പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ബാല്യം, യൗവ്വനം, മരണം പിന്നെ ഉയിർപ്പും > കൃതി

അഞ്ച്‌ -സന്ദേശം (ഭാഗം- 1)

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുരേഷ്‌ എം.ജി

ബാല്യം, യൗവ്വനം, മരണം പിന്നെ ഉയിർപ്പും

“മുഖ്യ പുരോഹിതരും ജനങ്ങളുടെ മൂപ്പന്മാരും മഹാപുരോഹിതനായ കയ്യഫായുടെ കൊട്ടാരത്തിൽ സമ്മേളിച്ചു.”

അരിമഥ്യക്കാരനായ ജോസഫ്‌ പറഞ്ഞു. “അവർ നിന്നെ പിടികൂടുവാനും ദേശദ്രോഹ കുറ്റത്തിന്‌ വധശിക്ഷക്കു വിധിക്കുവാനും തീരുമാനിച്ചിരിക്കുന്നു. നീ ജറുസലേമിലെത്തുന്നതിനു മുമ്പ്‌ നിന്നെ പിടികൂടണമെന്നാണവരുടെ തീരുമാനം. കയ്യഫായെ എനിക്കറിയാം. അവൻ ജറുസലേം ദേവാലയത്തിൽ നീ പ്രവേശിക്കുന്നതു വരെ നിന്നെ പിടികൂടില്ല. ദേവാലയത്തിൽ നിന്നും നിന്നെ പുറത്തു കടക്കുവാനും അവൻ അനുവദിക്കും. നിനക്കെതിരെയുള്ള കുറ്റങ്ങൾക്ക്‌ അവനപ്പോൾ കൂടുതൽ മൂർച്ച കൂട്ടാനാകും.

നീ ബഥേന്യായിലുണ്ടെന്ന്‌ അവർ അറിഞ്ഞിരിക്കുന്നു. അവരുടെ പടയാളികൾ നിന്നെ നാലുപാടും തിരയുന്നു. പക്ഷേ ജോസഫ്‌ കയ്യഫാ നമ്മൾ വിചാരിക്കുന്നതിലും മിടുക്കനാണ്‌. സൻഹേദ്രീനിലെ മറ്റെഴുപത്തിയൊന്നു പേരുടെ കണ്ണിൽ പൊടിയിടുവാനും, അവന്റെ മനസ്സിൽ അവൻ കുറിച്ചിട്ടിരിക്കുന്നത്‌ വിജയത്തിലെത്തിക്കുവാനും വേണ്ടത്‌ അവൻ ചെയ്യും. നിന്നെ ബഥേന്യായിൽ തിരയുന്നത്‌ അവന്റെ തന്നെ പടയാളികളാണ്‌. നിന്നെ പിടികൂടുകയല്ല അവരുടെ ഉദ്ദേശം. നിന്നെ പിൻതുടരുകയും, നീ ജറുസലേമിൽ നിന്നും എവിടെ പോകുന്നു എന്നറിയുകയും മാത്രമാണ്‌.

