പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ബാല്യം, യൗവ്വനം, മരണം പിന്നെ ഉയിർപ്പും > കൃതി

ആറ്‌ -അത്താഴം (ഭാഗം-1)

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുരേഷ്‌ എം.ജി

ബാല്യം, യൗവ്വനം, മരണം പിന്നെ ഉയിർപ്പും

“വൈകുന്നേരം അവൻ പന്ത്രണ്ടു ശിഷ്യന്മാരോടൊപ്പം ഭക്ഷണത്തിന്ന്‌ ഇരുന്നു. അവർ ഭക്ഷിച്ചുകൊണ്ടിരിക്കേ അവൻ പറഞ്ഞു.”

സഭ അവസാന യുദ്ധത്തിന്‌ കാഹളമൂതിക്കഴിഞ്ഞിരിക്കുന്നു. മർദ്ദിതരുടേയും ചൂഷിതരുടേയും വിമോചനത്തിനായി നാം അങ്കം കുറിച്ചിട്ട്‌ നാളേറെയായി. നേർ വഴി വിട്ട്‌, അക്രമത്തിന്റെ വഴിയിലൂടെ, നമ്മളിതുവരേയും സഞ്ചരിച്ചിട്ടില്ല. ഈ അവസാന യുദ്ധത്തിലും അങ്ങിനെ തന്നെയാകട്ടെ. നാളെ നമ്മൾ ജറുസലേം ദേവാലയത്തിൽ പ്രവേശിക്കുന്നു. ഇനി മുതൽ ജറുസലേം ദേവാലയമായിരിക്കും സഭയുടെ ആസ്ഥാനം. മരുഭൂമിയിൽ നിന്നും, ഒളിത്താവളങ്ങളിൽ നിന്നും ഇനിയും പട നയിക്കേണ്ടതില്ല. നമ്മുടെ ജനത സജ്ജമായിക്കഴിഞ്ഞു. ജറുസലേം ദേവാലയത്തിലേക്കായി നമ്മൾ യാത്ര തിരിച്ചത്‌ ഇന്നൊരു രഹസ്യമല്ല. ഈ അവസാന യുദ്ധത്തിനു തയ്യാറായി ഇവിടെയെത്തിയപ്പോൾ, നമ്മുടെ ജനത നമ്മെ സ്വീകരിച്ചതെങ്ങിനെയെന്ന്‌ നിങ്ങളൊക്കെ കണ്ടില്ലേ. നമ്മുടെ ആയുധം സമാധാനത്തിന്റെ പ്രതീകമായ കുരുത്തോല മാത്രമാണ്‌. ഇന്ന്‌ തെരുവിൽ നിറഞ്ഞവരെല്ലാം ആ ആയുധം കയ്യിലേന്തിയിരുന്നതു കണ്ട്‌ എനിക്കും മതിപ്പു തോന്നുന്നു. അവർ തലമുറകളായി കണ്ടുകൊണ്ടിരുന്ന സ്വപ്നം നാളെ യാഥാർത്ഥ്യമാകുന്നു.“

”റബ്ബീ...“

ആരോ വിളിച്ചു. അവൻ തലയുയർത്തി.

