ്ങിയ കണ്ണുകളുമായി കട്ടിലിലേക്കു ചായുമ്പോൾ കുമിഞ്ഞുകൂടിയ ഓർമ്മകളെ സ്വയം തളളിമാറ്റുകയായിരുന്നു.

അപൂർവ്വമായിരുന്നു അത്‌. ഒരു കാൻസർ ചികിത്സാവിദഗ്‌ദ്ധന്റെ അനുഭവക്കുറിപ്പുകൾ ഒരു കഥാകാരൻ എഴുതുക. എഴുത്തിന്റെ മൂർദ്ധന്യത്തിൽ എഴുത്തുകാരന്റെ ജീവിതസഖിയെ കാൻസറിന്റെ ക്രൗര്യമാർന്ന കരങ്ങൾ ഈ ലോകത്തുനിന്നെടുത്തുകൊണ്ടു പോകുക. ഒരിക്കലും പൊരുത്തപ്പെടാത്ത ആ യാഥാർത്ഥ്യത്തിനു നടുവിൽ അനിയന്റെ പേനയിലെ മഷിക്കട്ടകൾ അക്ഷരങ്ങളായി ഉതിരാൻ വിസമ്മതിച്ചു നിന്നു.

യാദൃശ്ചികമായിട്ടാണ്‌ ഡോ.ഗംഗാധരൻ കെ.എസ്‌.അനിയനെ പരിചയപ്പെടുന്നത്‌. ‘പാവക്കണ്ണുകൾ’ എന്ന അനിയന്റെ ആദ്യ കഥാസമാഹാരം ഡോക്‌ടർക്കു നല്‌കിയപ്പോൾ ഡോക്‌ടർ വെറുതെ പറഞ്ഞുഃ കുറെ ഐഡിയകൾ തരാം. അനിയനതു കഥയ്‌ക്കു നല്ല പ്ലോട്ടാകും... പിന്നെയെപ്പോഴോ ആ കൂടിക്കാഴ്‌ച നീണ്ടു. ഒടുവിൽ, തെന്നിമാറിയ സമയങ്ങളെ സ്വരുക്കൂട്ടി ഇരുവരുമിരുന്നു. പറഞ്ഞുവന്നപ്പോൾ അനിയന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. പൊളളുന്ന അനുഭവങ്ങളെ കേവലമൊരു കഥയുടെ കാല്‌പനികതയിലേക്കു തളളാൻ അനിയൻ മടിച്ചു. അടുക്കും ചിട്ടയുമില്ലാതെ ചിതറിയ ഓർമ്മകളിൽനിന്ന്‌ അനിയൻ കെടാൻ പോകുന്ന ജീവിതത്തെ ആർത്തിയോടെ സ്‌നേഹിക്കുന്ന മനുഷ്യരെക്കണ്ടു. അവരുടെ നിസ്സഹായമായ നിലവിളികൾ കഥാകൃത്തിന്റെ ഉറക്കം കെടുത്തി. വെയിൽത്തുമ്പികൾ പാറിനടന്ന ആർ.സി.സി.യുടെ ഇടവരാന്തകളിൽ വീണുടഞ്ഞ കണ്ണീർക്കണങ്ങൾ അനിയൻ തന്റെ ഭാഷകൊണ്ട്‌ തീക്ഷ്‌ണമായി കൊരുത്തിട്ടു.

ഡോക്‌ടറുടെ മുന്നിലൂടെ കടന്നുപോയ മുഖങ്ങൾ നിരവധി. അനിയനുമായി പങ്കുവച്ച അനുഭവങ്ങൾ വാഗ്‌രൂപം പ്രാപിച്ച്‌ നമുക്കു മുന്നിലെത്തിയപ്പോൾ ജീവിതമെന്ന യഥാർത്ഥ അത്ഭുതം കണ്ട്‌ നടുങ്ങിയത്‌ നമ്മൾ വായനക്കാർ.

പ്രപഞ്ചത്തെക്കാൾ വലിയ അത്ഭുതമായ നൈസാമലി, പാട്ടിന്റെ പൂമരക്കൊമ്പിൽനിന്നു പറന്നുപോയ സുമി, അവളുടെ വിറയ്‌ക്കുന്ന കരങ്ങൾ കൊണ്ടെഴുതിയ കത്തുകൾ... ഒരേസമയം ഒരു വിലാപവും പ്രാർത്ഥനയുമായ പുഷ്‌പാസ്വാമി, അബോധാവസ്ഥയിലും അച്‌ഛന്റെ മരണത്തെത്തൊട്ടറിഞ്ഞ മകൾ...അതിനേക്കാളൊക്കെ അത്ഭുതമായി, എഴുത്തിന്റെ ചാലകമായി സ്വയം എരിഞ്ഞൊടുങ്ങിയ നിഷി...ഡോക്‌ടർ ഗംഗാധരൻ വിറയ്‌ക്കുന്ന കരങ്ങളോടെ ഈ പുസ്‌തകം സമർപ്പിക്കുന്നതും നിഷിക്കുവേണ്ടിയാണ്‌.

തിരിഞ്ഞുനോക്കുമ്പോൾ ജീവിതമെന്നത്‌ ശരിക്കും ഒരത്ഭുതംതന്നെയെന്ന്‌ ഡോ.ഗംഗാധരനും അനിയനും അറിയുന്നു.

കടപ്പാട്‌ - കറന്റ്‌ ബുക്‌സ്‌ ബുളളറ്റിൻ

എൻ. ജയചന്ദ്രൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.