ഈ ആഴ്‌ച പെസഹായാണ്‌. സാധാരണ നിലയിൽ പെസഹാക്കു മുൻപുള്ള ദിവസങ്ങളിൽ നഗരത്തിൽ അക്രമങ്ങൾ വർദ്ധിക്കും. അതുകൊണ്ടു തന്നെ ഒരു മുൻ കരുതലെന്ന നിലയിൽ കുഴപ്പക്കാരെന്ന്‌ അവർ കരുതുന്നവരെ കരുതൽ തുറുങ്കിലടക്കുക പതിവാണ്‌. ഈ വർഷം നിന്നേയും അക്കൂട്ടത്തിൽ പെടുത്തി തുറുങ്കിലടക്കുവാനാണ്‌ അവരുടെ കൂട്ടം തീരുമാനിച്ചിരിക്കുന്നത്‌. പിടികൂടിക്കഴിഞ്ഞാൽ നിന്റെ മേൽ ചുമത്തേണ്ടുന്ന കുറ്റപത്രം അവർ തയ്യാറാക്കി കഴിഞ്ഞു. മരണ ശിക്ഷ ഉറപ്പാക്കും വിധമാണാ കുറ്റ പത്രം തയ്യാറാക്കിയിരിക്കുന്നത്‌. ഇപ്പോൾ നിന്നെ പിടികൂടിയാൽ സാബത്തിനു മുമ്പ്‌ നിന്നെയവർക്ക്‌ കുരിശിലേറ്റാനാകും. നഗരത്തിൽ കൂടുതൽ പടയാളികളുള്ള സമയവുമാണിത്‌. അല്ലെങ്കിൽ, ഒരു പക്ഷേ നിന്റെ അഭാവത്തിലും നസ്രായേൽ ജറുസലേം ദേവാലയവും കയ്യഫായുടെ കൊട്ടാരവും കീഴടക്കിയേക്കുമെന്നും, നിന്നെ മോചിപ്പിച്ചേക്കുമെന്നും അവർക്കുറപ്പുണ്ട്‌. മാത്രമല്ല, ഇപ്പോൾ, അതായത്‌ ഈ രണ്ടു ദിവസത്തിനകം, നിന്നെ പിടികൂടിയില്ലെങ്കിൽ, ശിക്ഷ വിധിച്ചു കിട്ടിയാൽ പോലും, പിന്നെ നിന്നെ കുരിശിലേറ്റുവാൻ സാബത്തു കഴിയണം. നസ്രായേർക്ക്‌ നിന്നെ മോചിപ്പിക്കുവാനും, ജനരോഷം ഇളക്കിവിടുവാനും ആ സമയം അധികാമാണെന്ന്‌ കയ്യഫാക്കറിയാം. സഭയുടെ ശക്തി ഇപ്പോൾ അവർ ചെറുതാക്കി കാണുന്നില്ല. റോമിൽ നിന്നും കൂടുതൽ പടയാളികൾക്കായി അവർ ആവശ്യമുന്നയിച്ചിട്ടുണ്ട്‌. അവർ വരുന്നതു വരേക്കും പിടിച്ചു നിൽക്കുവാനായിരുന്നു അവരുടെ ആദ്യ തീരുമാനം. അതിനിടക്കാണ്‌ നീ ജറുസലേം ദേവാലയം പിടികൂടുവാൻ ഇറങ്ങുന്നുവെന്ന്‌ അവരറിഞ്ഞത്‌. ജറുസലേം ദേവാലയവും നഗരവും നസ്രായേരുടെ കയ്യിലകപ്പെട്ടാൽ പിന്നെ പിടിച്ചു നിൽക്കുക അവർക്കെളുപ്പമല്ല.”

അരീമഥ്യക്കാരൻ ജോസഫ്‌ അധികാരികളുടെ വലം കയ്യാണ്‌. എന്നാൽ അവന്റെ മനസ്സിലും ഇസ്രയേലിന്റെ മോചനമെന്ന സ്വപ്നമുണ്ട്‌. അതുകൊണ്ടു തന്നെ, അധികാരികളുടെ മെയ്യും മനസ്സുമറിയാതെ, അവനും അവന്റെ ചില കൂട്ടുകാരും ഇസ്രായേലിന്റെ മോചനമെന്ന സ്വപ്നത്തിനു പൊലിപ്പു കൂട്ടുന്ന നസ്രായേരുടെ റബ്ബിയായ ജോഷ്വായുമായി കൈകോർക്കുന്നു. നസ്രായേരിലൂടെയല്ലാതെ ഇസ്രായേലിന്റെ മോചനം സാധ്യമല്ലെന്ന്‌ അവരും വിശ്വസിക്കുവാൻ തുടങ്ങിയിരിക്കുന്നു. നല്ല നാളേയെന്ന സ്വപ്നത്തിനായി പടപൊരുതിയ ഇസ്രായേലി മക്കളെ കയ്യഫായുടെ തീപന്തം ചുട്ടുകൊല്ലുന്നതിന്‌ അവർക്കും പലപ്പോഴും മൂക സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്‌. യോഹന്നാന്റെ തല സ്വർണ്ണത്തളികയിൽ രാജകുമാരിക്കു കാഴ്‌ച വസ്തുവായി നൽകിയപ്പോൾ അവർ മനം നൊന്തു കരഞ്ഞു. സ്വപ്നങ്ങളുടെ അവസാനമ്മാണിതെന്നവരും കരുതി. മരുഭൂമിയിൽ ഒരിറ്റു വെള്ളത്തിനായി ദാഹിച്ചവർ കണ്ടത്‌ മരീചികയാണെന്നവർ കരുതി. അടുത്ത നോട്ടത്തിൽ അതൊരു മരീചികയല്ലെന്നവർ അറിഞ്ഞു. അതൊരു കുളിർ ജലം നിറഞ്ഞ തടാകം തന്നെയെന്നവർ അറിഞ്ഞു. അവരുടെ മനം കുളിർത്തു. ജോഷ്വാ ... ഒരു ജനതയുടെ പ്രതീക്ഷയായി മാറുകയാണ്‌.