”ജറുസലേമിൽ അവർ പട്ടാളക്കാരെ നിറച്ചിരിക്കുന്നു. നിന്നെ പിടികൂടുവാനും, രാജ്യദ്രോഹത്തിന്‌ വിചാരണ ചെയ്ത്‌ വധശിക്ഷക്കു വിധിക്കുവാനും അവർ തീരുമാനിച്ചിരിക്കുന്നു. നിന്നെ പിടികൂടുവാൻ സഹായിക്കുന്നവർക്ക്‌ അവർ മുപ്പതു വെള്ളിക്കാശാണ്‌ ഇനാമായി പ്രഖ്യാപിച്ചിരിക്കുന്നത്‌. ഇന്നു രാത്രി നീ തങ്ങിയിരിക്കുന്നതെവിടെയെന്നറിയുവാനുള്ള അന്വേഷണത്തിലാണവർ. ഇന്നു രാത്രി നിന്നെ പിടികൂടിയാൽ നേരം വെളുക്കുന്നതിനു മുമ്പുതന്നെ, ചട്ടവട്ടങ്ങളെല്ലാം ലംഘിച്ചും, അവർ വിചാരണ മുഴുവനാക്കും. രാത്രിയിൽ സഭ കൂടരുതെന്ന ജൂത നിയമത്തെപ്പോലും അവർ കാറ്റിൽ പരത്തും. അതിന്നവർ നിയമ പുസ്തകങ്ങളിൽ ന്യായം കണ്ടെത്തും. അല്ലെങ്കിൽ റോമിൽ നിന്നും പ്രത്യേക കൽപന പുറപ്പെടുവിക്കും. അങ്ങിനെയെങ്കിൽ നേരം പുലർന്നാലുടൻ നിന്നെ വധിക്കാമെന്നാണവരുടെ പദ്ധതി. ജനം ഇളകി വശാകാതിരിക്കുവാനുള്ള മുൻകരുതലുകളും അവർ ചെയ്തു തുടങ്ങിയത്രെ. തെരുവുകളിൽ കയ്യഫാ അവന്റെ ആളുകളെക്കൊണ്ടും പട്ടാളത്തെക്കൊണ്ടും നിറക്കുകയാണത്രെ. പെസഹാക്കു മുന്നേ നഗരത്തിൽ പിടിച്ചുപറിക്കാർ ചേക്കേറുക പതിവാണ്‌. അവരെ പിടികൂടുവാനായി ഭരണകൂടം വഴിനീളെ പട്ടാളക്കാരെ നിറക്കും. സംശയത്തിന്റെ കാരണം പറഞ്ഞ്‌ ആരെ വേണമെങ്കിലും അവർക്കു പിടികൂടാം. രാത്രിയിൽ ആരും പുറത്തിറങ്ങരുതെന്ന വിളംബരവുമായി പടയാളികൾ നീങ്ങുന്നത്‌ ഞങ്ങൾ കണ്ടു. ഞങ്ങൾക്കു ലഭിച്ച ഈ വിവരങ്ങൾ അസത്യങ്ങളല്ല. അവരുടെ ഇടയിലുള്ള നമ്മുടെ ആളുകളിൽ നിന്നും ലഭിച്ച വിവരങ്ങളാണിതെല്ലാം.“

”അരീമഥ്യക്കരൻ ജോസഫ്‌.“ റബ്ബി തലകുനിക്കാതെ, അതുവരേയും സംസാരിച്ചിരുന്ന ശിഷ്യന്റെ മുഖത്തു നോക്കി പറഞ്ഞു. ”നല്ലവനാണവൻ. അവൻ എന്നേയും കണ്ടിരുന്നു. അവരുടെ ഇടയിൽ നമ്മുടെ ആളുകളുള്ളതുപോലെ അവരുടെ ആളുകൾ നമ്മുടെ ഇടയിലും കാണും. അവരെന്നെ പിടികൂടട്ടെ. അതും നമുക്കൊരു ആയുധമാകും. നമ്മുടെ ജനതയുടെ രോഷം ഇരട്ടിപ്പിക്കുവാൻ അതു കാരണമാക്കണം. യുദ്ധത്തിന്റെ, നമുക്കനുകൂലമായുള്ള, എളുപ്പത്തിലുള്ള, പരിസമാപ്തിക്ക്‌ അതു കാരണമാക്കണം. അവരെന്നെ പിടികൂടട്ടെയെന്നല്ല. അവരെന്നെ പിടികൂടണം. അതിനവർക്കായില്ലെങ്കിൽ, അതിനു നിങ്ങളിലൊരാൾ കാരണക്കാരനാകണം. ഇത്‌ നമ്മുടെ യുദ്ധ തന്ത്രത്തിന്റെ ഭാഗമായിരിക്കട്ടെ. ഈ തന്ത്രം നമ്മൾ മാത്രമറിയേണ്ടതാണ്‌. അതുകൊണ്ടു കൂടിയാണ്‌ നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രം ഇന്നത്തെ ഈ അത്താഴ സഭയിലേക്കു വിളിച്ചത്‌. നാളെ നമ്മൾ ജറുസലേം ദേവാലയത്തിൽ പ്രവേശിക്കും. അതുവരേക്കും നമ്മൾ ഗെഥ്സേമനെ മലയിൽ താമസിക്കും. നാളെ ജറുസലേം ദേവാലയം നിറയുന്ന നേരത്ത്‌ ഞാൻ അതിനകത്തു പ്രസംഗിക്കും. അതിനു മുമ്പ്‌ അതിനകത്തുള്ള ചൂതാട്ടക്കാരേയും, വ്യഭിചാരികളേയും നമ്മളവിടെ നിന്നും അടിച്ചിറക്കും. വിവരമറിഞ്ഞ്‌ ഒരു പക്ഷേ അവരുടെ പടയാളികൾ ദേവാലയം വളയും. നമ്മൾ പുറത്തു കടക്കും നേരം ഒരു പക്ഷേ അവരെന്നെ പിടികൂടും. പകൽ സമയത്ത്‌ അവരെന്നെ പിടികൂടുന്നത്‌ നമ്മുടെ പദ്ധതികൾക്കനുകൂലമാണ്‌. ഒരു പൊതു വിചാരണക്കായി നമുക്കാവശ്യപ്പെടാം. അതിനു മുമ്പ്‌ നമ്മുടെ ജനം കയ്യഫായുടെ കൊട്ടാരം വളയണം. ജനരോഷമിളക്കുകയെന്നത്‌ നിങ്ങളുടെ കർത്തവ്യമാണ്‌.“

