പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

വിധി കൊയ്യാൻ ഏഴ്‌ ശീലങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുമ കുറുപ്പ്‌

പുസ്‌തകനിരൂപണം

ഇപ്പോൾ പ്രചോദനാത്മകമായ പുസ്‌തകങ്ങൾക്കാണ്‌ ആഗോളവ്യാപകമായി വിപണിയിൽ പ്രിയം. സൈബർയുഗത്തിന്റെ അതിവേഗത്തിൽ സ്വന്തം മനസ്സിന്റെ വിഹ്വലതകളെ നേരിടേണ്ടതെങ്ങനെയെന്ന്‌ പഠിക്കാനാണ്‌ കൂടുതൽ പേർ പുസ്‌തകം വായിക്കുന്നതെന്നർത്ഥം. മലയാളിയുടേയും വായനാശീലം ആ വഴിക്ക്‌ വളർന്നുകൊണ്ടിരിക്കുകയാണ്‌. ഈ രംഗത്തു മലയാളിക്കു ലഭിച്ച ഒരു സമ്മാനമാണ്‌ സ്‌റ്റീഫൻ ആർ.കോവെയുടെ ‘7 ഹാബിറ്റ്‌സ്‌ ഒഫ്‌ ഹൈലി ഇഫക്‌ടീവ്‌ പീപ്പിൾ’ എന്ന പുസ്‌തകത്തിന്റെ വിവർത്തനം.

ആരുടെയും ജീവിതത്തെ അത്ഭുതകരമായി മാറ്റിത്തീർക്കാൻ പര്യാപ്‌തമെന്നു തെളിയിച്ച സുപ്രസിദ്ധ ഗ്രന്ഥമാണിത്‌. ജീവിതത്തിലെ സമരമുഖങ്ങളെ അതിജീവിക്കാനുളള ദർശനങ്ങൾ വേദോപനിഷത്തുകളിലും ഇതിഹാസങ്ങളിലും എന്തിനേറെ സാഹിത്യകൃതികളിൽപോലും സുലഭമായി കാണാം. പ്രചോദനാത്മകമായ പുസ്‌തകങ്ങളിൽ അത്രയും ഗഹനതയോടെ അവയുണ്ടാകുകയുമില്ല. എന്നാൽ ദർശനങ്ങളെ അല്ലെങ്കിൽ തത്ത്വചിന്തകളെ പോംവഴികളായി അവതരിപ്പിക്കുന്നുവെന്നിടത്താണ്‌ പ്രചോദനാത്മകമായ പുസ്‌തകങ്ങളുടെ മിടുക്ക്‌. അതായത്‌ തത്ത്വചിന്തകളെ എങ്ങനെ സ്വാംശീകരിക്കാം എന്ന പ്രായോഗികനിർദ്ദേശം നല്‌കുന്നു. അതുവഴി ജോലിയിൽ എങ്ങനെ വിജയം നേടാം, മുതലാളിയെ എങ്ങനെ കൈകാര്യം ചെയ്യാം, നല്ല വ്യക്തിത്വം എങ്ങനെ വളർത്തിയെടുക്കാം എന്നെല്ലാം ബോദ്ധ്യപ്പെടുത്തുന്നു.

കോവെയുടെ പുസ്‌തകവും വ്യത്യസ്‌തമല്ല. പൂർവസൂരികൾ പറഞ്ഞതും അറിഞ്ഞതുമായ കാര്യങ്ങളുടെ അടിസ്ഥാനത്തിൽതന്നെയാണ്‌ അദ്ദേഹം തന്റെ ആശയങ്ങൾ കെട്ടിപ്പടുക്കുന്നത്‌. എന്നാൽ അതു വായനക്കാരനെ മാറ്റിത്തീർക്കാൻ പാകത്തിൽ അവതരിപ്പിക്കുന്നു എന്നു മാത്രം. ജീവിതം മാറ്റിത്തീർക്കാൻ ഏഴു ശീലങ്ങളാണ്‌ കോവെ ഈ പുസ്‌തകത്തിൽ മുന്നോട്ടു വയ്‌ക്കുന്നത്‌. ജീവിതവിജയത്തിനുളള ഏഴു ശീലങ്ങൾ. കേൾക്കുമ്പോൾ ലളിതം. എന്നാൽ വായിച്ചു ചെല്ലുമ്പോഴോ ഓരോ ശീലവും ജീവിതമെന്ന അപരിമേയതയുടെ അനന്തവ്യാപ്‌തിയുളള ഖണ്ഡംതന്നെയെന്നു ബോദ്ധ്യപ്പെടും. ഏഴു ശീലങ്ങളെന്ന പേരിൽ അത്‌ സ്വായത്തമാക്കാൻ എളുപ്പമാണെന്നു ബോദ്ധ്യപ്പെടുത്തുന്നുവെന്നതാണ്‌ കോവെയുടെ മിടുക്ക്‌...