ജോഷ്വാ.... നിന്നെ ഞങ്ങൾക്ക്‌ നഷ്ടപ്പെട്ടുകൂടാ. ഒരു ജനതയുടെ അവസാന പ്രതീക്ഷയാണു നീ. നീ ഇനി ഒരടി മുന്നോട്ടു പോകരുത്‌. അവർ പിശാചുക്കളാണ്‌. പിശാചിനേക്കാൾ നീചമാണവരുടെ മനം. അവരുടെ സഭാംഗമെന്ന നിലയിൽ അവരോടൊത്തു കഴിയേണ്ടി വന്നിട്ടുള്ളവനാണു ഞാൻ. നമ്മുടെ സഭക്കുവേണ്ടി മാത്രമാണ്‌ ഞാനതു സഹിച്ചതെന്നു നിനക്കറിയാം. അവരുടെ കൂട്ടത്തിലിരിക്കേണ്ടി വന്നതു കൊണ്ടു തന്നെ അവരുടെ പൈശാചികത എനിക്കു നന്നായി അറിയാം. ജോഷ്വാ... ഇപ്പോൾ ഞാൻ പറയുന്നത്‌ നീയനുസരിക്കണം. നീ മുന്നോട്ടു പോകുന്നത്‌ ആപത്താണ്‌. ഈ ദിനങ്ങളിൽ ജറുസലേം നഗരത്തിൽ പ്രത്യക്ഷപ്പെടുന്ന നിന്നെ, നഗരത്തിൽ ശാന്തി നിലനിറുത്തുവാനെന്ന പേരിൽ അകത്താക്കുക അവർക്ക്‌ എളുപ്പമാണ്‌. നീ ദേവാലയത്തിൽ പ്രവേശിക്കുകയും നിന്റെ പദ്ധതികൾ പ്രകാരം നീചരെ ദേവാലയത്തിൽ നിന്നും പുറത്താക്കുകയും ചെയ്താൽ അവർക്കു നീ നിന്നെ അടിക്കുവാൻ കൊടുക്കുന്ന മറ്റൊരു വടികൂടിയാകും. നഗരത്തിൽ നിന്നും പുറത്തു കടക്കുവാൻ അവർ പിന്നെ നിന്നെ അനുവദിക്കുകയില്ല. പിടിക്കപെട്ടാൽ, നിനക്കു വധ ശിക്ഷ വരെ നൽകുവാനായി അവർ വാദിക്കും.