”റബ്ബീ.... റബ്ബീ....“ അത്താഴത്തിന്നിരുന്നവർക്ക്‌ അവരുടെ കാതുകളെ വിശ്വസിക്കുവാനായില്ല. തെരുവുകളിൽ പട്ടാളക്കാരിലേറെ സ്വജനത്തെ നിറക്കുവാൻ, ഇസ്രയേലി മക്കളുടെ ആത്മരോഷമാളിക്കത്തിക്കുവാനെന്ന പേരിൽ ഈ അബദ്ധമോ? ഒന്നു പാളിയാൽ..... അരുത്‌ റബ്ബീ... അരുത്‌. അവർക്കു നിന്നെ പിടികൂടുവാനായില്ലെങ്കിൽ, ഞങ്ങളിലൊരുവൻ അവരെ അതിനു സഹായിക്കണമെന്നോ? കഴിഞ്ഞ മൂന്നു വർഷം നിന്നെ എല്ലാ അപകടങ്ങളിൽ നിന്നും കാത്തു സൂക്ഷിച്ചതിതിനോ? ഒരബദ്ധം യോഹന്നാന്റെ തിരോധാനത്തിനു വഴിവച്ചു. അവനും നിന്നെപ്പോലെ എതിരാളികൾക്കു നേരെ വാളോങ്ങരുതെന്ന്‌ നിഷ്‌കർഷിച്ചു. ഞാനെന്നും, ഇന്നും, അതിനെതിരാണ്‌. നമ്മുടെ ചോര കുടിക്കുന്നവർക്ക്‌ കാരുണ്യത്തിന്റെ ഭാഷ മനസ്സിലാകില്ല. അവർക്കുള്ള മറുപടി വാളുകൊണ്ടു തന്നെ നൽകണം. യോഹന്നാൻ എന്നും അപകടം മുന്നിൽ കണ്ടുകൊണ്ടാണു നടന്നിരുന്നത്‌. എന്നിട്ടും അവന്‌ അവരുടെ കെണിയിൽ നിന്നും രക്ഷപ്പെടുവാനായില്ല. നീയ്യും അതേ പാത പിന്തുടരുകയാണോ? യോഹന്നാൻ, അവനെ പിടികൂടും മുമ്പ്‌ ഒന്നു ചെയ്തിരുന്നു. അപകടം വളരെ അടുത്തുണ്ടെന്നറിഞ്ഞാകാം അവൻ നിന്നെ സഭാപതിയായി വാഴിച്ചു. ഇന്നത്തെ സ്ഥിതി അതല്ല. നിന്റെയഭാവം ഒരു ദിനം പോലും സഭക്കു താങ്ങനാകില്ല. നിന്റെയഭാവത്തിൽ സഭയെ നയിക്കുവാൻ ഒരു രണ്ടാമനില്ലല്ലോ?”