പരസ്പരാശ്രയത്വത്തിൽ അധിഷ്‌ഠിതമായ സാമൂഹികശ്രേണിയിൽ സംഘർഷങ്ങളും സമരങ്ങളുമില്ലാതെ മുന്നേറാൻ സഹായിക്കുന്ന വഴികാട്ടിയാവുകയാണ്‌ കോവെയുടെ പുസ്‌തകം...

ഓരോ ശീലവും സ്വായത്തമാക്കാനുളള പ്രായോഗികനിർദ്ദേശങ്ങളും കോവെ നല്‌കിയിട്ടുണ്ട്‌. ആദ്യം വായനക്കാരൻ പുസ്‌തകത്തിന്റെ വിദ്യാർത്ഥിയും പിന്നീട്‌ അദ്ധ്യാപകനുമായി മാറണം.

അങ്ങനെ ശീലങ്ങൾ സ്വന്തമാക്കണം. “തീർച്ചയായും അതൊരു എളുപ്പവഴിയല്ല. എന്നാലും അതിന്റെ പ്രയോജനം ഇടനടി നിങ്ങൾക്ക്‌ അനുഭവവേദ്യമാകും.” കോവെ പറയുന്നു. കോവെ അമേരിക്കക്കാരനാണ്‌. മലയാളിയുടേതിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമായ ജീവിതസാഹചര്യത്തിൽ വളർന്നയാൾ. എങ്കിലും എവിടെയും സ്വീകാര്യമാകുന്ന സാർവലൗകികത അദ്ദേഹത്തിന്റെ രചനയ്‌ക്കുണ്ടെന്നതിനാൽ മലയാളിക്കും അതു സ്വീകാര്യമാകും. ഈ പുസ്‌തകം മുപ്പത്തിയെട്ടു ഭാഷകളിലായി ഒന്നരക്കോടിയോളം കോപ്പികൾ വിറ്റഴിഞ്ഞതുതന്നെ അതിനു തെളിവ്‌. ‘ഏഴു ശീലങ്ങൾ’ സാർവകാലികവുമാണ്‌. 25 വർഷംമുമ്പ്‌ ആദ്യപതിപ്പിറങ്ങിയ പുസ്‌തകം അതേ ആവേശത്തോടെ ഇപ്പോഴും വായിക്കപ്പെടുന്നത്‌ അതുകൊണ്ടുതന്നെ.

ഇതിനൊക്കെ കാരണം മനുഷ്യമനസ്സിന്റെ സാർവകാലികവും സാർവലൗകികവുമായ സ്വഭാവങ്ങളെയാണ്‌ കോവെ അഭിമുഖീകരിക്കുന്നത്‌ എന്നതുതന്നെ. വിദേശഭാഷാപുസ്‌തകങ്ങൾ മലയാളത്തിലേക്ക്‌ പകർന്നു നല്‌കിയിട്ടുളള എം.പി. സദാശിവനാണ്‌ ഈ പുസ്‌തകത്തിന്റെ വിവർത്തനം നിർവഹിച്ചത്‌; പ്രൗഢവും ഗംഭീരവുമായ വിവർത്തനം. എങ്കിലും ചിലയിടത്ത്‌ അല്‌പംകൂടി ലളിതമാകാമായിരുന്നു എന്നു ചിലർക്കു തോന്നിപ്പോയാൽ കുറ്റം പറയാനാവില്ല. “ഒരു ചിന്ത വിതച്ച്‌ ഒരു പ്രവൃത്തി കൊയ്യുക, ഒരു പ്രവൃത്തി വിതച്ച്‌ ഒരു ശീലം കൊയ്യുക, ഒരു ശീലം വിതച്ച്‌ ഒരു സ്വഭാവം കൊയ്യുക, ഒരു സ്വഭാവം വിതച്ച്‌ ഒരു വിധി കൊയ്യുക” ഇതാണ്‌ കോവെ ഓർമ്മിപ്പിക്കുന്ന പ്രമാണം. ശീലം വിതച്ച്‌ വിധി കൊയ്യാൻ വായനക്കാരനെ ഈ പുസ്‌തകം സഹായിക്കുമെന്ന്‌ തീർച്ച.

7 ഹാബിറ്റ്‌സ്‌ ഒഫ്‌ ഹൈലി ഇഫക്‌റ്റീവ്‌ പീപ്പിൾ, സ്‌റ്റീഫൻ ആർ. കോവെ, ഡിസി ബുക്‌സ്‌, പേജ്‌ ഃ 392, വില ഃ 195 രൂപ.

സുമ കുറുപ്പ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.