ജോസഫിന്റെ പരിഭ്രാന്തി കണ്ടും അവൻ പുഞ്ചിരിക്കുക മാത്രം ചെയ്തു. “ജോസഫ്‌..... നീ വല്ലാതെ ഭയന്നിരിക്കുന്നു. ഭയവും കോപവും മനുഷ്യനെ ഭ്രാന്തനാക്കുന്നു. നീ സമചിത്തതയോടെ ആലോചിക്കുക. നമ്മളിത്‌ ഒരു രാത്രികൊണ്ടെടുത്ത തീരുമാനമല്ല. അണികൾക്ക്‌ അങ്ങിനെ തോന്നാമെങ്കിലും. ഈ തീരുമാനത്തിലെത്തുന്നതിനു മുമ്പ്‌ നമ്മൾ നടത്തിയിട്ടുള്ള തയ്യാറെടുപ്പുകളെക്കുറിച്ച്‌ നിനക്കുമറിയാം. യഹൂദന്റെ ആസ്ഥാനം ഇനി റോമക്കാരന്റെ എച്ചിൽ പട്ടാളത്തിന്‌ മദ്യസേവക്കുള്ള സ്ഥലമായിരിക്കരുത്‌. ചൂതാട്ടക്കാരേയും വ്യഭിചാരികളേയും അവിടെനിന്ന്‌ ഇറക്കി വിട്ടേ പറ്റൂ. അതീ സാബത്തിനു മുമ്പു തന്നെ വേണം. സാബത്തു ദിനം അവരുടെ മുഴുവൻ പടയും സുനഗോഗിനകത്തുണ്ടാകും. അന്നവിടം ആക്രമിക്കുക എളുപ്പമായിരിക്കുകയില്ല. അതുകൊണ്ടു തന്നെ സാബത്തിനു മുമ്പേ അതു നടന്നേ പറ്റൂ. നാളെ, നിശ്ചയിച്ച പ്രകാരം, നമ്മൾ ദേവാലയത്തിൽ പ്രവേശിക്കുന്നു. മുന്നിൽ ഞാനുണ്ടാകും. അവരെന്നെ പിടികൂടിക്കൊള്ളട്ടെ. എന്നെയവർ പിടികൂടിയാൽ അതും നമ്മൾ ഒരവസരമാക്കി മാറ്റണം. ഇസ്രയേലി മക്കളെ രോഷം കൊള്ളിക്കുവാൻ ആ അവസരം നമ്മൾ ഉപയോഗപ്പെടുത്തണം. നമ്മുടെ അപ്പോസ്തലന്മാർ അതിനു നേത്യത്വം നൽകണം. എന്നെ കാരാഗ്രഹത്തിലെത്തിക്കും മുമ്പേ നമ്മുടെ ജനം കയ്യഫായുടെ കൊട്ടാരം വളയണം. സഭയുടെ ജനപിന്തുണയെന്തെന്ന്‌ അധികാരി വർഗ്ഗം അറിയണം.”

അരീമഥ്യക്കാരൻ ജോസഫ്‌ സഭാവിശ്വാസിയെങ്കിലും, ജോഷ്വായുടെ മനസ്ഥൈര്യമുള്ളവനല്ല. അരീമഥ്യക്കാരൻ ജോസഫ്‌ സഭാവിശ്വാസിയെങ്കിലും ഇസ്രയേലിയാണ്‌. അവന്റെ മനസിൽ പാരമ്പര്യമായി ഇസ്രയേലിക്കു കിട്ടിയ വികാരത്തിന്റെ വിത്ത്‌ ഒട്ടൊന്നു മുളച്ചും, എന്നാൽ വളരാതേയും കിടക്കുന്നുണ്ട്‌. കൂമ്പെടുത്ത വിത്ത്‌, ഇലകൾ വിടർത്താത്ത വിത്ത്‌. ഭയത്തിന്റെ വിത്ത്‌. ചില സന്ദർഭങ്ങളിൽ മുളയെടുത്ത ആ വിത്ത്‌ അതിന്റെ കൊച്ചിലകൾ പുറത്തൊന്നു കാണിക്കും. നീ പിടിക്കപ്പെടുകയാണെങ്കിൽ? ... ജോഷ്വാ... ഇസ്രയേലി മക്കളുടെ അവസാനാശ്രയമാണു നീ... ആരുണ്ട്‌ സഭയെ നയിക്കുവാൻ. സഭയിൽ അപ്പോസ്ഥലന്മാർ തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ നിനക്കും അറിവുള്ളതാണ്‌. ആരാണു രണ്ടാമനെന്നു വരെ അവർ തർക്കിക്കുവാൻ തുടങ്ങിയിരിക്കുന്നു. നിന്നെയവർ പിടികൂടുകയും, തത്സമയം ഒരഭിപ്രായ ഭിന്നത തലപൊക്കുകയുമാണെങ്കിൽ അത്‌ വലിയൊരു അപകടത്തിനു വഴിയാക്കും. അതുകൊണ്ട്‌... നമ്മളൊന്നു കൂടി കരുതി നീങ്ങുന്നതല്ലേ നല്ലത്‌?“