“രണ്ടാമൻ...” അവന്റെ വാക്കുകൾ കനത്തു. സഭയിലിപ്പോൾ അതൊരു പ്രശ്നമായിരിക്കുന്നുവെന്ന്‌ എനിക്കറിയാം. ഒന്നു മനസ്സിലാക്കുക, സഭയുടെ ഇന്നത്തെ ചട്ടക്കൂടിൽ ഒന്നാമനും രണ്ടാമനുമില്ല. പണ്ടും ഇല്ലായിരുന്നു. സഭ അധക്യതരായ യഹൂദികൾക്കായി നിലകൊള്ളുന്നു. ഞാൻ, അല്ലെങ്കിൽ യോഹന്നാൻ, ഒരിക്കലും നിങ്ങളിൽ നിന്നും ഭിന്നരായിരുന്നില്ല. ഞങ്ങൾ ഒന്നാമന്മാരുമായിരുന്നില്ല. നിങ്ങളുണ്ണാതെ ഞങ്ങളുണ്ടിട്ടില്ല. നിങ്ങൾക്കുറങ്ങാനാകാത്തിടത്ത്‌ ഞങ്ങൾ ഉറങ്ങിയിട്ടില്ല. ഭ്യത്യൻ യജമാനനേക്കാൾ വലുതല്ല. നമുക്കു യജമാനൻ സഭയാണ്‌. സഭയെന്നാൽ കഷ്ടപ്പെടുന്ന ഇസ്രയേലി ജനത. അവർക്കു വേണ്ടിയാണ്‌ നമ്മളിത്രയും കാലം പ്രവർത്തിച്ചത്‌. അവരിനിയും, റോമക്കാരന്റെ, യഹൂദ പ്രമാണികളെന്നു സ്വയം വീമ്പിളക്കുന്നവരുടെ അടിമകളായിരിക്കരുത്‌. ഞാൻ തിരഞ്ഞെടുത്ത നിങ്ങളെക്കുറിച്ച്‌ എനിക്ക്‌ നല്ലവണ്ണം അറിയാം. സഭയിൽ ചേർന്നതിനു ശേഷമുള്ള നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചും എനിക്കറിയാം. ഏറ്റവും ആവശ്യമായ സമയത്തിലൊന്നിൽ നിങ്ങളിൽ ചിലർ എനിക്കുമെതിരായേക്കാം. സഭയുടെ തീരുമാനങ്ങൾക്കെതിരായി പ്രവർത്തിച്ചേക്കാം. എന്റെ തീരുമാനത്തിലെന്തായാലും മാറ്റമില്ല. നാളെ നമ്മൾ ജറുസലേം ദേവാലയത്തിൽ പ്രവേശിക്കുന്നു. സഭയുടെ ആസ്ഥനം ഇനിമുതൽ ജറുസലേം ദേവാലയമാണെന്നു പ്രഖ്യാപിക്കുന്നു. പിന്നത്തെ ലക്ഷ്യം കയ്യഫായുടെ കൊട്ടാരമാണ്‌. അതും കൂടി പിടിച്ചെടുത്താൽ നമ്മുടെ വിജയം പൂർണമാകും. അതിന്ന്‌ ജനാവേശം കൊണ്ടു മാത്രം കാര്യമില്ല. അതിശക്തമായ ആത്മരോഷം, ജനരോഷം, അതാളിക്കത്തണം. കയ്യഫായുടെ പടയാളികളുടെ വാളിന്റെ മൂർച്ചക്ക്‌ അതിനെ തകർക്കുവാനാകരുത്‌. ആ ജനരോഷം കത്തിച്ചുവിടുവാൻ എന്നെയവർ പിടികൂടുന്നത്‌ സഹായിക്കും. ആ ജനരോഷം തിളച്ചു മറിഞ്ഞു നിൽക്കുവാൻ ശ്രദ്ധിക്കേണ്ടത്‌ നിങ്ങളാണ്‌. നിങ്ങളുടെ പ്രവർത്തനത്തിന്നനുസരിച്ചിരിക്കും നമ്മുടെ അന്തിമ വിജയം. വാളുകളായിരിക്കരുത്‌ നമുക്കായുധം. വാക്കുകളായിരിക്കണം. ജനങ്ങളാണു നമ്മുടെ ശക്തി, ആയുധമല്ല. അതെപ്പോഴും ഓർക്കണം.“

Previous Next

സുരേഷ്‌ എം.ജി

B2/504, Jamnotri,

Safal Complex,

Sector 19A,

NERUL, NAVI MUMBAI-400706

Maharashtra.


Phone: 9320615277
E-Mail: suresh_m_g@rediffmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.