എനിക്കറിവുള്ള കാര്യമാണ്‌ നീ ഇപ്പോൾ പറഞ്ഞത്‌. യോഹന്നാൻ സഭയെ നയിച്ചിരുന്ന കാലത്ത്‌, ഞാനിവിടെ എത്തിയപ്പോൾ, സഭ ഊരു വിലക്കിൽ പെട്ട്‌, മരുഭൂമിയിൽ അഭയം പ്രാപിച്ചിരിക്കയായിരുന്നു. സഭയുടെ ജീവൻ നിലനിറുത്തുവാനും, അതിന്റെ പ്രവർത്തനത്തിന്‌ വിപ്ലവകരമായ ഒരു ഉത്തേജനവും വേഗതയും വരുത്തുവാനും വേണ്ടിയാണ്‌ യോഹന്നാൻ എന്നോട്‌ ഭാരതത്തിൽ നിന്നും തിരിച്ചു വരുവാൻ അഭ്യർത്ഥിച്ചത്‌. ഇവിടെയെത്തിയ എന്ന ഇസ്രയേലി മക്കൾ തിരസ്‌കരിച്ചില്ല. അതിൽ ഏറ്റവും സന്തോഷിച്ചതും യോഹന്നാൻ തന്നെ. അവന്റെ അഭാവത്തിൽ, അവൻ തുടങ്ങി വച്ചത്‌, അവൻ എന്നോടഭ്യർത്ഥിച്ചത്‌, തുടരുവാൻ മാത്രമായിരുന്നു ഞാൻ സഭയുടെ നേത്യത്വം ഏറ്റെടുത്തത്‌. എന്നെയിതുവരേയും പിന്തുണച്ചവർ, ഇനിയും എന്റെ കൂടെയുണ്ടാകുമെന്ന്‌ ഞാൻ വിശ്വസിക്കുന്നു. അങ്ങിനെയല്ലെങ്കിലും ഭയക്കുവാൻ ഞാൻ പഠിച്ചിട്ടില്ല. അവിശ്വസിക്കുവാനും. ഭാരത ഖണ്ടത്തിലെ ഗുരുക്കളത്രയും എന്നെ പഠിപ്പിച്ചത്‌ സ്നേഹിക്കുവാനായിരുന്നു. സ്നേഹിക്കുവാൻ മാത്രം. നാളത്തെ ദിനം പുലരുന്നത്‌ ജറുസലേം ദേവാലയത്തിലേക്കുള്ള ഇസ്രയേലികളുടെ ജൈത്രയാത്രയോടെയാകട്ടെ. ഇന്നു വൈകീട്ട്‌ അത്താഴത്തിന്‌ സഭാ നേത്യത്വം ഒത്തുകൂടുന്നു. സഭയുടെ തീരുമാനങ്ങൾക്ക്‌ അപ്പോൾ അന്തിമ രൂപമുണ്ടാകും. ഇത്‌ എന്റെ വ്യക്തിഗത തീരുമാനമല്ല. ഇത്‌ സഭയുടെ തീരുമാനമാണ്‌. അതനുസരിക്കേണ്ടത്‌ നമ്മളുടെ കടമയാണ്‌.”

Previous Next

സുരേഷ്‌ എം.ജി

B2/504, Jamnotri,

Safal Complex,

Sector 19A,

NERUL, NAVI MUMBAI-400706

Maharashtra.


Phone: 9320615277
E-Mail: suresh_m_g@rediffmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.